ആ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു…….
ചിന്തകളുടെ ലോകത്തിൽ നിന്ന് വിട വാങ്ങിയ ദിവസം
എനിക്ക് അമിതമായി എന്തെങ്കിലും നഷ്ടപെട്ടുവോ…
ഈ ചിന്ത മിക്കവാറും വിവേകശൂന്യമാവും
മറ്റുള്ളവർക്ക് ആശ്രയമാകാത്തിടത്തോളം
ഞാൻ എന്നത് കേവലം ഒരു വാക്ക് മാത്രം,
മണ്ണിൽ ഒരു വിത്തായി എന്ന് പിറന്നുവോ
അന്നേ ഒരു തണൽ മരമാവാൻ ശ്രമിക്കണം
ഞാൻ എന്ന വാക്കിൽ നിന്നും ഞാനെന്ന-
വാക്യമാവാൻ ശ്രമിക്കണം….
ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും
കത്തുന്ന വാക്കുകളെങ്കിലും പറയാതിരിക്കണം
അർത്ഥമില്ലാതെ അർത്ഥമില്ലാത്ത വീഥികളിൽ
അന്നേ എന്റെ മനസ്സിനെ ഞാൻ ഉപേക്ഷിച്ചിരിന്നു
മനസ്സ് എന്നും ജീവിതത്തിന്റെ ശത്രുവാണ്
അനുസരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കണം
ഹൃദയ വേദനകൾ ലക്ഷ്യത്തെ പൂർത്തീകരിക്കില്ല
അത് കണ്ണിണകൾ നനയ്ക്കാനേ ഉപകരിക്കൂ..
മറ്റൊരു കൊടുംകാറ്റിന്റെ ആതുരത ബാക്കിയാക്കി
സമാധാനം പോലെ കടന്നു പോയ കൊടുങ്കാറ്റുകൾ….
ജീവിതം ആയിരം സങ്കടങ്ങളുടെ ആഴക്കടൽ
ആർക്കാണ് ഈ കടൽ കടക്കാനാവുക
ജീവിത യാത്രയിൽ മറക്കാൻ കഴിയാത്ത
ഒരിക്കലും നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത
നഷ്ട ബോധത്തിന്റെ കാർമേഘമുണ്ട്
മനുഷ്യ ജന്മം വെള്ളത്തിലെ കുമികൾ പോലെ
നാം മരിക്കാൻ മാത്രം ഉയിർത്തെഴുന്നേൽക്കുന്നവർ
ആ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു…….
ചിന്തകളുടെ ലോകത്തിൽ നിന്ന് വിട വാങ്ങിയ ദിവസം
ധാരാളം ആളുകൾ ഉണ്ടായിരുന്നു അന്ന്..
കൂടുതലും അറിയപ്പെടുന്നവർ, കുറച്ച് അജ്ഞാതരും
ഞാൻ തിരിച്ചറിഞ്ഞ ചില മുഖങ്ങൾ,
എന്നെ അറിയുന്ന ചിലർ!
അവരുടെ കണ്ണുകൾ നനഞ്ഞിരുന്നുവോ……..
അവരെല്ലാം എന്നെ ശരിക്കും സ്നേഹിച്ചിരുന്നുവോ …
വിതയ്ക്കുന്നതന്തോ അത് വിളയും, അത് പ്രബഞ്ച സത്യം