ഒരിക്കൽ
നീയെന്നെ വായിക്കും…
അന്നൊരു പക്ഷേ
ഭസ്മമായ് തെളിനീരിൽ
ഇഴുകി ചേർന്ന് കിടക്കുകയാവും
അല്ലെങ്കിൽ മണ്ണിന്റെ ആഴങ്ങളിലേയ്ക് ജൈവ പ്രയാണം നടത്തുകയാവും
അതുമല്ലെങ്കിൽ ആകാശപാളികളെ തേടി പുകപടലമായ് അകലുകയാവും…
എവിടെയായിരുന്നാലും നിന്നെ എന്റെയുളളിൽ അടയാളപ്പെടുത്തിയിരിക്കും
ഇനിയും പൊറുക്കാനാകാത്ത നിന്റെ ചില മൗനങ്ങളെ ഓർത്ത്
എന്റെ ആത്മാവ് അന്നും തേങ്ങും
പകരം വയ്ക്കാനാവാത്ത നിസ്സംഗതകളെ ഓർത്ത്
നെടുവീർപ്പിടും
പുനർജനികൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയാവുമ്പോൾ
എള്ളും പൂവും ചേർത്ത് ദർഭ വിരലിനാൽ
നീ ഉരുട്ടി വച്ച ബലിച്ചോറിനായ്
ആത്മാവിന്റെ ബലികാക്കകൾ പറന്നിറങ്ങും …
രാജീബാലൻ
.