തണൽ മരങ്ങൾ

81nmoeclh6l-_sy355_

കുടിപ്പള്ളിക്കൂടത്തിലേക്കുള്ള വഴിയെ അപ്പന്റെ കയ്യും പിടിച്ചു നടന്നു.  മനസ്സിൽ കുറെ ചിന്തകൾ കൊരുക്കുന്നുണ്ടായിരുന്നു. ക്ളാസ്സ് ടീച്ചർ ആരായിരിക്കും. പുതുതായി ഏതൊക്കെ മാഷന്മാരാണ്‌ തങ്ങൾക്കായി വന്നിരിക്കുന്നത്, ഏതു ബഞ്ചിലായിരിക്കും തനിക്കു സ്ഥാനം കിട്ടുക അങ്ങനെ പലതും ചിന്തകളിൽ നിറഞ്ഞുനിന്നു.

പക്ഷെ മനസ്സിന്റെ അടിത്തട്ടിൽ ഒരു സങ്കടം ഒളിഞ്ഞിരുന്നു.  മറ്റൊന്നുമല്ല ഒരു   ഇംഗ്ളീഷ് സ്കൂളിൽ ചേർന്നു പഠിക്കണമെന്ന മോഹം. അമ്മയുടെ മോഹമായിരുന്നു.   തന്റെയും.

അമ്മയുടെ നിർബന്ധം സഹിക്കാഞ്ഞ്  അപ്പൻ രണ്ടുമൂന്നിടത്തു അഡ്മിഷനുവേണ്ടി തിരക്കി. ആ ദിവസ്സത്തെ പണി കളഞ്ഞിട്ടാണ്‌ അപ്പൻ സ്കൂളുകളിൽ തിരക്കാൻ പോയത്.

വിയർത്തൊലിച്ച് അപ്പൻ മടങ്ങി വന്നു.

കോലായിലെ ബഞ്ചിൽ അപ്പനിരുന്നു. തോർത്തുമുണ്ട്  ശൂന്യതയിൽ ചുഴറ്റി ദേഹത്ത്  കാറ്റടിപ്പിച്ചപ്പോൾ വിയർപ്പു വറ്റി.

അപ്പനു കുടിക്കാൻ ഒരു കപ്പിൽ കുടിവെള്ളവുമായി കോലായിലേക്കു വന്ന് അമ്മ തിരക്കി

“ കുട്ടീന്റെ കാര്യത്തിനുവേണ്ടി പോയിട്ടെന്തായി..?”

അപ്പന്റെ വാക്കു കേൾക്കാൻ കാതുകൂർപ്പിച്ച് താനും അടുത്തിരുന്നു.

അപ്പന്റെ മുഖം മ്ളാനമായിരുന്നു. അപ്പന്റെ വായിൽ നിന്ന് വാക്കുകൾ പുറപ്പെടുന്നതിനുമുമ്പെ അമ്മ പറഞ്ഞു  “ നടക്കൂലാല്ലേ…!”

“തോനെ പൈസവേണം. കടം മേടിക്ക്യാന്ന് കരുത്യാൽ ആരോടാപ്പെ ചോതിക്ക്യാ..?” അപ്പൻ വൈഷമ്യത്തോടെ പറഞ്ഞു.

“ന്റെ കുട്ടിക്ക് വിധിച്ചിട്ടില്ലാന്ന് കര്‌ത്യാമതി .  എൽ.പി.സ്കൂളുകഴിഞ്ഞ് ഒരു നല്ല സ്കൂളിൽ ചേർക്കണന്ന് കരുതീത് വെറുതെയായിപ്പോയി ..”  അമ്മ ആത്മഗതം നടത്തി.

“നല്ലോണം പഠിച്ചാ ഏതു സ്കൂളായാലെന്താ..? അപ്പന്‌ ആഗ്രഹമില്ലാഞ്ഞിട്ടല്ല പക്ഷെ അപ്പന്റെ പരിതസ്ഥിതിയാണ്‌ അങ്ങനെ പറയാൻ കാരണം !.

കേട്ടുകൊണ്ടിരുന്ന കുട്ടിയുടെ മോഹം കെട്ടടങ്ങി. അവൻ പറഞ്ഞു “ നിക്ക് കുടിപ്പള്ളിക്കൂടത്തിൽ പോയാൽ മതി”

കുട്ടിയുടെ നിഷ്കളങ്ക്ത കണ്ട് അയാൾ കുട്ടിയെ  ചേർത്തുപിടിച്ച് ആശ്ലേഷിച്ചു.

അപ്പ്ന്റെ കൈക്കുപിടിച്ച് നടക്കുമ്പോൾ വഴിയോരത്തെ പെട്ടിക്കടയിലെ ചില്ലു ഭരണികളിൽ മിഠായികൾ നിറഞ്ഞിരിക്കുന്നതു കണ്ടു.  നാരങ്ങ മിഠായി വാങ്ങിത്തരണമെന്ന് അപ്പനോടു പറയണമെന്നുണ്ടായിരുന്നു. അപ്പന്റെ മുഖത്തേയ്ക്ക് എത്തിനോക്കുമ്പോൾ അപ്പൻ പറഞ്ഞു

“വേഗം നടക്കൂന്റെ മാത്തൂട്ടി…മണിയടിക്കാറായിരിക്കണു.”

പണ്ടു നുണഞ്ഞ  നാരങ്ങാ മിഠായിയുടെ രുചിയും നാവിലേറ്റി  അപ്പന്റെ പിന്നാലെ വേഗം നടന്നു.

ഇംഗ്ളീഷ് മീഡിയത്തിലെ കുട്ടിയകൾ  ഇംഗ്ളീഷ് പോയങ്ങൾ ചൊല്ലി പോകുന്നതു കണ്ടപ്പോൾ തന്റെ മനസ്സിൽ അക്ഷരമാലകളല്ലതെ മറ്റൊന്നും  കോർത്തെടുക്കൻ കഴിഞ്ഞില്ല. അതിനുത്തരവാദി അപ്പ്നാണെന്നു പഴിചാരാൻ എന്നേക്കൊണ്ടായില്ല. കാരണം ഇനി അപ്പൻ തിരികെച്ചെന്ന് കല്ലിനോടും മണ്ണിനോടും മത്സരിച്ചെങ്കിലെ അത്താഴം മുടങ്ങാതിരിക്കു.

അഞ്ചാം ക്ളാസ്സിലായിട്ടും അപ്പന്റെ കയ്യുംപിടിച്ചുപോകുന്ന മാത്തൂട്ടിനെക്കണ്ട്  ജെസ്സി അടക്കി ചിരിച്ചു.

പള്ളിക്കൂടത്തിന്റെ പടിവരെ വന്ന് അപ്പൻ മടങ്ങിപ്പോയി.  ഇനി നാലുമണിക്ക് പണികഴിഞ്ഞ് വിയർപ്പിൽ കുതിർന്ന തുണി പിഴിഞ്ഞുടുത്ത് അപ്പൻ എന്നും കാത്തുനില്ക്കാറുള്ളിടത്ത് തന്നെയും കാത്ത് നില്ക്കുന്നുണ്ടായിരുക്കും. രാവിലെ തന്നെ സ്കൂളിൽ വിട്ടുപൊയതാണെങ്കിലും കുറെക്കാലത്തിനു ശേഷം കാണുമ്പോഴുള്ള സന്തോഷത്തിമിർപ്പ് പോലെയായിരിക്കും തന്നെ വീണ്ടും കാണുമ്പോൾ  അപ്പന്റെ സന്തോഷാതിരേകവും സ്നേഹവായ്പും  !..

“എന്താണു  മാത്തൂട്ടി നിനക്കെപ്പോഴും ഒരുളുമ്പു നാറ്റം….നിനക്ക് നേരാംവണ്ണം കുളിച്ചിട്ടു വന്നൂടേർന്നോ ?” മാഷിന്റെ വക ചങ്കിൽ തട്ടണ ചോദ്യം.

മാഷിനറിയ്യോ അമ്മ മുള്ളങ്കുറുച്ചി ചുട്ട് പച്ചമുളകും ചേർത്തിടിച്ചുണ്ടാക്കി തന്നു വിടണ ചമ്മന്തിയും ചോറുമാണ്‌ താൻ കഴിക്കുന്നതെന്നും അതുകൊണ്ടാണ്‌ തന്നെ ഉളുമ്പു മണക്കുന്നതെന്നും !.

അമ്മ പറയും  “ ആരും കാണതെ മോൻ മാറിയിരുന്നു ചോറുണ്ടാൽ മതിട്ടോ !.”

താൻ മുള്ളങ്കുറിച്ചി ചമ്മന്തിയാണ്‌ കഴിക്കുന്നതെന്നറിഞ്ഞ്  തനിക്ക്  എന്തെങ്കിലും  ചെല്ലപ്പേരു വീണങ്കിലോ എന്നു കരുതിയാണ്‌ അമ്മ അങ്ങനെ പറഞ്ഞത് !.

അമ്മയുടെ ചിന്തപോലെതന്നെ ഒരിക്കൽ അതു സംഭവിച്ചു. ഒറ്റയ്ക്കിരുന്നു കഴിക്കുന്ന തന്റെ ചുറ്റും കൂട്ടുകാർ വട്ടംകൂടി. എന്നിട്ട് ചോറുപൊതി നിർബന്ധമായി തുറന്നു നോക്കി. ആർത്തിപിടിച്ചവരെപ്പോലെ അവരാ ചമ്മന്തിയെല്ലാം പകുത്തെടുത്തു. പകരമായി അവരുടെ കറികളിൽനിന്നു തനിക്കു പങ്കുതന്നു. കൂട്ടുകാർ അതിന്റെ രുചിയെ പുകഴ്ത്തിപ്പറഞ്ഞു. അപ്പോൾ മനസ്സിൽ ഉരുണ്ടുകൂടിനിന്ന ഒരു ചെല്ലപ്പേര്‌ മാഞ്ഞുപോയി.

എസ്കർഷൻ പോകുന്നവർ  പേരു കൊടുക്കാൻ ക്ളാസ്സിൽ വിളിച്ചു പറഞ്ഞു.

അമ്മയോടു പറഞ്ഞാലോ എന്നു മനസ്സിൽ മോഹം തിരതല്ലി. നടക്കാത്ത മോഹം പറഞ്ഞ് അപ്പനെയും അമ്മയേയും ബുദ്ധിമുട്ടിക്കണ്ടെന്നു കരുതി.

ഇനിയൊരിക്കലും കിട്ടാത്ത അവസ്സരമാണ്‌ സ്കൂൾ ഫൈനലിൽ എസ്കർഷൻ പോവുകയെന്നത്.  സാധിച്ചില്ലെങ്കിൽ വേണ്ട എന്നാലും അമ്മയോടു പറയാൻ തന്നെ തീരുമാനിച്ചു. അവസ്സരങ്ങൾ പാർത്ത് അമ്മയെ ചുറ്റിപ്പറ്റി നിന്നു.

“എന്താ മാത്തൂട്ടി ഒരു ചുറ്റിപ്പറ്റീള്ള നടപ്പ്…പരീക്ഷ വരാറായപ്പോ പഠിക്കാനൊന്നൂല്ലേ..?”

അമ്മയുടെ വാക്കുകേട്ട് മനസ്സുകാളി. വല്ലപ്പോഴും പെട (അടി) കിട്ടുന്നത് അമ്മേടെ കയ്യിൽ നിന്നാണ്‌.  അപ്പൻ ഇന്നുവരെ തല്ലിയിട്ടില്ല.

“ഒന്നൊള്ളതിനെ ഒലക്കകൊണ്ട് തല്ലി വളക്കണം !”

എന്ന് അപ്പൻ പറയാറുണ്ടെങ്കിലും അരണയുടെ മറവിപോലെ അപ്പൻ എല്ലാം മറന്നു കളയും. ദേഷ്യം വന്നാൽ അതു വിഴുങ്ങിക്കളയുന്നത് ഒരുപക്ഷെ ഈലോകത്തിൽ അപ്പൻ മാത്രമെയുള്ളു. ചിലപ്പോഴുള്ള അമ്മയുടെ സ്വഭാത്തിനു അപ്പന്റെ സ്ഥാനത്ത് വേറെ ആരായിരുന്നാലും അടികൊടുക്കും.  പക്ഷെ അമ്മയെ ഒരിക്കലും അപ്പൻ തല്ലിയിട്ടില്ല.

“ പെണ്ണുങ്ങളെ അടിച്ചു നന്നാക്കാൻ ഒരിക്കലും കഴിയില്ലെന്നും  ആണുങ്ങളുടെ നോട്ടത്തിന്റെ തീഷ്ണതയിൽ പെണ്ണുങ്ങൾ വരുതിയിൽ നില്ക്കണമെന്നുമാണ്‌ “ അപ്പന്റെ പക്ഷം.

അമ്മയുടെ ചോദ്യത്തിനുത്തരമില്ലാതെ  മൂകനായി നിന്നു.

“എന്താ മാത്തൂട്ടി നിനക്കൊരു വല്ലായ്മ..?”

“അമ്മേ സ്കൂളീന്ന് എല്ലാരും പിക്നിക്കിന്‌ പോവ്വാണ്‌…!”

“ന്റെ കുട്ടിക്കറിയില്ലേ ഇവിടത്തെ കാര്യം..!” അമ്മയുടെ വാക്കിൽ എല്ലാം അടങ്ങിയിരുന്നു.

പിന്നെ ഒന്നിനും കാത്തു നില്ക്കാതെ പുസ്തകങ്ങളുമെടുത്ത്  ഉമ്മറത്തു  കെട്ടിയിട്ടിരുന്ന ആടിനെയും അഴിച്ച് തരിശ്ശായി കിടക്കുന്ന അമ്പലപ്പറമ്പിലേക്കുപോയി. പുല്ലുകൾ ഇടതൂർന്നിടത്തേയ്ക്ക് ആട് പാഞ്ഞുപോയി പുല്ലു കാർന്നു തിന്നുകൊണ്ടിരുന്നു.

കാഞ്ഞിരവും പാലയും ഇടതൂർന്നു നില്ക്കുന്നിടം സർപ്പക്കാവാണ്‌. അവിടേക്കാരും പോകാറില്ല. ആടുകളെയും കന്നുകളെയും അങ്ങോട്ടേക്കയക്കാറില്ല. സർപ്പങ്ങളുടെ വിഷംതീണ്ടി മരിക്കും. ചിലപ്പോഴൊക്കെ രാംകുട്ടിയേട്ടന്റെയും അമ്മിണിയേട്ടത്തിയുടെയും തലവെട്ടം അവിടെ കാണാറുണ്ട്.

ഇലഞ്ഞി മരങ്ങൾ നില്ക്കുന്നതും സർപ്പക്കാവിനോടു ചേർന്നാണ്‌. തനാ ഇലഞ്ഞികളിൽ നിന്നും പെൺകുട്ടികൾക്ക് ഇലഞ്ഞിപ്പൂ ഉതിർത്തു കൊടുക്കാറുണ്ട്.

അവിടവിടെ പടർന്നു പന്തലിച്ചുനില്ക്കുന്ന  കശുവിന്മാവിൽ കയറിയിറങ്ങി  പയ്യന്മാർ കളിക്കുന്നുണ്ടായിരുന്നു.

ഒന്നിനും ഉത്സാഹം തോന്നിയില്ല. മനസ്സിൽ ചിന്തകൾ വേലിയേറ്റവും വേലിയിറക്കവും നടത്തിക്കൊണ്ടിരുന്നു.

പരവതാനിപോലുള്ള പുല്പ്പരപ്പിൽ തോർത്തു വിരിച്ച് അതിൽ കുത്തിയിരുന്നു. കയ്യിലിരുന്ന  പുസ്തകത്തിന്റെ താളുകളെ കാറ്റു മറിച്ചുകൊണ്ടിരുന്നു. താളുകളിൽ പിക്കിനിക്കിന്റെ ചിത്രങ്ങൾതെളിയുന്നതുപോലെ തോന്നി.

“താൻ വേറെ ഏതെങ്കിലും അല്ലലറിയാത്ത   വീട്ടിൽ ജനിച്ചാൽ മതിയായിരുന്നു !. എല്ലാ ആഗ്രഹങ്ങളും സാധിക്കുമായിരുന്നു !. നല്ല വസ്ത്രങ്ങൾ ധരിക്കാമായിരുന്നു. നല്ല ഭക്ഷണം കഴിക്കാമായിരുന്നു അങ്ങനെ എന്തെല്ലാം…..!”

സ്വപ്നലോകത്തേയ്ക്കു പാഞ്ഞ മനസ്സിനെ തിരിച്ചുപിടിച്ചു.  എന്നിട്ടു തിരിച്ചു ചിന്തിച്ചു.

“തന്നെ അപ്പൻ ഒരിക്കലെങ്കിലും തല്ലിയിട്ടുണ്ടോ ?. ഇല്ല. തന്നെ അപ്പൻ ഒരിക്കലെങ്കിലും പട്ടിണിക്കിട്ടിട്ടുണ്ടോ..?. ഇല്ല.  തനിക്ക് അപ്പൻ സ്നേഹം തരാതിരുന്നിട്ടുണ്ടോ..? ഇല്ല. ആഗ്രഹങ്ങൾ നടന്നില്ല അത്രമാത്രം.  തന്റെ അപ്പന്റെ കാലുകളിൽ തൂമ്പയും കല്ലുകളും തട്ടി വൃണം കൊണ്ടിട്ടും വൈദ്യനെപ്പോലും കാണിക്കാതെ കാട്ടുമരുന്നുകൾ അരച്ചുപൊത്തി സുഖം പ്രാപിച്ചതോർത്തുപോയി. അങ്ങനെ എത്ര തവണകൾ. ആ വൃണപ്പാടുകളെല്ലാം പാണ്ടുപിടിച്ചതുപോലെയായിരിക്കുന്നു. പിക്കിനിക്കിന്റെ ചിത്രങ്ങളെല്ലാം മനസ്സിന്റെ താളിൽനിന്നു മാഞ്ഞുപോയി. ഇപ്പോൾ അപ്പന്റെ ചിത്രം മാത്രമാണ്‌ ആ സ്ഥാനത്ത്.

സന്ധ്യാ നമസ്കാരവും കഴിഞ്ഞ് അത്താഴത്തിനായി നിലത്തു ചമ്രം പടിഞ്ഞിരുന്നു. പതിവുപോലെ അമ്മ അത്താഴം വിളമ്പിത്തന്നു.

അത്താഴം കഴിഞ്ഞ് അപ്പൻ മരക്കട്ടിലിൽ കുത്തിയിരുന്നു.   കിടക്കുന്നതിനു മുമ്പ് അപ്പന്റെ കാലിൽ എന്നും കുഴമ്പിട്ടുകൊടുക്കുന്നത് അമ്മയാണ്‌.  അന്നു ആടിനെ മേച്ചിരുന്നപ്പോൾ അപ്പന്റെ ദയനീയ ചിത്രങ്ങൾ മനസ്സിൽ മാറിമറിഞ്ഞതാണ്‌. അതുകൊണ്ട് അമ്മയുടെ കയ്യിൽ നിന്നും കുഴമ്പുവാങ്ങി താൻ തന്നെ അപ്പന്റെ കാലിൽ തേച്ചുകൊടുത്തു.

അപ്പന്റെ കാലിലെ പാടുകൾ തന്റെ ഹൃദയത്തിൽ കുറെ മുറിപ്പാടുകൾ സൃഷ്ടിച്ചു. പുത്രസായൂജ്യം ലഭിച്ച നിർവൃതിയിൽ അപ്പൻ തന്റെ കൈവിരലുകൾ തന്റെ തലയിൽ തലോടുന്നുണ്ടായിരുന്നു.  കണ്ണു നിറഞ്ഞുപോയി.  അപ്പന്റെ കാല്പ്പാദങ്ങളിലേക്ക് കണ്ണുനീർത്തുള്ളികൾ അടർന്നുവീണു.

“പാപിനിയായ മഗ്ദലന മറിയത്തിന്റെ കണ്ണുനീർ കർത്താവിന്റെ പാദങ്ങളിലേക്കടർന്നു വീണതുപോലെ !”.

കണ്ണുനീരും കുഴമ്പുംചേർന്ന്  അപ്പന്റെ കാലിൽ തേച്ചുപിടിപ്പിച്ചു.  എന്നിട്ട് അപ്പന്റെ കാലുകൾ രണ്ടിലും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടു  പറഞ്ഞു

“  എന്റെ പഠിത്തം മതിയാക്കി ഞാനപ്പന്റെ കൂടെ ഇനിമുതൽ പണിക്കു പോരുകയാണ്‌.  അപ്പന്റെ കഷ്ടതകൾകണ്ടു ഞാൻ മടുത്തു..എനിക്കിനി പഠിക്കണ്ടപ്പാ…പഠിക്കണ്ടാ..”

അവനെ എഴുന്നേല്പ്പിച്ച് തന്നോടൊപ്പം കട്ടിലിൽ ഇരുത്തി.  എന്നിട്ടയാൾ  പറഞ്ഞു.

“പഠിക്കണം…നന്നായ് പഠിക്കണം…നല്ല സ്വഭാവഗുണം ഉണ്ടാവണം. ഗുരുക്കന്മാരെ ബഹുമാനിക്കണം. മൂത്തവരോട് ആദരവുകാട്ടണം…ദൈവഭയത്തിൽ വളരണം.. എന്തു ജോലിയും ചെയ്യാനുള്ള മനക്കരുത്തുണ്ടാകണം. കളങ്കമില്ലാത്തതും ആർദ്രതയുമുള്ള മനസ്സു നേടണം .പിന്നെ നിരന്തരമായ പരിശ്രമം …വിജയം സുനിശ്ചിതമായും ഉണ്ടാവും. നിന്നെ വളർത്തി പഠിപ്പിച്ച് ഒരു നിലക്കാക്കുമ്പോൾ ഞാൻ ജയിച്ചു.  അതോടൊപ്പം എന്റെ ജന്മോദ്ദേശവും പൂർത്തിയാകും. ഒരു കുടുംബം സമൂഹത്തിന്റെ അടയാളമാണ്‌. നമ്മുടെ ആദർശങ്ങളെ നമ്മൾ മുറുക്കെ പിടിക്കണം. വരും തലമുറകളിലേക്കതു കൈമാറണം… നിന്റെ വല്യപ്പച്ചനു കഴിവില്ലായിരുന്നു. അതുകൊണ്ടെനിക്കു പഠിക്കാൻ കഴിഞ്ഞില്ല. പക്ഷെ അങ്ങേര്‌ എനിക്കൊരു ഗുണപാഠം തന്നിട്ടുപോയി – “ പട്ടിണിയാണെങ്കിലും മറ്റാരുമറിയാതെ സ്വന്ത പുരയ്ക്കകത്തിരുന്നു മണ്ണുതിന്നു ജീവിക്കണമെന്ന്…!! ”

അയാളുടെ കണ്ണുകൾ നിറഞ്ഞു.  തൊണ്ടയിടറി.  പിന്നെ അവർക്കിടയിൽ കുറെനേരം മൂകത തളംകെട്ടി നിന്നു.

അപ്പന്റെ വാക്കുകളെ ശിരസ്സാവഹിച്ചു കണ്ണുനീർ  തുടക്കുമ്പോൾ  എളിയിൽ തിരുകിയിരുന്ന നൂറു രൂപ നീട്ടിക്കൊണ്ട് അപ്പൻ പറഞ്ഞു

” നാളെ പേരെഴുതിച്ചോ പിക്കിനിക്കിനു പോകാൻ.“

മാത്തൂട്ടി എന്തുചെയ്യണമെന്നറിയാതെ അമ്മയെ പകച്ചുനോക്കി.

“ സാരല്യ വാങ്ങിക്കോ” അമ്മ പിൻതാങ്ങിക്കൊണ്ടു പറഞ്ഞു.

******

ഡിഗ്രിക്ക് പഠിക്കുമ്പോൾ ചിലവുകൾ കൂടിവന്നു. താങ്ങാവുന്നതിലേറെയാണ്‌ ഇപ്പോൾ അപ്പന്റെ ബുദ്ധിമുട്ടുകൾ.

എങ്ങൊപോയി മടങ്ങും വഴി അയാൾ കോളേജു പഠിക്കൽ വണ്ടിയിറങ്ങി.  മാത്തൂട്ടിയെ വിളിപ്പിച്ചു. കൂട്ടുകാരുമൊത്തു മാത്തൂട്ടി അപ്പനെ കാണാൻ എത്തി. നിറഞ്ഞ മനസ്സോടെ മത്തൂട്ടി അപ്പനെ നോക്കി കൂട്ടുകാരോടു പറഞ്ഞു “ ദേണ്ടടാ എന്റെ അപ്പൻ വന്നിരിക്കണു..”  അവന്റെ പിതൃ സ്നേഹം കണ്ട് കൂട്ടുകാർക്ക് ജാള്യതതോന്നി. കാരണം അവർ അവരുടെ അപ്പന്മാരുടെ ദൈന്യരൂപങ്ങൾ മറ്റുള്ളവർക്കു പരിചയപ്പെടുത്താൻ ഇഷ്ടപ്പെട്ടിരുന്നില്ല. മാത്തൂട്ടിയുടെ അപ്പനോടുള്ള ആദരവും സ്നേഹവും  കണ്ടപ്പോൾ അവർക്കു കുറ്റബോധം തോന്നി.

പറമ്പിൽനിന്നു പറിച്ച ഇഞ്ചി ചിരണ്ടിയുണക്കിയ ചുക്ക് മലഞ്ചരക്കു വ്യാപരിക്കു വിറ്റുകിട്ടിയ പൈസയുമായി മടങ്ങുമ്പോൾ നേരം വൈകിയിരുന്നു.

ജൗളിക്കടയിൽ കയറി ഭാര്യക്കും മാത്തൂട്ടിക്കും ഓരോ ജോഡി തുണിയെടുക്കാമെന്ന് കരുതി കടയിൽ കയറി. ഭാര്യക്ക് മുണ്ടും ചട്ടത്തുണിയും എടുത്തു. ചട്ടയ്ക്ക് തുണി എത്രവേണമെന്നറിയതെ കുഴങ്ങിയപ്പോൾ അടുത്തുനിന്ന സ്ത്രീയെ  നോക്കിപ്പറഞ്ഞു “ദേ ആ സ്ത്രീയുടെ അത്രവരും”.

പിന്നെ മാത്തൂട്ടിക്ക് പന്റെടുത്തു. ഷർട്ടിനു. എത്ര തുണിവേണമെന്ന് അറിയില്ല.  തലയിൽ തുണിക്കെട്ടും ഏറ്റിവന്ന പയ്യന്റെ നേരെ ചൂണ്ടിക്കൊണ്ടു പറഞ്ഞു  “അവന്റെ പോന്നെ പയ്യനുള്ളത്”.

അപ്പോഴേയ്ക്കും പയ്യൻ തുണിക്കെട്ട് സ്റ്റോർ റൂമിലിട്ട് തിരിച്ചു വന്നു. പയ്യന്റെ കാല്ക്കീഴിൽ നിന്നു ഭൂമിമാറിപ്പോയ പ്രതീതി.  എന്തുചെയ്യണമെന്നറിയാതെ മാത്തൂട്ടി ഇതികർത്തവ്യതാമൂഢനായി തരിച്ചുനിന്നു. താൻ ജോലിചെയ്ത് പഠിക്കാനായി പൈസ ഉണ്ടാക്കിയത് അപ്പനിൽനിന്നു മറച്ചുവെച്ചതിന്റെ പശ്ചാത്താപ ഭാരം മനസ്സിൽ കുമിഞ്ഞുകൂടി.

അപ്പനോടു മിണ്ടുവാൻ നാവനങ്ങിയില്ല. തന്നെ അറിയുന്ന ഭാവമ്പോലും അപ്പൻ കാണിച്ചില്ല.     പൈസയുംകൊടുത്ത് അപ്പൻ കടയിൽ നിന്നിറങ്ങിപ്പോകുന്നത് ജീവശ്ചവംപോലെ  മാത്തൂട്ടി നോക്കിനിന്നു.

തന്റെ വരവുംകാത്ത് അപ്പൻ ഉമ്മറത്തിരിപ്പുണ്ടായിരുന്നു. അപ്പൻ അടിച്ചിട്ടില്ലെങ്കിലും അടിയെ വെല്ലുന്ന ചോദ്യങ്ങളെ എങ്ങനെ നേരിടുമെന്ന് മാത്തൂട്ടി കണക്കുകൂട്ടി.

“നിന്റെ അപ്പൻ മരിച്ചിട്ടുപോരായിരുന്നോ മോനെ ഈ പണിയൊക്കെ..?!”

ഒന്നും  ഉരിയാടാതെ മാത്തൂട്ടി അകത്തുകയറിപ്പോയി.

കാലങ്ങൾ പലതു കഴിഞ്ഞിട്ടും  ഇന്നും അപ്പന്റെ വാക്കുകൾ ചങ്കിൽ കടൽത്തിരപോലെ  തിരയടിച്ചുയരും.

തന്റെ ബംഗ്ളാവിനു ചുറ്റും കാവല്ക്കാർ നില്പ്പുണ്ട്. എന്നിട്ടും അപ്പൻ തന്ന പരിരക്ഷ  തനിക്കൊരിടത്തും കിട്ടിയില്ല. മാറിമാറി ഇടാനുള്ള കോട്ടും സൂട്ടുമുണ്ട്. പക്ഷെ അന്നപ്പൻ താൻ ജോലിചെയ്ത കടയിൽ നിന്നു വാങ്ങിത്തന്ന തുണിയ്ക്കു തുല്യം വേറൊന്നില്ല.  വിഭവ സമൃദ്ധമായ ഭക്ഷണങ്ങളുണ്ട്.  എന്നിട്ടും അമ്മ തരാറുള്ള ചമ്മന്തി കൂട്ടിയുള്ള ആ ചോറിന്റെ രുചിയും മണവും  ഒരിടത്തും കിട്ടിയില്ല.

വിശ്രമില്ലാത്ത സിവിൽ സർവ്വീസ് ജീവിതം. സമയം നോക്കതെ ജോലിചെയ്തു വലയുമ്പോഴും ഭിത്തിയിലിക്കുന്ന അപ്പന്റെ ഫോട്ടോയിലേക്കു നോക്കിയാൽ അപ്പൻ പറയും

“നല്ല സ്വഭാവഗുണം ഉണ്ടാവണം. ഗുരുക്കന്മാരെ ബഹുമാനിക്കണം. മൂത്തവരോട് ആദരവുകാട്ടണം..ദൈവഭയത്തിൽ വളരണം.. എന്തു ജോലിയും ചെയ്യാനുള്ള മനക്കരുത്തുണ്ടാകണം. കളങ്കമില്ലാത്തതും ആർദ്രതയുമുള്ള മനസ്സു നേടണം. പിന്നെ നിരന്തരമായ പരിശ്രമം വേണം.…വിജയം സുനിശ്ചിതമായും ഉണ്ടാവും”

കാറ്റും കോളും വെയിലും  മഴയും മഞ്ഞും എല്ലം സഹിച്ച മാതാപിതാക്കളെന്ന   വൻതണൽ മരത്തിനു കീഴെ ജീവിച്ച കാലങ്ങളെ അയവിറക്കിക്കൊണ്ട്   മാത്തു.ടി, ഐ.എ.എസ്സ് തന്റെ ജോലി തുടർന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎന്‍മകജെയുടെ ഇംഗ്ലിഷ് പരിഭാഷ
Next articleബോണി തോമസിന്റെ ഡോഗ് സ്‌പെയ്‌സ്
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English