ഞാനൊരു മഹാരഥമല്ല,
സങ്കീർണ്ണതകളെ ജീവിതത്തിൽ
പെരുപ്പിക്കുന്നതിലർത്ഥമില്ല.
മഹാരഥമായാൽ പൂട്ടാൻ കുതിരയെ
വാങ്ങേണ്ടി വരും,
കുതിരാലയം പണിയേണ്ടി വരും,
കുതിരയ്ക്ക് കൊടുക്കാൻ
മുതിരയും പുല്ലും വാങ്ങേണ്ടി വരും.
അതൊന്നും എന്നെക്കൊണ്ട്
കൂട്ടിയാൽ കൂടില്ല.
പോരാത്തതിന് നാഗാർജ്ജുന
ന്യായമനുസരിച്ച് രഥം തന്നെ
ഇബിലീസിന്റെ മാജിക്കാണല്ലോ.
പല തരം ചേരുവകളാൽ
രഥാകാരന്റെ നിർമ്മിത കുബുദ്ധി
തല്ലിക്കൂട്ടുന്ന രഥത്തിൽ നിന്നും
ചേരുവകൾ ഓരോന്നായി
പിൻവലിച്ചു നോക്കൂ…
രഥത്തിന്റെ സ്ഥാനത്ത് പിന്നെ
ശേഷിക്കുക ശുദ്ധ ശൂന്യതയാകില്ലേ,
ശുശൂ …..വെറും …..ശുശൂ…
എനിക്കൊരു മഹാ ശുശൂ ആകേണ്ട
ഇപ്പോൾത്തന്നെ താമസം
ഒരു മഹാഗർത്തത്തിലാണ്
തമോഗർത്തമെന്നും പറയാം
വലിയ താഴ്ചയിലാണ്
ഇതിലും താഴേക്ക് എന്നെ
തള്ളിയിടാൻ ഒരു മഹാരഥനുമാകില്ല
എനിക്കൊരു മഹാരഥനാകേണ്ട
മൂത്ത പുത്രനെ ബഫർസോണിനപ്പുറത്തേക്ക്
അയക്കാൻ വയ്യ
ഇത് കലിയുഗമാണ്
എനിക്ക് ദശരഥനുമാകേണ്ട !
Click this button or press Ctrl+G to toggle between Malayalam and English