ഒരു നാമവിശേഷണത്തിന്റെ അർത്ഥവ്യാപ്തി

img_24441

പടക്കുതിരയെപ്പോലെ  കുതിച്ചു  പാഞ്ഞു വന്ന്  പോർച്ചിൽ നിന്ന  ബെൻസിൽ  നിന്നിറങ്ങി  ഒരു  കറുത്ത  ബ്രീഫ്കേസ്  നെഞ്ചോടു  ചേര്‍ത്തു  പിടിച്ചു കൊണ്ട്  കദീജാ  മൻസിലിന്റെ  കോലായിലേക്ക്  കയറുകയാണ്  തൈക്കണ്ടി  പരീത്  കോയ  തങ്ങൾ .  കോലായിൽ  നിന്നും  ഹാളിലെത്തിയിട്ടും  കറുത്ത  ബ്രീഫ്കേസിനെ  കൈയൊഴിയാതെ  അദ്ദേഹം  നീട്ടി  വിളിച്ചു.  “കദീശൂ എട്ടീ  കദീശൂ , പയിച്ചിട്ട്  പളള  കരീന്ന് , യ്യീയ്യ്  തിന്നാനും  കുടിക്കാനും  എന്തായ്ളേളന്ന്  ബെച്ചാ ബെളമ്പിവെയ്ക്ക്. ”

“ഇങ്ങള്  സുബഹി ബാങ്ക്     കൊട്ത്തപാടെ  ഈട്ന്ന്പോയതല്ലേന്ന്  എന്ന്ട്ട്  ഇന്നേരംബരേക്കും  ഒന്നും കയ്ച്ചിട്ടില്ലേ  ആന്താ  പോയട്ത്തൂന്ന്   ഒന്നും  തിന്നാനും  കുടിക്കാനൊന്നും  കിട്ടീല്ലേ . ”

“അയിന്   ഞാമ്പോയത്  ഞമ്മടെ  എംഎല്‍എ  ആന്റണീനെ  കാണാനല്ലേ  പന്നിയിറച്ചീം  തിന്ന്  കളളുംകുടിച്ച്  കയിയ്ന്ന  കണ്ണീക്കണ്ട നസ്രാണീന്റെ  പൊരയിന്നൊക്കെ  ഞമ്മടെ  കൂട്ടര്  ആരെങ്കിലും  എന്തെങ്കിലും  തിന്നോം കുടിക്കോം ചെയ്യോ ”

” ഇങ്ങള്  ഇപ്പന്തിനാ  ഓലെ കാണാൻ  പോയേ ”

“യ്യീയ്യ് ഇദ്ദുനിയാവിലൊന്നുയല്ലേ  ജീവിക്ക്ണെ  ന്റെ  കദീശൂ,  ഞമ്മടെ  തൈക്കണ്ടി ഗ്രൂപ്പ്   ഞമ്മടെ  സമുദായത്തിലെ  കുട്ട്യോക്ക്  മാത്രായി  ഒര്  മെഡിക്കൽ കോളേജ്  തൊടങ്ങ്ണ കാര്യം  ഞാമ്പറഞ്ഞിട്ടില്ലേ.  അയിന്റെ  കളളാസും കൂട്ടങ്ങളും  ശരിയാക്കാൻ  പോയതാ . ഞമ്മടെ  ബാക്കീളള  കച്ചോടം പോലേന്നുയല്ല  ഈ മെഡിക്കൽ  കോളേജ്  എന്തൊക്കെ  എടങ്ങാറ്കളാ.  പൈശ  എത്രയാ  ചെലവാക്ന്നെ.  ഇപ്പത്തന്നെ  ഉറുപ്പിക  അഞ്ച്   ലച്ചാ  ആ  നസ്രാണിക്ക്  കൊട്ത്തെ.  എനി  ഏടെല്ലാം  എന്തെല്ലാം  കൊട്ക്കണംന്ന്  പടച്ചോനിക്കറിയാം  .”

“അയിന്   ഞമ്മക്ക് തുണിക്കടേം  സ്വർണ്ണക്കടേം  എല്ലാം കൂടി  ഇപ്പത്തന്നെ കൊറേകച്ചോടങ്ങളില്ലേ  പിന്നിപ്പെന്തിനാ  ഒര് പുതിയ  കച്ചോടം  ബെറ്തെ  കാശ്  കളയാഞ്ഞായിട്ട് ,അറിയാമ്പാടില്ലാത്ത  കച്ചോടം  ചെയ്ത്  ഉളള  റഹ്മത്തും  ബർക്കത്തും  കൂടി  കളയണ്ട .” അതിനുളള  മറുപടി ഭർത്താവിന്റെ  സകല  അധികാരങ്ങളും എടുത്തുകൊണ്ടുളള  ഒരു  ഉഗ്രൻ  ആട്ടായിരുന്നു.

“പ്ഫ പുത്തിയില്ലാത്തോളെ , ഇതാ  പ്പറേന്നെ  ഇങ്ങള്  പെണ്ണ്ങ്ങള് മന്ദബുദ്ധികളാന്ന്  അറിയാമ്പാടില്ലാത്ത  കാര്യത്തില്  അഭിപ്രായം  പറയാണ്ട്   പോയി  ചോറ്  വെളമ്പടീ ”

തനിക്ക്  ബുദ്ധിയില്ലാത്തതുകൊണ്ട്  കദീശുമ്മായ്ക്ക്  ഇന്നേവരെ ഒരു സങ്കടവും  തോന്നിയിട്ടില്ല. മാത്രമല്ല  അതു  നന്നായെന്ന്  പലപ്പോഴും തോന്നിയിട്ടുണ്ട്  താനും . ബുദ്ധിയില്ലാത്തത്  കൊണ്ട്  മാഷമ്മാരെ  തല്ലും കൊണ്ട്  നാലാം  ക്ലാസിനപ്പുറം  പഠിക്കേണ്ടിയും  വന്നില്ല. ബാപ്പ  വേഗം  കെട്ടിച്ചു  തരികയും  ചെയ്തു.  പെണ്ണായി പോയതു  കൊണ്ടൂല്ല   കദീശുമ്മായ്ക്ക്  ലവലേശം  സങ്കടം  ആണായിരുന്നേൽ പരീത്  കോയ  തങ്ങളെ  പോലെ  ഇക്കണ്ട  വെയിലും  മഴയുമൊക്കെ  കൊണ്ട്  കുടുംബത്തിനു  വേണ്ടി  കാശ്ണ്ടാക്കാൻ എടങ്ങാറാകേണ്ടി  വരില്ലായിരുന്നോ .എത്ര ആട്ട്കേട്ടാലും നാട്ടില്  പേരും  പെരുമയുമുളള  പരീത്  കോയ  തങ്ങളുടെ  ഭാര്യ  മാത്രമായിരിക്കുന്നതിൽ  അവറേറെ  സംതൃപ്തയുമാണ് .

ശരിയാണ്  നാട്ടിലേറെ പേരും പെരുമയുമുളള  ഒരു വ്യക്തിതന്നെയായിരുന്നു  പരീത്  കോയ തങ്ങൾ. സ്ക്കൂളുകളും സ്വർണ്ണക്കടകളും  തുണിക്കടകളും  ഉൾപ്പെടെ  ഒട്ടേറെ  കച്ചവടസ്ഥാപനങ്ങൾ  ഉളള  തൈക്കണ്ടി  ഗ്രൂപ്പിന്റെ അധിപൻ . നല്ല  പൂത്ത  പണക്കാരൻ .  അതുകൊണ്ട്  തന്നെയാ  അദ്ദേഹം  നാട്ടിലൊരു  പ്രമുഖ  വ്യക്തിയായതും  . ആ ഒറ്റകാരണം  കൊണ്ടുതന്നെ അദ്ദേഹത്തിന്  അല്ലറ  ചില്ലറ  രാഷ്ട്രീയ  ബന്ധങ്ങളും  ഇല്ലാതിരുന്നില്ല .

എട്ടാം  ക്ലാസുകാരനായ  പരീത്  കോയ  തങ്ങൾക്കും  നാലാം  ക്ലാസുകാരിയായ  കദീശുമ്മായ്ക്കും  ആകെ  ആറ്  സന്താനങ്ങൾ .  നാലാണും  അതിനു താഴെ  രണ്ടു  പെണ്ണും.  മൂത്ത  നാലാൺമക്കളും  പഠനനിലവാരത്തിൽ  ഉപ്പാനേയും  ഉമ്മാനേയും  കാൾ  മികവു  പുലർത്തി . അവർ പതിനഞ്ച്  പതിഞ്ഞാറ്  കൊല്ലത്തോളം സ്ക്കൂളിന്റെ  പടികൾ  കയറിയിറങ്ങിയൊടുക്കം  ഇരുപതാമത്തെ  വയസ്സിൽ  പത്താം  ക്ലാസ്   തോറ്റ്   പഠിപ്പുനിർത്തി  കച്ചവടത്തിൽ  സഹായിക്കാനായി  ബാപ്പാന്റെയൊപ്പം  കൂടി

പരീത്  കോയ  തങ്ങളെ കച്ചവടത്തിൽ  സഹായിക്കാൻ  അദ്ദേഹത്തിന്റെ  ആൺമക്കൾ  മാത്രമല്ല  ഉണ്ടായിരുന്നത്  . ന്യൂക്ളിയസ്സിനെയെന്നപോലെ  പരീത്  കോയ  തങ്ങളെ  സദാ സമയവും  ചുറ്റികൊണ്ടിരുന്ന  നാലനിയൻമാരും  മൂന്നളിയൻമാരും  അവരുമുണ്ടായിരുന്നു.  ‘തൈപ്പറമ്പ് ‘ എന്ന  പേരിലറിയപ്പെട്ടിരുന്ന  മൂന്ന്  ഏക്കറിലായി  വ്യാപിച്ചു   കിടക്കുന്നയാ  ഭൂമിയിൽ  കദീജാമൻസിലിന്റെ  ചുറ്റിലുമായി  ചിതറി  കിടന്നിരുന്ന  ഏഴു  വീടുകളിൽ  പാർത്തു  കൊണ്ടായിരുന്നു  അവർ  പരീത്കോയതങ്ങളെ  പരിക്രമണം  ചെയ്തിരുന്നത്  . തങ്ങളുടെ  നാലാമത്തെ സന്താനം  ഫൗസിയ  ഒരു  പെൺതരിയായിരുന്നിട്ടു  കൂടി  പുതിയ  വിദ്യഭ്യാസ നയത്താൽ  അനുഗ്രഹിക്കപ്പെട്ട്  ഇക്കാക്കമാരെ  കടത്തിവെട്ടി  പ്ലസ് ടു വരെയെത്തി . കാണാൻ  മൊഞ്ചത്തിയായത്  കൊണ്ടും  അവളുടെ  ബാപ്പാന്റെ  കൈയ്യിൽ  പൂത്ത  കാശ് ഉളളത് കൊണ്ടും  ദല്ലാള്  കാദർക്ക  പ്ളസ്ടു പരീക്ഷ  കഴിയുമ്പോഴേക്കും  ഫൗസിയയ്ക്കായി  ഒരു  ഡോക്ടറുടെ   കല്യാണാലോചന  തന്നെ  കൊണ്ടു  വന്നു  .  അങ്ങനെ  പ്ലസ്ടു  റിസൾട്ട്  വരുന്നതിനു  മുമ്പേ   ജീവിതത്തിന്റെ പ്രിലിമിനറി  പാസായി  ഫൗസിയ  ഡോക്ടർ  ഫിറോസിന്റെ  ഭാര്യയായി.

കദീശുമ്മയും  കദീശുമ്മ പെറ്റ ആറ്  മക്കളും  തങ്ങളുടെ  നാലനിയന്മാരും മൂന്നളിയന്മാരും  അവരുടെ  കുടുംബവുമെല്ലാം  തങ്ങളുടെ  അണ്ടറിലായിരുന്നു. തങ്ങൾ  പറയുന്നതിനപ്പുറം ഒരു  വാക്ക്  അവർക്കാർക്കും  ഉണ്ടായാരുന്നില്ല.  എന്നാൽ  ഡോക്ടർ  ഫിറോസ്  അങ്ങനെയായിരുന്നില്ല.  അയാള്‍ക്ക്  അയാളുടേതായ  ഒരു  ശരിയുണ്ടായിരുന്നു.  അയാളുടേതായ  കാഴ്ചപ്പാടുകൾ  ഉണ്ടായിരുന്നു.  അത്  തീർത്തും  വെളിപ്പെട്ടത് കല്യാണം കഴിഞ്ഞ്  ഏതാണ്ട്  രണ്ടു  കൊല്ലം  കഴിഞ്ഞ്  നടന്ന  ഒരു  സംഭവത്തോടെയാണ്.  ടൗണിലൊരു സൂപ്പർസ്പെഷാലിറ്റി  ഹോസ്പിറ്റൽ  പണിയുന്നതിനായി  സ്ഥലമെടുക്കുന്നതിന്  കാശ്  തികയാതെ  വന്നപ്പോൾ  കദീജാമൻസിലിന്റെ  തൊട്ട്   പടിഞ്ഞാറുളളതും,  ഒരു  ഡോക്ടറുടെ  തൂക്കത്തിനനുസരിച്ചുളള  സ്ത്രീധനം  തികയ്ക്കുന്നതിനു  വേണ്ടി   കല്യാണത്തിനു  മുമ്പ്  പരീത്  കോയ  തങ്ങൾ  ഫൗസിയയുടെ പേരിലെഴുതി വെച്ചതുമായ   മുപ്പതു  സെന്റ്  സ്ഥലം  വിൽക്കുവാൻ  ഫിറോസ്  തീരുമാനിച്ചു.  ഭാര്യാപിതാവായ  തങ്ങളോട്  ചോദിച്ചാൽ  എത്ര  പണം വേണമെങ്കിലും  കിട്ടും  എന്നറിയാമായിരുന്നിട്ടും  ദുരഭിമാനം  കാരണം  ഫിറോസതിനു  തുനിഞ്ഞില്ല.  തൈക്കണ്ടി   തറവാട്ടിലാർക്കും  ഫിറോസ്   സ്ഥലം  വിൽക്കുന്നതിനോട്  ഒരു  തരത്തിലുളള എതിർപ്പും ഉണ്ടായിരുന്നില്ല.  തെക്ക്   എവിടെ  നിന്നോ  വന്ന്   കുഞ്ഞുകുട്ടി പരാധീനതകളുമായി ആ നാട്ടിൽ  വേരുറച്ചുപോയ  തീയ്യൻ  വേലായുധന്നാണ്  ഫിറോസ്  സ്ഥലം  കൊടുക്കാൻ  തീരുമാനിച്ചത്.  അത്  തൈക്കണ്ടി  തറവാട്ടിലാർക്കും  അത്ര  രസിച്ചില്ല .ആ രസക്കേട്  പരീത്  കോയ  തങ്ങൾ  നേരിട്ടു  തന്നെ  ഫിറോസിനെ  അറിയിക്കുകയും  ചെയ്തു  .”ഇനിക്ക്  സ്ഥലം  കൊട്ക്കാൻ മാപ്പിളാരെയാരേം  കിട്ടീല്ലേ .ഞമ്മള്  ഒരേ  ചോരയ്ളള മുസലിമീങ്ങള്   ഈമാനോടെ  പാർക്ക്ന്നേന്റെ  എടയിലേക്ക്   കണ്ണിക്കണ്ട  തീയ്യമ്മാര്  കടന്ന്  വര്ന്നത്  എന്തായാലും  ഒര്  എടങ്ങറ്  തന്നെയാ .”

“അയിന്  തീയ്യൻ  തീയ്യന്റെ  പൊരയിലല്ലേ  പാർക്ക്ന്നെ  നിങ്ങള് നിങ്ങടെ  പൊരയിലും  സ്ഥലം  വാങ്ങാൻ  വരുന്നോന്  ഹിന്ദുവാണോ  മുസ്ലീമാണോന്നൊക്കെ നോക്കാൻ  പറ്റ്വോ  സ്ഥലത്തിന് കൂടുതല്  വില  തരുന്നത്  ആരാ ഓർക്കങ്ങ്  കൊട്ക്കാന്നല്ലാണ്ട് .” ഫിറോസിന്റെ  ശബ്ദത്തിലെ  അമർഷം തിരിച്ചറിഞ്ഞതു  കൊണ്ടാകണം  പരീത്  കോയ  തങ്ങൾ  സ്തബ്ധനായി.  ഫിറോസിനെ  കൂടുതലായിട്ട്  എതിർക്കുവാൻ  തങ്ങൾക്ക്   ആകുമായിരുന്നില്ല . അത്  ഫിറോസ്  ഒരു ഡോക്ടർ  ആയതുകൊണ്ടല്ല   “എന്തൊക്കെ  പറഞ്ഞാലും  ഓൻ ഞമ്മടെ  പിയ്യാപ്ളല്ലേ.ഓനെ  ബല്ലാണ്ടങ്ങ്  ബെറ്പ്പിക്കാൻ  ഞമ്മക്കായൂല . ഓന്  ബേണെങ്കി  ഫൗസിയാനെ  മൊഴി ചൊല്ലാണ്ടും  ചൊല്ലീട്ടും  ബേറ  കെട്ടാലോ .”

തമ്മിൽ അഭിപ്രായ  വ്യത്യാസങ്ങളുണ്ടെങ്കിലും  പരീത്കോയതങ്ങൾക്ക്  ഡോക്ടർ  ഫിറോസിനോട്  വലിയ  മതിപ്പാണ്   ഒരു ഡോക്ടറുടെ  പവറ്  ഒന്നു വേറെ തന്നെയാണെന്ന്  അദ്ദേഹത്തിന്  പലപ്പോഴും  തോന്നീട്ട്ണ്ട്.  അതദ്ദേഹം നേരനുജൻ സുലൈമാനോട്  ഒരിക്കൽ  പറയുകയും ചെയ്തു .

“കേട്ട  സുലൈമാനേ ഒര്  ഡോക്ക്ട്ടറ്ന്ന്  പറഞ്ഞാ അതൊരു പവറാ മറ്റ് സമുദായക്കാര്മായി  തട്ടിച്ച്നോക്കുമ്പം  ഞമ്മടെ  സമുദായത്തീന്ന്  ഡോക്ക്ട്ടറാവുന്നവരുടെ  എണ്ണം  വളരെ കൊറവാ . അതുകൊണ്ട്  ഞാൻ  ബിചാരിക്ക്യ  ഞമ്മടെ  കുന്നുമ്പറത്തെ  അൻപത്   ഏക്കറില്ലേ . ആട  ഞമ്മടെ സമുദായത്തിലെ  കുട്ട്യോക്ക് മാത്രമായി ഒര് മെഡിക്കൽ  കോളജ്  തൊടങ്ങിയാലെന്താന്ന്.  സമുദായത്തിന്  കൊണയ്ളള കാര്യയായത്  കൊണ്ട്  ബല്യ   സമുദായ നേതാക്കളൊക്കെ  ഒപ്പം  നിക്കും.  ഇന്ന്  ഉമ്മയും  ബാപ്പയും  എത്ര  ലച്ചങ്ങൾ  മുടക്കീട്ട്  വരെ  മക്കളെ  പഠിപ്പിച്ച് ഒര് നെലയിലെത്തിക്കാൻ  തയ്യാറാ  അത്കൊണ്ട് തന്നെ ഞമ്മള്  എറക്ക്ന്ന  പൈശ കൊറച്ച് കൊല്ലം  കൊണ്ട്  തന്നെ  ഇരട്ടിയായി  തിരിച്ചുകിട്ടൂന്ന്  ഒറപ്പാ . എന്താ  ഇന്റെ  അഭിപ്രായം .”

ഇറക്കിയ പൈസ ഇരട്ടിയായി  തിരിച്ചു കിട്ടുമെങ്കിൽ  ജ്യേഷ്ഠൻ  പറഞ്ഞതു  നല്ലൊരു  കാര്യമാണെന്ന്  സുലൈമാനും തോന്നി.

പുതിയ  മെഡിക്കൽ  കോളജ്  തുടങ്ങുന്നതിനുളള  നടപടിക്രമങ്ങളുടെ  നൂലാമാലകളുമായി  തൈക്കണ്ടി  സഹോദരൻമാർ  നെട്ടോട്ടമോടാൻ  തുടങ്ങി.  അങ്ങനെയിരിക്കേ  ഒരു  ദിവസം കൊളസ്ട്റോൾ  കുറയ്ക്കുന്നതിനായി  ഡോക്ടറുടെ  നിർദ്ദേശപ്രകാരം  നടക്കാനിറങ്ങിയ              പരീത് കോയ തങ്ങൾ  വഴിയിൽവെച്ച്  വായനശാലയിലേക്ക്  പോവുകയായിരുന്ന  റഹീംമാഷിനെ  കണ്ടു . കണ്ട  സ്ഥിതിക്ക് എന്തെങ്കിലും കുശലം ചോദിക്കണമല്ലോ  എന്ന്  കരുതി  തങ്ങൾ ചോദിച്ചു .

“മാഷ് എങ്ങോട്ടേക്കാ ?”

“വായനശാലയിലേക്ക് , അല്ല  കോയക്കാ ,  നിങ്ങടെ  തൈക്കണ്ടി  ഗ്രൂപ്പ്  പുതിയ  മെഡിക്കൽ  കോളേജൊക്കെ  തൊടങ്ങാൻ  പോവുകയാണെന്ന്  കേട്ടല്ലോ .”

“ങ്ഹാ  , അങ്ങനൊര്   ആലോചന ഇല്ലാതില്ല.  മാഷ്  തന്നെ  പറ . ഞമ്മടെ  സമുദായത്തിലെ കുട്ടോക്കും  ഡോക്കട്ടറായി ബെലസെണ്ടെ  .സർക്കാരിന്റെ  കോളജില്  പുത്തിയുളളവർക്കല്ലേ  ചേരാൻ പറ്റൂ .അതിപ്പോ  എത്രാക്ക്ണ്ടാകും  അത്കൊണ്ടാ ഞമ്മടെ സമുദായത്തിലെ  കുട്ട്യോക്ക്  മാത്രായി  ഇങ്ങനൊര് സ്ഥാപനം  തൊടങ്ങാന്ന്  ബെച്ചെ  ഇന്നിപ്പം ഏത്  നാട്ടിപ്പോയാലും  അങ്ങ്  അറബിനാട്ടിലായാലും  പഠിച്ചോർക്കെന്നയാ  കൊണയ്ളളൂ.”

തങ്ങളുടെ സംസാരത്തിൽ ഇടയ്ക്കിടെ  പ്രത്യക്ഷപ്പെട്ട  ‘ ഞമ്മടെ  സമുദായം ‘ എന്ന  പ്രയോഗത്തിൽ  തോന്നിയ  നീരസം  ചെറുതായി  പ്രകടിപ്പിച്ചു  കൊണ്ടു  തന്നെ  റഹീംമാഷ്  തുടര്‍ന്നു .

“ഞമ്മടെ  സമുദായത്തിലെ  കുട്ട്യോള്  മാത്രല്ല  വരും  തലമുറയിലെ  എല്ലാ  കുട്ടികളും  പഠിച്ച്  ഉന്നതിയിലെത്തണം.  നമുക്ക്  കിട്ടാത്ത  സൗകര്യങ്ങളും  അവസരങ്ങളും  അവർക്ക്   കിട്ടണം . തൈക്കണ്ടി  ഗ്രൂപ്പ്   ചെയ്യുന്നത്  വളരെ നല്ലൊരു കാര്യം  തന്നെയാ. അത്  ഒന്നുകൂടി  സമൂഹത്തിന്  പ്രയോജന പ്രദമാകണമെങ്കിൽ  ഒരു  കാര്യംകൂടി  ചെയ്യണം.  നിങ്ങടെ  മെഡിക്കൽ  കോളജിലെ  ആകെ  സീറ്റിന്റെ ഒരു  നിശ്ചിത  ശതമാനം സീറ്റ്  യതീംഖാനയിലെ  യതീംമക്കക്കായി നീക്കി  വെയ്ക്കണം .അങ്ങനെ  ചെയ്യാൻ  പറ്റിയാൽ  അതൊരു  വലിയ  പുണ്യ  പ്രവൃത്തിയായിരിക്കും  കോയക്കാ,  ലോകത്തിന്റെ  മുമ്പിലും  പടച്ചോന്റെ  മുമ്പിലും നിങ്ങള്   വളരെ വലിയവനാകുകയും  ചെയ്യും. ”

“ഞമ്മക്ക്  അത്രയ്ക്കങ്ങ്  ബല്യവനാകണ്ട.  ഞമ്മളൊര്   കച്ചോടക്കാരനാ.  തൈക്കണ്ടി  ഗ്രൂപ്പ്  ഏത്  കച്ചോടത്തിനായാലും  ലാഭവും  നഷ്ടവും നല്ലോണം  കണക്ക്  കൂട്ടീട്ടേ  എറങ്ങാറ്ളളൂ . ഞമ്മള്  ഇത്രയും  എടങ്ങറ്  പിടിച്ച്  ഇത്രകാര്യം  പൈശയും  ചെലവാക്കുമ്പം  അതിന്റെ  ലാഭം  ഞമ്മക്കും  കിട്ടണ്ടേ.  മാഷ്ക്കങ്ങനെ  പലതും  പറയാം.  ഇങ്ങക്ക്  നഷ്ടോന്നില്ലല്ലോ .ആരാന്റെ  മൊതലല്ലേ.  എന്നാ  മാഷ്  നടന്നാട്ടെ. ഞമ്മക്കും  കൊറച്ച്  തെരക്ക്ണ്ട്  .”

അങ്ങനെ  ആ  സംസാരം അവിടെ  മുറിഞ്ഞ്  വിപരീത  ദിശകളിലേക്കൊഴുകുന്ന  രണ്ടു  പുഴകളെപ്പോലെ  അവർ  പരസ്പരം  അകന്നു. തങ്ങളുടെ  എതിർദിശയിലേക്ക്  നടക്കുന്നതിനിടയിൽ  റഹീംമാഷ്  ചിന്തിക്കുകയായിരുന്നു   സർവ്വധനത്തേക്കാളും  പ്രധാനമായ വിദ്യയും  ഇന്ന്  മറ്റേത്   ഉത്പന്നത്തെയും  പോലെ   വിപണികളിൽ  വിൽക്കപ്പെടുകയാണ് . എന്തു വില കൊടുത്തും അതു  വാങ്ങുവാൻ  ആളുകൾ തയ്യാറുമാണ് .ജീവിതത്തിന്റെ  അന്തസ്സ്  കൂട്ടാൻ  എത്ര  വില  കൊടുത്തും എന്തും  വാങ്ങാവുന്ന  തരത്തിൽ  നമ്മുടെ  ഉപഭോക്തൃസംസ്ക്കാരം   വളർന്നിരിക്കയാണ്  . സ്വാർത്ഥതത്പരരായ  കച്ചവടമനസ്ഥിതിക്കാർ  അതിനെ  മുതലെടുക്കാൻ  കൂട്ടുപിടിക്കുന്നതോ  ഒന്നു  പ്രതികരിക്കാൻ  പോലുമാവാത്ത  പാവം മതത്തെ.  മതവും  മതാനുഷ്ഠാനങ്ങളും  വിഷമതകൾ അനുഭവിക്കുന്ന  മനുഷ്യന്  ഒരഭയമാണ്,  ഒരു  ആശ്രയമാണ്  ഒരാശ്വാസവുമാണ്.  അല്ലാതെ  മതം  സംഘടിക്കാനുളള   ഒരു  ഉപാധിയല്ല.  ഒരു  സമുദായം  എന്ന  നിലയിലല്ല  നാം  സംഘടിക്കേണ്ടത്.  ഒരേ  സ്വപ്നങ്ങളും  ഒരേ  പ്രശ്നങ്ങളുമുളള  ജീവിതത്തിന് ഒരേ  നിറവും ഗന്ധവുമുളള  മനുഷ്യൻ  എന്ന  നിലയിലാണ്.  ഇന്ന്  മതത്തിന്റെയും  രാഷ്ട്രീയത്തിന്റെയും  പേരിലുളള  അതിക്രമങ്ങളും  കൊലപാതകങ്ങളും  അവസാനിക്കണമെങ്കിൽ  വരും  തലമുറയിലെ  കുട്ടികൾക്ക്  അവരവർ  വിശ്വസിക്കുന്ന  മതത്തെയോ  രാഷ്ട്രീയ  പ്രസ്ഥാനത്തെയോ  കുറിച്ചുളള  അറിവ്  മാത്രം  പോര . എല്ലാ  മതങ്ങളുടെയും  എല്ലാ  രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും  നല്ലതും  ചീത്തയും  അവരറിയണം  .  അതു  സാധ്യമാകണമെങ്കിൽ  എല്ലാ  മതങ്ങളെയും  രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും  കുറിച്ചുളള  പഠനം  പാഠ്യപദ്ധതിയിൽ  ഉൾപ്പെടുത്തണം.  അങ്ങനെയങ്ങനെ  വെറുമൊരു  സാധാരണ  പൗരനായ  താൻ  മാത്രം  സ്വപ്നം  കണ്ടതുകൊണ്ട് ഒരിക്കലും  പ്രാബല്യത്തിൽ  വരാത്ത  പദ്ധതികളെക്കുറിച്ച്   ആലോചിച്ച്  റഹീംമാഷ്  നടന്നു  .

കാലം  കുറച്ചങ്ങ്  കടന്നുപോയി  .തൈക്കണ്ടി ഗ്രൂപ്പിന്റെ  പുതിയ മെഡിക്കൽ  കോളജിൽ  നിന്നും  ആദ്യത്തെ  ബാച്ച്  അഞ്ച്  വർഷത്തെ  മെഡിക്കൽ  പഠനം  പൂർത്തിയാക്കി  പുറത്തിറങ്ങി .  തങ്ങളുടെ  അനിയന്മാരും  അളിയന്മാരും  പല പല  ആവശ്യങ്ങൾക്കായി  പറമ്പിൻകഷ്ണങ്ങൾ  വിറ്റതുകൊണ്ട്  തൈപ്പറമ്പിൽ  കദീജാമൻസിലിനു   ചുറ്റിലുമായി  പുതിയ  ആറുവീടുകൾ  കൂടി  മുളപ്പൊട്ടി  ഉയർന്നു  വന്നു. എല്ലാം  മുസൽമാന്മാരുടേത്  തന്നെ.  തങ്ങളുടെ  ഏറ്റവും  ഇളയസന്താനം  ഹാജിറയ്ക്ക്  കല്യാണ പ്രായമായി .   ദല്ലാള്  കാദർക്ക  മരിക്കാണ്ട്  ബാക്കിയുളളത്  കൊണ്ട്  അവൾക്ക് വേണ്ടിയും ഒരു  ഡോക്ടറുടെ  കല്യാണാലോചന  തന്നെ  കൊണ്ടു വന്നു .  ഡോക്ടർ  തന്നെ  വേണമെന്ന്  തങ്ങൾക്കും നിർബന്ധമുണ്ടായിരുന്നു

കദീജാമൻസിലിൽ  കല്യാണത്തിരക്കായി . നിലയും  വിലയും  ആകാവുന്നത്ര  പ്രദർശിപ്പിക്കേണ്ടതുകൊണ്ട്  മൂന്നു  ദിവസങ്ങളിലായിട്ടായിരുന്നു  കല്യാണ  ചടങ്ങുകൾ  ഒരു കൂട്ടം  ബന്ധുക്കൾ   കല്യാണത്തിനുളള  സ്വർണ്ണവും  തുണിത്തരങ്ങളും  എടുക്കാനായി  പുറപ്പെട്ടു .  ഒരു കൂട്ടം  ബന്ധുക്കൾ  നാടൊട്ടുക്കും  കല്യാണം  വിളിക്കാനും.  കദീജാമൻസിലിനു  ചുറ്റിലുമായുളള  പതിമൂന്ന്  വീടുകളിൽ  തീയ്യൻ  വേലായുധന്റെ വീട്ടുകാരൊഴികെ  ബാക്കിയെല്ലാവരേയും  മൂന്ന്  ദിവസങ്ങളിലുളള  എല്ലാ  ചടങ്ങുകളിലേക്കും  ക്ഷണിച്ചു  .  വേലായുധനേയും  വീട്ടുകാരേയും  ആകെ  ആദ്യ  ദിവസത്തെ  ചായ  സൽക്കാരത്തിനു  മാത്രമേ  ക്ഷണിച്ചുളളൂ  .അതിന്  തൈക്കണ്ടി  സഹോദരൻമാർ  ഒരേ മനസ്സോടെ  കണ്ടെത്തിയ  ന്യായീകരണം  ഇതായിരുന്നു .

“ഞമ്മടെ  കൂട്ടക്കാരും  കുടുംബക്കാരുമെല്ലാം  പങ്കെട്ക്ക്ന്ന  ചടങ്ങുകളിൽ   കണ്ണീക്കണ്ട തീയ്യമ്മാരും  പെലയന്മാരുയെല്ലാം  ഉണ്ടാക്ന്നത്  ഓലിക്കൊര്  ഏനക്കേട്ണ്ടാക്കിയാലോ. ”

അയൽക്കാരെ രണ്ടു  രീതിയിൽ  ക്ഷണിച്ചത്  ഡോക്ടർ ഫിറോസിനത്ര  രസിച്ചില്ലെങ്കിലും  ഭാര്യവീട്ടിലെ  സകലകാര്യങ്ങളിലും  ഇടപ്പെട്ട്  തന്റെ  ‘പുതിയാപ്ള പദവി ‘ ക്ക്  ഒരു  മങ്ങലേല്പ്പിക്കണ്ടെന്ന്  കരുതി  ഭരണഘടനയിൽ  എഴുതപ്പെട്ടിട്ടുളള  മതേതരത്വം  ഈ പുതിയ  യുഗത്തിലും മനുഷ്യന്മാരുടെ  മനസ്സിൽ എഴുതപ്പെട്ടില്ലല്ലോ  എന്ന്   ഖേദിച്ചു  കൊണ്ട്  നാവടക്കി.

ലോകത്തെവിടെയും  , അതിന്റെ  പ്രതിഫലനങ്ങളെന്നോണം  തൈക്കണ്ടി  തറവാട്ടിലും  ഒത്തിരി  പരിവർത്തനങ്ങൾ  വരുത്തി  കൊണ്ട്  ഒരു  മലവെളള  പാച്ചലുപോലെ കാലം  പിന്നെയും  കടന്നു  പോയി .  ബുദ്ധിയില്ലാത്ത  കദീശുമ്മ  തന്റെ  അജ്ഞതയും  പേറികൊണ്ടു  തന്നെ   തന്റെ          അൻപത്തെട്ടാം വയസ്സിൽ  മയ്യത്തായി . ഡോക്ടർ  ഫിറോസിനും  ഹാജിറാനെ  കെട്ടിയ  ഡോക്ടർ  ഷാജഹാനും  ഗൾഫ്നാടുകളിലെ  ഹോസ്പിറ്റലുകളിൽ  നല്ല  ജോലി  കിട്ടിയത്  കൊണ്ട്  കെട്ട്യോളേയും  കുട്ട്യോളേയും  കൊണ്ട്  അവരങ്ങോട്ടേക്ക്  ചേക്കേറി .ഏതൊരു  സമ്പന്ന തറവാട്ടിലും  കാലം  സ്വാഭാവികമായി  വരുത്തി  തീർക്കാറുളള  ചില  അസ്വാരസ്യങ്ങളും  മുറുമുറുപ്പുകളും തൈക്കണ്ടി  തറവാട്ടിലും  അരങ്ങേറി.  സ്വത്തുക്കളും  സ്ഥാപനങ്ങളുമെല്ലാം എല്ലാർക്കും  ഭാഗം  വെച്ച്  കൊടുത്തെങ്കിലും  കിട്ടിയതിലൊന്നും  തൃപ്തി   പോരാത്ത  തൈക്കണ്ടി  തറവാട്ടിലെ അംഗങ്ങൾ തമ്മിൽ വഴക്കും  വക്കാണവുമായി  . അങ്ങനെ  ഒരു കാലത്ത്  ന്യൂക്ളിയസ്സിനെയെന്നപോലെ  തങ്ങളെ  ചുറ്റികൊണ്ടിരുന്ന  അനിയന്മാരും  അളിയന്മാരും മക്കളുമെല്ലാം  തങ്ങളുമായി തല്ലിട്ട്  പാർക്കുന്ന  വീടും  പറമ്പുമെല്ലാം  വിറ്റ്   തൈപറമ്പീന്ന്  എന്നന്നേക്കുമായി  പൊറുതിയും മതിയാക്കി  പോയി .

ആ  വലിയ വീട്ടിൽ എൺപതുകാരനായ  തങ്ങളും പേരിന്  കുറെ  പരിചാരകരും  ഒരു കടലോളം    ഏകാന്തതയും   കുന്നോളം  നിശ്ശബ്ദതയും  മാത്രം ബാക്കിയായി  .

അങ്ങനെയങ്ങ്  ദിവസങ്ങൾ  കൊഴിയവേ ,

ഒരു  തുലാം  മാസ രാത്രി ആകാശത്ത്  വിളളലേല്പ്പിച്ചുകൊണ്ട്  ഇടിയും  മിന്നലും  മഴയും  മത്സരിച്ച് ചീറുന്ന നേരത്ത് പരീത്കോയതങ്ങൾക്ക്  കലശലായ  നെഞ്ച്  വേദന  വന്നു. രാത്രിയിൽ  സ്ഥിരമായി  കൂട്ടുണ്ടാകാറുളള  ഹമീദ് അവന്റെ  ഉമ്മാക്ക്  സുഖമില്ലാത്തത്കൊണ്ട്  നാട്ടിൽ പോയിരിക്കയായിരുന്നു.  വേദന സഹിക്കവയ്യാതെ  നെഞ്ചും  പൊത്തിപ്പിടിച്ച്  ഒന്നലറിവിളിക്കാൻ  പോലും  കഴിയാതെ  ആ പാവം  മരണവെപ്രാളം കാണിക്കുകയാണ്.  ആരു  കേൾക്കാൻ  . ആരറിയാൻ

അന്നേരത്ത്  എന്തോ  ഒരു  ഭാഗ്യം  കൊണ്ടാണ്  പടിഞ്ഞാറേ വീട്ടിലെ  വേലായുധന്  ആ വഴി വരാൻ തോന്നിയത്  . ആ ഭാഗ്യം  പരീത്  കോയ  തങ്ങളുടേതാണോ  ,  മൊത്തം  മാനവരാശിയുടേതാണോ,  അതല്ല  “ഇന്ത്യ  ഒരു  മതേതര  രാഷ്ട്രമാണ് “എന്ന  വാചകത്തിലെ  നാമവിശേഷണത്തിന്റെ  അർത്ഥവ്യാപ്തിയുടേതാണോ  എന്നറിയില്ല.  ആ വഴി  കടന്നു പോയപ്പോൾ, നേർത്തുനേർത്തു  ഇല്ലാതായികൊണ്ടിരിക്കുന്ന  ഒരു  ഞരക്കം  കേട്ട്  , പതിനഞ്ചു  വർഷമായി   തൈപ്പറമ്പിൽ താമസം  തുടങ്ങിയിട്ട് എന്നിട്ടിതുവരെ കയറിചെല്ലാതിരുന്ന  കദീജാമൻസിലിലേക്ക്  തെല്ലൊരു സങ്കോചത്തോടെയാണെങ്കിലും  വേലായുധൻ  ഓടിക്കയറി . അപ്പോൾ കണ്ടത്  പരീത്കോയതങ്ങൾ അബോധാവസ്ഥയിൽ  മരണാസന്നനായി  കിടക്കുന്നതാണ്     അപ്പോൾ വേലായുധന്റെ  ശരീരത്തിലൂടെ  ഒഴുകിയത്  ഒരു  ഹിന്ദുവിന്റെ  രക്തമല്ലാതിരുന്നത് കൊണ്ടും  ഒരു  മനുഷ്യന്റെ  രക്തമായതുകൊണ്ടും  രണ്ടാമതൊന്നാലോചിക്കാതെ അയാൾ  തങ്ങളെ വാരിയെടുത്ത് തോളിൽ  കിടത്തി ആശുപത്രിയിലെത്തിച്ചു  . തങ്ങളുടെ  കൂട്ടക്കാരേയും   കുടുംബക്കാരേയും  എല്ലാം  വേലായുധൻ വിവരമറിയിച്ചെങ്കിലും അവരെല്ലാം പിന്തിരിഞ്ഞു  നിന്നതേയുളളൂ.  അതുകൊണ്ട്  ഒരു  തീയ്യനായ  വേലായുധൻ തന്നെ  തങ്ങളെ ആശുപത്രിയിൽ വെച്ച് രാപ്പകലില്ലാതെ ശുശ്രൂഷിച്ച്  ജീവിതത്തിലേക്ക്  തിരികെ  കൊണ്ടുവന്നു

വ്യത്യസ്ത  മതങ്ങളിൽപ്പെട്ട മനുഷ്യരേയും  ഒരു മതത്തിലും  പെടാത്ത  മറ്റു ജീവജാലങ്ങളേയും  സൃഷ്ടിച്ച  ഒരേയൊരു  ദൈവം തങ്ങൾക്ക്  തന്റെ  ജീവിതത്തിന്റെ  അവസാനനാളുകളിൽ  ചില  അനുഭവങ്ങളിലൂടെ  കൊടുത്ത   തിരിച്ചറിവ്    ആശുപത്രികിടക്കയിൽ  വെച്ച് തങ്ങളുടെ  രക്തത്തിൽ കലർന്നിരുന്ന വിഷാംശങ്ങളെ  അരിച്ചുമാറ്റി രക്തം  ശുദ്ധീകരിച്ച്  ഒരു  മനുഷ്യന്റെ രക്തമാക്കി  മാറ്റുകയായിരുന്നു .

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English