അച്ഛൻ ഹിന്ദുവാണ്. ‘അമ്മ ക്രിസ്തുമത വിശ്വാസിയും. അവർ ഒളിച്ചോടി കല്യാണം കഴിച്ചതെന്ന് ‘അമ്മ ഒരിക്കൽ മകളോട് പറഞ്ഞിരുന്നു. അവൾ ഉണ്ടായതിനു ശേഷം അച്ഛന്റെ വീട്ടുകാർ അവരെ അംഗീകരിച്ചു.
ഒരു ദിവസം അവൾ അമ്മയോട് പറഞ്ഞു ” അമ്മേ, ഞാനൊരാളുമായി അടുപ്പത്തിലാണ്, ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കണം. ”
“ആരാ അവൻ” ‘അമ്മ ചോദിച്ചു.
എന്റെ കൂടെ ജോലി ചെയ്യുന്നതാണ്, പേര് സക്കീർ.
പേര് കേട്ടതും ‘അമ്മ ഉറഞ്ഞു തുള്ളി.
“നിനക്കൊരു മുസ്ലിം പയ്യനെ മാത്രമേ കിട്ടിയുള്ളോ പ്രേമിക്കാൻ, ഇത് നടക്കില്ല.”
“അപ്പോൾ അമ്മ പ്രേമിച്ചു ഒളിച്ചോടിയതു ആരുടെ കൂടെയാണ്”
അമ്മയുടെ മുഖം വിളറി. ചമ്മൽ മറച്ചു വെച്ച് ‘അമ്മ പറഞ്ഞു.
“അതിന്റെ ബുദ്ധിമുട്ടു അറിയാവുന്നത് കൊണ്ടാണ് ഞാൻ വേണ്ടാന്ന് പറഞ്ഞത്, ഒരിക്കൽ നിനക്ക് എല്ലാം മനസിലാകും”.
പിറ്റേന്ന് ആ ഗ്രാമം ഇരുട്ടിയത് ആ വാർത്ത കേട്ടുകൊണ്ടാണ്.
രാജന്റെയും ജിൻസിയുടെയും മകൾ ഒരു മുസ്ലിം പയ്യന്റെ കൂടെ ഒളിച്ചോടി.
മൂന്നുപേരുടെയും രക്തം കുടിച്ച വയസായ ആ കൊതുക് മക്കളോട് ഇങ്ങനെ പറഞ്ഞു “അച്ചന്റേയും അമ്മയുടെയും മകളുടെയും രക്തത്തിനു ഒരേ രുചി ആയിരുന്നു.”