ആ കോട്ട മതിലിനപ്പുറം
കാലമൊരുക്കിനിർത്തിയ
ഒരു സുന്ദരിയുണ്ട്.
മൂവന്തിയുടെ നേർത്ത കരയുള്ള
വെള്ളപ്പട്ടുടുത്ത്,
പുരികങ്ങൾക്കിയിൽ നെറ്റിമേലെ
വട്ടപ്പൊട്ടണിഞ്ഞവൾ, ചാരുലത.
ആ അഴകുപാടിയുരുളുന്ന മഞ്ഞ
ശലഭങ്ങളിൽ, മണ്ണറിഞ്ഞിഴയുന്ന
തീവണ്ടികളിൽ, മധുരമൂറുന്നധരങ്ങളിൽ,
തഴുകി തലോടുന്ന കാറ്റിലലിഞ്ഞ രബീന്ദ്ര സംഗീത ശ്വാസമായി,
അലിഖിതമായ ഓർമ്മകളിലിനിയുമെഴുതാത്ത കഥകളും,
പതിയാത്ത ചിത്രങ്ങളുമായവളരുളി.
അവൾ ദേവിയാണ്. മദരി.
പാതയ്ക്കപ്പുറം ധ്യാനത്തിലിരുന്ന വിവേകാനന്ദനും, ടാഗോറും
പക്കലിരുന്ന ആഞ്ജനേയനെ സാക്ഷ്യം നിർത്തി മൊഴിഞ്ഞു.
സേതുവിന്റെ മാറിൽ ഗംഗയ്ക്കു കുറുകെ
വെയിലേറ്റുറങ്ങുന്നോളുടെ കരവിരുതാണീ ഭൂമിയെ ചുംബിക്കാൻ കാത്തുനിൽക്കുന്ന കെട്ടിടങ്ങൾ.
അരണ്ട വെളിച്ചത്തിലിരുന്നൊരു കിഴവൻ പറഞ്ഞതെല്ലാമെതിരയിടുക്കുകളിലുരുണ്ടു പോകുന്ന പന്തിനെപ്പറ്റി. അതിൽ സ്വർഗ്ഗം തുന്നിയ കാലുകളുടെ ചരിത്രം.
ബോസിന്റെയും ടാഗോറിന്റെയും വീടിനെതിരായുയർന്ന ധൂർത്താടനകേന്ദ്രങ്ങൾ.
ആഗോളവത്കരണവും ഉപഭോഗത്രഷ്ണയുമെന്ന പ്ലോട്ടിലൊരു ഡോക്യുമെന്ററിക്കായി റേയുമൊത്തുനടക്കുമ്പോൾ, അന്തസ്സിന്റെ പകലുകളെ, ക്ലാവുപിടിച്ച രാത്രി വിഴുങ്ങിയ കഥപാടി നടക്കുന്നു.പെണ്ണുങ്ങൾ.
ചിത്രം: വിൽക്കാനുണ്ട് ശരീരങ്ങൾ.
ക്രിസ്തുമസ് തലേന്നവളൊരു തെരുവിലേക്കിറങ്ങി,
തിടുക്കം കൂട്ടിയെത്തിയവരുടെയൊഴുക്കിൽ
ഞാനും കെട്ടഴിഞ്ഞുവീണു.ആഘോഷമാണ്.
പാട്ടും കൂത്തും, കേക്കും വീഞ്ഞും.
അധ്വാനവും ആസ്വാദനവും
അപ്പുറമിപ്പുറമിരുന്ന് ജീവിതത്തിന് കൈകൊടുത്തതു നോക്കി നടന്നെത്തിയത്
ഏദനിലാണ്, ദാദയുടെ. നിശബ്ദമവിടെയുയർന്നാരവങ്ങൾക്ക്
കാതോർത്തു മടങ്ങവെ, കുറിച്ചിട്ടതാണ്,
ഈ വങ്കസുന്ദരിയിലെ നേർക്കാഴ്ചകളുടെയാനന്ദത്തിന്റെ
മരന്ദകം തേടി, വീണ്ടുമൊരു യാത്ര.