തട്ടുകടകളിലെ കറികൾക്ക് പ്രത്യേക രുചിയുണ്ട്. നഗരങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും തട്ടുകടകളെയും അവയിലെ രുചികളെയും ആശ്രയിച്ചാണ് കഴിയുന്നത്. ചില തട്ടുകട വിഭവങ്ങളെങ്കിലും വീട്ടിൽ പരീക്ഷിക്കണമെന്ന് വിചാരിക്കാത്തവരുണ്ടാകില്ല
ഇതാ തട്ടുകട ബീഫ് കറി :
ആവശ്യമായ ചേരുവകൾ
- ഒരു കിലോ ബീഫ് കഴുകി വാരി വെള്ളം വാരാൻ വയ്ക്കുക.
- തേങ്ങാക്കൊത്ത് അര കപ്പ് .
- നാല് സവാള (ഇടത്തരം മതി) എടുത്തു ചതുരത്തില്‍ അരിഞ്ഞു വയ്ക്കുക.
- ഒരു ചെറിയ കഷണം ഇഞ്ചി നുറുക്കി വയ്ക്കുക.
- നാല് പച്ചമുളക് രണ്ടായി കീറി വയ്ക്കുക.
- രണ്ടു കതിര്‍ കറി വേപ്പില.
- ഇനി ഒരു ഇടത്തരം കഷണം ഇഞ്ചി,
- വെളുത്തുള്ളി 15 അല്ലി
- ഒരു ചെറിയ കഷണം കറുകപ്പട്ട,
- ഏലയ്ക്ക നാലെണ്ണം,
- പെരുംജീരകം അര ടേബിള്‍ സ്പൂണ്‍,
- കുരുമുളക് അര ടേബിള്‍ സ്പൂണ്‍,
- കാശ്മീരി മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍,
- മല്ലിപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍,
- മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
- ഗ്രാമ്പു നാല് എണ്ണം,
(പട്ടയുടെ രുചി, മണം ഒക്കെ ചിലര്‍ക്ക് ഇഷ്ടമാണ്, അങ്ങനെ ഉള്ളവര്‍ക്ക് ഒരു ചെറിയ കഷണം കൂടി ചേര്‍ക്കാം. ഇത് എല്ലാം കൂടി അരച്ച് വയ്ക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ബീഫിനു മുളകുപൊടിയുടെ ഇരട്ടി ആണ് മല്ലിപ്പൊടി എടുക്കേണ്ടത് )
തയ്യാറാക്കുന്ന വിധം
ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക. എന്നിട്ട് വിറകടുപ്പില്‍ വെച്ച്, വിറകടുപ്പ് ഇല്ലാത്ത പ്രവാസികള്‍ക്ക് ഗ്യാസ് അടുപ്പ് ഉപയോഗിയ്ക്കാം. ചീനച്ചട്ടി ചൂടാകുമ്പോള്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിയ്ക്കുക. ഇനി വഴറ്റാന്‍ വേണ്ടി അരിഞ്ഞു വെച്ചിരിയ്ക്കുന്ന തേങ്ങാക്കൊത്ത്, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. നന്നായി വഴറ്റുക.ഇനി അരച്ച് വെച്ചിരിയ്ക്കുന്നതും കൂടി ചേര്‍ത്ത് നന്നായി വഴറ്റി മൂപ്പിക്കുക.
അതിനുശേഷം ബീഫ് ചേര്‍ത്ത് ഇളക്കുക. തീ വളരെ കുറച്ചു അടച്ചു വെച്ച് ആവിയില്‍ കുറച്ചു നേരം വേവിയ്ക്കണം. അപ്പോഴേക്കും കുറച്ചു ചൂട് വെള്ളം തയ്യാറാക്കി വയ്ക്കുക.
ബീഫ് വേവാന്‍ പരുവത്തിന് ചൂട് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കുറച്ചു ഉപ്പും ചേര്‍ത്ത് ഇടത്തരം തീയില്‍ അടച്ചു വെച്ച് വേവിയ്ക്കുക. ഉപ്പു മുഴുവനും ആദ്യമേ ചേര്‍ക്കണ്ട, അങ്ങനെ ചേര്‍ത്താല്‍ ബീഫ് പെട്ടെന്ന് വേവില്ല.
ഒരു കാര്യം ഓര്‍ക്കുക, ഇതു ചെറിയ തീയിലോ കനലിലോ കിടന്നു വെന്തു പാകമായി കഴിച്ചാലേ ഇറച്ചി കഴിച്ചു എന്ന് തോന്നൂ, കാരണം അപ്പോള്‍ ആണ് അതിന്റെ ശരിക്കുമുള്ള രുചി കിട്ടുന്നത്. മുക്കാല്‍ വേവ് ആകുമ്പോള്‍ ബാക്കി ഉപ്പു കൂടി ചേര്‍ത്ത് ഇളക്കി അടച്ചു വെച്ച് വേവിയ്ക്കുക. വെന്ത് പരുവമാകുമ്പോള്‍ വാങ്ങി വയ്ക്കുക.