താര

 

 

 

 

 

(താര-മായയിലും ചതിയിലും അകപ്പെട്ട് ജീവിതത്തിൻ്റെ തുലനം മറന്നവൾ, ബാലിപത്നി. രാമബാണം ബാലിയെ വീഴ്ത്തിയപ്പോൾ അവൾ ഒരിക്കൽക്കൂടി വധിക്കപ്പെട്ടിരിക്കുന്നു.)

താരയാണു ഞാൻ, ആരെൻ്റ പതിയുടെ
രൂപഭാവങ്ങൾ വേറിട്ടു ചൊല്ലിടും?

മാംസമാണു ഞാൻ, വിഷക്കുത്തു ചാലിച്ചു
രാവിറക്കത്തിൽ പുളിച്ചുതേട്ടും മാംസം.
ചോരയല്ലെൻ്റെ സിരകളിൽ ചല-
മൊലിച്ചിടുന്ന പോൽ വിറയലാണെങ്ങും.

അസുരവേഗത്തിൻ ഗുഹാമുഖങ്ങളില-
ന്നുറഞ്ഞ മായതൻ രുധിരഭാവന
കഴിച്ചു തീർത്തതെൻ നിറുകയിലഗ്നി
സാക്ഷിയായ് ചാർത്തിയ രാഗരേണുക്കളെ.

കിതച്ചു പോയി ഞാ,നനുക്ഷണം
മനസ്സൊഴിച്ചു വെക്കുവാൻ
തികഞ്ഞ പാത്രങ്ങൾ കഴിഞ്ഞു പോ-
യുള്ളിൽ വരണ്ടു പോയ് സ്നേഹം.
പൊഴിഞ്ഞു പോയ് കനി,ത്തിളക്കമത്രയും
നിഴൽ കരുതിയോ,രിലകൾ പോലു-
മൊന്നൊഴിഞ്ഞ ചില്ലകൾ വിയർത്തു നിൽക്കുന്നു,
വെയിലരിക്കുന്നെൻ്റെ മഞ്ഞളിച്ച കാഴ്ച്ചയിൽ.

താരയാണു ഞാൻ, നല്ലിരിക്കുമ്പോഴും
ദീനമേറ്റുന്ന വാതകോപത്തിൻ മുഖം.
ഏതു സൂര്യൻ്റെ സ്ഫുരണമേൽക്കുവാൻ
ഞൊറിയൊതുക്കണം പാതിവ്രത്യത്തിൻ
ചകിരിയാൽ തീർത്ത മറവിരികളെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here