തസ്രാക്കിൽ എഴുത്തുകാരുടെ ഗ്രാമം വരുന്നു

 

പാലക്കാട് കിണാശ്ശേരിയിലെ തസ്രാക്കിൽ ഒരേക്കർ നാലുസെന്റ് ഭൂമിയിൽ എഴുത്തുകാരുടെ ഗ്രാമം വരുന്നു. കഴിഞ്ഞ ദിവസം ഇതിന് തറക്കല്ലിട്ടു. എഴുത്തുകാർക്ക് താമസിക്കാനുള്ള കോട്ടേജുകളുംമറ്റും പലേടത്തായി ഉണ്ടെങ്കിലും കഥയിലൂടെ വായനക്കാരുടെ മനസ്സിൽ ഇടംപിടിച്ച ഭൂമികയിൽ ഒരു എഴുത്തുഗ്രാമം രൂപംകൊള്ളുന്നത് ആദ്യമായിട്ടാണ്. സംസ്ഥാന വിനോദസഞ്ചാരവികസനവകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി.

തസ്രാക്കിലെ ഒറ്റയടിപ്പാതയുടെയും വയലുകളുടെയും ഓരത്ത്, ഒ.വി. വിജയൻ സ്മാരകത്തിനും ഖസാക്കിന്റെ ഇതിഹാസത്തിൽ സ്വയം ഒരു കഥാപാത്രമായി പുനർജനിച്ച ഞാറ്റുപുരയ്ക്കും പിന്നിലായാണ് എഴുത്തുഗ്രാമം രൂപകല്പന ചെയ്തിട്ടുള്ളത്. അഞ്ചുകോടിയുടേതാണ് പദ്ധതി. 500 ചതുരശ്ര അടി വിസ്തൃതിയിലുള്ള എട്ട് കോട്ടേജുകൾ ഗ്രാമത്തിലുണ്ടാവും. ഇതിൽ എഴുത്തുകാർക്ക് സകുടുംബം താമസിച്ച് രചനകൾ നടത്താം.

അടുക്കള, വർക്ക് ഏരിയ, കിടപ്പുമുറി, സ്വസ്ഥമായി ഇരുന്ന് എഴുതാവുന്നസൗകര്യം എന്നിവ ഒരുക്കും. മരങ്ങൾക്കുമുകളിൽ രണ്ടുപേർക്കുവീതം താമസിക്കാവുന്ന അഞ്ച് കുടിലുകളും ഒരുക്കുന്നുണ്ട്. തൊട്ടുമാറി വരുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഓഫീസ്, റിസപ്ഷൻ, ഭക്ഷണശാല തുടങ്ങിയവയാണുണ്ടാവുക. മുകളിലെനിലയിൽ 50 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി സൗകര്യം ഒരുക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി കെ.ജി. അജേഷ് പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ എഴുത്തുകാരുടെ ഗ്രാമത്തിനും മന്ത്രി എ.കെ. ബാലൻ താമസസ്ഥലങ്ങൾക്കും തറക്കല്ലിടും. തുറന്ന സ്റ്റേജ്, പുൽത്തകിടികൾ എന്നിവയുൾപ്പെടെ വിനോദസഞ്ചാരികളെ ആകർഷിക്കുംവിധത്തിലാവും ഗ്രാമം ഒരുങ്ങുക. ഒ.വി. വിജയനെയും അദ്ദേഹത്തിന്റെ രചനകളെയും കൂടുതൽ വായനക്കാരിലെത്തിക്കാനും വിനോദസഞ്ചാരികളുടെ കേന്ദ്രമായി സ്മാരകത്തെ മാറ്റാനും എഴുത്തുഗ്രാമം സഹായിക്കുെമന്ന് ഒ.വി. വിജയൻ സ്മാരകസമിതി പ്രസിഡന്റ് ടി.കെ. നാരായണദാസ് പറഞ്ഞു.

ഇതിനെ സാഹിത്യാസ്വാദകർക്കും വിദ്യാർഥികൾക്കും പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റാണ് പരിപാടി. ചിറ്റൂരിലെ ഭാഷാപിതാവിന്റെ സ്മാരകംമുതൽ ജ്ഞാനപീഠജേതാക്കളായ രണ്ടുപേർക്ക് ജന്മംകൊടുത്ത കൂടല്ലൂർ-കൂമരനല്ലൂർ ദേശങ്ങൾ സന്ദർശിക്കാനാവുംവിധം ടൂറിസം സർക്യൂട്ടിനും പദ്ധതി തയ്യാറാക്കുമെന്ന് സ്മാരകസമിതി സെക്രട്ടറി ടി.ആർ. അജയൻ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here