തട്ടിപ്പറിച്ചാല്‍ പൊട്ടിത്തെറിക്കും

thattaമാണിക്യമംഗലം ഹയര്‍സെക്കന്ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ജഗദമ്മയും നളിനിയും. ജഗമ്മ അഞ്ചാംസ്റ്റാന്റേര്‍ഡിലും നളിനി നാലാംസ്റ്റാന്റേര്‍ഡിലുമാണ് പഠിക്കുന്നത്.
തിങ്കളാഴ്ച രാവിലെ അമ്മ ദാക്ഷായണി ഇഡ്ഡലി ഉണ്ടാക്കി വെച്ചു. മക്കളെ വിളിച്ച് എഴുന്നേല്പിച്ചു. പല്ലു തേച്ചു വന്ന് ഇഡ്ഡലിയും ചായയും കഴിക്കന് പറഞ്ഞു.

മക്കള്‍ ദിനചര്യകള്‍ കഴിച്ച് ഡൈനിംഗ് ടേബിളിന്റെ മുന്നില്‍ വന്നു. ജഗദമ്മ ചോദിച്ചു: ‘അമ്മേ, എനിക്ക് രണ്ടു ദോശ ഉണ്ടാക്കി തര്വോ?’

‘ഇന്ന് ഇഡ്ഡലി കഴിക്ക് മോളേ. നാളെ ദോശ ഉണ്ടാക്കി തരാം.’ അമ്മ പറഞ്ഞു.

‘പ്ലീസ് അമ്മേ, രണ്ടു ദോശ മതി.’ ജഗദമ്മ അവളുടെ ആഗ്രഹം പറഞ്ഞു.

അമ്മ രണ്ടു ദോശ ഉണ്ടാക്കി ജഗദമ്മയ്ക്ക് കൊടുത്തു. അവള്‍ ദോശ കഴിക്കാന്‍ തുടങ്ങി. അതു കണ്ടപ്പോള്‍ നളിനി പറഞ്ഞു.

‘ഒരു ദോശ എനിക്കു താ ചേച്ചി.’

‘ദോശ ഞാന്‍ തരില്ല. നീ ഇഡ്ഡലി കഴിക്ക്’ ജഗദമ്മ പറഞ്ഞു.

നളിനി, ചേച്ചിയുടെ പ്ലേയ്റ്റില്‍ നിന്ന് ദോശ എടുത്തു കൊണ്ട് ഓടി.

‘അമ്മേ, നളിനി എന്റെ ദോശ എടുത്തു കൊണ്ടു പോയി.’ എന്നു പറഞ്ഞ് ജഗദമ്മ കരഞ്ഞു.

‘മക്കളേ, ഭക്ഷണം കഴിക്കുമ്പോള്‍ തല്ലിടരുത്. ദൈവമേ, നാളെയും എനിക്ക് ഇതുപോലെ ഭക്ഷണം കിട്ടണെ! എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് കഴിക്കണം.’ അമ്മ പറഞ്ഞു.

അമ്മയുടെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ ജഗദമ്മ നിന്നില്ല. അവള്‍ നളിനിയുടെ പിന്നാലെ ചെന്ന് ദോശ വാങ്ങാന്‍ നോക്കി. നളിനി ദോശ കൊടുത്തില്ല. കൈ പിറകിലേക്ക് നീട്ടി പിടിച്ച് ഒളിപ്പിക്കാന്‍ ശ്രമിച്ചു. ഇത് അടുക്കളയില്‍ ങ്യാവു… ങ്യാവു…. എന്നു കരഞ്ഞു നടന്ന പൂച്ച കണ്ടു. പൂച്ച ചാടി ദോശ കടിച്ചെടുത്തു കൊണ്ട് മുറ്റത്തക്ക് ഓടി.

പൂച്ച ദോശ കടിച്ചു പിടിച്ചു കൊണ്ട് ഓടുന്നത് വരന്തയില്‍ നിന്ന ഡാഷ് ഇനത്തില്‍പ്പെട്ട പട്ടി കണ്ടു. പട്ടി പൂച്ചയുടെ പിന്നാലെ എത്തി. പൂച്ചയുടെ വായില്‍ നിന്ന് ദോശ തട്ടിയെടുത്തു. പൂച്ചയും പട്ടിയും തമ്മില്‍ കടിപിടികൂടി. പട്ടിയുടെ വായില്‍ നിന്ന് ദോശ താഴെ വീണു. മുറ്റത്തെ മൂവ്വാണ്ടന്‍ മാവിലിരുന്ന കാക്ക ഇതു കണ്ടു. കാക്ക പറന്നു വന്ന് ദോശ കൊത്തിയെടുത്തു കൊണ്ടു പോയി. കാക്ക ദോശയും കൊണ്ട് പറന്നു പോകുന്നത് കണ്ട നളിനി കല്ലെടുത്തു കാക്കയെ എറിഞ്ഞു. കാക്ക കാ… എന്നു കരഞ്ഞു. കാക്കയുടെ കൊക്കില്‍ നിന്ന് ദോശ കാഞ്ഞിലിപ്പാടത്തെ പുഞ്ചക്കണ്ടത്തിന്റെ നടുവില്‍ വീണു താണുപോയി. ദോശ ആര്‍ക്കും തിന്നാന്‍ പറ്റിയില്ല.

ഇതെല്ലാം കണ്ടുകൊണ്ട് വരാന്തയിലെ തത്തക്കുട്ടിലിരുന്ന പച്ചപ്പനംതത്ത പറഞ്ഞു:

‘ഇവര്‍ പര‍സ്പരം മറ്റുള്ളവരുടെ ആഹാരം തട്ടിയെടുക്കുകയാണല്ലോ? തട്ടിപ്പറിച്ചാല്‍ പൊട്ടിത്തെറിക്കും എന്നല്ലേ പഴമൊഴി. ആര്‍ക്കും ദോശ കഴിക്കാന്‍ കഴിഞ്ഞില്ലല്ലോ?’

മുറ്റത്തുകൂടി നടന്ന പൂവന്‍ കോഴി ഇതു കേട്ടപ്പോള്‍ പറഞ്ഞു: ‘ആഹാരം ചെയറുചെയ്ത് കഴിക്കണം. അതാണ് രസം. എനിക്ക് തീറ്റ കിട്ടിയാല്‍ ഞാന്‍ കൊക്കിവിളിച്ചു മറ്റ് കോഴികളെ അറിയിക്കും. മറ്റു കോഴികള്‍ വരുമ്പോള്‍ അവര്‍ക്കും കൊടുക്കും. ഒരുമിച്ചു തിന്നുമ്പോള്‍ എന്തൊരു സുഖമാണെന്നോ? ഇവിടുത്തെ പിള്ളേര്‍ക്കും ഈ പട്ടിക്കും പൂച്ചയ്ക്കുമൊന്നും തീറ്റ ഷെയറു ചെയ്തു കഴിക്കുന്നതിന്റെ സുഖം അറിഞ്ഞു കൂടാ.’

തത്തയുടെയും കോഴിയുടെയും സംസാരം കേട്ടപ്പോള്‍ ജഗദമ്മയും നളിനിയും നാണിച്ചു പോയി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here