പുല്ലുവിളമുക്കിലെ കമ്മ്യൂണിസ്റ്റുകാർ

 

ദുരന്തങ്ങൾ മിക്കപ്പോഴും ബുധനാഴ്ചയാണ് സംഭവിക്കുന്നത് എന്നത് പതിവില്ലാത്ത ഒരു പ്രസ്താവനയാണ് . അതിൻറെ ശരിതെറ്റുകൾ നിർദ്ധാരണം ചെയ്യാൻ നരേന്ദ്രൻ തികച്ചും അശക്തനുമാണ് . എന്നാലും ഒക്ടോബറിലെ ആ അവസാന ബുധനാഴ്ച അയാൾക്ക് ഒരിക്കലും മറക്കുവാൻ കഴിഞ്ഞിരുന്നില്ല. അതിനു കാരണമുണ്ട്.അതാണ് പറഞ്ഞുവരുന്നത്. അന്നേദിവസം കടുത്ത വെയിലിൽ വെന്തുരുകിയ ടാർ റോഡിന്റെ മണം പാരലൽ കോളേജിന്റെ അരികുമറച്ച ഓലക്കീറിനുള്ളിലൂടെ അകത്തേക്കടിച്ചുകയറാൻ പാകത്തിൽ ശക്തമായ പടിഞ്ഞാറൻ കാറ്റുണ്ടായിരുന്നു. ദ്രവിച്ച പഴോല മേൽക്കൂരയുടെ ശീതളിമയിൽ നിറംമങ്ങിയ കറുത്ത ബോർഡ് ഇളകിയാടിനിന്നു. ബോർഡിനുമുന്നിൽ നെഞ്ചുവിരിച്ചുനിന്ന് ബുൾഗാൻ താടിവെച്ച മുഹമ്മദ് ബഷീർ സാർ രസതന്ത്രത്തിന്റെ കടുംതന്മാത്രകൾ നിർദ്ദയം പൊട്ടിച്ചു. ”റോമ്പിക് സൾഫർ…പ്രിസ്മാറ്റിക് സൾഫർ….പ്ലാസ്റ്റിക് സൾഫർ…സൾഫറിന്റെ വകഭേദങ്ങൾ…”

റോഡിൽ പൊടുന്നനെ പുരുഷാരത്തിന്റെ അട്ടഹാസങ്ങൾകേട്ടു. ഇരമ്പിയാർക്കുന്ന ഒരു പെരുമഴപോലെ അതിന്റെ മുഴക്കം അടുത്തുവരുകയും പിന്നീട് അവരെക്കടന്നു പോവുകയും ചെയ്തു. ആകാംഷയുടെ ഉയർച്ചതാഴ്ചയിൽ പന്ത്രണ്ടുപേരുള്ള ക്ലാസ്സുമുറി ഓലക്കീറുകൾ പതുക്കെ വിടർത്തി പുറത്തേക്കു നോക്കി.അങ്ങോട്ടും ഇങ്ങോട്ടും ചടുലമായി സഞ്ചരിക്കുന്ന ചിലർ, ഉച്ചത്തിൽ ആക്രോശിക്കുകയും പരസ്പരം വിരൽ ചൂണ്ടി അലറുകയും ചെയ്യുന്ന മറ്റുള്ളവർ,ഭ്രാന്തന്മാരെപ്പോലെ ഓടുന്ന ഖാദർധാരികൾ. തലയ്ക്കുമീതെ കൈകൾ പിണച്ചുവച്ചു അന്തഃകരണം തകർന്നവരെപ്പോലെ വലിയവായിൽ കുറേപ്പേർ നിലവിളിക്കുന്നു. കുറെ നേരം പകച്ചു നിന്നതിനുശേഷം മുഹമ്മദ് ബഷീർസാർ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പുറത്തേക്കു കുനിഞ്ഞിറങ്ങി പാഞ്ഞുപോയി.വേങ്ങയിൽമുക്ക് മൊത്തത്തിൽ പൊങ്ങൻപനി പിടിച്ചു വിറയ്ക്കുന്നതുപോലെ നരേന്ദ്രന് തോന്നി. അകാരണമായ ഭയവും അമ്പരപ്പും കുറെ നിമിഷത്തേക്ക് ക്ലാസ്സിൽ നിശബ്ദത ഒഴുകിപ്പടർത്തി. പ്രധാനാധ്യാപകൻ ആൻറ്ണി മാഷ് ഓടിക്കിതച്ചു ക്ലാസ്സിലേക്ക് കയറി പ്രയാസപ്പെട്ടു ശ്വാസം എടുത്തു. അല്ലെങ്കിലും ആന്റണിസാറിനു ശ്വാസതടസ്സമുണ്ട്.അത് കൂടെപ്പിറപ്പൊന്നുമല്ല.കടുത്ത പുകവലിയും വർഷങ്ങളായുള്ള സമാന്തര വിദ്യാഭ്യാസനടത്തിപ്പിന്റെ സ്ഥിരനിക്ഷേപമായ ചോക്കുപൊടി ശ്വാസകോശങ്ങളിൽ അടിഞ്ഞുകൂടിയതുകൊണ്ടുമാണ്. ക്ലേശപ്രശമനത്തിന്റെ ഒരു ചെറിയ ഇടവേളയ്ക്കുശേഷം ബദ്ധപ്പെട്ടു അങ്ങേർ ഉറക്കെപറഞ്ഞു.’’പ്രധാനമന്ത്രി കൊല്ലപ്പെട്ടു.സിക്കു ഭീകരന്മാരാണെന്നാണ് പറയുന്നത്.എല്ലാവരും ഉടനെ വീട്ടിൽ പോകുക”.ഒരു നിമിഷം നിറുത്തി പിന്നെ ഒറ്റബെഞ്ചിൽ ഞെരുങ്ങിയിരുന്ന അഞ്ച് ആൺകുട്ടികളെ നോക്കി താടിച്ചൊറിഞ്ഞ് കർശനമായി ശബ്ദത്തിൽ കാഠിന്യത്തിന്റെ ചേരുവ മനപ്പൂർവം ഇട്ടുകൊണ്ട് പറഞ്ഞു.” ഒരുത്തനും റോഡിൽ കറങ്ങി നടന്നേക്കരുത്.”
കുട്ടികൾ എന്ന് അവരെ സംബോധന ചെയ്തെന്നേയുള്ളു.സത്യത്തിൽ അവർ കുട്ടികളായിരുന്നില്ല. പത്താം ക്ലാസ്സിൽ പല തവണയായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവർ. നിശ്ചയദാർഢ്യത്തിന്റെ തടിയും താടിയും മീശയും അനാത്മികമായി വളർന്നു തഴച്ച പൗരുഷജന്മങ്ങളായിരുന്നു അതിൽ നാലുപേരും. ക്ളാസ്സുവിട്ടൊഴിയുന്നതിനു മുൻപ് ആന്റണി മാഷ് നരേന്ദ്രനോട് ഉത്കണ്ഠയും തല്പരതയും ആനുപാതികമായി മിശ്രിതപ്പെടുത്തി അടക്കം പറഞ്ഞു.” നരേന്ദ്രൻ സഖാവിരിക്കൂ. കുറച്ചു കഴിഞ്ഞു പോകാം.”

ഒറ്റയ്ക്കും കൂട്ടമായും പെൺകുട്ടികളും പോയിത്തുടങ്ങി. ആരും കാര്യമായി ഒന്നും സംസാരിരിക്കാതിരിക്കാൻ ശ്രദ്ധിച്ചതുപോലെ.ഏറ്റവും അവസാനം ക്ളാസ്സിലെ സുന്ദരിക്കുട്ടി നബീസത്തും തട്ടം നേരെയാക്കി,മലർന്നു തടിച്ച കീഴ്ചുണ്ടും അല്പം പിളർന്ന വായുമായി നരേന്ദ്രനെ പാളിനോക്കിയ ശേഷം വിടവാങ്ങി.

നബീസ അങ്ങനെയാണ്.നരേന്ദ്രനെ എപ്പോഴും സാകൂതം നോക്കിയിരിക്കും.ഇറച്ചിവെട്ടുകാരനായ ആങ്ങള ആബുദീന്റെ അടുത്ത ചങ്ങാതികൂടിയാണ് സഖാവ് നരേന്ദ്രൻ. എങ്കിലും അതുകൊണ്ടു തന്നെയാണെന്ന് തീർച്ചയില്ല. നബീസ സുന്ദരിയാണ്. മലർന്ന ചുണ്ടുകൾ ഒരു സിനിമാനടിയെ അനുസ്മരിപ്പിച്ചു . മാപ്പിളപ്പാട്ടു പാടുമ്പോൾ പൂക്കളെപ്പോലെ അവ വിടർന്നുല്ലസിക്കുന്നത് കാണാൻതന്നെ എന്ത് ചന്തമാണ്..!

നരേന്ദ്രനും ആന്റണിമാഷും സമകാലീനരാണ്.അതുകൊണ്ടുതന്നെ മാഷ് നരേന്ദ്രനെ സഖാവെന്നു കൂട്ടിയെ വിളിക്കാറുള്ളൂ.മാഷ് മാത്രമല്ല, പുല്ലുവിളമുക്കിലെ ഒട്ടുമിക്കവര്ക്കും നരേന്ദ്രൻ, സഖാവ് നരേന്ദ്രനാണ്..!കൃത്യം പതിനൊന്നു വർഷം മുൻപ് പൊള്ളുന്ന അക്കാദമിക് യാഥാർഥ്യങ്ങളോട് സുല്ലു പറഞ്ഞിട്ട് മടക്കിവച്ചതാണ് പത്താംക്ലാസിലെ അടിസ്ഥാനഗണിതവും ഊർജ്ജതന്ത്രവുമൊക്കെ. ഇതിപ്പോ ബ്രാഞ്ചു സെക്രട്ടറി ഭാസ്കരൻ ചേട്ടനാണ് ഈ സമാന്തരവിദ്യാഭ്യാസത്തിന്റെ പ്രേരകവും ചാലകവും. പക്ഷെ നരേന്ദ്രൻ അത് തിരിച്ചറിഞ്ഞിരുന്നു ,ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ദാർശനിക അടിത്തറ കൂടുതൽ ആഴത്തിലും പരപ്പിലും ഉൾക്കൊള്ളുവാൻ തുടർവിദ്യാഭ്യാസം അനിവാര്യമാണെന്ന്.
കുറേനേരത്തേക്ക് ആരെയും അകത്തേക്ക് കണ്ടില്ല.നരേന്ദ്രൻ മെല്ലെ പുറത്തിറങ്ങി.ഓഫിസുമുറി ശൂന്യമായിരുന്നു. കത്തിക്കാളുന്ന നിരത്തും വിജനമായിരുന്നു. ആൾക്കാർ ആലുംമൂട്ടിലേക്കു മാർച്ചു ചെയ്തിട്ടുണ്ടാവണം. കീറാമുട്ടികളായ രാഷ്ട്രീയ സമസ്യകളുടെ ഉത്തരം പൊതുജനസാമാന്യം കണ്ടെത്തുന്നതുതന്നെ ആലുംമൂട്ടിലെ പൊതുയോഗങ്ങളിൽനിന്നും പിന്നെ സ്ഥിരമായുള്ള പന്തംകൊളുത്തിപ്രകടനകളിൽ നിന്നുമാണല്ലോ ?

പെട്ടെന്ന് പുല്ലുവിളമുക്കിലെത്തണം.അതിനുള്ള എളുപ്പവഴി തെറ്റിക്കുഴിയിൽക്കൂടിയുള്ള ചെമ്മൺപാത തന്നെ.നരേന്ദ്രന്റെ കാലുകൾ ഉന്മാദം പിടിപെട്ടപോലെ ചടുലമായി ചലിച്ചു.ചെമ്മൺ വഴിയിൽ അപ്പോഴും കുട്ടികൾ കളിക്കുന്നുണ്ട്.കയ്യാലകൾക്കപ്പുറമുള്ള വീടുകളിൽ മനുഷ്യരും കോഴിയും കന്നുകാലികളും അവരുടെ നിത്യജീവിതത്തിന്റെ തട്ടുമുട്ടലുകളിൽ വ്യാപൃതരായിരുന്നു.നീണ്ടവഴി ഒരു വളവിൽവച്ച് കണ്ടംചിറ വയലിന് അതിരിടുന്നു.വയലിനപ്പുറം ടാർ റോഡിലൂടെ പായുന്ന ജീപ്പിൽ കോളാമ്പിയിലൂടെ ഇങ്ങനെ വിളിച്ചുപറയുന്നുണ്ടായിരുന്നു.” നിങ്ങളറിഞ്ഞോ നാട്ടാരെ.കമ്മ്യൂണിസ്റ്റു കാപാലികരാൽ നമ്മുടെ പ്രധാനമന്ത്രി അരുംകൊലചെയ്യപ്പെട്ട വിവരം.”
നരേന്ദ്രന് വിറയൽ വന്നു. “കമ്മ്യൂണിസ്റ്റുകാർ പ്രധാനമന്ത്രിയെ കൊന്നെന്നോ? സിക്കുകാരാണ് കൊന്നതെന്നാണല്ലോ ആന്റണി മാഷ് പറഞ്ഞത്?”. നെഞ്ചിനു കനം കൂടി ഉച്ചത്തിൽ മിടിച്ചുകൊണ്ടിരുന്നു. ഭയത്താൽ ഭാരംകൂടിയ മനസ്സിപ്രകാരം പറഞ്ഞു.”പെട്ടെന്ന് പോകണം”. കണ്ടച്ചിറ കഴിഞ്ഞു .ഇനി വിശാലമായ ആലത്തൂർ ഏലാകൂടി കടന്നു വീണ്ടും ടാർ നിരത്തിലൂടെ സുമാർ ഒരു ഫർലോങ് നടന്നു വേണം പുല്ലുവിളമുക്കിലെത്താൻ.നരേന്ദ്രൻ ഓടിത്തുടങ്ങി, കടിക്കാനോടിക്കുന്ന പട്ടിയുടെ മുന്നിലെ കുട്ടിയെപ്പോലെ.

കുട്ടപ്പൻപിള്ളയുടെ റേഷൻകടയും കുമാരപിള്ളയുടെ ചായക്കടയും കടന്നാൽ കൊടിമരത്തിന്റെ ചുവട്ടിലെത്തും. കൊടിമരം കഴിഞ്ഞാൽ പിന്നെ മുത്തലീഫിന്റെ ചായക്കടയായി. പുല്ലുവിളമുക്കിലെ കമ്മ്യൂണിസ്റ്റുകാരുടെ സങ്കേതമാണ് മുത്തലീഫിന്റെ ചായക്കട. അതെ, തികച്ചും ഒരു ശക്തികേന്ദ്രം . പള്ളിക്കാവ് വാർഡിലെ അദ്ധ്വാനവർഗ്ഗത്തിന്റെ വിയർപ്പിന്റെ മൂലധനത്തിലും മേശിരിപ്പണിക്കാരൻ സഖാവ് ആന്റോയുടെ ശ്രമദാനത്തിലും ഉയർന്നു വന്നതാണ് പുല്ലുവിളമുക്കിലെ ചുവന്നകൊടിപാറുന്ന കമ്മ്യൂണിസ്റ്റു കൊടിമരം.
കിതപ്പിലും ചിതറാത്ത വിയർപ്പു തുള്ളികൾ കൺപോളകൾക്കുമീതെ ഒലിച്ചിറങ്ങി നരേന്ദ്രന് കാഴ്ച മങ്ങി.വളവുതിരിഞ്ഞു കണ്ട മങ്ങിയദൃശ്യത്തിൽ കൊടിമരവും അതിനു മുന്നിലെ ചലിക്കാത്ത വെളുത്തരൂപങ്ങളെയും അയാൾ കണ്ടു.പിന്നിൽ കൈകെട്ടി നിൽക്കുന്ന ഖദർദാരി മൈക്കിളും നടരാജൻപിള്ളയും കയ്യിൽ വേലിപ്പത്തലിന്റെ കമ്പ് മുറുകെ പിടിച്ചിരിക്കുന്ന സോമരാജനും.പിന്നെയാരൊക്കെയാണെന്നു മനസ്സിലായതേയില്ല. പതിയെ മുഖംകുനിച്ചു മുന്നോട്ടുപോയി.”അടിച്ചു തലപൊളിക്കെടാ ആ നായീന്റെ മോന്റെ..” ഇടിത്തീപോലുള്ള ആക്രോശം നടരാജപിള്ളയുടേതായിരുന്നു.

കീഴ്താടിയിലേറ്റ അതിഭയങ്കര താഡനത്തിൽ നരേന്ദ്രന്റെ മോണപൊട്ടി,മേൽചുണ്ടു വെടിച്ചു ചോര ചിതറി.തലയിലേറ്റ രണ്ടാമത്തെ അടിയിൽ അയാൾ നിലതെറ്റി ചെറുതായി ഞരങ്ങികൊണ്ടു കൊടിമരത്തിന്റെ ചുവപ്പു പടിയിലേക്കു തലയടിച്ചു വീണു.
കൊടിമരച്ചുവട്ടിൽ വിറങ്ങലിച്ചുകിടന്ന സഖാവ് നരേന്ദ്രനെ കടുത്ത ചൂടുള്ള മൂന്നുമണിവെയിൽ കുറേനേരം പുതച്ചു നിന്നു. ആശുപത്രിയിൽ എത്തിച്ചത് രാമൻപിള്ള സഖാവും കൂട്ടരുമായിരുന്നു. പാർട്ടിയുടെ പിന്തുണയും അനുകമ്പയും സംരക്ഷണവും വാഗ്ദാനം ചെയ്തു അയാൾ അരമണിക്കൂറിലധികം നരേന്ദ്രന്റെ കൈപിടിച്ച് ആശുപത്രിയിലിരുന്നു.നാണു വെയ്ലത്താന്റെ മകൻ രാജന്റെ നേതൃത്വത്തിലുള്ള സാധുജനസംരക്ഷണസമിതിക്കാർ പിന്നീടാണ് നരേന്ദനെ ആശുപത്രിയിൽ പോയിക്കണ്ടത്. നരേന്ദ്രന്റെ ചുണ്ടിലെയും തലയിലെയും വലിയ വെച്ചുകെട്ടൽ അവരുടെ മുഖങ്ങളിലെ ദൈന്യതയു യുടെയും ചുളിവുകളുടെയും ആക്കം കൂട്ടി. അവരിൽ പലരും മുഷിഞ്ഞ പണിമുണ്ടുകളാണുടുത്തിരുന്നത്. പക്ഷെ അയോഡിനും ആൽക്കഹോളും ഡെറ്റോളും കൂടിക്കലർന്ന ആശുപത്രിമണം കിടക്കയെ ചൂഴ്ന്നുനിന്ന തൊഴിലാളിചൂരിനെ ഒതുക്കിക്കളഞ്ഞു.ഒരാഴ്ചക്കാലം ആകാശവാണിയിൽ വിഷാദസംഗീതം മാത്രമേ കേട്ടുള്ളൂ.മുത്തലീഫിന്റെ ചായക്കടയിലും ചുവപ്പുകൊടിമരചുവട്ടിലും ആരും ആ ഒരാഴ്ച ഉച്ചത്തിൽ സംസാരിച്ചതുപോലുമില്ല.
പുല്ലുവിളമുക്കിൽ കമ്മ്യുണിസ്റ്റുകാരാണ് അധികവും. കടുത്ത കമ്മ്യുണിസ്റ്റുകളിൽ വേലുപണിക്കന്റെ മകൻ ഭാസ്കരനാണ് ബ്രാഞ്ച് സെക്രട്ടറി.കുലത്തൊഴിലായ ആശാരിപ്പണി പാർട്ടി പ്രവർത്തനത്തിന്റെ ഇടവേളകളിൽ സ്തുത്യർഹമായി നിർവഹിച്ചുപോരുന്നതുകൊണ്ട് സമൂഹത്തിൽ സ്വീകാര്യതയും താരതമ്യേന മോശമല്ലാത്ത സാമ്പത്തിക ഭദ്രതയും ഭാസ്കരന് അനുഭവയോഗ്യമായി . വേലു പണിക്കന്റെ ചേട്ടൻ കുട്ടപ്പനാശാരിയുടെ മകനാണ് നരേന്ദ്രൻ. നരേന്ദ്രന് നാല് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.കുട്ടപ്പനാശാരിയുടെ സഹോഹദരന്മാരായ വാസു, വേലുപണിക്കൻ, പരമൻ, അവരുടെ പിൻതുടച്ചക്കാർ എല്ലാവരും തികഞ്ഞ കമ്മ്യുണിസ്റ്റുകാർ.അവർ കമ്മ്യുണിസത്തിൽ തങ്ങളുടെ രക്ഷയും ഉയിർത്തെഴുന്നേൽപ്പും സ്ഥിരമായി സ്വപ്നം കണ്ടുറങ്ങുകയും സമത്വത്തിന്റെ പകലുകൾ പ്രതീക്ഷിച്ചുകൊണ്ടുണരുകയും ചെയ്തു. പ്രാദേശിക പ്രത്യയശാസ്ത്ര പ്രതിസന്ധികൾ പലപ്പോഴും പുല്ലുവിളമുക്കിലെ ജനങ്ങളുടെ ഇടയിൽ വിഭാഗീയത സൃഷ്ടിച്ചു. സമവായമില്ലായ്മയുടെ അന്തരാളഘട്ടങ്ങൾ പലപ്പോഴുമുണ്ടായി. വൈകുന്നേരങ്ങളിൽ കൊടിമരച്ചുവട്ടിലും മുത്തലീഫിന്റെ ചായക്കടയുടെ കറുത്ത ബഞ്ചുകളിലും വാഗ്വാദങ്ങളും ചിലപൊട്ടിത്തെറികളും മുഴങ്ങിയിരുന്നു.
വി.കെ.യേശുദാസ് തികഞ്ഞ കമ്മ്യുണിസ്റ്റും , ആദർശധീരനും സർവോപരി ആദ്യകാല ബൈബിൾ നാടകകലാകാരനു മായിരുന്നു. അരങ്ങിന്റെ അകാല മുരടിപ്പിൽ മനംനൊന്ത് സമ്പൂർണ മദ്യപരിഹാര വക്തായിത്തീർന്ന അയാൾ പുല്ലുവിളമുക്കിലെ കമ്മ്യുണിസ്റ്റുകാരെ തെരുവിൽ ഇപ്രകാരം ആക്ഷേപിച്ചിരുന്നു,..”ആശാരി കമ്മ്യുണിസ്റ്റുകൾ….!”
നരേന്ദ്രൻ പത്താംക്ലാസ്സു പാസ്സായി. അതും ഇരുനൂറ്റിപതിനാലു മാർക്ക് വാങ്ങിച്ചുകൊണ്ടു. അതൊരു മോശം പ്രകടനമാണെന്നു അയാൾക്ക് തോന്നിയതേയില്ല.പാരലൽ കോളേജിൽനിന്നും ആരോ വിവരം പറഞ്ഞറിഞ്ഞതാണ്.പുറത്തു റോഡിലൂടെ ഉച്ചവെയിലിൽ നരേന്ദ്രൻ ഇറങ്ങിനടന്നു.ചൂടിലും തനിക്കു തണുക്കുണ്ടല്ലോ എന്നയാൾക്ക് തോന്നി.വിജയത്തിന്റെ ഉന്മാദം ഒരുചെറുചിരിയായി ചുണ്ടിലേക്കൂറിക്കൂടിയിരുന്നു. ദേവസ്വംകോളേജിൽ പ്രീഡിഗ്രിക്കു അപേക്ഷകൊടുത്തെങ്കിലും പ്രവേശനം കിട്ടിയില്ല. രാമൻപിള്ള ചേട്ടൻ നന്നായി ശ്രമിച്ചിരുന്നു എന്ന് പിന്നീട് ഭാസ്കരൻ അയാളോട് സമാശ്വാസം പറഞ്ഞു. അനന്തരം നരേന്ദ്രൻ ചാലിക്കര മണീസ് ട്യൂട്ടോറിയലിൽ ചേർന്ന് മൂന്നാംഗ്രൂപ്പിനു പഠിച്ചു .എണ്പത്തിയേഴിൽ പരീക്ഷാഫലം പുറത്തു വന്നെങ്കിലും ഇംഗ്ലീഷുകിട്ടിയില്ല. വീണ്ടുമെഴുതി കഠിനാദ്ധ്വാനവും ശുഭ പ്രതീക്ഷയും കൈവിടാതിരുന്നതുകൊണ്ടു എൺപത്തിഎട്ടിൽ പ്രീഡിഗ്രി എന്ന പൊക്കമുള്ള കയ്യാല ചാടിക്കടക്കാനായി.
ദേവസ്വം കോളേജിൽ നരേന്ദന് രാഷ്ട്രമീമാംസയിൽ ബിരുദ പഠനത്തിന് പ്രവേശനം കിട്ടി.തുന്നൽപ്പണി ചെയ്തുവരുന്ന സ്വന്തം ചേട്ടൻ രാമഭദ്രന്റെ കൈമികവിൽ അനുജന് മികച്ച പാന്റ്സും ഷർട്ടുകളും ലഭ്യമായി. കോളേജിൽ സഹപാഠികളായ ചില വരേണ്യവർഗ്ഗത്തിന്റെ ഉന്മാദാവസ്ഥയിലും അലസ യൗവനങ്ങളുടെ അതിരില്ലായ്മക്കിട യിലും അയാൾ സ്വന്തം വ്യക്തിത്വം ഒരു മാജിക്കുകാരനെപ്പോലെ കൈപ്പിടിയിൽ ഒതുക്കി നിറുത്തി.വിദ്യാർഥിപ്രസ്ഥാന നേതൃത്വത്തിന്റെ പ്രത്യയശാസ്ത്ര വിഹ്വലതകൾ സഖാവ് കുറ്റമറ്റ രീതിയിൽ വ്യാഖാനിച്ചും നിർധാരണം ചെയ്തും പിന്നെ അവരുടെ ദാർശനിക ദാരിദ്യ്രത്തെ പ്രത്യയശാസ്ത്രപോഷകങ്ങൾകൊണ്ട് സമ്പുഷ്ടമാക്കുകയും ചെയ്തുകൊണ്ടിരുന്നു.
ആ കൊല്ലം പഞ്ചായത്തു തിരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനം വന്നു.ശനിയാഴ്ച സന്ധ്യക്ക് പെരുമഴയുടെ സമയത്താണ് ജോൺ സഖാവിന്റെ ഓലമേഞ്ഞ വീട്ടിൽ യോഗം നടന്നത്.ചോർച്ചയുടെ പശ്ചാത്തലസംഗീതത്തെ അവഗണിച്ചു കൂറ്റൻ ചർച്ചകളും തർക്കവിതക്കങ്ങളും നടന്നു. ഒടുവിൽ ഭാസ്കരൻ ശാന്തവും പരുക്കനുമായ ശബ്ദത്തിൽ പറഞ്ഞു.
“രാമൻപിള്ള സഖാവിനെയാണ് പാർട്ടി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്”
സഖാക്കൾ ഒരു നിമിഷം നിശബ്ദരായി.പറമ്പിലെവിടെയോ ഒരു ഓലമടൽ അടർന്നുവീഴുന്ന ഒച്ച കേട്ടു.മഴ ജോൺ സഖാവിന്റെ ഓലമേൽക്കൂരയിൽ വിരലുകൾ വിതറി അലസമായി അപ്പോഴും പാടിക്കൊണ്ടിരുന്നു.മുറിയുടെ മൂലയിൽ പകുതിനിറഞ്ഞ ചരുവത്തിൽ ചോർച്ചത്തുള്ളികൾ കൃത്യമായ ഇടവേളകളിൽ താളമിട്ടുകൊണ്ടിരുന്നു. സാമാന്യം നീണ്ട ഒരിടവേളയ്ക്കൊടുവിൽ ഭാസ്കരൻ വീണ്ടും മുരണ്ടു
“മേൽഘടകവും അങ്ങനെയാണ് നിർദേശിക്കുന്നത് .പക്ഷെ നമുക്ക് ചർച്ചയാകാം..”
സാമൂഹികസമവാക്യങ്ങളുടെ പ്രാധാന്യവും പാർട്ടിയുടെ ആഢ്യത്വത്തിന്റെ അനിവാര്യതയും വിജയത്തിന്റെ അനന്തസാധ്യതകളും അയാൾ ഒരു മത്സരക്കാരനെപ്പോലെ എണ്ണിപ്പറഞ്ഞു. പ്രായോഗികരാഷ്ട്രീയകൗശലതയുടെ പുതിയമേച്ചിൽപ്പുറങ്ങൾ സഖാക്കൾക്കു മുന്നിൽ ചടുലമായി അനാവൃതമായപ്പോൾ നരേന്ദ്രന് മനംപുരട്ടലുണ്ടായി. പുറത്തു മഴകനത്തു വന്നു.ജോണ് സഖാവിന്റെ കതകുകളില്ലാത്ത ജനലിൽക്കൂടി തൂവാനം ഇടയ്ക്കിടെ അടിച്ചുകയറിക്കൊണ്ടിരുന്നു.എന്തെന്നില്ലാത്ത ഭയാശങ്കകൾ നെഞ്ചിൽ നെടുകെയും കുറുകെയും പായുന്നതുപോലെ അയാൾക്കു തോന്നി.ഏറെനേരത്തെ മൗനത്തിനു ശേഷം നരേന്ദ്രൻ ഉറച്ച ശബ്ദത്തിൽ തന്റെ വിയോജിപ്പ് പ്രകടമാക്കി.കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ സവർണഫ്യുഡൽ മിശ്രണം അപകടകരവും ആത്മനിന്ദാപരവുമാണെന്നും പാർട്ടിയുടെ അടിസ്ഥാനവർഗവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും അതിനു അനുയോജ്യം ഭാസ്കരൻ സഖാവ് തന്നെ സ്ഥാനാര്ഥിയാക്കണമെന്നും വാദിച്ചു. മഴയുടെ ശക്തി കൂടിക്കൂടി വന്നു.കമ്മിറ്റിയിലെ വിചാരവിതർക്കങ്ങളുടെ തീക്ഷണത പിന്നീട് കനത്ത മൗനത്തിലേക്കു പലപ്പോഴും വീണുപോയി.യോജിപ്പിന്റെ സാധ്യതകൾ കണ്ടെത്താൻ കഴിയാതെ സഖാക്കൾ പലപ്പോഴും മുഖത്തോടുമുഖം പിറുപിറുത്തു. അനിശ്ചിതത്വത്തിന്റെ ഇറമ്പിൽനിന്നും കുടയുള്ളവരും ഇല്ലാത്തവരും കനത്തമഴയിലേക്കും കട്ടിപിടിച്ച ഇരുട്ടിലേക്കും അലസിപ്പിരിഞ്ഞു.
തിങ്കളാഴ്ച വൈകിട്ടാണ് ആ വാർത്ത പുല്ലുവിളമുക്കിൽ കേട്ടത്. നരേന്ദ്രൻ കോളേജിലേക്ക് പോകുംവഴി ശാസ്താക്ഷേത്രത്തിന്റെ വടക്കുവശം ഇടുങ്ങിയ വഴിയിൽ വച്ച് ആക്രമിക്കപ്പെട്ടു.അവസാനവർഷ ബിരുദാന്തരബിരുദ വിദ്യാർത്ഥിയും സർവോപരി പ്രമുഖ പത്രത്തിന്റെ പ്രാദേശിക ലേഖകനുമായ രമേശൻ എതിരെവന്ന നരേന്ദ്രനെ തോളുകൊണ്ടിടിച്ചു. ചിതറിത്തെറിച്ച നോട്ടുബുക്കുകൾ താഴെ പൊന്തക്കാട്ടിലേക്കു മൂളിപ്പറന്നു.പ്രകോപനത്തിന്റെ എന്തെങ്കിലും ഒരു ലാഞ്ചനയ്ക്കുവേണ്ടി വളഞ്ഞുനിന്ന ഒരു ആഞ്ഞിലിമരത്തിലേക്കു ചാരി നരേന്ദ്രൻ മുഖമുയർത്തി. നോട്ടത്തിന്റെ പ്രതിഫലമെന്നപോലെ അടിനാഭിയിൽ അതിശക്തമായ ഒരു ചവിട്ടേറ്റ് അയ്യാൾ ഉരുണ്ടു മുൾപ്പടർപ്പുകൾക്കു മുകളിലൂടെ ഉയർന്നുനിന്ന കനത്ത വേരുകളിൽ തട്ടിത്തെറിച്ച് താഴേക്കുപോയി .
വിദ്യാർഥിപ്രസ്ഥാനം സഹപ്രവർത്തകനെതിരെ നടന്ന അക്രമത്തിൽ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തില്ല എന്നറിഞ്ഞതിൽ പുല്ലുവിളമുക്കിലെ സഖാക്കൾ രോഷംകൊണ്ടു. സന്ധ്യക്ക് റോഡിലെ തണുത്തവായുവിൽ കരിഞ്ഞ സൈക്കിൾടയറിന്റെ രൂക്ഷഗന്ധം പരത്തിക്കൊണ്ടു പന്തംകൊളുത്തിപ്രകടനം നടന്നു.രമേശന്റെ വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ തീജ്വാലകൾക്കിടയിൽ ചുരുട്ടിയ മുഷ്ട്ടികളും മൂർച്ചയുള്ള വാക്കുകളും എറിയപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുത്തുവന്നു.സ്ഥാനാർഥി രാമൻപിള്ള സഖാവെന്നു തീരുമാനിക്കപ്പെട്ടു.പ്രചാരണത്തിന്റെ അവസാനദിവസം പ്രകടനത്തിൽ ആലുമ്മൂടുമുതൽ വടക്കേത്തറവരെ ഏറ്റവും മുന്നിൽ മുഷ്ടിചുരുട്ടി ആന്തരീക്ഷത്തിൽ ഇടിച്ചു അലറിവിളിച്ചു നരേന്ദ്രൻ ആവേശം വിതച്ചു.” രാമൻപിള്ള നേതാവേ ധീരതയോടു നയിച്ചോളൂ … പതിനായിരങ്ങൾ പിന്നാലെ…!” എന്തായാലും തിരഞ്ഞെടുപ്പുനടന്നു.എതിർ സ്ഥാനാർഥി മഹേശ്വരൻപിള്ള നൂറ്റിയിരുപതില്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു വാർഡ് മെമ്പറായി.നരേന്ദ്രനെയും ഭാസ്കരനെയും പിന്നീട് രണ്ടുമൂന്നാഴ്ചക്കാലം മുത്തലീഫിന്റെ ചായക്കട സംവാദങ്ങളിൽ കണ്ടതേയില്ല.പുല്ലുവിളമുക്കിലെ ചുവന്നകൊടിമരത്തിനുചുറ്റും കുറച്ചധികം പോച്ച വളർന്നുവന്നു. പക്ഷെ നാലുമുക്കുമുതൽ കണ്ടംകുളംവരെയുള്ള പഞ്ചായത്തുറോഡിന്റെ കരാർ നിർമാണം രാമൻപിള്ള തന്നെ ചെയ്തു.ഒപ്പം പുല്ലുവിളമുക്കിലെ അംഗനവാടിയും പുന്നക്കാട് തോടിനുകുറുകേയുള്ള കലുങ്കും .
കമ്മ്യൂണിസ്റ്റു ഭരണത്തിന്റെ താളത്തിൽ പുല്ലുവിളമുക്കിൽ പുരോഗമന ആശയങ്ങളുടെ തിരത്തള്ളൽ ഉണ്ടായെന്നാണ് വയ്പ്പ്.നരേന്ദ്രന്റെ നേതൃത്വത്തിൽ “ലക്ഷ്യ” കലാവേദി ഉടലെടുത്തു. കലയും സംസ്കാരവും അടിസ്ഥാനവിദ്യാഭ്യാസവും കലാവേദിയുടെ ഇടപെടലുകളിൽ പുഷ്ട്ടിപ്പെട്ടത്രേ. അടിസ്ഥാനവർഗ്ഗ വീടുകളിലെ കല്യാണങ്ങളും മരണാനന്തരചടങ്ങുകളും പുരകെട്ടിമേയലുകളും പുരോഗമനപ്രസ്ഥാനത്തിന്റെ സജീവസാന്നിധ്യത്തിൽ ചടുലമായി. പരസ്ത്രീയിൽ ആകൃഷ്ടനായി രാജപ്പൻ ഉപേക്ഷിച്ച വിലാസിനിയമ്മയ്ക്കു ജനകീയാസൂത്രണത്തിൽ വീടുകിട്ടി. വിരിഞ്ഞ നെഞ്ചുള്ള മൂന്നാൺമക്കൾ കടത്തിണ്ണകളിലേക്കു കുടിയിറക്കിയ ചെല്ലോം പണിക്കനും കിട്ടി ഓടിട്ട ഒരു ഒറ്റമുറി വീട്.
കഷ്ടിച്ച് ആറുമാസം കഴിഞ്ഞു രാമൻപിള്ള സഖാവ് അന്തരിച്ചു. രാവിലെ പൂമുഖത്തു ചാരുകസാലയിൽ ചായകുടിച്ചുകൊണ്ടു പാർട്ടിപത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ആ ഹൃദയം നിലച്ചുപോയത്.സുഖമരണത്തിൽ കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാവരും അനുശോചിച്ചു. പുല്ലുവിളമുക്കിലെ കമ്മ്യുണിസ്റ്റ് കൊടിമരത്തിൽ ചെങ്കൊടി കറുത്ത ശീലതുണിക്കു താഴെ തലകുനിച്ചുകിടന്നു ഒരാഴ്ചക്കാലം.
നരേന്ദ്രൻ സഖാവ് ബിരുദപഠനം പൂർത്തിയാക്കി. ഇത്തവണയും ഇംഗ്ലീഷ് ചതിച്ചതിനാൽ യോഗ്യതാപത്രം അന്യമായി.മുപ്പത്തിമൂന്നാം വയസ്സിൽ ഐതിഹാസികമായ വിദ്യാഭ്യാസ പരിശ്രമങ്ങൾ അദ്ദേഹം എന്നന്നേക്കുമായി അവസാനിപ്പിച്ചു.
ഭൂരിപക്ഷവർഗീയതയ്ക്കെതിരെ ദേശീയപാതയിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. വടിവാർന്ന അക്ഷരങ്ങളിൽ നരേന്ദ്രൻ കവിതാത്മകമായി പുല്ലുവിളമുക്കിൽ പോസ്റ്റർ പതിച്ചു.
“ഒരുമിച്ചൊരു കൈച്ചങ്ങലയാൽ വരിയുക കുടിലമതാന്ധതയെ”.
കന്നേറ്റിപ്പാലത്തിൽ അയാളുടെ സംഘടനാപാടവത്തിൽ പുല്ലുവിളമുക്കിലെ സഖാക്കൾ കണ്ണികൾ പൊട്ടാതെ അണിനിരന്നു. രാജപാതയിലെ പ്രതിഷേധച്ചങ്ങലയുടെ വിജയത്തിൽ പാർട്ടിസഖാക്കൾ ഊറ്റം കൊണ്ടു.കഴകൾവച്ചുകെട്ടിയ ലോറിയിൽ തിരികെവരുമ്പോഴും അവർ വഴിനീളെ ആവേശം വിതച്ചു ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു.ആരവങ്ങൾക്കിടയിൽ ഷാജു സഖാവ് വഴിയരികിലെ പെണ്ണുങ്ങളെ അശ്ലീചുവയുള്ള ആംഗ്യങ്ങൾ കാണിച്ചതായി ആരോ നരേന്ദ്രനോട് അടക്കം പറഞ്ഞു.തന്റെ ഒരു അകന്ന ബന്ധുകൂടിയാണ് അയ്യാൾ എന്നത് നരേന്ദ്രന് പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെ ലംഘനമായേ അത് നരേന്ദ്രന് തോന്നിയുള്ളൂ. കൊടിമരച്ചുവട്ടിൽ ലോറിയിൽ നിന്നും കഴകളഴിച്ചുനീക്കിക്കൊണ്ടിരുന്ന ഷാജുവിന്റെ മുഖത്ത് നരേന്ദ്രൻ ആഞ്ഞടിച്ചു. അടുത്ത ദിവസം പ്രതികാരദാഹിയായ ഷാജു പലചരക്കുകട നടത്തുന്ന പൗലോസ് മുതലാളിയുടെ മകൻ സഖാവ് ജോസഫിനോടൊപ്പം വലതുകമ്മ്യുണിസ്റ്റു പാർട്ടിയിൽ ചേർന്ന് പുല്ലുവിളമുക്കിൽ പൊതുസമൂഹത്തിനു മുന്നിൽ നരേന്ദ്രൻ സഖാവിനു നേരെ പല്ലിളിച്ചു കാട്ടി.
പാർട്ടിപരിപാടികളിൽ മനുഷ്യചങ്ങലയ്ക്കുശേഷം പിറ്റേ വർഷം തൊഴിലില്ലായ്മയ്ക്കെതിരെ മനുഷ്യമതിൽ വന്നു.പാർട്ടിപത്രത്തിന്റെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും പ്രചാരണത്തിനും ധനശേഖരണത്തിനും ബക്കറ്റുപിരിവുകളും നടന്നു.അടിസ്ഥാനവർഗ്ഗത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീക്ഷകളിൽ പൊന്നരിവാളിന്റെ മിന്നല്പിണരുകൾ നരേന്ദ്രന്റെ സിരകളിൽ ഒരു ഉന്മാദമായി പടർന്നൊഴുകി.ചിന്തകളിൽ,സ്വപ്നങ്ങളിൽ,വാക്കുകളിൽ ഉലയിലൂതി ചുട്ടെടുത്ത ലോഹക്കഷണത്തിൽ നിന്നെന്നപോലെ ചുവപ്പുരാശി ചിതറിത്തെറിച്ചു.പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപിനുവേണ്ടി വികാര വിചാരങ്ങളുടെ കവിഞ്ഞൊഴുകലിൽ അയാൾ ഒരു ഏകാങ്ക നാടകം രചിച്ചു.”യൂദാസുകളെ സൃഷ്ടിക്കുന്ന രാജാവ്”.അക്കൊല്ലം യുവജനോത്സവത്തിൽ പതാരം സർക്കാർ സ്കൂളിൽ ഒന്നാം സമ്മാനം പ്രസ്തുത നാടകം കരസ്ഥമാക്കി.
രാമഭദ്രൻ ചേട്ടൻ ആദ്യവും പിന്നീട് അനിയൻ ബലരാമനും ജീവിത സാഹചര്യങ്ങളുടെ സമരസമ്മർദ്ദങ്ങളിൽ വിവാഹിതരായി കുടുംബം പുലർത്താൻ നിര്ബന്ധിതരായി.അടിസ്ഥാനസൗകര്യങ്ങളുടെ ദൗർലഭ്യതയിൽ നരേന്ദ്രൻ ദേവീ ഫൈനാൻസിയേഴ്സ് എന്ന സ്വർണപ്പണയ സ്ഥാപനത്തിൽ കണക്കപ്പിള്ളയായി ജോലിചെയ്യാൻ നിയോഗിക്കപ്പെട്ടു. പൊറുതിവന്ന പെണ്ണുങ്ങളുടെ നീരസം പലപ്പോഴും വീട്ടിൽ നരേന്ദനെ ബുദ്ധിമുട്ടിച്ചു.ഒറ്റപ്പെടലിന്റെ ദൈന്യത അയ്യാളെ മിക്കപ്പോഴും അസ്വസ്ഥനാക്കി. കലയംകുളത്തു മരമടി മഹോത്സവം കണ്ടു കഴിഞ്ഞു വരുന്ന ഒരിടവഴിയിൽ എതിരെവന്ന ഡെയ്സി അയാളെ സാകൂതം നോക്കി.അഞ്ചടിദൂരം നടന്നശഷം നരേന്ദ്രൻ തിരിഞ്ഞുനോക്കി.അവൾ അയാളെത്തന്നെ നോക്കിനിൽക്കുകയാണ്.എണ്ണമയമുള്ള തലമുടി പിന്നിലേക്ക് ചീകിവലിച്ചുമുറുക്കി കെട്ടിയിരുന്നതിനാൽ വലിപ്പക്കുറവുതോന്നിച്ച മുഖത്തിന് വലിയകണ്ണുകൾ ഭംഗിയുള്ളതായി.അവ നരേന്ദനോട് നിശബ്ദം ചോദിച്ചു” ഒപ്പം ഞാൻ കൂടി വരട്ടെ”. വ്യവസ്ഥിതികളെ ചോദ്യംചെയ്യുവാനുള്ള അടങ്ങാത്ത അഭിനിവേശത്തിൽ, കമ്മ്യുണിസ്റ്റ് സഹയാത്രികയും പാസ്റ്റർ ഉലഹന്നാന്റെ പെങ്ങളും അകാലത്തിൽ വിധവയുമായിപ്പോയ ഡെയ്സിയെ പ്രണയത്തിന്റെയും മതപരതയുടെയും കെട്ടുപാടുകളില്ലാതെ വിവാഹം ചെയ്ത് അയാൾ കോട്ടൂർ വയലിറമ്പിൽ വാടകയ്ക്കെടുത്ത ചെറുവീട്ടിൽ അല്ലലുകളുടെ സംതുലവനാവസ്ഥയിൽ തന്റെ ദാമ്പത്യം തുടങ്ങി.
തൊണ്ണൂറ്റിനാലിൽ വീണ്ടും പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ കാഹളം വന്നു.എതിര്പക്ഷത്തു നടരാജപിള്ളയുടെ സ്ഥാനാർത്ഥിത്വം കാലേകൂട്ടി വിളംബരം ചെയ്യപ്പെട്ടു.ഇത്തവണ വാർഡുകമ്മിറ്റി കൂടിയത് അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച അസനാരു മാഷുടെ വീട്ടിലായിരുന്നു.മധ്യാഹ്നവെയിലിന്റെ തീക്ഷണത മാഷുടെ ടെറസ്സുവീടിന്റെ ഉള്ളിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു. ഹാളിൽ തിങ്ങിനിറഞ്ഞ പ്രവർത്തകർ തമാശയുടെയും സൗഹൃദത്തിന്റെയും അവസ്ഥയിലായിരുന്നു.നരേന്ദ്രൻ വന്നത് ഏറ്റവും അവസാനമായിരുന്നു. സ്ഥാനാർത്ഥിയായി സുമുഖനും സഹൃദയനുമായ മുകന്ദകുമാറിനെ തിരഞ്ഞെടുത്തു. ദിവംഗതനതായ സഖാവ് രാമൻപിള്ളയുടെ മകനെന്നതിനുപരി അയ്യാൾ പാർട്ടിയിലെ യുവാക്കൾക്കെല്ലാം സർവ്വസമ്മതനായിരുന്നു.പ്രവർത്തകരുടെ കലപിലയ്ക്കിടയിൽ നരേദ്രന് അസ്വസ്ഥത തോന്നി. ഇതെന്താണിങ്ങനെ?ചരിത്രം വീണ്ടും ഇങ്ങനെ ആവർത്തിക്കപ്പെടുന്നത്? മുകുന്ദൻ ഒരു വൻകിട കരാറുകാരനാണ്.അയ്യാൾ തീർത്തും തിരസ്കൃതനാണെന്നു നരേന്ദ്രൻ മനസ്സിൽ ഉച്ചത്തിൽ പറഞ്ഞു,കുറച്ചേറെ പ്രാവശ്യം .അയ്യാൾ പുഴമണൽ കടത്തുന്നവനാണ്. അയാൾ നിലംനികത്തി മണ്ണിടുന്നവനാണ്. സർവോപരി എതിർസ്ഥാനാർഥി നടരാജപിള്ള മുകുന്ദന്റെ പെങ്ങളുടെ ഭർത്താവുമാണല്ലോ? വർഗ്ഗവ്യത്യാസങ്ങളുടെ കീറാമുട്ടികൾ ജുഗുപ്സയിൽ ചുട്ടുപൊള്ളിച്ച വാക്കുകളിൽ നരേന്ദ്രൻ യോഗത്തിൽ ഉറക്കെപ്പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ല.കനത്ത നിശബ്ദത കുറെ നിമിഷം ഹാളിൽ വിറയാർന്നു നിന്നു.പിന്തുണയുടെ ഒരു നേർത്ത ശബ്ദത്തിനുവേണ്ടി നരേന്ദൻ പ്രതീക്ഷയോടെ ചുറ്റിലും നോക്കി.ഇല്ല ആരും ഒന്നും മിണ്ടുന്നില്ല.അവസാനം പ്രതിഷേധത്തിന്റെ കെടാത്ത ഒത്തിരി കനലുകൾ ഉള്ളിലിട്ടു നീറ്റി കൊണ്ടു നരേന്ദ്രൻ കാലുകൾ അമർത്തിച്ചവിട്ടി പുറത്തെ ചൂടുപിടിച്ച വായുവിലേക്ക് മുഖംകുനിച്ചിറങ്ങി പിന്നെ വേഗത്തിൽ നടന്നുപോയി.
തിരഞ്ഞെടുപ്പ്കഴിഞ്ഞു.മുകുന്ദകുമാർ ഒത്തിരി വോട്ടുകൾനേടി വിജയിച്ചു. പുല്ലുവിളമുക്കിലെ കമ്മ്യൂണിസ്റ്റു കൊടിമരത്തിന് ചുവട്ടിൽ ആർപ്പുവിളികളും മധുരവിതരണവും നടന്നു.ആലുംമൂട് മുതൽ വടക്കേത്തറവരെ ആഹ്ളാദ പ്രകടനകൾ നടന്നു.മുന്നിൽ രക്തഹാരമണിഞ്ഞു നടന്ന മുകുന്ദകുമാർ തലയെടുപ്പുള്ള, നെറ്റിപ്പട്ടമുള്ള ഒരു ആനയെപ്പോലെ ഭാവിച്ചു.
വൈകുന്നരം ചാറ്റൽമഴപെയ്തു.നരേന്ദ്രൻ ജോലികഴിഞ്ഞു ഒന്പതുമണിക്കെ വരുകയുള്ളൂ. വയലിറമ്പിലെ വീട്ടിൽ ഡെയ്സി ഒറ്റമകനെ ചേർത്തുപിടിച്ചു ഉറക്കാൻതുടങ്ങിയതയുള്ളൂ.വേനല്ക്കാലമായതിനാൽ വയൽ വറ്റിവരണ്ടിരുന്നു.തുറന്ന ജന്നൽപ്പാളിയിലൂടെ പുറത്തെ കാച്ചിക്കുറുക്കിയ ഇരുട്ടിൽ ചലിക്കുന്ന അല്പപ്രകാശങ്ങൾ അതിന്റെ ഭീകരതയ്ക്ക് ആക്കം കൂട്ടിയതുപോലെ തോന്നി.മുറ്റത്തു ആരോ ചിലർ വന്നതുപോലെ.കാലടികളുടെ ബഹുസ്വരങ്ങൾക്കൊപ്പം ഉയർന്നുകേട്ട അശ്ലീലതയുടെ നാടൻ പ്രയോഗങ്ങൾ ആവേശം കത്തിപ്പടരുമ്പോഴുള്ള ചില മുദ്രാവാക്യംവിളിപോലെ തോന്നിപ്പിച്ചു .കത്തിച്ച ഒന്നുരണ്ടു ഏറുപടക്കങ്ങൾ ജനലിലൂടെ മൂളിപ്പറന്നു ഡെയ്സിയുടെ കിടക്കയിൽ വീണു കത്തി.ഒരു നിമിഷത്തിന്റെ നടുക്കത്തിൽ നഷ്ടപ്പെടാത്ത വിപദിധൈര്യത്തിന്റെ ആയത്തിൽ കുഞ്ഞിനെ വാരിയെടുത്തുകൊണ്ടു അവർ പിൻവാതിലിലൂടെ ഓടി. പിന്നിൽ ഉയർന്നു കേൾക്കുന്ന അട്ടഹാസങ്ങളും വീടിന്റെ മുൻവാതിലിൽ വലിയകല്ലുകൾ വീഴുന്ന ഒച്ചയും കുഞ്ഞിന്റെ അമർത്തിക്കരച്ചിലിനെയും ഡെയ്സിയുടെ കിതപ്പിനെയും നേർപ്പിച്ചുകളഞ്ഞു.
ഇരട്ട ബാറ്ററിയിട്ട ചെറു ടോർച്ചു കൊണ്ടു ഇരുട്ടിൽ ചാലുകീറി നരേന്ദ്രൻ ചെമ്മൺ പാതയിലൂടെ ഇറക്കമിറങ്ങി വരുകയായിരുന്നു.പണയക്കടയുടെ നാലിഞ്ചു നീളമുള്ള താക്കോൽ ഇടതു കൈയിലെ ചെറുവിരലിൽ തൂങ്ങിക്കിടന്നിരുന്നു.കല്ലുവെട്ടു കുഴിയുടെ സമീപത്തുവച്ചു ആരോ അയാളെ ആഞ്ഞു ചവിട്ടി. വാശിയോടെ വലിച്ചെറിയുന്ന ഒരു മാലിന്യക്കെട്ടുപോലെ രണ്ടാൾതാഴ്ച്ചയുള്ള കുഴിയിലേക്കു നരേന്ദ്രൻ തിരശ്ചീനമായി പതിച്ചു.കുഴിയുടെ കാവിപ്പശിമയിലേക്കു പിന്നെ ആരൊക്കെയോ ചാടിവീണു.നാവും ഉടലും തരിച്ചു മരവിച്ചപ്പോഴും അരണ്ട നാട്ടുവെളിച്ചത്തിൽ നെടുകായനായ ഒരാളെ കണ്ട് അയ്യാൾ ഞെട്ടി.പിന്നെ ഒന്നും അറിഞ്ഞില്ല.ഒന്നരമണിക്കൂറിനു ശേഷം ഒരു ചെറുമഴകൂടി പെയ്തുതോർന്നു.
കത്തിച്ചു വച്ച ചൂട്ടുകറ്റകളുടെ തീവ്രപ്രകാശത്തിൽ ചുറ്റും വട്ടമിട്ടു നിൽക്കുന്ന പുഷ്ടിയില്ലാത്ത മനുഷ്യർക്കിടയിൽ കുഞ്ഞിനെ തോളിക്കിടത്തി ഡെയ്സി കൊച്ചുതിണ്ണയിലിരിന്നു തേങ്ങിക്കൊണ്ടിരുന്നു. തെങ്ങിൻതോപ്പിലെ ഇരുട്ടില്നിന്നും വേച്ചു വേച്ചു വന്ന നരേന്ദ്രനെ അവൾ കണ്ടു ചാടിയെഴുന്നേറ്റു.ശരീരത്തിനു മീതെ ഒട്ടിപ്പിടിച്ച് ചെമ്മണ്ണുപുരണ്ട് കാവിനിറമായ വസ്ത്രങ്ങളിൽ വരച്ചു ചേർത്ത ചോരയുടെ കടുംചുവപ്പുചാലുകൾ കണ്ട് അവൾ അലറിക്കരഞ്ഞപ്പോൾ തോളിൽ മാണ്ടുകിടന്ന കുഞ്ഞുണർന്നു ചുറ്റും നിന്നവരെ നോക്കി ചുണ്ടുകോട്ടി.

 * * * * * * * * * * * *

ഉച്ചയൂണ് തനിയെ വിളമ്പിക്കഴിച്ചു നരേന്ദ്രൻ ഒന്ന് മയങ്ങി.ഉണർന്നപ്പോൾ നേരം രണ്ടുമണിയായി.പഞ്ചായത്തു മെമ്പർ റഷീദ് രാവിലെ വിളിച്ചിരുന്നു.വാർഡിലെ ജൈവകൃഷിയുടെ പ്രചാരണത്തിന് ഒരു നോട്ടീസു തയ്യാറാക്കണം.ഒപ്പം അതിനെപ്പറ്റി പ്രസംഗിക്കാൻ ചില വസ്തുതകളും. എന്തു ജൈവം? ജൈവകൃഷി എന്നതുതന്നെ ഒരു മണ്ടൻ ആശയമല്ലേ? അയാൾക്ക് ഉള്ളിൽ പുഛം തോന്നി.ജൈവവളങ്ങൾ ഉത്പാദന ക്ഷമത നൽകുന്നില്ലല്ലോ? ലാഭമില്ലാത്ത വിളവെടുപ്പിനു എന്തു പ്രസക്തിയാണുള്ളത്?രാസവളവും കീടനാശിനിയും അനുവദനീയമായ അളവിൽ ഉപയുക്തമാക്കുകയല്ലേ വേണ്ടുന്നത്?നരേന്ദ്രൻ ആശയങ്ങളുടെ സ്വീകാര്യതയെപ്പറ്റി വീണ്ടും വീണ്ടും ആലോചിച്ചു.ഇല്ല ജൈവമാണ് നല്ലത്.അതാണ് എല്ലാവര്ക്കും വേണ്ടത്.അത് തന്നെയാണ് റഷീദിനും വേണ്ടത്.നരേന്ദ്രൻ പേപ്പറും പേനയുമെടുത്തു മേശയുടെ അടുത്തേക്ക് കസാല വലിച്ചിട്ടു.അങ്കണവാടിയിൽ ആശാവർക്കറാണ് ഡെയ്സി.കോളേജിൽ പോയ മകനും ഡെയ്സിയും ഇനി വൈകിട്ടേ വരുകയുള്ളൂ.വീടിനുമുന്നിൽ ഇടക്കെട്ടുംവിളയിൽ വളർന്നതെങ്ങുകൾ നിറഞ്ഞുനിന്നതുകൊണ്ടു വെയിലിനു കടുപ്പമില്ലായിരുന്നു. ഇടയ്ക്കു കാറ്റുവീശിയടിക്കുന്നുണ്ട്. മൊബൈൽ ഫോണിൽ നരേന്ദ്രന് ഒരു വാട്സാപ്പ് മെസ്സേജ് വന്നു. ശബ്ദ സന്ദേശം. സ്വതന്ത്രചിന്തകൻ സെബാസ്ത്യനാണ് അയച്ചിരിക്കുന്നത്.ഇയർഫോണിൽ നരേന്ദ്രൻ ഒരു ആണും പെണ്ണും തമ്മിലുള്ള സംഭാഷണം കേട്ടു.
“എന്തേ ഇന്നലെ പരിപാടിക്ക് കണ്ടില്ല? നിങ്ങളുടെ പാർട്ടിക്കാരും എമ്മെല്ലെയുമൊക്കെ വന്നിരുന്നല്ലോ.!”
“വരണമെന്നുണ്ടായിരുന്നു. എമ്മല്ലേയൊക്കെത്തന്നെ.. പക്ഷെ ആ പന്നച്ചെറുമന്റെ മുഖം കണ്ടാൽ അന്നെനിക്ക് വെള്ളം കീഴോട്ടിറങ്ങുകയില്ല”
ഇയർഫോൺ വലിച്ചുമാറ്റി നരേന്ദ്രൻ ചിരിച്ചു.ഉറക്കെയുറക്കെ. വാതിലുകളും ജനലുകളും അടച്ചിരുന്നതിനാലും പുറത്തു ശക്തമായ കാറ്റിന്റെ ഒച്ചയുണ്ടായിരുന്നതിനാലും അയാളുടെ ചിരി പുറത്തേക്കു കേട്ടതേയില്ല…!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. Very relevant story for the present situation. author tries to expose the hypocrisy of the society and he succeeded to a certain extend. Good one.
    Cheriyan

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English