ഭയത്തിന്റെ നിറം എന്തായിരിക്കും?

 

 

ഭയം,

ആളുകൾ സ്വയം പണിതൊരു
തടവറയുടെ പേരാണ്.
അതിന്റെ നിറം എന്തായിരിക്കും?
കൊടുംതണുപ്പിൽ വിറുങ്ങലിച്ച്
ചോര വാർന്ന വിളറിയ വെളുപ്പ് .
അതിന്റെ കടുപ്പം എങ്ങനെയായിരിക്കും?
മരണത്തിനും ജീവിതത്തിനുമിടയിലെ
ശൂന്യമാർന്ന അനന്തതയുടെ അഴി .

തടവറയിൽ ഭയത്തിന്റെ കൊടി
ഉയർന്നു കൊണ്ടിരിക്കും.
അടിമത്വമാണതിന്റെ മുദ്രാവാക്യം.
നിശബ്ദത വിധേയത്വവും.
സ്വാതന്ത്ര്യത്തിന്റെ തൊണ്ണൂറുകൾക്ക് ശേഷം
ഇരുപതുകളിൽ അത് ഭൂപടത്തെ
കൊല ചെയ്തു കൊണ്ടിരിക്കും.
ഭയത്തിന് ജനാധിപത്യമെന്നും പര്യായം.

ഒരു നോക്കുകുത്തിയെപ്പോലെ
മഹാത്മാക്കളുടെ പ്രതിമകളുയരും.
തെരുവിന്റെ അവികസിതമായ വയറുകളിൽ
വിശപ്പിന്റെ ഉൾവിളിപോലെ
ഭയം ഉരുണ്ട് കയറിത്തുടങ്ങും.
അവർ വായു ഭക്ഷിച്ചു
ജീവിക്കാൻ പഠിക്കും.
ഇവരുടെ കണ്ണീരിനു
അവരുടെ ഭാഷയിൽ
ഓവുചാലെന്നു പേര്.

ഭയം
അനേകം വീടുകൾക്കുള്ളിലാണിപ്പോൾ
പെറ്റു പെരുകുന്നത്.
ആളുകളപ്പോൾ ഭയത്തിന്റെ വൈറസുമായി പുറത്തിറങ്ങുന്ന രോഗവാഹകരാകും .
ഭയമുള്ള മനുഷ്യരെല്ലാമിപ്പോൾ
ടോം ആൻഡ് ജെറിയെപ്പോലെ.

ഭയന്ന് ഓടാൻ തുടങ്ങിയിടത്ത് തന്നെ
ആളുകളുടെ നിൽപ്പ്.
അവർ തമാശകളിൽ മാത്രം
ഒച്ചയെടുത്തു ചിരിച്ചു.
ചൂണ്ടുവിരൽ ദ്രവിച്ചത് അറിഞ്ഞേയില്ല!
ഭയം അവരിൽ രോഗമായി വൈരമായി
ദു:സ്വപ്നമായി ഫാസിസമായി.
ഭയം അവരുടെ വീടായി
വീടൊരു രാഷ്ട്രമായി.
അതിനുള്ളിൽ വേവുന്നു,
അകവും പുറവും.
ഭൂപടത്തിന്റെ അരികുകൾ അടരുന്നു.

അവർ ഭയത്തിന്റെ കൊടി പിടിച്ചു,
നാക്കിനെ ബലി കൊടുത്തു.
ഭയത്തെ പുതച്ചു,
കൈകൾ പോക്കറ്റിലിട്ട് നടന്നു ,
അവനവന്റെ നിഴലിനെ
ആരോ കശാപ്പ് ചെയ്തു,
അവർ ഫോണിൽ ഗെയിം കളിച്ചു.
കൊല്ലുന്ന രാജാവിനെ ആദരിച്ച്
തിന്നുന്ന മന്ത്രിയെ അനുസരിച്ചവർ
മികച്ച പാദസേവകരായി.
ജീവിതം ഭയമെന്ന വിഷം കഴിച്ച്
മരിച്ചു ജീവിച്ചു.
ഭയം കാൻസറെന്ന പോലെ മനസിനെ കാർന്നു തിന്ന് ചികിത്സയില്ലാതെ
മരിച്ചു ജീവിച്ചു .

ഭയത്തിനിപ്പോൾ രണ്ട്‌ കാലും
കയ്യുമുള്ള മനുഷ്യന്റെ രൂപമാണ്.
അവർ ജനാധിപത്യത്തെ കൊള്ളയടിച്ചു.
ആളുകളുടെ ഭയം ആളുകൾ തന്നെയായി.

ഭയത്തിന്റെ രൂപം എന്തായിരിക്കും?
ഭയത്തിനു എന്റെയും നിന്റെയും രൂപമാണ്.
ഒന്നിനെ ഭയന്നവർ
എണ്ണമറ്റതിനെയെല്ലാം ഭയക്കുന്നു.
വികാരങ്ങളിലാണ് ഒളിച്ചു കളി
തീയാണതിന്റെ വിശപ്പ്
ആളിക്കത്തുകയെ ഇല്ല!
പടർന്നു പിടിച്ച തീയത്രയും
കനലായി നീറിക്കിടപ്പുണ്ട്,
ചരിത്രത്തിന്റെ ശവക്കല്ലറയിൽ.

ഊരും പേരും കുലവും ദേശവും നോക്കി
അത് ഭിന്നിപ്പിന്റെ ഭാഷ സംസാരിക്കുന്നു.
പരസ്പരം ഭയത്തിന്റെ കല്ലെറിയുന്നു.
ഏത്,
ബ്രിട്ടീഷുകാരുടെ അതേ
ഭിന്നിപ്പിക്കൽ നയം തന്നെ.
നമ്മൾ ഒന്നും അറിയുന്നതേ ഇല്ല!
കാരണം,
സ്വയം പണിത തടവറയിൽ ഭയം രൂപം മാറി സ്വന്തം കാര്യം നോക്കിനടക്കാൻ തുടങ്ങുന്ന വീട്ടിലാണിപ്പോൾ നമ്മുടെ താമസം!

സൂര്യഗായത്രി പിവി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English