കേരളം, മലയാളി – ഒരു ആമുഖം

kerala-clipart-1

ഉത്പത്തി

പരശുരാമന്‍ എന്നു പേരായ ഗോകര്‍ണത്തെ ഒരു ക്വാറിമുതലാളി സഹ്യപര്‍വ്വതം കുറേശ്ശെയായി ഇടിച്ച് തന്‍റെ ടിപ്പറുകളില്‍ അറബിക്കടലില്‍ കൊണ്ടിട്ട് നികത്തിയെടുത്തതാണ്‌ കേരളം എന്നാണ് വിശ്വാസം. ഗോകര്‍ണം സബ് രജിസ്ട്രാറാഫീസ്‌, വില്ലേജാഫീസ്‌ എന്നിവിടങ്ങളില്‍ ഇതിന്‍റെ രേഖകള്‍ ഇപ്പോഴുമുണ്ടത്രേ. വേണ്ടപ്പെട്ടവര്‍ക്കെല്ലാം ‘കൈമടക്ക്’ ആവശ്യാനുസരണം കൊടുത്ത് സ്വന്തം പേരിലും ബിനാമി പേരിലും മുതലാളി ഭൂമി പതിച്ചുവാങ്ങി.

ഏതായാലും സഹ്യനെ ഇടിച്ചുതള്ളുന്നതിനെതിരെ പ്രദേശത്തെ പരിസ്ഥിതിവാദികള്‍ പത്രമാസികകളിലും ചാനല്‍ചര്‍ച്ചകളിലും ഉറഞ്ഞുതുള്ളിത്തുടങ്ങിയപ്പോള്‍ പരശുരാംജി പണി തല്കാലത്തേക്ക് നിര്‍ത്തിവക്കാം എന്നു തീരുമാനിക്കുകയാണുണ്ടായത്. തന്നെയുമല്ല, ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ വരാന്‍ പോകുന്ന വിവരം പ്രദേശത്തെ കണിയാന്‍ ഇദ്ദേഹത്തെ മുന്‍കൂറായി അറിയിക്കുകയും ചെയ്തിരുന്നുവത്രേ.

പണി നിര്‍ത്തിവക്കേണ്ടിവന്നതിന്‍റെ പിറ്റേദിവസം പരശുറാംജി  മംഗലാപുരം തീവണ്ടിനിലയത്തില്‍ ചെന്ന് ഒരു വണ്ടി വാടകക്കെടുത്ത് തന്‍റെ വിശാലമായ ഭൂപ്രദേശം കാണുന്നതിനും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി തെക്കോട്ടേക്ക് യാത്ര തിരിച്ചു. തെക്ക് നാഗര്‍കോവില്‍ വരെ നീണ്ട ചരിത്രപ്രധാനമായ ഈ യാത്രയുടെ ഓര്‍മ്മക്കായി തെന്നിന്ത്യന്‍ റെയില്‍വേ കമ്പനി പിറ്റേദിവസം മുതല്‍ പ്രദേശത്ത് ദിവസേന തെക്കുവടക്ക് ഒരു തീവണ്ടി ഓടുന്നതാണ്‌ എന്നു പ്രഖ്യാപിച്ചു. ഈ വണ്ടിയാണ് പില്ക്കാലത്ത് പരശുറാം എക്സ്പ്രസ്സ്‌ എന്നറിയപ്പെട്ടത്. പരശുരാമന്‍റെ കാലത്ത് ഈ വണ്ടി കൃത്യസമയം പാലിച്ചിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്.

തികഞ്ഞ മതേതരനായിരുന്ന പരശ്ജി സ്ഥലം നാനാജാതിമതസ്ഥരായ കുടിയാന്മാരെ ഏല്പിച്ചു, പാട്ടം കൃത്യമായി കിട്ടണമെന്ന വ്യവസ്ഥയിന്മേല്‍. ദീർഘദർശിയും സാമ്പത്തികവിദഗ്ദനുമായിരുന്ന ഇദ്ദേഹം ഭൂപരിഷ്ക്കരണം മുന്‍കൂട്ടികണ്ട് സ്ഥലം ലോക്കല്‍ ജന്മിമാര്‍ക്ക് പ്ലോട്ട് തിരിച്ച് വിറ്റ് മറ്റു ബിസിനസുകളിലേക്ക് തിരിയുകയാണുണ്ടായത്.

ഭൂമിശാസ്ത്രം

നെടുകെ പിളര്‍ന്ന പാവക്കയുടെ രൂപത്തില്‍ ഉപഭൂഖണ്ടതിന്‍റെ തെക്കുപടിഞ്ഞാറന്‍ അറ്റത്ത് കിടക്കുന്ന പ്രദേശത്തിന്‍റെ ഭൂപടം കാണുന്ന ആരുടെയും ശ്രദ്ധയില്‍പ്പെടുന്ന ഒന്നാണ് എറണാകുളം മുതല്‍ ആലപ്പുഴ വരെ കടല്‍ അകത്തേക്ക് കയറിക്കിടക്കുന്നതായി തോന്നിക്കുന്ന ഭൂവിഭാഗം. നികത്തല്‍ പരിപാടി പെട്ടെന്ന് നിര്‍ത്തിവയ്ക്കുവാന്‍ പരശ്ജി നിര്‍ബന്ധിതനായതിനായതു മൂലമാണിത് എന്ന് പ്രദേശത്തെ ചരിത്രകാരന്മാര്‍ പറയുന്നു. പിന്നീട് പരശുരാമഭക്തനായ ഒരു കേരളാമന്ത്രി ക്രിസ്തുവര്‍ഷം 2017- ല്‍ ഇത് വീണ്ടും നികത്തിയെടുക്കാന്‍ ശ്രമിച്ചുവെങ്കിലും വികസനവിരോധികളുടെ ഇടപെടലുകള്‍ മൂലം പദ്ധതി പൂര്‍ത്തിയാക്കാന്‍ പറ്റാതെപോകുകയാണുണ്ടായത്.

പ്രദേശത്തിന്‍റെ കിഴക്കനതിര്‍ത്തിയിലുള്ള പശ്ചിമഘട്ടം താണ്ടിയാല്‍ പാണ്ടിനാട്, കന്നടനാട് മുതലായ വിദേശരാജ്യങ്ങളില്‍ എത്താവുന്നതാണ്. ഇതില്‍ ആദ്യം പറഞ്ഞ രാജ്യത്തേക്ക് കാലാകാലങ്ങളായി പ്രദേശത്തെ ഡാമുകളില്‍ നിന്ന് സൗജന്യമായി വെള്ളം എത്തിച്ചുകൊടുക്കുകയും പകരം അവിടെ നിന്ന് സമൂലം വിഷമടിച്ച പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ മുതലായവ കാശുകൊടുത്ത് വാങ്ങിച്ചുപോരുകയും ചെയ്യുന്നു. മണ്‍സൂണ്‍ കാറ്റിന്‍റെ സൗജന്യസര്‍വീസ് ഉപയോഗപ്പെടുത്തി പടിഞ്ഞാറുഭാഗത്തുള്ള അറബിക്കടല്‍ താണ്ടി ആദ്യം അറബികളും, പിന്നെ പാശ്ചാത്യരും പടിഞ്ഞാറന്‍ തീരത്തെത്തി. ഇതില്‍ ആദ്യത്തെ കൂട്ടര്‍ കച്ചവടവും അത്യാവശ്യം ‘നേരംപോക്കും’ നടത്തി തിരിച്ചുപോയപ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ ഇവിടെനിന്നും വടക്കോട്ട്‌ ഉപഭൂഖണ്ഡമാകെ കൈവശപ്പെടുത്തി നൂറ്റാണ്ടുകളോളം കച്ചവടവും കവര്‍ച്ചയും ഭരണവും നടത്തി.

ജനസംഖ്യ

ഏറ്റവുമൊടുവിലെ കാനേഷുമാരി പ്രകാരം പ്രദേശത്തെ ഹിന്ദുക്കള്‍, മുസ്‌ലീങ്ങള്‍, ക്രിസ്ത്യാനികള്‍ മുതലായവയുടെ എണ്ണം മനുഷ്യരുടെ എണ്ണത്തേക്കാള്‍ വളരെ മുന്നിലാണ്.

ഭാഷ

പരശുരാമന്‍റെ കാലത്ത് കേരളത്തില്‍ മലയാളം എന്ന ഒരു ഭാഷയാണ് സംസാരിച്ചിരുന്നത് (ഇപ്പോഴും പ്രദേശത്തെ ജനങ്ങള്‍ മലയാളികള്‍ എന്നാണറിയപ്പെടുന്നത്). ഇപ്പോള്‍ മലയാളവും ഇംഗ്ലീഷും കലര്‍ന്ന ഒരു സങ്കരഭാഷയാണ് പ്രചാരത്തില്‍. ഇതിനു വിപരീതമായി മലയാളം സംസാരിക്കുന്നവര്‍ ഇപ്പോഴുമുണ്ടെങ്കിലും ഇവരെ രണ്ടാംതരം പൗരന്മാരായാണ് പൊതുവെ കരുതപ്പെടുന്നത്.

വിദ്യാഭ്യാസം

വിദ്യാഭ്യാസത്തിന്‍റെയും സാക്ഷരതയുടെയും കാര്യത്തില്‍ പ്രദേശം പണ്ടുമുതലേ ഇതരപ്രദേശങ്ങളേക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നു. നൂറു ശതമാനം സാക്ഷരതയാണ് ഔദ്യോഗികകണക്കെങ്കിലും ഇത് പ്രദേശത്ത്  ടെലിവിഷന്‍ വ്യാപകമാകുന്നതിനു മുന്‍പുള്ള കണക്കാണ്. ‘മ’ പ്രസിദ്ധീകരണങ്ങള്‍ വായിച്ചിരുന്ന ഒരു നല്ല വിഭാഗം ഇതുനിര്‍ത്തി  ടിവി സീരിയലുകള്‍ കാണാനാരംഭിച്ചതോടെ അക്ഷരം മറക്കുകയും ഇത് സാക്ഷരത പരക്കെ കുറയാനിടയാക്കുകയും ചെയ്തു.

പ്രദേശത്തെ സാക്ഷരരില്‍ പകുതിപ്പേരും ബി.ടെക്കുകാരാണെന്നാണ് അനൗദ്യോഗിക കണക്ക്.

സാഹിത്യം

സാഹിത്യത്തിന്‍റെ സമസ്തമേഖലകളിലുമായി പരന്നുകിടക്കുന്ന ഒന്നാണ് മലയാളസാഹിത്യമെങ്കിലും ‘മ’ പ്രസിദ്ധീകരണങ്ങള്‍ എന്നു (കു)പ്രസിദ്ധിയാര്‍ജിച്ച ആനുകാലികങ്ങളിലെ ‘തൊടരനു’കളാണ് ഏറ്റവും ജനകീയമായ സാഹിത്യരൂപം. നടേ സൂചിപ്പിച്ചതുപോലെ മലയാളിസാക്ഷരത ഉയര്‍ന്ന നിലവാരത്തില്‍ നിര്‍ത്തുക എന്ന ഒരു സാമൂഹ്യധര്‍മവും ഇവ നിര്‍വഹിച്ചുപോരുന്നു. ‘ആഢ്യ’സാഹിത്യകാരന്മാര്‍ പടച്ചുവിടുന്ന കൃതികളും എണ്ണത്തില്‍ കുറവല്ലെങ്കിലും ഇതിന് വായനക്കാര്‍ താരതമ്യേന കുറവാണ്. വായനക്കാരുടെ വിവേചനമില്ലായ്മയേയും നിലവാരത്തകര്‍ച്ചയേയും പറ്റി അവസരം കിട്ടുന്നേടത്തൊക്കെ ആഢ്യന്മാര്‍ പ്രസംഗിക്കുമെങ്കിലും ചെറുതും വലുതുമായ നൂറുകണക്കിന് സാഹിത്യപുരസ്കാരങ്ങളും, ശമ്പളവും ദിനബത്തയുമുള്ള അക്കാദമി അംഗത്വങ്ങളും ആഢ്യന്മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നതിനാല്‍ ഇവര്‍ ഈ അനീതി കാലാകാലങ്ങളായി സഹിച്ചുപോരുന്നു.

കല

ടിവി സീരിയലുകളാണ് ഏറ്റവും ജനപ്രീതിയുള്ള കലാരൂപം. എരിവും പുളിയും മസാലയും വേണ്ടതുപോലെ ചേര്‍ത്ത് ഏകദേശം സീരിയലുകളുടെ നിലവാരത്തിലേക്കുയര്‍ത്തപ്പെട്ട ടിവി വാര്‍ത്തകള്‍ സമീപകാലത്തായി ജനപ്രീതിയാര്‍ജ്ജിച്ചുവരുകയാണ്. വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത് ഇത് ഒരു കലാരൂപമായി പ്രഖ്യാപിക്കുകയും, അവശകലാകാരന്മാര്‍ക്കുള്ള പെന്‍ഷന് തങ്ങളെയും പരിഗണിക്കുകയും ചെയ്യണമെന്ന വാര്‍ത്താഅവതാരകരുടെ ആവശ്യം അധികകാലം സര്‍ക്കാരിന് അവഗണിക്കാനാകുമെന്നു തോന്നുന്നില്ല.

അടുത്തകാലം വരെ ജനപ്രീതിയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ചലച്ചിത്രം മേല്പറഞ്ഞ പുത്തന്‍ കലകളുടെ വരവോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. സാഹിത്യരംഗം കഴിഞ്ഞാല്‍ ആഢ്യന്‍, ജനകീയന്‍ എന്ന വേര്‍തിരിവ് പ്രകടമായിക്കാണാവുന്ന ഒരു മേഖലയാണ് സിനിമ. ആര്‍ട്ട്, കൊമേര്‍സ്യല്‍ എന്നിങ്ങനെയാണ്‌ ഇവിടെ വേര്‍തിരിവ്. ആസ്വാദകര്‍ തുലോം കുറവാണെങ്കിലും അവാര്‍ഡുകള്‍, അക്കാദമിഅംഗത്വങ്ങള്‍ മുതലായവ ഇവിടെയും ആഢ്യന്മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നതുകൊണ്ട് ഈ വിഭാഗം സിനിമ പിടിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഒരു ശിക്ഷാരീതി എന്ന നിലയില്‍ ഈ സിനിമകള്‍ കേരളജയിലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ രഹസ്യമായി ആലോചിക്കുന്നു എന്ന സ്ഥിരീകരിക്കാത്ത ഒരു വാര്‍ത്ത മുമ്പ് പ്രചരിച്ചിരുന്നു. മനുഷ്യാവകാശപ്രസ്ഥാനങ്ങളുടെ മുറവിളിയെത്തുടര്‍ന്ന് അങ്ങനെയൊരു ശിക്ഷാരീതി സര്‍ക്കാര്‍ നയത്തിലില്ല എന്ന് സര്‍ക്കാര്‍ വക്താവ് പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങളൊടുങ്ങിയത്‌.

വാണിജ്യസിനിമകളിലെ നായകന്മാരായ താരരാജാക്കന്മാരാണ് മലയാളിയുടെ ആരാധനാപാത്രങ്ങള്‍. സ്വന്തം തന്തക്കോ തള്ളക്കോ ആരെങ്കിലും വിളിച്ചാല്‍ ശരാശരി മലയാളി ഒരുപക്ഷേ ക്ഷമിച്ചേക്കും, എന്നാല്‍ തന്‍റെ സ്നേഹഭാജനമായ താരത്തെപ്പറ്റി ആരെങ്കിലും സംസാരിച്ചാല്‍ അവന്‍റെ അപ്പനപ്പൂപ്പന്മാര്‍ വരെയുള്ളവരെ സമൂഹമാധ്യമങ്ങളില്‍ മലയാളി പൊങ്കാലയിടും. ‘പൊങ്കാലയിടീല്‍’ എന്ന പ്രത്യേക സാഹിത്യരൂപം മലയാളത്തില്‍ ഉരുത്തിരിഞ്ഞുവരുന്നത് ഇങ്ങനെയാണ്. കഥ, കവിത, നോവല്‍ മുതലായവയെപ്പോലെ മറ്റൊരു സാഹിത്യരൂപമായി പരിഗണിച്ച് ഇതിന് അക്കാദമി അവാര്‍ഡുകള്‍ കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

രാഷ്ട്രീയം

പൊതുവെ രാഷ്ട്രീയപ്രബുദ്ധരാണ് ഇവിടുത്തെ പൊതുജനം. ഇടത്, വലത്, വര്‍ഗ്ഗീയം തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള രാഷ്ട്രീയപാര്‍ട്ടികളും ഇവയിലെല്ലാം വിശ്വസിക്കുന്ന അണികളും ഇവിടെയുണ്ട്. മിക്ക പാര്‍ട്ടികളിലും അണികളേക്കാളേറെ നേതാക്കന്മാരുമുണ്ട്. പാര്‍ലമെന്‍റ് മുതല്‍ ഗ്രാമപഞ്ചായത്ത്‌ വരെയുള്ളവയിലെ അംഗത്വം ഈ നേതാക്കന്മാരുടെ എണ്ണത്തെ അപേക്ഷിച്ച് തുലോം കുറവായതിനാല്‍ ബാക്കിയുള്ളവര്‍ക്ക് കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, അക്കാദമികള്‍ മുതലായവ ആവശ്യാനുസരണം പടച്ച് ഇതില്‍ അംഗത്വം കൊടുത്ത് പരിഹരിക്കാറാണ് പതിവ്. പിന്നെയും ബാക്കിവരുന്നവര്‍ പാര്‍ട്ടികള്‍ നടത്തുന്ന ബന്ദ്, അടിപിടി, വെട്ട്, കുത്ത്, കൊലപാതകം മുതലായ അനേകം നയപരിപാടികള്‍ക്ക് നേതൃത്വം നല്കിപ്പോരുന്നു. പാര്‍ട്ടികളുടെ വളര്‍ച്ചക്ക് ബക്കറ്റുപിരിവുപോലെതന്നെ അത്യാവശ്യമായ രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കുന്നതിന് ഈ ‘സ്പോണ്‍സേര്‍ഡ്’ പരിപാടികള്‍ സഹായിക്കാറുണ്ട്.

പ്രദേശത്തെ രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രത്യയശാസ്ത്രാടിസ്ഥാനത്തില്‍ പല വിഭാഗങ്ങളായി തിരിക്കാം.

ആഗോളതലത്തില്‍ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ്പാര്‍ട്ടിയാണ് ആദ്യത്തേത്. ഏകദേശം ഒരു നൂറ്റാണ്ടായി തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനുവേണ്ടി വിപ്ലവം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. വിപ്ലവം ഏകദേശം ‘വന്നു, വന്നില്ല’ എന്ന ഘട്ടമെത്തിയപ്പോള്‍ ബൂര്‍ഷ്വാസികളായ കോണ്‍ഗ്രസ്‌, ആഗോളചാരന്മാരായ സിഐഎ എന്നിവയുടെ കുത്സിതപ്രവര്‍ത്തികളുടെ ഫലമായി പാര്‍ട്ടി പിളരുകയുണ്ടായി.  പിന്നീടങ്ങോട്ട് യാങ്കികളുടെ കാശുവാങ്ങിയവര്‍ നെടുകെയും കുറുകെയും പാര്‍ട്ടിയെ പിളര്‍ത്തിയെങ്കിലും, ‘വിപ്ലവം വരും, വരാതിരിക്കില്ല’ എന്ന ശുഭപ്രതീക്ഷയിലാണ് കേരളസഖാക്കള്‍. ഈ ലക്ഷ്യത്തിലേക്കായി ‘കേരള കാസ്ട്രോ’ എന്ന ഒരു തസ്തിക തന്നെ പാര്‍ട്ടി ഈയ്യിടെ സൃഷ്ടിക്കുകയുണ്ടായി. ‘കേരള ചെഗുവേര’ എന്ന ഒരു തസ്തികയും താമസിയാതെ ഉണ്ടായേക്കും എന്ന് പിബി വൃത്തങ്ങള്‍ പറയുന്നു. ‘അമ്മൂമ്മ’ എന്നു പേരായ ഒരു ബോട്ടുംകൂടി ഒപ്പിച്ചാല്‍ മതി, ഇവിടെ വിപ്ലവത്തിന്‍റെ വസന്തം പൊട്ടിവിടരാന്‍ (ഫിദലും ചേയും ‘ഗ്രാന്‍മ’ എന്ന ബോട്ടിലാണല്ലോ വിപ്ലവത്തിനായി ക്യൂബന്‍തീരത്തിറങ്ങുന്നത്). അതുവരെ ബൂര്‍ഷ്വാ ജനാധിപത്യസംവിധാനമായ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് കിട്ടുന്ന ചക്കരപാത്രങ്ങളില്‍ കയ്യിട്ടുനക്കുക തന്നെ.

സോഷ്യലിസ്റ്റ് പാര്‍ട്ടികളാണ് രണ്ടാമത്തേത്. ആരംഭത്തില്‍ ഒന്നോ രണ്ടോ പാര്‍ട്ടികളായിരുന്ന ഇവര്‍ സോഷ്യലിസം പരക്കെ വ്യാപിക്കുന്നതിനനുസരിച്ച് എണ്ണത്തില്‍ക്കൂടി വന്നു.  ചെറുതും അതിലും ചെറുതുമായി അനേകം സോഷ്യലിസ്റ്റ് പാര്‍ട്ടികളുണ്ടായിട്ടും ഇവിടെ സോഷ്യലിസം വരാത്തതെന്താണെന്ന ചോദ്യത്തിന് ‘ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് മോനെ ദാസാ’ എന്ന മറുപടിയാണ്‌ കൊല്ലത്തെ ഒരു ആര്‍എസ്പിക്കാരന്‍ ഈ ലേഖകനോട് പറഞ്ഞത്. (സോഷ്യലിസത്തിന്‍റെ കൂടെ വിപ്ലവം അരച്ചുചേര്‍ത്ത് വീര്യം കൂട്ടിയ ഒരു കോമ്പിനേഷനാകുന്നു ആര്‍എസ്പി അഥവാ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി).

കോണ്‍ഗ്രസ്‌ പാര്‍ട്ടിയാണ് മറ്റൊരു പ്രധാനപാര്‍ട്ടി. ‘സ്വന്തം കീശ വീര്‍പ്പിക്കുക’ എന്നതില്‍ക്കവിഞ്ഞ മറ്റു പ്രത്യയശാസ്ത്രജാടകളൊന്നുമില്ല എന്ന നിലയില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു പാര്‍ട്ടി. മറ്റു പാര്‍ട്ടികളുടെയെല്ലാം ലക്ഷ്യം ഏറെക്കുറെ കീശവീര്‍പ്പിക്കല്‍ തന്നെയാണെങ്കിലും ഈ മഹത്തായ ലക്ഷ്യത്തെ ഒരു പ്രത്യയശാസ്ത്രതലത്തിലേക്ക് ഉയര്‍ത്തിയതാണ് കോണ്‍ഗ്രസ്സിന്‍റെ സവിശേഷത. പ്രത്യയശാസ്ത്രപരമായ വിരസത അനുഭവിച്ചുകൊണ്ടിരുന്നതിനാലാവണം ‘ഹരിതരാഷ്ട്രീയം’ എന്ന ആശയം നേതാക്കളെ പെട്ടെന്ന് ആകര്‍ഷിച്ചത്. സൌരോര്‍ജത്തില്‍ നിന്നും ഉണ്ടാക്കിയ വൈദ്യുതിയില്‍ എല്‍ഇഡി ബള്‍ബ്‌ തെളിയിക്കുമ്പോഴുണ്ടാകുന്ന സുഖം മാത്രമാണ് നേതാക്കളെ ഇതിലേക്കാകര്‍ഷിച്ചത്, മറ്റുളള കഥകളൊക്കെ വെറും നുണ. അല്ലെങ്കിലും പ്രദേശത്തെ ജനങ്ങള്‍ക്കറിയാം – ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നവരും പച്ചവെള്ളം മാത്രം കുടിക്കുന്നവരുമാണ് കോണ്‍ഗ്രസ്സുകാര്‍.

കോണ്‍ഗ്രസ്‌ പിളര്‍ന്നുണ്ടായ കേരളാകോണ്‍ഗ്രസ്‌ മാതൃപാര്‍ട്ടിയുടെ അതേ പ്രത്യയശാസ്ത്രം കൈക്കൊണ്ടത് സ്വാഭാവികം. മാതൃപാര്‍ട്ടിയായ കോണ്‍ഗ്രസ്‌ ‘ഗ്രൂപ്പിസം’ എന്ന രാഷ്ട്രീയകണ്ടുപിടുത്തത്തിലൂടെ പിളര്‍ച്ചയെ ഒരു പരിധിവരെ ഒഴിവാക്കിയപ്പോള്‍, ‘പിളരുന്തോറും വളരും’ എന്ന് പ്രഖ്യാപിച്ച് കേരളാകോണ്‍ഗ്രസ്‌ വര്‍ഷാവര്‍ഷം പിളര്‍ന്നുപോന്നു. കേരളത്തില്‍ എത്ര കേരളാകോണ്‍ഗ്രസ്സുണ്ട് എന്ന് ചോദിച്ചാല്‍ ‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്?’ എന്ന പഴയ ജോണ്‍ എബ്രാഹം ശൈലിയിലുള്ള ഒരു മറുപടിയായിരിക്കും കിട്ടുക. രണ്ടും എണ്ണാന്‍ സാദ്ധ്യമല്ലതന്നെ.

ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളും സമീപകാലത്തായി ശക്തിയാര്‍ജിച്ചുവരുന്നു. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുമായിച്ചേര്‍ന്ന് ഇവര്‍ ഉത്തരകേരളത്തിലെ കണ്ണൂരില്‍ മാസാമാസം നടത്തുന്ന ആയോധനകലാഭ്യാസങ്ങള്‍ കേരളജനസംഖ്യാ നിയന്ത്രണത്തില്‍ ഒരു പ്രധാനപങ്കുവഹിക്കുന്നതായി ഒരു വാദമുണ്ട്.

പെട്ടിയും കിടക്കയുമെടുത്ത് ഒരു അര്‍ദ്ധരാത്രിയില്‍ ബ്രിട്ടീഷുകാര്‍ സ്ഥലം വിട്ടപ്പോള്‍ കോണ്‍ഗ്രസ്സിനെപ്പോലെതന്നെ പ്രത്യയശാസ്ത്രം കൈമോശം വന്ന ഒരു പാര്‍ട്ടിയാണ് കേരളത്തില്‍ ബാക്കിയായ മുസ്‌ലീം ലീഗ്. സംഭവത്തിനു തൊട്ടുമുമ്പ് പാണക്കാട് തറവാട്ടില്‍ യോഗം ചേര്‍ന്ന നേതൃത്വം മലബാറിനെ പാക്കിസ്ഥാന്‍റെ മൂന്നാം പ്രവിശ്യയായി പ്രഖ്യാപിക്കണമെന്ന് ജിന്നയോടാവിശ്യപ്പെടാന്‍ തീരുമാനിച്ചെങ്കിലും, ജിന്ന ‘സ്ടുപിഡ് മദ്രാസീസ്’ എന്ന് പറഞ്ഞ് ഇവരെ നിഷ്ക്കരുണം തള്ളുകയാണുണ്ടായതത്രേ. ഇതോടെ കോണ്‍ഗ്രസ്‌ കുടിയില്‍ പൊറുതി തുടങ്ങിയ ലീഗിന് തങ്ങളുടെ നഷ്ടസ്വര്‍ഗത്തിന്‍റെ വ്യാപ്തി മനസ്സിലായത് ബംഗ്ലാദേശ് സ്വതന്ത്രമായതോടെയാണ്. അന്നു മൂന്നാം പ്രവിശ്യയാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ മലബാറിന്‍റെ പ്രധാനമന്ത്രിയോ പ്രസിഡന്‍റോ ആകാമായിരുന്നു എന്നായിരുന്നു നേതാക്കളുടെ ദുഃഖപൂര്‍ണമായ ആത്മഗതം. ഇടക്ക് ഐസ്ക്രീം കഴിക്കുന്ന സ്വഭാവക്കാരനായ ഒരു നേതാവുമൂലം മലബാറിനു പുറത്ത് ഇയ്യിടെയായി പാര്‍ട്ടിയുടെ പ്രശസ്തി വളരെയധികം  കൂടിയിട്ടുണ്ട്.

ഇവ കൂടാതെ നക്സലിസം, മാവോയിസം തുടങ്ങിയ അതിതീവ്രവിപ്ലവക്കാര്‍, തീവ്രവര്‍ഗീയവാദികള്‍, ഏകാധിപത്യവാദികള്‍, അരാജകവാദികള്‍ എന്നിങ്ങനെ വേറെയും കലാകാരന്മാര്‍ ഇടക്കിടെയാണെങ്കിലും രംഗത്ത് വരാറുണ്ട്.

സാംസ്കാരികനായകര്‍, ബുദ്ധിജീവികള്‍

കേരളത്തില്‍ യഥേഷ്ടം കണ്ടുവരുന്ന ഈ രണ്ടു വിഭാഗം ജീവജാലങ്ങള്‍ക്കുമുള്ള സമാനതകള്‍ മൂലം സാമാന്യജനത്തിന് പലപ്പോഴും ഇവ തമ്മില്‍ തെറ്റിപ്പോകാറുണ്ട്. സൂര്യനു താഴെയുള്ള എന്തിനെപ്പറ്റിയും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇവര്‍ രണ്ടുകൂട്ടര്‍ക്കും മലയാളി കനിഞ്ഞുനല്‍കിയിട്ടുണ്ട്.

സാംസ്‌കാരികനായകനാകാന്‍ സംസ്കാരം വേണമെന്നില്ലാത്തതുപോലെതന്നെ ബുദ്ധിജീവിയാകാന്‍ ബുദ്ധി വേണമെന്ന നിബന്ധനയുമില്ല. നീളന്‍ കുപ്പായം (ഖദര്‍ സില്‍ക്കായാല്‍ നന്ന്), ഊശാന്‍ താടി, കട്ടിക്കണ്ണട, സാമാന്യജനത്തിനു മനസ്സിലാകാത്ത ഭാഷ, ആര്‍ട്ടുസിനിമകളെയും ദുര്‍ഗ്രഹമായ പുസ്തകങ്ങളെയും പറ്റി സംസാരിക്കാനുള്ള കഴിവ് (കാണാതെ പഠിച്ചാല്‍ മതി), സാർത്ര്, നെരൂദ, പിക്കാസോ തുടങ്ങിയ ചില വിദേശികളുടെ പേര് ഉച്ചാരണം തെറ്റാതെ സംസാരത്തിനിടയില്‍ അവിടവിടെ പ്രയോഗിക്കാനുള്ള കഴിവ് എന്നിങ്ങനെ ചില മിനിമം ടെക്ക്നിക്കുകള്‍ വശത്താക്കിയാല്‍ ഭൂമിമലയാളത്തില്‍ ആര്‍ക്കും ബുദ്ധിജീവിയാകാം എന്നാണ് തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘നിങ്ങള്‍ക്കും ഒരു ബുദ്ധിജീവിയാകാം’ എന്ന പുസ്തകത്തില്‍പ്പറയുന്നത്.  (‘തറ പറ’ പബ്ലിക്കേഷന്‍സ്, തൃശൂര്‍, വില 10 രൂപ).

സദാചാരപ്പോലീസ്

ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെയാണ് സദാചാരപ്പോലീസ് എന്ന ഒരു നൂതനമായ പോലീസിങ് സമ്പ്രദായം കേരളത്തില്‍ പ്രാബല്യത്തില്‍ വരുന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള സംസാരമടക്കമുള്ള എല്ലാ ഇടപാടുകളും പുതിയ നൂറ്റാണ്ടിന്‍റെ മൂല്യങ്ങള്‍ക്കു ചേര്‍ന്നതല്ല എന്ന അറിവാണ് സദാചാരപ്പോലീസ് എന്ന കോംമ്പാറ്റ് ഫോഴ്സിന്‍റെ സ്ഥാപനത്തിലേക്കു നയിച്ചത്. ഒട്ടുമിക്ക മലയാളികളും പാര്‍ട്ട്‌ടൈമായി ഈ ഫോഴ്സില്‍ പ്രവര്‍ത്തിക്കുന്നവരാണ്. തികച്ചും സൌജന്യമായാണ് ഇവര്‍ ഇതില്‍ സേവനമനുഷ്ടിക്കുന്നത് എന്നതാണ് എടുത്തുപറയേണ്ട ഒരു കാര്യം. അന്യോന്യം കലഹിക്കുന്ന മതങ്ങളെല്ലാംതന്നെ സദാചാരപ്പോലീസിനനുകൂലമായതില്‍ നിന്നും ഇത് കേരളത്തിലെ യഥാര്‍ത്ഥമായ ഒരു മതേതരസ്ഥാപനമാണെന്ന് തീര്‍ച്ചപ്പെടുത്താം.

തുടക്കത്തില്‍ പുരുഷന്മാര്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമായിരുന്നെങ്കിലും സ്ത്രീകളും ഈ രംഗത്തേക്ക് കടന്നുവരുകയും സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു എന്നതാണ് സമീപകാലത്തെ ശുഭകരമായ മാറ്റം.

ബന്ദ്‌

മലയാളിയുടെ ദേശീയവിനോദം എന്ന സ്ഥാനമലങ്കരിക്കുന്നു ബന്ദ്‌ അഥവാ ഹര്‍ത്താല്‍. ആഴ്ചയില്‍ ഒന്ന്, രണ്ട് എന്ന കണക്കിലാണ് സാധാരണ ഇവ നടത്തപ്പെടുന്നത്. തുടര്‍ച്ചയായി മൂന്നുദിവസം ബന്ദുനടത്തിയ ചരിത്രവുമുണ്ട്. ഇടക്ക് രംഗബോധമില്ലാത്ത ഏതോ ഒരു കോടതി ബന്ദു നിരോധിച്ചതായി പ്രഖ്യാപിച്ചെങ്കിലും കുശാഗ്രബുദ്ധിക്കാരനായ മലയാളി ‘ഹര്‍ത്താല്‍’ എന്ന് പുനര്‍നാമകരണം ചെയ്ത് ദേശീയവിനോദത്തെ സംരക്ഷിക്കുകയാണുണ്ടായത്.

ബന്ദു പ്രഖ്യാപിക്കുന്നതിന് പ്രത്യേകിച്ച് യാതൊരു നിബന്ധനകളുമില്ല. ദേശീയമോ, തദ്ദേശീയമോ, അന്തര്‍ദേശീയമോ ആയ ഏത് പ്രശ്നത്തിലും ബന്ദ്‌ പ്രഖ്യാപിക്കാം. ഏത് ഈര്‍ക്കില്‍ പാര്‍ട്ടി പ്രഖ്യാപിച്ചാലും, പ്രശ്നമെന്തായാലും (പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെങ്കിലും!!!) ജനജീവിതം സ്തംഭിപ്പിച്ച് നല്ലവരായ മലയാളിജനത ബന്ദ്‌ പരിപൂര്‍ണവിജയമാക്കികൊടുക്കും.

പശ്ചിമേഷ്യന്‍ സ്വേച്ഛാധിപതിയായിരുന്ന സദ്ദാംഹുസൈന്‍ കൊല്ലപ്പെട്ടതില്‍ ബന്ദ്‌ നടത്തിയ ലോകത്തെ ഏകപ്രദേശം എന്ന നിലയില്‍ കേരളം ആഗോളപ്രശസ്തി നേടിയിരുന്നു. പരിഭ്രാന്തനായ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട്‌ ജോര്‍ജ് ബുഷ്‌ സംഭവം നടന്നതില്‍ കേരളജനതയോട് മാപ്പു ചോദിക്കുകയുണ്ടായി. ആഫ്രിക്കന്‍ എകാധിപതിയായിരുന്ന കേണല്‍ ഗദ്ദാഫി കൊല്ലപ്പെട്ടപ്പോഴും ബന്ദ്‌ നടത്തണമെന്ന് ചിലര്‍ വാദിച്ചുവെങ്കിലും നല്ലവനായ ആഗോളപ്പോലീസിനെ വീണ്ടും വിഷമിപ്പിക്കേണ്ട എന്ന പക്വതയാര്‍ന്ന തീരുമാനത്തിലെത്തുകയാണുണ്ടായത് മലയാളി.

വ്യവസായം, തൊഴില്‍

കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തിയെടുത്ത തൊഴില്‍ സംസ്കാരം കേരളവ്യവസായരംഗത്തിനു നല്‍കിയ സംഭാവനകള്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വര്‍ഗ്ഗസമരത്തില്‍ ബൂര്‍ഷ്വാസികളായ മുതലാളികളെ തോല്പ്പിക്കുന്നതിനുള്ള വഴി ഇവരുടെ ഫാക്ടറികള്‍ സമരം ചെയ്ത് പൂട്ടിക്കുകയാണെന്നാണ് ‘ദാസ് ക്യപിറ്റലും’, സൗജന്യതപാലില്‍ മാസാമാസം എത്തിയ ‘സോവിയറ്റ് നാടും’ മനസ്സിരുത്തി പഠിച്ച താത്വികാചാര്യന്മാര്‍ കണ്ടെത്തിയത്.  തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം വരുന്നതുവരെ പട്ടിണികിടക്കാന്‍ തയ്യാറല്ലാതിരുന്ന കരിങ്കാലികളില്‍ ഒരു വിഭാഗം വാളയാര്‍ ചുരം കയറി വടക്കോട്ടും മറ്റൊരു വിഭാഗം അറബിക്കടല്‍ നീന്തിക്കടന്ന് പടിഞ്ഞാറോട്ടും പോയി. കേരളത്തിനകത്തൊഴിച്ച് ഭൂമിയിലെവിടെയും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ളതുകൊണ്ട് ഇവരില്‍ പലരും കരകയറി.

‘നോക്കുകൂലി’ എന്നറിയപ്പെടുന്ന സവിശേഷസമ്പ്രദായം തൊഴില്‍രംഗത്ത് കേരളകമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേകസംഭാവനയാണ്. സംഗതി വളരെ ലളിതമാണ് – ലോറിയില്‍ നിങ്ങളുടെ വീട്ടിലെത്തിയ ഒരു സാധനം ഇറക്കിവെയ്ക്കണമെന്നിരിക്കട്ടെ. പ്രദേശത്തെ യൂണിയന്‍ സഖാക്കള്‍ വെറും പതിനായിരം രൂപക്ക് സംഭവം ഞങ്ങള്‍ ചെയ്യുന്നതാണ് എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നു. ഇതേ ജോലി വെറും ആയിരം രൂപക്ക് ചെയ്യാന്‍ അന്യസംസ്ഥാനതൊഴിലാളികളായ മറ്റൊരു കൂട്ടരും തയ്യാറാകുന്നു. ബൂര്‍ഷ്വാമുതലാളിയും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കാത്തവനുമായ നിങ്ങള്‍ ലാഭം മാത്രം നോക്കി രണ്ടാമത്തെ കൂട്ടരെ ജോലി എല്പിക്കാമെന്ന് വ്യാമോഹിക്കുന്നു. പ്രോലിട്ടേറിയറ്റ്,  ബൂര്‍ഷ്വാസി, വര്‍ഗ്ഗസമരം എന്നിവയെക്കുറിച്ച് തുടര്‍ന്ന് സഖാക്കള്‍ നടത്തുന്ന ഒരു ചെറിയ സ്റ്റഡിക്ലാസ്സ്‌ കഴിയുന്നതോടെ ആത്മവീര്യം ചോര്‍ന്ന നിങ്ങളുടെ മുമ്പില്‍ അവര്‍ ഒരു ‘ഒത്തുതീര്‍പ്പ് ഫോര്‍മുല’ വയ്ക്കുന്നു – ‘സഖാക്കള്‍ ജ്യോതിബാസുവിന്‍റെയും ബുദ്ധദേബിന്‍റെയും നാട്ടില്‍ നിന്നും വന്നിരിക്കുന്ന തൊഴിലാളി സുഹൃത്തുക്കള്‍ക്ക് നിങ്ങള്‍ ജോലി കൊടുത്തുകൊള്ളൂ, ജോലി അവര്‍ ചെയ്യട്ടെ. ഞങ്ങള്‍ക്ക് കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് വിപ്ലവം ചര്‍ച്ച ചെയ്യുന്ന ആവശ്യത്തിലേക്കായി ഒരു അയ്യായിരം രൂപ തന്നാല്‍ മതി’.

ഈ സമ്പ്രദായത്തിന്‍റെ സാമ്പത്തികശാസ്ത്രമാനങ്ങളെക്കുറിച്ച് റിസര്‍ച്ച്‌ നടത്തിയ വിദഗ്ദര്‍ ഇതിന്‍റെ നേട്ടങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേല്പറഞ്ഞ ഉദാഹരണത്തില്‍ നാലായിരം രൂപ ലാഭം കിട്ടിയ നിങ്ങള്‍ക്കു പുറമേ, രണ്ടു വിഭാഗം തൊഴിലാളികള്‍ക്കു കൂലി ലഭിച്ചു. ഇതുകൂടാതെ വിപ്ലവം ചര്‍ച്ച ചെയ്തതില്‍ കൂടി തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിക്കുണ്ടായ നേട്ടം, പരിപ്പുവട വിറ്റ ചായക്കടക്കാരന്‍ ജിഎസ്‌റ്റി കൊടുക്കുന്നതിലൂടെ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനു നല്കുന്ന സംഭാവന എന്നിങ്ങനെ എണ്ണിപ്പറയാവുന്ന നേട്ടങ്ങള്‍ പലതാണ്.

സാമൂഹ്യരംഗം

ചുറ്റുമുള്ള സമൂഹത്തോടുള്ള തന്‍റെ ഉത്തരവാദിത്വത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളവനാണ് മലയാളി. മുമ്പു പ്രതിപാദിച്ച ‘സദാചാരപ്പോലീസ്’ ഈ സാമൂഹികപ്രതിബദ്ധതയുടെ ഉത്തമോദാഹരണമാണ്. വാഹനാപകടം നടന്നാല്‍ വെറുതെ നോക്കിനിന്നിട്ട്, ‘സെല്‍ഫി’ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുന്നത് ഈ പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണം.

ഉയര്‍ന്ന വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കുന്ന മലയാളിയുടെ മാലിന്യനിര്‍മാര്‍ജനം പൗരബോധത്തിന്‍റെ മറ്റൊരു മകുടോദാഹരണമാണ്. സ്വന്തം വീട്ടിലെ മാലിന്യം പോളിത്തീന്‍ കവറില്‍ ഭദ്രമായി കെട്ടി അന്യന്‍റെ പുരയിടത്തിലേക്കോ പൊതുനിരത്തിലേക്കോ വലിച്ചെറിയുക എന്നതാണ് ‘ക്ലാസിക് മലയാളി വേസ്റ്റ്‌ മാനേജ്മെന്‍റ് സിസ്റ്റം’. അനൗദ്യോഗിക ദേശീയമൃഗമായ തെരുവുനായ്ക്കളെ മലയാളി പോറ്റിവളര്‍ത്തുന്നത് ഈ മാലിന്യക്കൂമ്പാരത്തിലാണ്.

സ്റ്റാറ്റസ് ഇന്‍ഡിക്കേറ്ററുകളായി പരിഗണിക്കുന്നതുകൊണ്ട് വീട്, കാറ് എന്നിവ പരമാവധി വലുതും ആഡംബരസമൃദ്ധവുമാക്കാന്‍ മലയാളി ശ്രദ്ധിക്കാറുണ്ട്. സംസാരഭാഷയിലെ ഇംഗ്ലീഷ് വാക്കുകളുടെ അനുപാതമാണ്‌ സ്റ്റാറ്റസിന്‍റെ മറ്റൊരു അളവുകോല്‍.

ബസ്സ്സ്റ്റോപ്പുകളിലെയും റെയില്‍വേസ്റ്റേഷന്‍ കൗണ്ടറുകളിലെയുംമറ്റും അച്ചടക്കമില്ലാത്ത കൂട്ടങ്ങളെ ചൂണ്ടിക്കാട്ടി മലയാളി ‘മാനേഴ്സ്’ ഇല്ലാത്തവനാണ് എന്ന് സമര്‍ഥിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. ഇക്കൂട്ടരോട് കേരളത്തിലെ ഏതെങ്കിലും ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റിനു മുന്നില്‍ ചെന്നുനോക്കൂ എന്ന് മാത്രമാണ് പറയാനുള്ളത്. പൊരിവെയിലില്‍ പോലും തികഞ്ഞ സംയമനം പാലിച്ച് ഇവര്‍ ക്യൂ നില്‍ക്കുന്നതെന്തിനാണെന്ന് പ്രദേശവാസികളല്ലാത്തവര്‍ പലപ്പോഴും അതിശയിക്കാറുണ്ട്. കേരളസര്‍ക്കാരിന്‍റെ പ്രധാനവരുമാനമാര്‍ഗ്ഗം മദ്യവില്പനയാണെന്നറിയാവുന്ന മലയാളിമദ്യപന്‍ ‘സ്റ്റേറ്റിനെ സംരക്ഷിക്കുക’ എന്ന ഉദാത്തമായ ലക്ഷ്യത്തിനുവേണ്ടി വെയിലിലും മഴയിലും എത്രനേരം വേണമെങ്കിലും ശാന്തമായി ക്യൂ നില്ക്കാന്‍ തയ്യാറാണ്. താന്‍ കുടി നിര്‍ത്തിയാല്‍ സ്റ്റേറ്റ് പാപ്പരാകുകയും , ഇവിടെ അരാജകത്വം വിളയാടുകയും ചെയ്യും എന്ന സത്യം ക്യൂവില്‍ നില്‍ക്കുന്ന കുടിയനൊഴികെ മറ്റാരും ചിന്തിക്കാറില്ല. ‘മദ്യപന്‍ ഈ വീടിന്‍റെ ഐശ്വര്യം’  എന്നെഴുതിയ ഒരു വലിയ ബോര്‍ഡ് സെക്രട്ടറിയേറ്റിന്‍റെ പ്രധാനകവാടത്തില്‍ വെക്കേണ്ടതാണ്.

മതങ്ങള്‍

ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടുമിക്ക മതങ്ങളും തങ്ങളുടെ ഭക്തന്മാര്‍ക്ക് ശാന്തിയും സമാധാനവും വാഗ്ദാനം ചെയ്ത് ഭൂമിമലയാളത്തില്‍ പുലര്‍ന്നുപോരുന്നു. ഭക്തന്മാരില്‍ കമ്മ്യൂണിസ്റ്റുകാര്‍ വരെയുണ്ട് – ‘വൈരുദ്ധ്യാത്മക ഭൌതികവാദ’ തത്വമനുസരിച്ച് ഇതില്‍ കുഴപ്പമില്ലെന്നാണ് ഇവരുടെ വാദം.

പ്രദേശത്തെ ദൈവങ്ങളുടെ കാനേഷുമാരി ഇതുവരെ നടത്തിയിട്ടില്ലെങ്കിലും ഇവയുടെ മൊത്തം സംഖ്യ കേരളജനസംഖ്യയേക്കാള്‍ വളരെക്കൂടുതലാണെന്നനുമാനിക്കാം. ഒരു ഉപവിഭാഗമായ ആള്‍ദൈവങ്ങളുടെ എണ്ണം മാത്രമെടുത്താല്‍ത്തന്നെ ‘കോട്ടയത്തെ മത്തായിമാരുടെ എണ്ണ’ത്തേക്കാള്‍ നല്ല ഉപമ ‘കൊച്ചിയിലെ കൊതുകുകളുടെ എണ്ണ’മാണ്. ചുമ്മാതല്ല ‘ദൈവത്തിന്‍റെ സ്വന്തം നാട്’ എന്ന് വിനോദസഞ്ചാരവകുപ്പ് ഇടയ്ക്കിടെ പറയുന്നത്.

കേരളത്തില്‍ വളരെ എളുപ്പത്തില്‍ തുടങ്ങാവുന്നതും പരാജയസാദ്ധ്യത കുറവുള്ളതുമായ ഒരു ബിസിനസ്സാണ് ഭക്തിബിസിനസ്, പ്രത്യേകിച്ചും ആള്‍ദൈവബിസിനസ്. പ്രശസ്തരായ ചില ആള്‍ദൈവങ്ങളുടെ ഫ്രാഞ്ചൈസിയെടുത്ത് പലരും ഇത് ചെയ്യുന്നുണ്ടെങ്കിലും പെട്ടെന്ന്‍ സാമ്പത്തികവിജയം കൈവരിക്കാന്‍ സ്വന്തമായി തുടങ്ങുന്നതാണ് നല്ലതെന്നാണ് ഈ രംഗത്ത് വര്‍ഷങ്ങളായി പരിചയമുള്ളവര്‍ പറയുന്നത്. ഈ ബിസിനസ്സിന്‍റെ പ്രധാനനേട്ടങ്ങളില്‍ ചിലത് താഴെപ്പറയുന്നു. 1) മുടക്കുമുതല്‍ വളരെക്കുറവ് (ഇന്‍ഫ്രാസ്ട്രക്ചര്‍ കോസ്റ്റ് കുറക്കാനായി പലരും വീട്ടിലിരുന്നുതന്നെ ഇത് ചെയ്യുന്നുണ്ട്) 2) തൊഴിലാളികള്‍ വേണ്ട/വളരെക്കുറവ് മതി (വിപ്ലവ യൂണിയനുകള്‍ സമരം ചെയ്ത് ബിസിനസ്സ് പൂട്ടിക്കും എന്ന് പേടിക്കേണ്ടതില്ല). 3) രജിസ്ട്രേഷന്‍ പോലുള്ള സര്‍ക്കാര്‍ നൂലാമാലകളില്ല (കൈക്കൂലി ലാഭം). 4) വരുമാനത്തിന് ഇന്‍കംടാക്സില്ല (ഇന്‍കംടാക്സ് ആക്റ്റ് മനുഷ്യര്‍ക്കു മാത്രമുള്ളതാണ്, ദൈവങ്ങള്‍ക്ക് ഇന്‍കംടാക്സ് ചുമത്താന്‍ ആക്റ്റില്‍ വകുപ്പില്ല). ‘നിങ്ങള്‍ക്കും ഒരു ബുദ്ധിജീവിയാകാം’ എന്ന പുസ്തകത്തിന്‍റെ മാതൃകയില്‍ ആള്‍ദൈവബിസിനസ് തുടങ്ങാനാവശ്യമായ എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളുമടങ്ങിയ ‘നിങ്ങള്‍ക്കും ഒരു ആള്‍ദൈവമാകാം’ എന്ന ഈ ലേഖകന്‍റെ പുതിയ പുസ്തകം ഇപ്പോള്‍ അച്ചടിയിലാണ് (പ്രീ പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ ബുക്ക്‌ ചെയ്യുന്നവര്‍ക്ക് 10 രൂപയുടെ പുസ്തകം ഇപ്പോള്‍ 8 രൂപക്ക് ലഭിക്കുന്നതാണ്).

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English