(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ മൂന്നാമത്തെ കഥാപ്രസംഗം )
മഹാബലിയേപ്പോലെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി സര്‍വസ്വവും ബലിയര്‍പ്പിക്കാന്‍ തയാറായ മഹാത്യാഗികളുടെ നാടാണ് നമ്മുടെ ഭാരതം.
ദേശസ്നേഹത്തിന്റെ തീജ്വാലയില്‍ വെന്തെരിഞ്ഞ ഒരു ധീരവനിതയുടെ ആവേശോജ്ജ്വലമായ കഥയാണ് ഇവിടെ അവതരിപ്പിക്കുന്നത് അതാണ് ത്ഡാന്‍സിറാണി.
നാടിന്‍ ചരിത്രത്തിലെന്നുമെന്നും
മിന്നിത്തുടിക്കുന്ന താരമല്ലോ
ദേശസ്നേഹത്തിന്‍ പ്രതീകമാകും
ധീരവനിതയാം ത്ഡാന്‍സിറാണി
സഹൃദയരേ വരൂ, നമുക്കല്പ്പംനേരം ഉത്തര്‍പ്രദേശിലെ പുരാതനനഗരമായ ത്ഡാന്‍സിയിലേക്കു കടന്നു ചെല്ലാം. 1853-നോടടുത്ത കാലഘട്ടം. ത്ഡാന്‍സിയിലെ രാജാവായ ഗംഗാധര്‍ റാവു മരണ ശയ്യയിലാണ്. റാണിയായ ലക്ഷ്മീഭായി വിഷാദമൂകയായി അടുത്തുണ്ട്.
ആരു കണ്ടാലും കൊതിച്ചീടുന്ന
നല്ലൊരു കുഞ്ഞിനെ ദത്തെടുത്ത്
നാടിന്റെ രാജാകുമാരനാക്കാന്‍
രാജാവൊരുങ്ങും ദിവസമത്രെ
അതാണ് കൊട്ടാരത്തില്‍ ഈ വലിയ തിരക്കിനു കാരണം.
അധികം വൈകാതെ ‘ ദത്തെടുക്കല്‍ ‘ കഴിഞ്ഞു. ദാമോദര്‍ എന്നായിരുന്നു കുഞ്ഞിന്റെ പേര്. രോഗശയ്യയില്‍ കിടക്കുന്ന രാജാവ് അവിടെയുണ്ടായിരുന്ന വെള്ളക്കാരോടു പറഞ്ഞു.
” ദാമോദറിനു പ്രായപൂര്‍ത്തിയാകും വരെ നമ്മുടെ റാണി ഇവിടുത്തെ ഭരണം നടത്തട്ടെ മരണക്കിടക്കയില്‍ കിടന്നുള്ള നമ്മുടെ അപേക്ഷയാണിത്”
ഏറെ താമസിയാതെ ഗംഗാധര്‍ റാവു നാടു നീങ്ങി. പക്ഷെ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം അവര്‍ ചെവിക്കൊണ്ടില്ല. അവകാശിയില്ലാത്ത ത്ഡാന്‍സിയെ അവര്‍ ബ്രട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കി മാറ്റി.
തന്റെ രാജ്യം അന്യായമായി വെള്ളക്കാര്‍ പിടിച്ചെടുത്തതറിഞ്ഞ് റാണി വല്ലാതെ നൊമ്പരപ്പെട്ടു. അവരുടെ മന:സാക്ഷിയില്‍ ഒരു ചോദ്യം ഉയര്‍ന്നു.
നമ്മുടെ നാടു പിടിച്ചെടുക്കാന്‍
വെള്ളപ്പരിക്ഷകള്‍ക്കെന്തു കാര്യം
നീതിക്കുവേണ്ടി പൊരുതിടാതെ
മിണ്ടാതിരിപ്പതോ രാജധര്‍മ്മം?
ഒട്ടും വൈകിയില്ല ഈ അനീതിക്കെതിരെ റാണി അന്നത്തെ ഗവര്‍ണര്‍ ജനറലായ ഡല്‍ഹൗസിക്കു കത്തെഴുതി. ഒടുവില്‍ ഡല്‍ഹൗസിയുടെ മറുപടി വന്നു. എന്തെന്നോ? ” യാതൊരു കാരണവശാലും റാണിക്ക് ത്ഡാന്‍സി വിട്ടുകൊടുക്കില്ല ത്ഡാന്‍സിയുടെ അവകാശം ഞങ്ങള്‍ക്കു മാത്രം!”
തന്റെ മുന്നിലെ വഴികളെല്ലാം അടയുന്നതായി റാണിക്കു തോന്നി . തുറന്നു കിടക്കുന്നത് ഒരേയൊരു വഴി മാത്രം വെള്ളക്കാര്‍ക്കു കീഴടങ്ങുക, ത്ഡാന്‍സിയെ എന്നെന്നേക്കുമായി മറക്കുക. കൊട്ടാരം കൈവെടിയുക !
ഒട്ടുമേ വൈകാതെ റാണിയമ്മ
കൊട്ടാരം വിട്ടു കൊടുത്തുവല്ലോ
ആശകളെല്ലം കൈവെടിഞ്ഞ്
സ്വന്തമാം വീട്ടില്‍ കഴിഞ്ഞു കൂടി
ഇതിനിടയില്‍ വെള്ളക്കാരുടെ കിരാതഭരണം ഗ്രാമങ്ങളെ പാപ്പരാക്കി കഴിഞ്ഞിരുന്നു. ഗ്രാമങ്ങളിലെ കൃഷി നശിച്ചു . പട്ടിണിയും ദാരിദ്ര്യവും കൊണ്ട് കര്‍ഷകര്‍ കൂട്ടമായി ചത്തൊടുങ്ങി.
അക്രമം കൊണ്ടു പൊറുതി മുട്ടി
നാട്ടുകാര്‍ കേഴുന്ന കാഴ്ച കാണ്‍കേ
ദേശാഭിമാനിയാം റാണിയമ്മ
ധീരയായ് നാട്ടാര്‍ക്കു മുന്നില്‍ വന്നു.
കേവലം ഇരുപത്തിയൊന്നു വയസുമാത്രം പ്രായമുള്ള റാണി ലക്ഷ്മിഭായി പുരുഷ വേഷം ധരിച്ച് പോരാളികളുടെ മുന്നിലെത്തി . ധീരരായ പന്ത്രണ്ട് അനുചരന്മാരും അവരോടൊപ്പം ഉണ്ടായിരുന്നു.
അതൊരു വലിയ പടയോട്ടത്തിന്റെ തുടക്കമായിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ടു. ഭാരതത്തില്‍ നിന്ന് വെള്ളപ്പരിഷകളെ കെട്ടു കെട്ടിക്കാനുള്ള ആദ്യത്ത ഉയര്‍ത്തെഴുന്നേല്പ്പായിരുന്നു അത്.
ഈറ്റപ്പുലിപോലെ റാണിയമ്മ
മുന്നോട്ടു മുന്നോട്ടു നീങ്ങി വേഗം
വെള്ളപ്പരിഷകളോടേറ്റുമുട്ടി
തളരാതെ പതറാതെ നീങ്ങിവേഗം.
ശത്രുക്കളെ അരിഞ്ഞു വീഴ്ത്തിക്കൊണ്ട് ധീരയായ റാണി ലക്ഷ്മിഭായി ആവേശപൂര്‍വ്വം മുന്നോട്ടു കുതിച്ചു.
മീററ്റില്‍ നിന്നും മെയ് മുപ്പതിനു പൊട്ടിപ്പുറപ്പെട്ട വിപ്ലവം ഒരഗ്നി ജ്വാലയായി നാടെങ്ങും പടര്‍ന്നു കയറി.
മീററ്റില്‍ പട്ടാള ഓഫീസര്‍മാരെ കലാപകാരികള്‍ കൊന്നൊടുക്കി. വഴി മധ്യേ എല്ലാവിധ ജനങ്ങളും അവരോടൊപ്പം ചേര്‍ന്നു. അതൊരു മഹാപ്രവാഹമായി മുന്നോട്ടു നീങ്ങി. അവര്‍ ദില്ലി ചെങ്കോട്ട പിടിച്ചടക്കി. അതിനകത്തുണ്ണ്ടായിരുന്ന സകല വെള്ളക്കാരേയും അവര്‍ ചുട്ടെരിച്ചു. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ഷായെ അവര്‍ ഭാരത്തിന്റെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു.
വെള്ളക്കാരെല്ലാം പകച്ചുപോയി
പേടികൊണ്ടയ്യോ വിറച്ചു പോയി
പടരുമീ തീജ്വാല ശാന്തമാകാന്‍
പോംവഴി ചിന്തിച്ചു പാച്ചിലായി.
വെള്ളകാരുടേതായ രണ്ടു കോട്ടകളാണ് ത്ഡാന്‍സിയില്‍ ഉണ്ടായിരുന്നത് അതിലൊന്ന് വിപ്ലവകാരികള്‍ പിടിച്ചെടുത്തു.
ഇതെല്ലാം കണ്ട് വിളറി പിടിച്ച വെള്ളക്കാര്‍ സൈനികരേയും കൂട്ടി കോട്ട തിരിച്ചു പിടിക്കാന്‍ പുറപ്പെട്ടു. പക്ഷെ എന്തു ഫലം അവിടെയെത്തിയപ്പോള്‍ സൈനികരും കലാപകാരികളോടൊപ്പം ചേര്‍ന്നു. എല്ലാവരും ചേര്‍ന്ന് ഓഫീസര്‍മാരെ ആക്രമിച്ചു.
രക്തം പുരണ്ട കരങ്ങളോടേ
വിപ്ലവകാരികള്‍ മാര്‍ച്ചു ചെയ്തു
തടവറയെല്ലാം തകര്‍ത്തുകൊണ്ടേ
നിരനിരയായവര് മാര്‍ച്ചു ചെയ്തു.
ജയിലറകള്‍ തകര്‍ത്ത് അവര്‍ തടവുകാരെ മോചിപ്പിച്ചു. ഇരമ്പി മറിഞ്ഞ ആ കലാപത്തിനിടയില്‍ റാണിയുടെ നേതൃത്വത്തിലുള്ള സൈനികര്‍ ത്ഡാന്‍സി നഗരം പിടിച്ചടക്കി. ത്ഡാന്‍സിക്കോട്ടയില്‍ വീണ്ടൂം രാജപതാക പാറിക്കളിച്ചു !റാണിയുടെ ഭരണകാലം പ്രജകളുടെ സുവര്‍ണകാലമായിരുന്നു. എല്ലാതരം വിശ്വാസികളേയും റാണി ഒന്നായി കണ്ടൂ.
റാണി ഭരിച്ചിടും കാലമെല്ലാം
നാട്ടില്‍ സമാധാനമായിരുന്നു
ശാന്തിപ്പിറാവുകള്‍ പാട്ടുപാടി
ഐശ്വര്യ ദേവത നൃത്തമാടി
പക്ഷെ ഈ സുവര്‍ണ്ണകാലം അധികം നീണ്ടു നിന്നില്ല. കാരണം വെള്ളക്കാര്‍ മാത്രമല്ല ചിലക നാട്ടുകാരും അയല്‍ രാജാക്കന്മാരുമെല്ലാം ഇതിനിടയില്‍ റാണിയുടെ ബദ്ധശത്രുക്കളായി തീര്‍ന്നിരുന്നു.
വെള്ളക്കാര്‍ രാജ്യങ്ങള്‍ ഒന്നൊന്നായി തട്ടിയെടുക്കുന്ന കാലമായിരുന്നു അത്. അവര്‍ ദില്ലി കീഴടക്കി. ബഹദൂര്‍ഷായെ തടവിലാക്കി. മക്കളെയെല്ലാം വെടിവച്ചു കൊന്നു. റാണിയേയും അവര്‍ വളഞ്ഞു പിടിക്കാനുള്ള ശ്രമമായി. താമസിച്ചില്ല, അവര്‍ ത്ഡാന്‍സിയെ ആക്രമിച്ചു. പീരങ്കി വച്ച് അവര്‍ നഗരമതിലുകള്‍ തകര്‍ത്തു. അതിലൂടെ വെള്ളപ്പട്ടാളം ഇരമ്പിക്കയറി . റാണി ഒന്നു നടുങ്ങി.
എങ്കിലും ധീരത വീണ്ടെടുത്ത്
മുന്നോട്ടു പോയല്ലോ റാണിയമ്മ
ശത്രുനിരകളെ കൊന്നു വീഴ്ത്തി
ചീറിക്കുതിച്ചല്ലോ റാണീയമ്മ
രണ്ടൂ ദിവസം ത്ഡാന്‍സിയില്‍ ഘോരയുദ്ധം നടന്നു. പുറത്തുകടക്കാന്‍ നിവൃത്തിയില്ലാതായപ്പോള്‍ റാണിയും പരിവാരങ്ങളും കോട്ടക്കുള്ളീല്‍ അഭയം തേടി.
പുറത്ത് തന്റെ സൈനികര്‍ ക്രൂരമായി വേട്ടയാടപ്പെടുന്നുവെന്ന് റാണി മനസിലാക്കി. തന്നെ അവര്‍ പിടി കൂടുമെന്ന് അവര്‍ ഭയന്നു. അതിനു മുമ്പ് സ്വയം മരണം വരിക്കാന്‍ അവര്‍ സന്നദ്ധയായി. എന്നാല്‍ വിശ്വസ്തരായ സേവകര്‍ ഇങ്ങനെ പറഞ്ഞു.
” പടവെട്ടി നിന്നു മരിക്കുവോളം
അന്തസു നമ്മള്‍ക്കു വേറെയില്ല
ഒട്ടും പതറാതെ നില്‍ക്ക റാണി
അന്ത്യം വരേക്കുമീ ഞങ്ങളുണ്ട്!”
ധീരമായ ഈ വാക്കുകള്‍ റാണിക്കു പുതുജീവന്‍ നല്‍കി. പതറാതെ നിന്ന് അവര്‍ ശത്രുക്കളോടു പൊരുതി. ശത്രുക്കള്‍ അവരുടെ കൊട്ടാരത്തില്‍ ഇടിച്ചു കയറി പക്ഷെ എന്തു ഫലം ?
സൈനികവേഷമണിഞ്ഞ് പടച്ചട്ട ധരിച്ച് കഠാരയും തോക്കുമായി പാതിരാനേരത്ത് റാണി കോട്ടയില്‍ നിന്ന് പുറത്തേക്കു ചാടി. ദത്തു പുത്രനായ ദാമോദറിനെ അവര്‍ ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞ് ശരീരത്തോടു ചേര്‍ത്തു കെട്ടിയിരുന്നു.
തുടര്‍ന്ന് റാണി പലയിടത്തു വച്ചും വെള്ളപ്പട്ടാളത്തോടേറ്റു മുട്ടി മുന്നേറി. വിജയശ്രീലാളിതയായ റാണി കുന്നുകളോ കോട്ടകളോ ഒന്നുമില്ലാത്ത ഒരു വഴിയിലൂടെ നീങ്ങുകയായിരുന്നു. അപ്പോള്‍ കുറെ കുതിരപ്പടയാളികള്‍ റാണിയേയും കൂട്ടരേയും വളഞ്ഞു. പിന്നെ നടന്നത് വീരോജ്ജ്വലമായ പോരാട്ടമായിരുന്നു.
വാളുകള്‍ തമ്മില്‍ പൊരുതി പിന്നെ
തോക്കുകള്‍ തീയും പുകയും തുപ്പി
നിരവധി സൈനികര്‍ ചത്തുവീണൂ
അവിടൊരു ചോരപ്പുഴയൊഴുകി
ഇരുകൈകളിലും വാളുയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഹാരദുര്‍ഗ്ഗയേപ്പോലെ റാണിയമ്മ ശത്രുക്കളെ അരിഞ്ഞു വീഴ്ത്തി.
പെട്ടന്നാണ് എവിടെ നിന്നോ ഒരു വെടിയുണ്ട അവരുടെ നെഞ്ചിന്‍കൂടു തകര്‍ത്തുകൊണ്ട് കടന്നു പോയത്. അതോടെ ആ പടക്കുതിരയുടെ ചുവടുകള്‍ ഇടറി. ഈ തക്കം നോക്കി ഒരുകുതിരപ്പടയാളി പാഞ്ഞു വന്ന് വാളുകൊണ്ട് റാണിയെ വെട്ടി.
” അമ്മേ…….”
വെള്ളക്കാര്‍ വിജയാരവം മുഴക്കിക്കൊണ്ട് കടന്നു പോയി. താന്‍ മരിക്കുകയാണെന്ന് റാണിക്ക് ബോധ്യമായി. അവര്‍ തന്റെ ആരോമലായ ദത്തുപുത്രനെ ഉത്തമ സുഹൃത്തായ രാമചന്ദ്രന്റെ കൈകളിലേല്പ്പിച്ചു.
” അമ്മേ , ഭാരതാംബേ വിട” ആ ചുണ്ടുകള്‍ ഒരു നിമിഷം മന്ത്രിച്ചു. അതോടെ ആ ശബ്ദം എന്നന്നേക്കുമായി നിലച്ചു.
സഹൃദയരേ, ത്ഡാന്‍സി റാണിയുടെ കഥ ഇവിടെ പൂര്‍ണ്ണമാകുന്നു. റാണി പകര്‍ന്നു തന്ന ദേശ സ്നേഹവും ത്യാഗമനോഭാവവും നമുക്ക് പാഠമാകട്ടെ.
ത്യാഗത്തിലൂടെ വളര്‍ത്തിടേണം
നാടിനു നന്മ വരുത്തീടേണം
നീതിക്കുവേണ്ടി പൊരുതിടണം
നല്ലവരായി കഴിഞ്ഞിടണം