തരൂരിന്റെ നെഹ്റു വെള്ളിത്തിരയിലേക്ക്

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമരനേതാവുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവിതം വെബ് സീരീസാകുന്നു. കോണ്‍ഗ്രസ്സ് എംപി ശശി തരൂര്‍ നെഹ്റുവിന്റെ ജീവിതത്തേക്കുറിച്ചെഴുതിയ ‘നെഹ്റു: ദ ഇന്‍വന്‍ഷന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സീരീസ് ഒരുങ്ങുന്നത്.

സീരീസിന്റെ ഔദ്യോഗിക പ്രഖ്യാപനം പുസ്തകത്തിന്റെ പുതിയ എഡിഷന്‍ പുറത്തിറങ്ങുന്ന ചടങ്ങില്‍ വച്ച് നടന്നു. ഒനിര്‍, ഭാവന തള്‍വാര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സീരീസിന്റെ ട്രെയിലറും പുറത്തു വിട്ടിട്ടുണ്ട്. തരൂരിന്റെ തന്നെ ശബ്ദത്തോട് കൂടെയാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയ്ക്ക് രൂപം കൊടുക്കുന്നതില്‍ നെഹ്‌റു വഹിച്ച പങ്കും അദ്ദേഹത്തിന്റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടും മുന്‍നിര്‍ത്തിയായിരിക്കും സീരീസ് നിര്‍മിക്കുക.

ബോളിവുഡ് സംവിധായകനായ വിനോദ് തല്‍വാറാണ് സീരീസ് നിര്‍മിക്കുന്നത്. ആരാണ് നെഹ്റുവിന്റെ കഥാപാത്രമാകുന്നതെന്നോ മറ്റ് അണിയറപ്രവര്‍ത്തകരായി ആരെല്ലാം ഉണ്ടാകുമെന്നോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. സീരീസ് അടുത്ത വര്‍ഷം സംപ്രേഷണം ചെയ്യും. തരൂരിന്റെ തന്നെ മറ്റൊരു കൃതിയായ ‘വൈ ഐ ആം എ ഹിന്ദു’വും ഓണ്‍ലൈന്‍ സീരീസായി പുറത്തിറങ്ങുന്നുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here