1
ബീഡിയുള്ളപ്പോൾ
തീപ്പെട്ടിയില്ല
തീപ്പെട്ടിയുള്ളപ്പോൾ
ബീഡിയില്ല
ബീഡിയും തീപ്പെട്ടിയുമുള്ളപ്പോൾ
കൊളുത്തിത്തിരുകാൻ ചുണ്ടില്ല
അയൽക്കൂട്ടത്തെ ഉരിയാടാപ്പെണ്ണിനോട്
ഒരു ചുണ്ട് കടം ചോദിച്ചു
അവൾ ഒരു ചെണ്ടുമല്ലിക കടം തന്നു
2
ഒരു നാൾ
ആലിലത്തോണിയിലേറി വന്ന
ഒരു നീർക്കണം
കടലിനോട്
കടം ചോദിച്ചത്രെ
ഒരു കടൽ
3
ഋണമെടുത്തും
കപ്പൽ പണിയണം
ഋണമെടുത്തും
കിണർ കുത്തണം
ഋണമെടുത്തും
പുര പണിയണം
ഋണമെടുത്തും
ഓണമുണ്ണണം
ഋണമെടുത്തും
ടൂർ പോകണം
ഋണമടയ്ക്കാൻ
രണ്ടാം ഋണമെടുക്കണം
ഋണമൊരുണങ്ങാ
വ്രണമായ് ഭവിക്കുകിൽ
ഋണമെടുത്തും
കൊലക്കയർ വാങ്ങണം
4
ഋണം ‘ആപ്പി’ ലിട്ടു കൊടുത്തും ചിലർ
ആപ്പിലാക്കും മാന്യമഹാജനങ്ങളെ;
ഇന്ന് തരപ്പെടും കടമൊക്കെയും
പറ്റി (സം)പൂജ്യരാക നാളെ നാം!
Click this button or press Ctrl+G to toggle between Malayalam and English