താറാവുകാരിയും രാജകുമാരനും

 

 

 

 

 

 

 

ഒരിടത്ത് കണ്ണില്ലാത്ത ഒരു താറാവുകാരനുണ്ടായിരുന്നു . അയാളുടെ മകളായിരുന്നു ഇരട്ടക്കണ്ണി . ഇരട്ടക്കണ്ണിയുടെ രണ്ടാനമ്മയാണ് കണ്ണില്ലാത്ത താറാവുകാരി പാറുവമ്മ. അവര്‍ക്കു രണ്ടു പെണ്മക്കളുണ്ട് . ഒറ്റക്കണ്ണിയും മുക്കണ്ണിയും. പാറുവമ്മക്കും മക്കള്‍ക്കും ഇരട്ടക്കണ്ണിയോട് അസൂയയായിരുന്നു .

ഒരു ദിവസം പാറുവമ്മ ഇരട്ടക്കണ്ണിയെ താറാവുകളെ തീറ്റാനായി പാടത്തേക്കയച്ചു.

ഉച്ചയായപ്പോള്‍ വിശപ്പു സഹിക്കാന്‍ കഴിയാതെ ഇരട്ടക്കണ്ണി കരയാന്‍ തുടങ്ങി . അപ്പോള്‍ ഒരു താടിക്കാരന്‍ അപ്പൂപ്പന്‍ ആ വഴി വന്നു . അപ്പൂപ്പന്‍ ഇരട്ടക്കണ്ണിയോടു ചോദിച്ചു :

” നീയെന്തിനാ കരയുന്നത്?”

ഇരട്ടക്കണ്ണി നടന്നതെല്ലാം അപ്പൂപ്പനോടു പറഞ്ഞു : ”

വിശക്കുമ്പോള്‍ നീ ഏറ്റവും ചെറിയ താറാവിനോടു ” താറാക്കുട്ടി , താറാക്കുട്ടി , ചോറു തരൂ , ചോറു തരൂ ചോറിനു കൂട്ടാന്‍ കറികള്‍ തരൂ എന്നു പറയണം അപ്പോള്‍ നിനക്കു വേണ്ടതു കിട്ടും”

ഇരട്ടക്കണ്ണി വേഗം കൂട്ടത്തിലെ കുട്ടിത്താറാവിനോടു പറഞ്ഞു.

” താറാക്കുട്ടി താറാക്കുട്ടി
ചോറു തരൂ , ചോറു തരൂ
ചോറിനു കൂട്ടാന്‍ കറികള്‍ തരൂ”

പെട്ടന്ന് അവളുടെ മുന്നിലേക്ക് ചോറും കറികളും വന്നു . അവള്‍ വയറു നിറച്ച് ചോറും കറികളും കഴിച്ചു. അപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞു :

” താറാക്കുട്ടി , താറാക്കുട്ടി ,

മതിയേ ചോറുമതി

മതിയേ മതിയേ കറികള്‍ മതി ”

ഇതു പറഞ്ഞ ഉടനെ ചോറും കറികളും മറഞ്ഞു പോയി. താടിക്കാരന്‍ അപ്പൂപ്പന്‍ യാത്ര പറഞ്ഞ് എങ്ങോട്ടൊ പോയി.
സന്ധ്യയായപ്പോള്‍ ഇരട്ടക്കണ്ണി താറാവുകളേയും കൊണ്ട് വീട്ടിലെത്തി. ഇരട്ടക്കണ്ണിക്ക് ആരോ ഭക്ഷണം കൊടുത്തെന്ന് പാറുവമ്മ മനസിലാക്കി. അതിന്റെ രഹസ്യമറിയാന്‍ പിറ്റെ ദിവസം അവര്‍ ഒറ്റക്കണ്ണിയേയും കൂടേ അയച്ചു.

പക്ഷെ ഉച്ചയായപ്പോഴേക്കും ഒറ്റക്കണ്ണി ഉറങ്ങിപ്പോയി. ഈ തക്കം നോക്കി ഇരട്ടക്കണ്ണി ചോറും കറികളും വരുത്തി കഴിച്ചു .

സന്ധ്യക്ക് ഇരട്ടക്കണ്ണിയും ഒറ്റക്കണ്ണിയും വീട്ടില്‍ തിരിച്ചെത്തി . അപ്പോള്‍ ഒറ്റക്കണ്ണി പാറുവമ്മയോടു പറഞ്ഞു.

” അമ്മേ ഉറങ്ങിപ്പോയതുകൊണ്ടു എനിക്കു രഹസ്യം കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല”

പിറ്റേന്ന് പാറുവമ്മ ഇരട്ടക്കണ്ണീയോടൊപ്പം മുക്കണ്ണിയെയാണ് അയച്ചത് . ഉച്ചയായപ്പോള്‍ മുക്കണ്ണീ ഉറങ്ങുന്നതായി ഭാവിച്ചു . എന്നിട്ട് തന്റെ മൂന്നാം കണ്ണ്‍ തുറന്നു പിടിച്ചു, മുക്കണ്ണീ ഉറങ്ങിയെന്ന വിശ്വാസത്തില്‍ ഇരട്ടക്കണ്ണീ മന്ത്രം ചൊല്ലി ചോറും കറികളൂം വരുത്തി കഴിച്ചു .

സന്ധ്യക്കു വീട്ടിലെത്തിയപ്പോള്‍ മുക്കണ്ണീ താന്‍ കണ്ടതെല്ലാം പാറുവമ്മയോടു പറഞ്ഞു . പാറുവമ്മ വേഗം കുട്ടിത്താറാവിനെ അടിച്ചു കൊന്നു .

സങ്കടം സഹിക്കാനാവാതെ ഇരട്ടക്കണ്ണി കരയാന്‍ തുടങ്ങി. അപ്പോള്‍ ആ വഴി താടിക്കാരന്‍ അപ്പൂപ്പന്‍ വന്നു . അപ്പൂപ്പന്‍ അവളോടു ചോദിച്ചു : ” നീയെന്തിനാ വീണ്ടും കരയുന്നത്?”

ഇരട്ടക്കണ്ണി നടന്നതെല്ലാം പറഞ്ഞു ഇതു കേട്ട് അപ്പൂപ്പന്‍ പുതിയൊരു വിദ്യ അവള്‍ക്കു പറഞ്ഞു കൊടുത്തു. ” നീ കുട്ടിത്താറാവിനെ വീട്ടുപടിക്കല്‍ കുഴിച്ചിടണം പിന്നെ നിന്റെ സങ്കടമെല്ലാം മാറിക്കൊള്ളും”

ഇത്രയും പറഞ്ഞിട്ട് താടിക്കാരന്‍ അപ്പൂപ്പന്‍ എങ്ങോട്ടോ പോയി .

രാത്രിയായപ്പോള്‍‍ ഇരട്ടക്കണ്ണീ കുട്ടിത്താറാവിനെ വീട്ടുപടിക്കല്‍ കുഴിച്ചിട്ടു . പിറ്റേന്ന് ഒരു മനോഹരമായ മരം അവിടെ ഉയര്‍ന്നു വന്നു. അതില്‍ നിറയെ ചുവന്നു തുടുത്ത പഴങ്ങള്‍ തൂങ്ങിക്കിടന്നിരുന്നു . മുക്കണ്ണിയും ഒറ്റക്കണ്ണിയും പറിക്കാന്‍ ശ്രമിച്ചെങ്കിലും ചില്ലകള്‍ അവരെ കണ്ട് അകന്നു പോയി. എന്നാല്‍ ഇരട്ടക്കണ്ണീ അടുത്തെത്തിയതും മരക്കൊമ്പ് അവളുടേ അടുത്തേക്ക് ചാഞ്ഞു . അവള്‍ ധാരാളം പഴങ്ങള്‍ പറിച്ച് ഒറ്റക്കണ്ണിക്കും മുക്കണ്ണീക്കും കൊടുത്തു.

അപ്പോള്‍ ഒരു രാജകുമാരന്‍ അവിടെയെത്തി ” ഇതിന്റെ ഒരു കൊമ്പ് എനിക്കു തരാമോ?” രാജകുമാരന്‍ ചോദിച്ചു .

” ഒരു കൊമ്പിനു നൂറു പവന്‍ തരണം ” പാറുവമ്മ പറഞ്ഞു.

പക്ഷെ ഒറ്റക്കണ്ണിക്കും മുക്കണ്ണിക്കും ഒരു കൊമ്പു പോലും മുറിച്ചെടുക്കാന്‍ കഴിഞ്ഞില്ല . അപ്പോള്‍ മരക്കൊമ്പിലിരുന്ന ഇരട്ടക്കണ്ണീ വിളീച്ചു പറഞ്ഞു :

” രാജകുമാരാ , ഇതെന്റെ മരമാ എത്ര കൊമ്പുവേണമെങ്കിലും ഞാന്‍ മുറിച്ചു തരാം ”

ഇരട്ടക്കണ്ണി ഒരു കത്തിയെടൂത്ത് നാലഞ്ചു ചില്ലകള്‍ മുറിച്ചു രാജകുമാരനു കൊടുത്തു.

താറാവുകാരി പാറുവമ്മ രാജകുമാരനോട് പറഞ്ഞു.

” ഇവള്‍ ഞങ്ങളുടെ വേലക്കാരിയാ അതുകൊണ്ട് ഇതിന്റെ വില എന്റെ കയ്യില്‍ തരണം ”

പക്ഷെ പാറുവമ്മ പറഞ്ഞതൊന്നും രാജകുമാരന്‍ കേട്ടില്ല. അദ്ദേഹം ഇരട്ടക്കണ്ണിയുടെ നേരെ തിരിഞ്ഞു എന്നിട്ട് ചോദിച്ചു.

” നിനക്കു എന്തു വില വേണം ?”

” ഒന്നും വേണ്ട എന്നെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയാല്‍ മാത്രം മതി”

” എങ്കില്‍ കുതിരപ്പുറത്തു കയറിക്കോളൂ” രാജകുമാരന്‍ പറഞ്ഞു.

അങ്ങനെ ഇരട്ടക്കണ്ണി രാജകുമാരനോടൊപ്പം കൊട്ടാരത്തിലേക്കു യാത്രയായി . അവര്‍ പോയതോടേ ആ മരവും അപ്രത്യക്ഷമായി .

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here