കണ്ണുഴിഞ്ഞൊന്ന് പോയി വരാൻ
പറ്റാതെ കാലത്തിൻ്റെ ചെങ്ങലയിൽ കുരുങ്ങിക്കിടക്കുന്ന പാദത്തിൽ
നോക്കി നോക്കി ഇരിക്കെ മനസ്സ് പോയി.
പോയങ്ങ് ദുരേയ്ക്ക്.
നോക്കിയിരിക്കാലെ ഏഴാംകടലപ്പുറം,
ആയിരം മൈലകലെ.
കാടോ മലയോ എന്നുവേണ്ട കുണ്ടിലും കുഴിയിലും വരെ ചെന്നെത്തി നോക്കി
പോയങ്ങ് ദൂരേയ്ക്ക്.
ചെങ്ങല കിലുങ്ങിയതുമറിഞ്ഞില്ല,
കാലം നിന്ന നിൽപ്പെന്നോർത്തുമില്ല.
മനസ്സോടി പാഞ്ഞെത്തിയേടങ്ങളെല്ലാം
കാലത്തെ അതിജീവിച്ച് എല്ലാം
ഏറെ മുന്നിൽ പോയിരുന്നു.
ആശ്ചര്യം ഇല്ലാതെ, അമ്പരപ്പില്ലാതെ
തോന്നിയ പോൽ മനസ്സ് നിന്ന് കറങ്ങി.
വട്ടം കറങ്ങി, നീളെ നടന്നു.
കണ്ണോണ്ടുഴിയാൻ ആവാത്ത ചിലരെ മനസ്സോണ്ട് ഉഴിഞ്ഞു പോന്നു.
ചിലരെ തട്ടി വിളിച്ചു.
ചിലരോടായ് ചിലതൊക്കെ
ചെവി പൊട്ടനെ വിളിച്ച് കൂവി.
ചിലരുടെ അടുത്ത് ചെന്നിരുന്നങ്ങനെ
നോക്കി സമയം കളഞ്ഞു.
ചിലരുടെ തോളിൽ ചാഞ്ഞു.
ചിലരെ കൂടെ കൂട്ടി.
ചിലരോടായ് മൗനം പാലിച്ചു.
ചിലരിൽ കുടിയിരിക്കാൻ നോക്കി.
ഒപ്പം ജീവിച്ചു.
കണ്ട് കൊതി തീർത്തു.
ചേർന്നിരുന്നാശ കൊണ്ടു.
കനവ് കണ്ടു.
തിരികെ വരാൻ മടിച്ചു നിന്നു.
യാത്ര ചോദിക്കാതെ മടങ്ങി വന്നു.
മനസ്സുഴിഞ്ഞ ജീവിതങ്ങളെ ഉള്ളിൽ
പലകതട്ടിൽ നിരത്തി വെച്ചു.
ഭംഗിയില്ല, അടുക്കില്ല, ചിട്ടയും.
എന്നാലെ ഇടയ്ക്കിടെ വീണ്ടും
പോയി വരാൻ തോന്നൂ.
ഒടുവിലാ ദിവസം ഒടുങ്ങി തീരെ
മനസ്സ് ജീവിച്ച ജീവിതം ഇവിടെ ജീവിച്ചില്ല ഞാനെന്ന കുറ്റബോധം കത്തിയമരും.
കുറ്റബോധം എന്നെയടിച്ചമർത്തി മനസ്സിന്നടിമയാക്കും.
വിധേയത്വം സ്ഥാപിച്ച മനസ്സിൽ
ഞാൻ അന്യ ആകും.
കാലം ചെങ്ങലയ്ക്കിട്ട കാലുകൾ
താങ്ങുന്ന ഉടലിപ്പോൾ അടിമയാണ്.
മനസ്സുഴിഞ്ഞ ജീവിതങ്ങളിലെ
ആരോ ഒരാൾ!