“എൻ്റെ കൊച്ചെ നീ ഈ വെയിലത്തൊക്കെ കറങ്ങി നിറംകുറഞ്ഞു വൃത്തികേടായല്ലോ!“
“എടി നിനക്കുനല്ല നിറംകൂടി അടിപൊളിയായല്ലോ“
“അയ്യേ.. ഈ കുഞ്ഞങ്ങിരുണ്ട് വല്ലാണ്ടായി…“
“ആഹാ.. നീ വെളുത്തങ്ങ് സുന്ദരനായല്ലോ…“
മുകളിൽ പറഞ്ഞിരിക്കുന്ന നാലുവാചകങ്ങൾ നമ്മൾ മലയാളികൾ സ്ഥിരം കേട്ടുവരുന്നവയാണ്. അതിലെ ആദ്യത്തെ രണ്ടു വാചകം നോക്കുകയാണെങ്കിൽ ഒരു സാമാന്യ വിവരമുള്ള ഏതൊരാൾക്കും ചർമ്മത്തിന്‍റെ നിറമേതാണെന്നു എടുത്തുപറയാണ്ടുതന്നെ അതിൽ വെളുപ്പിനെ വിശേഷിപ്പിക്കുന്ന വാചകമേതാണെന്നും കറുപ്പിനെ വിശേഷിപ്പിക്കുന്ന വാചകമേതാണെന്നും മനസിലാക്കാൻ സാധിക്കും.
“നല്ല നിറമുണ്ട്” അഥവാ വെളുപ്പ്
“വല്യ നിറമില്ല” അഥവാ കറുപ്പ്
കേരളത്തിന്‍റെ ‘മഹത്തായ‘ ചരിത്രം നോക്കുകയാണെങ്കിൽത്തന്നെ ചർമ്മത്തിന്‍റെ നിറം ഒരുവന്‍റെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. പക്ഷെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതിനു തക്കതായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല എന്നുള്ളത് വേദനാജനകമാണ്.
അന്ന് നമ്പൂതിരിമാരുടെ 100 മീറ്റർ ദൂരത്തിൽ വന്നാൽ ചില ഇരുണ്ട ചർമ്മക്കാരെ തട്ടിത്തെറിപ്പിക്കുമെങ്കിൽ ഇന്ന് ‘ടിൻഡറിൽ’ 100 മീറ്റർ അകലെയുള്ള ഇരുണ്ട ചർമ്മക്കാരെ സ്വയിപ്പും ചെയുന്നു എന്ന വ്യത്യാസം മാത്രം.
(പറഞ്ഞുവരുമ്പോൾ സ്വയിപ്പിംഗ് ഒരു തട്ടിത്തെറുപ്പിക്കലാണെല്ലോ). വളരെ സ്വഭാവികം… അതല്ലയോ അന്തസും ആഭിജാത്യവും നിറഞ്ഞുതുളുമ്പുന്ന കേരളീയ തനിമ…!
ഇത് വായിക്കുന്നവരിൽ ചിലർ പറയും “ഇതൊക്കെ പണ്ട്, ഇപ്പോൾ അങ്ങനെയൊന്നുമില്ല മിസ്റ്റർ“. മാറ്റം വന്നുതുടങ്ങി, പക്ഷെ അത് സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിൽ മാത്രം ഒതുങ്ങികൂടുന്നവയാണ്. ചിലകൂട്ടം മഹത്‌വ്യക്തികളെ താഴെ പരിചയപ്പെടുത്താം.
ഒന്ന്: “കറുപ്പാണ് സൗന്ദര്യം“, “ഞാൻ എൻ്റെ നിറത്തെ സ്നേഹിക്കുന്നു“ എന്നുതുടങ്ങിയ വാചകങ്ങൾ കൈയടിനേടാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതിനുശേഷം യൂട്യൂബിൽ പോയ് ” വെറും 10 ദിവസത്തിൽ എങ്ങനെ വെളുക്കാം” എന്ന് നോക്കുന്നവർ.
രണ്ട്: “പെണ്ണിന്‍റെ നിറമൊന്നും എനിക്കൊരു പ്രശ്നമില്ല. ആ പഴയ ചിന്താഗതികൾ മാറ്റണം“ എന്ന് കമന്റ് ബോക്സിൽ പ്രസംഗിച്ചതിനുശേഷം സ്വന്തം കാര്യം വരുമ്പോൾ “പെണ്ണിനുനിറംപോരാ. സംഗതി എന്നാകിട്ടും?” എന്നുചോദിക്കുന്ന പുതുമണവാളനാവാൻ ഒരുങ്ങുന്ന ഇൻസ്റ്റ മാന്യൻ.
ഇനിയും ഉദാഹരണങ്ങൾ കാണണമെങ്കിൽ നിങ്ങളുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചാൽ മതിയാവും. (നിരൂപണം തയ്യാറാക്കാൻ ഇതുവായിക്കുന്ന ചിലർ ഈ ചിന്താഗതിയിൽ വളരെ ‘മുൻപന്തിയിൽ’ നിൽക്കുന്നവരാവാം. അതെ.. ആക്കിയതുതന്നെ..ബാക്കി വായിച്ചുകൊള്ളു)
ഇന്ത്യയിൽ നിലകൊള്ളുന്ന ചില വൻകിട കമ്പനികൾ തങ്ങളുടെ പ്രശസ്‌തിക്കും ബിസിനസ്സ് ലാഭങ്ങൾക്കായുംമാത്രം കറുപ്പിനെ കൂടെ കൂട്ടിട്ടുണ്ട്. ഇതിൽ പ്രത്യേകിച്ച് എടുത്തുപറയേണ്ട ഒന്നാണ് “ഫെയർ ആൻഡ് ലവ്‌ലി” ഇപ്പോൾ ചിലർ ആലോചിക്കുന്നുണ്ടാകും
“എടോ മനുഷ്യാ, അവർ സമത്വത്തെ സ്നേഹിക്കുന്നതുകൊണ്ട് ആ പേരുപോലും മാറ്റി “ഗ്ലോ ആൻഡ് ലവ്‌ലി” എന്നാണിപ്പോൾ. താങ്കൾ പരസ്യങ്ങൾ ഒന്നും കാണാറില്ലേ?“
എന്നാൽ ഇത് കേട്ടോളു. അവർ പേരുമാറ്റിയപ്പോളും “ഫെയർ ആൻഡ് ലവ്‌ലി” എന്നത് അവരുടെ ക്രീമിൽനിന്നുമാറ്റിയിട്ടില്ല. പുതിയ പേര് യഥാർഥത്തിൽ ഇതാണ്: “ഫെയർ ആൻഡ് ലവ്‌ലി ഈസ് നൗ ഗ്ലോ ആൻഡ് ലവ്‌ലി”. സ്ത്രീകളിപ്പോഴും ആ ക്രീം വാങ്ങുന്നത് വെളുക്കാൻവേണ്ടി എന്ന ഉദ്ദേശത്തോടെയാണ്. അത് വാങ്ങുന്നവർക്കുമറിയാം, കമ്പനി ഉടമസ്ഥനുമറിയാം. ഒരു വെടിക്ക് രണ്ട് പക്ഷി…! കറുപ്പിന്‍റെ കൂടെനിൽക്കുന്നുയെന്ന പ്രശസ്‌തിയുമായി, ലാഭവുമായി. ആഹാ…അപാരബുദ്ധി തന്നെ.
തലമുറകളായി കേരളീയരുടെ മനസിലേക്കു വെളുപ്പാണ് സൗന്ദര്യം എന്ന ആശയം കൈമാറിപോകുന്നു. “നല്ല നിറം കൂടിയല്ലോ” എന്നൊരാൾ പറയുമ്പോൾ നിങ്ങളോരോരുത്തരും ആലോചിക്കേണ്ടൊരു കാര്യമുണ്ട്. ഈ “നല്ല നിറം” എന്നവാക്ക് എന്തുകൊണ്ട് വെളുത്തചർമ്മത്തെ മാത്രം സൂചിപ്പിക്കുന്നു? എന്തുകൊണ്ട് ചർമ്മം ഇരുണ്ടാൽ “നിനക്കുനല്ല നിറം കൂടിയല്ലോ” എന്നുപറയുന്നില്ല?
ഈ ചിന്താഗതിക്കൊരുമാറ്റം വളരെ നിർണ്ണായകമാണ്. ഉടനെയൊന്നും അതുസംഭവിച്ചില്ലെങ്കിലും ഇതിനൊരു തുടക്കംകുറിക്കേണ്ടത് നമ്മളോരോരുത്തരുമാണ്. വാക്കുകളിൽ മാത്രമല്ല. പ്രവർത്തിയിലും.
ഭാവിയിൽ ജാതിമതലിംഗഭേദമന്യേ പലരിൽനിന്നും ബഹുമാനത്തോടെ കേൾക്കാനാഗ്രഹിക്കുന്ന ഒരു വാചകം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു.
” എടാ നീ അങ്ങുമെലിഞ്ഞു കറുത്ത് സുന്ദരനായല്ലോ ”
“ എടി നീ അങ്ങുമെലിഞ്ഞു കറുത്ത് സുന്ദരിയായല്ലോ“