ത്രിവിക്രമന്റെ പുസ്തകത്തെക്കുറിച്ചു ഞാൻ ആദ്യം കേൾക്കുന്നതു കാദറിൽ നിന്നാണ്. “ത്രിവിക്രമന്റെ പുസ്തകത്തിൽ പറയുന്നതിനപ്പുറം ഒന്നും ഈ നാട്ടിൽ നടക്കില്ല.ആർക്കും അതിനപ്പുറം പോകാനൊക്കില്ല”. ഇതായിരുന്നു കാദർ പറഞ്ഞത്.’ഈ നാട്’ എന്നു വെച്ചാൽ ഇരുളൻചിറ. ഇവിടേക്ക് ഞാൻ സ്ഥലം മാറി വന്നതിനർത്ഥം ത്രിവിക്രമന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എൻറെ ജീവിതത്തെയും സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും.
അസാധാരണമായ ഒരു സ്ഥലത്താണ് ഞാൻ വന്നുചേർന്നിരിക്കുന്നത് എന്ന് എനിക്കും തോന്നാതിരുന്നില്ല. ഇവിടെ ഞാൻ വന്നെത്തിയതും വിചിത്രമായ രീതിയിലാണ് . ഡയറക്ടറോട് തർക്കുത്തരം പറയാൻ യഥാർത്ഥത്തിൽ ഒരു ഉദ്ദേശവും എനിക്കുണ്ടായിരുന്നില്ല . ഏതോ സംഗതി വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ ഒരുഗ്രൻ നിഷേധം എൻറെ വായിൽ നിന്നു വീണുപോയി എന്നു മാത്രം . എങ്കിലും അധികം അകലെയല്ലാതെ സ്ഥലം മാറ്റിയതിന് എനിക്ക് ഡയറക്ടറോടു ചെറിയ നന്ദിയും തോന്നാതിരുന്നില്ല . ഇരുളൻചിറയിലെത്തി ഓഫീസു കണ്ടപ്പോൾ ആശ്വാസവും തോന്നി . ആളുകളുടെ തിക്കും തിരക്കുമില്ല. വിഷമം തോന്നിയതു ചാക്കുകളിൽ വിത്തുകളും മറ്റും പൂത്തിരിക്കുന്നതു കണ്ടപ്പോളാണ്.
ഓഫീസിൽ എനിക്ക് കൂട്ടിനുള്ളത് മണി എന്ന താൽക്കാലിക പ്യൂണാണ്. . മഹാമൗനിയാണു മണി. ഒപ്പം നിശ്ചലനും. മൂന്നു തവണയെങ്കിലും പറഞാലെ ഇരിപ്പിടത്തിൽ നിന്നുയരൂ. ഉയർന്നാൽ തന്നെ സന്ദേഹത്തോടെ മാത്രമേ നീങ്ങൂ.
ഇരുളൻചിറ പ്രകൃതിരമണീയമാണെന്നു ധൈര്യമായി പറയാം. ഓഫീസിന്റെ വടക്കു വശത്തുള്ള ജനാല തുറന്നാൽ വെള്ളം നിറയെയുള്ള ഒരു തോടു കാണാം. വല്ലപ്പോഴും അതിനു കുറുകെ ചേർത്തിട്ടിട്ടുള്ള രണ്ടു തെങ്ങിൻ തടികളിലൂടെ കരുതലോടെ വരികയും പോകുകയും ചെയ്യുന്ന ആളുകളെയും കാണാം . തോടിനപ്പുറം ആവണംപാറ എന്ന സ്ഥലമാണ് . ഞാനും ആവണംപാറയിൽ ബസിറങ്ങി തെങ്ങുംതടിയിലൂടെ തന്നെയാണ് എത്തിച്ചേർന്നത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ഒരു കാര്യം ഞാൻ കണ്ടു പിടിച്ചു . തടിപ്പാലം കടക്കുന്നവർ മിക്കവാറും ഇരുളൻചിറക്കാരാണ്. ആവണംപാറയിൽ നിന്നും ആളുകൾ വരുന്നത് വിരളമാണ്.
ഇരുളൻചിറയുടെ തെക്കുവശത്തു നദിയാണ് . അക്കരയ്ക്ക് കടത്തുണ്ട്. ഉദയംചിറ എന്നാണ് മറുകരെയുള്ള സ്ഥലത്തിന്റെ പേര്.കടത്തുകാരനു വലിയ ജോലിയൊന്നുമില്ല. വല്ലപ്പോഴും അങ്ങോട്ടോ ഇങ്ങോട്ടോ ഒരു യാത്ര. ഇരു വശങ്ങളിലുമുള്ള സ്ഥലങ്ങളിൽ നിന്നു വ്യത്യസ്തമായി അസാധാരണമായ ഒരു നിശ്ചലത ഇരുളൻചിറയ്ക്കുണ്ടെന്ന് എനിക്കു മനസ്സിലായി. ഡയറക്ടറോട് എനിക്കു തോന്നിയിരുന്ന ചെറിയ നന്ദി ആവിയായി . ഞാൻ ഭ്രാന്തുപിടിച്ചു നശിക്കട്ടെ എന്നാണ് അയാളുടെ ഉദ്ദേശം എന്ന് എനിക്ക് ഉറപ്പായി .
കാദറിനെ ഇതിനകം ഞാൻ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. അയാൾ എന്നെ സഹായിച്ചു കൊണ്ടേയിരുന്നു. പ്രവർത്തനം നിലച്ച ഒരു വായനശാലയിൽ അയാൾ എനിക്കു പാർപ്പിടമൊരുക്കി. “ഇതാരുടേതാണ്?”,ഞാൻ ചോദിച്ചു. “ഇതിനൊന്നും ആളില്ല “,അയാൾ പറഞ്ഞു. “കുളിക്കാനൊക്കെ?”,ഞാൻ മണ്ടനെ പോലെ ചോദിച്ചു. കാദർ ഒന്നും ഉരിയാടിയില്ലെങ്കിലും സമീപത്തുള്ള കിണറിലേക്കു നോക്കി . അതിൻറെ ആഴം കണ്ട് എനിക്കു തല ചുറ്റി .
എനിക്കു ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങളും കാദർ എവിടെ നിന്നോ കൊണ്ടുവന്നു തന്നു .
കാര്യമായ ജോലി ഇല്ലാതിരുന്നതു കൊണ്ട് ഞാൻ കാദറിൻറെ മുറുക്കാൻ കടയിൽ തന്നെയാണു കൂടുതലും സമയം ചിലവഴിച്ചത്. വല്ലപ്പോഴും മാത്രമാണ് കടയിൽ ആരെങ്കിലും വരുന്നത് . മോരുംവെള്ളവും മുറുക്കാനും കൊടുത്തു കഴിയുമ്പോൾ കാദർ ചോദിക്കും ,”സാധനം വേണോ?”. ചിലർ വാങ്ങും ,ചിലർ വേണ്ടെന്നു തലയാട്ടും.ആദ്യ ദിവസം ഞാൻ ഭയന്നു ചോദിച്ചു,”പോലീസ് പിടിക്കില്ല?”. “ഇവിടെയാരും വരില്ല “,കാദർ നിസ്സാരമായി പറഞ്ഞു.
പിന്നെയും രണ്ടുമൂന്നു ദിവസം കഴിഞ്ഞാണു ത്രിവിക്രമന്റെ പുസ്തകത്തെക്കുറിച്ചു കാദറിൽ നിന്നു കേൾക്കുന്നത്.കാദറിനോട് ഇതിനകം ഒരുതരം വിധേയത്വം എനിക്കുണ്ടായിക്കഴിഞ്ഞിരുന്നു. അയാൾ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്ത സ്വഭാവക്കാരനാണെന്ന് എനിക്ക് മനസ്സിലായി .കാദർ സംസാരിക്കുന്നത് ആത്മഗതം പോലെയാണ് . കേൾക്കുന്നവരുടെ സാന്നിദ്ധ്യത്തെപ്പറ്റി ബോധവാനല്ലാത്ത മട്ടിൽ . കാദറിൻറെ കച്ചവടം മെച്ചപ്പെടുത്തണമെന്നു ഞാൻ പറഞ്ഞു. അയാൾ എന്തെങ്കിലും ഒന്നു പറയട്ടെ എന്നു കരുതി മാത്രം. അയാൾ ഒന്നു മൂളിയതു പോലുമില്ല. ഞാൻ വിട്ടില്ല. കുറച്ചു മലക്കറിയും പലചരക്കും എടുത്തു വെക്കണമെന്നു പറഞ്ഞു. എൻറെ അഭിപ്രായം തള്ളിക്കളയുന്ന മട്ടിൽ കാദർ തോളിൽ കിടന്ന തോർത്തു കുടഞ്ഞു .
“ഞാൻ അതൊക്കെ ഡോക്ടറമ്മയ്ക്കു വിട്ടു കൊടുത്തിരിക്കുകയാ . ആലിന്റപ്പുറത്താ അവരുടെ കട “,കാദർ അകലേക്കു കൈ ചൂണ്ടി.
“ഡോക്ടറമ്മയോ ? എന്തിനാണു കടക്കാരിയെ അങ്ങനെ വിളിക്കുന്നത് ? “,ഞാൻ ആരാഞ്ഞു.കാദർ മൗനത്തിലേക്കു തിരിച്ചു പോ കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് .
“അവർ ഡോക്ടറായതു കൊണ്ടു തന്നെ. കുട്ടിക്കാലം മുതലേ ഭർത്താവു ഗോവിന്ദനുമായി അടുപ്പമായിരുന്നു .മെഡിസിനു ചേർന്നപ്പോൾ അവർക്ക് ആ കമ്പമൊക്കെ പോയി.പക്ഷെ അവരുടെ തന്ത പിടിച്ച പിടിയാലേ ഗോവിന്ദനുമായി കെട്ടിച്ചു.അവനു പണ്ടേ പലചരക്കു കടയുണ്ട്.അതിനോടു ചേർന്ന് അവർ ചികിത്സയുമാരംഭിച്ചു.കടയിലും ശ്രദ്ധിച്ചു.ഇവിടെ ചികിത്സക്കാരു വരാൻ! എന്തെങ്കിലും ഉണ്ടെങ്കിൽ അക്കരെ ധർമ്മാശുപത്രിയിൽ പോകും . ഡോക്ടറമ്മ പഠിച്ചതൊക്കെ മറന്നു.”
“അത്ഭുതം തന്നെ “,ഞാൻ പറഞ്ഞു.
“അത്ഭുതമൊക്കെ നിങ്ങളെപ്പോലെയുള്ളവർക്ക് .ഇങ്ങനെയൊക്കയേ നടക്കൂ എന്ന് ഇവിടെയെല്ലാവർക്കും അറിയാം . ഈ നാട്ടിൽ ജനിച്ചവർക്കും വന്നുപെട്ടവർക്കും രക്ഷപ്പെടാൻ ഒക്കുകില്ല . ആരും രക്ഷപ്പെട്ടിട്ടില്ല. ഒരുപാടു പേര് ഉണ്ടായിട്ടുണ്ട് , വലിയ പഠിത്തോം മിടുക്കും ഒക്കെയായിട്ട് . എല്ലാരും അടിഞ്ഞു പോയി. .അങ്ങനൊക്കെയേ വരൂ എന്ന് എല്ലാവർക്കും അറിയാം. ശാപം നിൽക്കുകയാണ് .ത്രിവിക്രമന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതിനപ്പുറം ഇവിടെയൊന്നും സംഭവിക്കില്ല “, കാദർ നെടുനീളത്തിൽ പറഞ്ഞു നിർത്തി.
പിറ്റേ ദിവസം പോസ്റ്റുമാൻ തപാലുമായി വന്നപ്പോൾ ഞാൻ അയാളോടു ശാപത്തെക്കുറിച്ചും ത്രിവിക്രമന്റെ പുസ്തകത്തെക്കുറിച്ചും ചോദിച്ചു.
“പുസ്തകത്തെക്കുറിച്ചു പറയാനാണെങ്കിൽ ഇരുളൻചിറയിൽ എല്ലാവീട്ടിലും നൂറു നൂറ്റിയിരുപതു വർഷമായി അതു സൂക്ഷിച്ചിട്ടുണ്ട്.കാൽപ്പെട്ടികളിലും ട്രങ്കുകളിലും ഒക്കെയായി. ഓരോ വീട്ടിലും ഇരിക്കുന്ന പുസ്തകങ്ങൾ തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട് .അതാതു വീട്ടുകാർക്കു യോജിച്ച പുസ്തകം ആകും അവർക്കു കിട്ടിയിട്ടുണ്ടാകുക. മരണമടുത്ത വൃദ്ധർ മാത്രമേ പുസ്തകം വായിക്കാറുള്ളൂ .അതേ പാടുള്ളൂ”.
പോസ്റ്റുമാനും പുസ്തകത്തി ന്റെ ആളാണ് .
“ശാപമോ?”,ഞാൻ ചോദിച്ചു.
“അതു പുസ്തകത്തിൽ വിശദമായി എഴുതിയിട്ടുണ്ട്.ഞാൻ വായിച്ചിട്ടില്ല,കേട്ടോ.ഞങ്ങളുടെ കരയിൽ ഈ പുസ്തകം കയറ്റില്ല. കേട്ടറിവു വച്ച് അതിൽ പറയുന്നത് അഗസ്ത്യ പരമ്പരയിൽ പെട്ട ഒരു സിദ്ധനെ ഈ നാട്ടുകാർ തല്ലിക്കൊന്നു എന്നും അന്നു മുതൽ ഈ നാടിനു മുകളിൽ ആയിരം വർഷത്തെ ശാപം വീണു എന്നുമാണ്.ഇനി നാനൂറു വർഷം ബാക്കിയുണ്ട്”.
തടിപ്പാലം കടന്ന് ആവണംപാറയിൽ ഞാൻ പല തവണ പോയി. അവിടെയുള്ളവർ എന്നെയും ഇരുളൻചിറക്കാരുടെ കൂട്ടത്തിൽ തന്നെയാണു കൂട്ടിയിരിക്കുന്നത്. അതായതു ശാപഗ്രസ്തൻ. .എനിക്ക് അവിടെ പോകാൻ മടി തോന്നിത്തുടങ്ങി. ഞാൻ ഒരു ദിവസം വഞ്ചി കയറി നദിയുടെ മറുകരയിലുള്ള ഉദയംപാറയിൽ ചെന്നു.അവിടെ ഇരുളൻചിറയിലെ വിശ്വാസങ്ങളെ പരിഹസിക്കുന്ന കുറെ ചെറുപ്പക്കാരെ കണ്ടു. നാലു പേർ ഉണ്ടായിരുന്നു.അവർ ത്രിവിക്രമൻറെ പുസ്തകം കാണിച്ചു തരാൻ എന്നെ അവിടെയുള്ള വായനശാലയിൽ കൊണ്ടുപോയി. കുറെയേറെ തപ്പി ഒടുവിൽ കൂട്ടത്തിലെ താടിക്കാരൻ കണ്ടെടുത്തു. അവൻ പുസ്തകം അമർഷത്തോടെ മേശയിൽ അടിച്ചപ്പോൾ അതിൽ നിന്നും പൊടിയുടെ ഒരു കൂമ്പാരം തന്നെ ഉയർന്നു പൊങ്ങി. താടിക്കാരന്റെ കൈയിൽ നിന്നും പുസ്തകം വേറൊരുവൻ തട്ടിയെടുക്കുന്ന പോലെ മേടിച്ചു വീണ്ടും പൊടി തട്ടി എന്റെ മുന്നിലേക്കിട്ടു.
പുസ്തകം പരിശോധിക്കുമ്പോൾ എൻറെ കൈ വിറക്കുന്നതു കണ്ടു ചെറുപ്പക്കാർ ചിരിച്ചു.ഞാൻ പ്രതിഷേധിച്ചു: “ഒരു ഗ്രാമത്തെയപ്പാടെ ദശാബ്ദങ്ങളോളം സ്വാധീനിച്ച പുസ്തകമാണിത്.പ്രതിപാദ്യം എന്തു തന്നെയാണെങ്കിലും എനിക്കതിനെ ബഹുമാനിക്കാതിരിക്കാനാകില്ല”.
“ഒരു ഗ്രാമത്തെയല്ല, മുഴുവൻ ലോകത്തെയും നൂറ്റാണ്ടുകളോളം സ്വാധീനിച്ച പുസ്തകങ്ങളെ പോലും തള്ളിക്കളയുന്നവരാണു ഞങ്ങൾ. ഞങ്ങളോടു പുസ്തകങ്ങളുടെ മഹത്വത്തെപ്പറ്റി പറയേണ്ട”,കൂട്ടത്തിൽ കുഴിഞ്ഞ കണ്ണുകളുള്ളവൻ പറഞ്ഞു.
ഞാൻ പുസ്തകം പരിശോധിച്ചു.നാൽപ്പതു പേജു മാത്രമേയുള്ളു. പൂർത്തിയാക്കിയ കൃതിയായി എനിക്കു തോന്നിയില്ല . ഗദ്യവും പദ്യവും ഇടചേർന്നാണു രചന . ഇരുളൻചിറ എന്നു കൂടെക്കൂടെ എഴുതിയിട്ടുണ്ട് . അവ്യക്തമായ ഭാഷ.അച്ചടിയും മാഞ്ഞുതുടങ്ങിയിരിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല.
“ഇതൊരു നോവൽ എഴുതാനുള്ള ശ്രമമായിട്ടാണ് എനിക്കു തോന്നുന്നത് “,അതുവരെ അഭിപ്രായം ഒന്നും പറയാതിരുന്ന കൗമാരക്കാരൻ പറഞ്ഞു. എനിക്കും അതേ അഭിപ്രായം തോന്നുണ്ടായിരുന്നു
“ത്രിവിക്രമൻ ആരാണ് ?”, ഞാൻ ചോദിച്ചു.
“ഈ നാട്ടുകാരൻ ആയിരുന്നു .ശീമയിലൊക്കെ പോയ ആളായിരുന്നു എന്നു പറയുന്നു. ഈ നദിയിൽ മുങ്ങിയാണു മരിച്ചതെന്നും കേഴ്‍വിയുണ്ട് “.
“എങ്ങനെയാണ് ഈ അപൂർണ്ണമായ കൃതി ഇരുളൻ ചിറയെ സൃഷ്ടിച്ചതും അവിടുത്തെ ആളുകളെ കാലങ്ങളോളം അടിമപ്പെടുത്തിയതും ?”,ഞാൻ ചോദിച്ചു.
“പുസ്തകങ്ങളുടെ ശക്തി അപാരമാണു സാറെ .നമുക്കു മാത്രമായി ഒരു പുസ്തകമുണ്ടാകുക, അല്ലെങ്കിൽ നമ്മുടെ കുടുംബത്തിന്, ദേശത്തിന് എന്തിനു രാജ്യത്തിനു മാത്രമായി ഒരു ഗ്രന്ഥമുണ്ടാകുക പോലും മാരകമാണ് “,കുഴിഞ്ഞ കണ്ണുകളുള്ള ചെറുപ്പക്കാരൻ പറഞ്ഞു.
“ഞങ്ങളെക്കണ്ടുകൊണ്ട് ഈ പ്രദേശത്തുള്ളവരൊക്കെ ത്രിവിക്രമൻറെ പുസ്തകത്തെ തള്ളിക്കളയുന്നവരാണെന്നു വിചാരിക്കണ്ട. മിക്കവർക്കും ഇരുളൻചിറയിൽ പോകാൻ തന്നെ ഭയമാണ്. അത്യാവശ്യക്കാർ രാത്രിയാകുമ്പോൾ കാദറിൻറെ പീടികയിൽ സാധനം വാങ്ങാനും പദ്മാവതിയുടെ കെട്ടിടത്തിൽ പിള്ളേരെ കാണാനും ഒക്കെ പോകുമെന്നു മാത്രം”,താടിക്കാരൻ താടിയുഴിഞ്ഞു .
പദ്മാവതിയുടെ കെട്ടിടം എന്തെന്നു ഞാൻ ഊഹിച്ചു. അതേക്കുറിച്ചു കേട്ടിട്ടില്ലെങ്കിലും. എങ്കിലും ചോദിച്ചു: ” പദ്മാവതിയുടെ കെട്ടിടത്തിൽ എന്താണ് ഇടപാട്?”
ചെറുപ്പക്കാർ ചിരിച്ചു. “ആണുങ്ങൾ ജോലിക്കുപോകാത്തതു കൊണ്ട് പെണ്ണുങ്ങൾ പദ്മാവതിയുടെ അടുക്കൽ പോകുന്നു. ആളുകൾ പലയിടത്തു നിന്നും അവർക്കായി എത്തുന്നു”,ചോരക്കണ്ണുള്ള തടിയൻ പറഞ്ഞു.
“പൈസക്കു വേണ്ടി മാത്രമാണു സ്ത്രീകൾ പോകുന്നതെന്നും വിചാരിക്കണ്ട. ഈ പുസ്തകത്തിൻറെ സ്വാധീനം അവിടെയുമുണ്ട്.സമ്പൂർണ്ണ നാശത്തിലൂടെ സായൂജ്യം നേടാനുള്ള ആഗ്രഹം ആണുങ്ങൾക്കെന്നപോലെ അവിടുത്തെ പെണ്ണുങ്ങൾക്കുമുണ്ട്. ഒരു തവണ അവിടെ വെച്ചു എൻറ്റൊപ്പം ഉണ്ടായിരുന്ന പെണ്ണിനോടു ഞാൻ ഒരു മടയൻ ചോദ്യം ചോദിച്ചു.ഇവിടെ നിന്നു രക്ഷപ്പെട്ടു കൂടെ എന്ന്. അവളുടെ മറുപടി നിങ്ങൾക്ക് ഊഹിക്കാമോ?
‘നേട്ടങ്ങളിലൂടെ മാത്രമല്ല സുഹൃത്തേ ആനന്ദം കിട്ടുക,നഷ്ടങ്ങളിലൂടെയുമാണ്. സമ്പൂർണ്ണ നഷ്ടവും സമ്പൂർണ്ണ ആനന്ദവും പര്യായ പദങ്ങളാണ്’. അവൾ മിടുക്കിയായി കോളേജിൽ ഒക്കെ ഉണ്ടായിരുന്നവളാണ്. ആണുങ്ങളുടെ നിലപാടും രസകരമാണ്. നിങ്ങളുടെ ഓഫിസിലെ മണിയോട് ഒരിക്കൽ ഞാൻ ചോദിച്ചു,വീട്ടിലെ സ്ത്രീകളെ ഈ തൊഴിലിനു വിടുന്നതു ശരിയാണോ എന്ന് . അവനും ഒരു കാലത്തു നല്ല രീതിയിൽ പഠിപ്പും വായനയും ഒക്കെ ഉണ്ടായിരുന്നതാണെന്ന് ഓർക്കണം. അവൻ എന്നോടു പറഞ്ഞത് അതൊക്കെ കാഴ്ചപ്പാടിൻറെ പ്രശ്നങ്ങളാണ് എന്നാണ് “,താടിക്കാരൻ പറഞ്ഞു നിർത്തി.
മൂന്നുനാലു തവണ കൂടി ഞാൻ ഉദയംപാറയിൽ പോയി. ഇരുളൻചിറയ്ക്കും ഉദയംപാറയ്ക്കുമിടയിലെ തോണിയാത്ര ഭാവനയ്ക്കും യുക്തിക്കുമിടയിലെ പ്രയാണം പോലെ എനിക്കു തോന്നി. ആവണംപാറ ,ഇരുളൻചിറ ,ഉദയംപാറ ഇവ അന്യോന്യം പൊരുതുന്ന മൂന്നു കാഴ്ച്ചപ്പാടുകളാണെന്നും.
ഡയറക്ടറുടെ കോപം തണുത്തതു കൊണ്ടാകാം രണ്ടു മൂന്നു മാസം കഴിഞ്ഞ് എനിക്ക് സ്ഥലംമാറ്റം കിട്ടി.
കാദറിനോടു വിവരം പറഞ്ഞപ്പോൾ അയാൾ നിർവ്വികാരമായി മൂളുക മാത്രം ചെയ്തു. പോസ്റ്റുമാനാകട്ടെ ക്രൂരമായി ഒന്നു ചിരിച്ചിട്ട് ഇങ്ങനെ പറഞ്ഞു :” ഇവിടെ വന്നു താമസിച്ചവർ തിരികെപ്പോയാലും ഇവിടുത്തുകാരായിരിക്കുമെന്നാണ്പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. അതിനർത്ഥം സാറിനോടു ഞാൻ പറഞ്ഞു തരേണ്ടല്ലോ “.
ഉദയംപാറയിലെ ചെറുപ്പക്കാർ എന്നെ കാണാൻ വന്നു. എൻറെ സ്ഥലംമാറ്റക്കാര്യം ഞാൻ അവരോടു പറഞ്ഞിരുന്നില്ല. തടിയനാണു തുടങ്ങിയത്. ” ഞങ്ങൾ നിങ്ങളോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണു വന്നിരിക്കുന്നത്. ഈ നാടിനെയും നാട്ടുകാരെയും മൂഢവിശ്വാസത്തിൽ നിന്നു രക്ഷിക്കാനുള്ള ഒരു അവസരം ഇപ്പോൾ വന്നി രിക്കുന്നതായി ഞങ്ങൾ കരുതുന്നു.നിങ്ങളുടെ സ്ഥലംമാറ്റത്തിലൂടെ. നിങ്ങൾ ഞങ്ങളോടു സഹകരിക്കുമെന്നു ഞങ്ങൾക്കറിയാം”.
“സംഗതി കേൾക്കട്ടെ “,അവർക്കു ചായ പകർന്നുകൊണ്ടു ഞാൻ പറഞ്ഞു.
“ഈ ഗ്രാമത്തിലെ ഓരോ വീട്ടിലും കാൽപ്പെട്ടികളിലും ട്രങ്കുകളിലുമായി സൂക്ഷിച്ചിരിക്കുന്ന ത്രിവിക്രമന്റെ
പുസ്തക ത്തിൻറെ എല്ലാ പ്രതികളും പുറത്തു വരണം. ഒരെണ്ണം പോലും അവശേഷിക്കാതെ . നിങ്ങൾ അതെല്ലാം ശേഖരിച്ചു നിങ്ങളോടൊപ്പം കൊണ്ടുപോവുകയും വേണം”,താടിക്കാരൻ പറഞ്ഞു.
ഞാൻ മിഴിച്ചു നിന്നു .
“നിങ്ങളുടെ അമ്പരപ്പു ഞങ്ങൾക്കു മനസ്സിലാകും. ഇതുകൊണ്ടെന്തു പ്രയോജനം,പോരാത്തതിന് എങ്ങനെ ഇക്കാര്യങ്ങൾ സാധിക്കും എന്നൊക്കെ സംശയിക്കുന്നുണ്ടാകും. എങ്കിൽ കേട്ടുകൊള്ളൂ ഈ നാട്ടുകാർ അവരുടെ വിശ്വാസത്തോടു ബന്ധപ്പെടുത്തി എന്തും വിശ്വസിക്കാൻ തയാറാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ സ്വപ്നത്തിൽ ത്രിവിക്രമൻ പ്രത്യക്ഷനായി ഇതെല്ലാം ആവശ്യപ്പെട്ടു എന്ന് കാദറിനോടും മറ്റും പറയണം . നാടിൻറെ ശാപവും പുസ്തങ്ങളോടൊപ്പം യാത്രയാകുമെന്നു ത്രിവിക്രമൻ പറഞ്ഞതായും പറയണം. നോക്കിക്കോളൂ നിങ്ങളുടെ വരവും സ്വപ്നദർശനവും വേഗമുള്ള തിരോധാനവും ഒക്കെ ചേർത്ത് അവർ അവരെത്തന്നെ പറ്റിക്കാൻ കഥകളുണ്ടാക്കും. ക്രമേണ ഓരോരുത്തരായി ശാപബോധത്തിൽ നിന്നു പുറത്തു വരും. ഈ നാട് ….സ്വർഗ്ഗമെന്നൊന്നും പറയുന്നില്ല.സാധാരണ സ്വപ്നങ്ങളും ദുഖങ്ങളുമുള്ള ആളുകളുടെ നാടാകും”,തടിയൻ പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ആദ്യമായിട്ടാണ് ഞാൻ പറയുന്ന ഒരു കാര്യം പ്രാധാന്യത്തോടെ കാദർ ശ്രവിക്കുന്നതെന്ന് എനിക്കു തോന്നി.അയാൾ എന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ വിയർത്തു. കുറേനേരം ആലോചിച്ചിരുന്ന ശേഷം അയാൾ കുനിഞ്ഞ് ഒരു പെട്ടി വലിച്ചെടുത്തു . ക്ലേശിച്ച് അതിൻറെ അടപ്പു തുറന്നു പുസ്തകം തപ്പിയെടുത്തു. കാദറിൻറെ കൈ വിറയ്ക്കുന്നതു ഞാൻ ശ്രദ്ധിച്ചു. പുസ്തകം സ്വീകരിക്കുമ്പോൾ എൻറെ കൈകളും വിറച്ചു. തുടർന്നാരോടും ഞാൻ സ്വപ്നക്കാര്യം പറയാൻ പോയില്ലെങ്കിലും ചെറുപ്പക്കാർ പറഞ്ഞതു പോലെ സംഭവിച്ചു . ഇരുളൻചിറയിലെ ആളുകൾ ഓരോരുത്തരായി പുസ്തകവും കൊണ്ട് എന്നെ തേടി വന്നു. ഞാൻ കള്ളനെപ്പോലെ തല കുനിച്ചാണ് അവരുടെ കയ്യിൽ നിന്നു പുസ്തകങ്ങൾ വാങ്ങിയത്. അവരുടെ കൈകളും എൻറെ കൈകളും വിറച്ചു.
എല്ലാവരും നല്കിക്കഴിഞ്ഞപ്പോൾ ഞാൻ ത്രിവിക്രമന്റെ പുസ്തകത്തിൻറെ പ്രതികളെല്ലാം ഒരു ചാക്കിൽ കെട്ടി. റാക്കിലിരുന്ന മതഗ്രന്ഥങ്ങൾക്കും രാഷ്ട്രീയഗ്രന്ഥങ്ങൾക്കുമിടയിൽ വേണ്ടത്ര സ്ഥലമുണ്ടാക്കി കെട്ട് അവിടേക്കു കയറ്റി വെച്ചു. ഇത്രയും കഴിഞ്ഞപ്പോഴേക്കും വെള്ളിടി പോലെ ചില ചിന്തകൾ എൻറെ മനസ്സിലേക്കു കടന്നുവന്നു . ഞാൻ എന്താണു ചെയ്തിരിക്കുന്നത് ! ഈ ഗ്രാമത്തിൻറെ സ്വത്വബോധത്തെയും ആലസ്യകരമെങ്കിലും സുഖദമായ ജീവിതവീക്ഷണത്തെയും ഞാൻ കടപുഴക്കിയോ? ഇനി ഇവർ ചിന്തകളെ ഏതു ബോധത്തിലും നിലപാടുകളിലും ഉറപ്പിക്കും? ദുഖവും നിരാശയും അകന്ന സ്ഥലത്ത് ഇനി മുതൽ വ്യഥകളും അപകർഷതയും പകയും കടന്നു വരുമോ?
വേവലാതിയോടെ ഞാൻ താടിക്കാരനെ ഫോൺ ചെയ്തു. “പുസ്തകമെല്ലാം തിരിച്ചു കൊടുത്താലോ?”,ഞാൻ ആരാഞ്ഞു.
“ചാഞ്ചല്യം വെടിയൂ “, താടിക്കാരൻ പറഞ്ഞു.” നിങ്ങൾ ഒരു അഞ്ചു വർഷം കഴിഞ്ഞ് ഇതുവഴി വരൂ. യുക്തിബോധമുള്ള,പ്രസാദാത്മക ചിന്തകളുള്ള ഒരു ജനതയെ നിങ്ങൾ കാണുമെന്നു ഞാൻ ഉറപ്പു തരുന്നു.ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങുന്നതേയുള്ളു “.
എനിക്ക് ആശ്വാസം തോന്നി. സമാധാനത്തോടെ കിടന്നുറങ്ങുകയും ചെയ്തു.
പിന്നീടു ദിവസങ്ങളോളം ആളുകൾ എൻറെ പാർപ്പിടത്തിനു മുൻപിൽ പൂക്കൾ കൊണ്ടുവന്നിട്ടപ്പോൾ ചെറുപ്പക്കാർ പറഞ്ഞതു ഞാൻ ഓർത്തു . എന്നെ കേന്ദ്രമാക്കി ഇതിഹാസം വികസിക്കാൻ തുടങ്ങിയിരിക്കുന്നു.
ആരവം പോലെ എന്തോ കേട്ടാണ് ഒരു ദിവസം ഞാൻ ഉണർന്നത്. ജനാലയിലൂടെ നോക്കുമ്പോൾ ആളുകൾ നാലുപാടും ഓടുന്നു . കതകു തുറന്നു ഞാൻ പുറത്തിറങ്ങി. വഴിയിലൂടെ നടന്നു വന്ന വൃദ്ധയെ തടഞ്ഞു നിർത്തി . “പദ്മാവതിയുടെ കെട്ടിടത്തിൽ വന്ന അക്കരക്കാരനെ മണി വെട്ടി”. ഇതും പറഞ്ഞു വൃദ്ധ നടന്നു നീങ്ങി. ഇരുളൻചിറയിൽ ഞാൻ കണ്ടിട്ടില്ലാത്ത വേഗത്തിൽ .