ഇടിഞ്ഞു പൊളിഞ്ഞ ഒരു കൊട്ടാരം.
ആ കൊട്ടാരത്തിനു മുന്നില്‍ കാലൊടിഞ്ഞ ഒരു കസേരയില്‍ താടിക്ക് കയ്യുംകൊടുത്ത് ധ്യാനത്തിലിരിക്കുകയാണ് മാവേലി തമ്പുരാന്‍.
രാവിലെ ഭാര്യ വച്ചിട്ടുപോയ കട്ടന്‍ചായ തണുത്ത് ഈച്ച വീണു കിടക്കുന്നു!
“എന്താ മനുഷ്യാ കുറേ നേരായല്ലോ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നേ..?”
“എടീ. ഞാന്‍ പല വട്ടം പറഞ്ഞിട്ടുള്ളതാ എന്നെ മനുഷ്യന്‍..മനുഷ്യന്‍..എന്ന് വിളിക്കരുതെന്ന്..? എടീ. ഞാന്‍ ദേവനാ..ദേവന്‍…”
“ഓ! ഒരു ദേവനിരിക്കുന്നു!? കഷ്ടം!? ദേവനാണെങ്കീ നിങ്ങടെ ദിവ്യശക്തികൊണ്ട് ഒരു നേരത്തെ കഞ്ഞിക്കൊള്ള വകയെങ്കിലും പ്രത്യക്ഷപ്പെടുത്താമായിരുന്നില്ലേ ദേവാ..?”
“കളിയാക്കാതെടീ. എനിക്കും ഒരു ദിവസം ഉണ്ടാകും. അന്ന് നീ മനസ്സിലാക്കും എന്റെ ശക്തി? അല്ല പിന്നെ…?”
മാവേലി വീണ്ടും ധ്യാനത്തിലേക്ക് പോയി.
“അല്ല. ഞാനറിയാഞ്ഞിട്ടു ചോദിക്കുവാ? എന്താ നിങ്ങള്‍ ആലോചിക്കുന്നേ?”
“എടീ. അത്. തിരുവോണം അടുത്തുവരുന്നു. എനിക്ക് കേരളത്തിലേയ്ക്ക് പോകേണ്ട സമയമായി. ഇപ്രാവശ്യം ഏതു സ്ഥലത്ത് പോകണമെന്നാ ഞാന്‍ ആലോചിക്കുന്നേ..?”
“അതാണോ കാര്യം? ഞാമ്പറയാം. ഈ വര്‍ഷം നിങ്ങള്‍ മാവേലിക്കരേ പൊയ്ക്കോ..”
“നല്ല സ്ഥലം? നീ പറഞ്ഞത് ഞാന്‍ അനുസരിക്കുന്നു..”
മാവേലി നേരേ മേക്കപ്പ് റൂമിലേയ്ക്ക് കയറി.
വെപ്പുമുടി ഫിറ്റു ചെയ്തു. കപ്പടാ മീശയും. മുക്കുപണ്ടപ്പെട്ടി തുറന്നു. മാല, വള, കാല്‍ത്തള, അരഞ്ഞാണം അങ്ങനെ പലതും അണിഞ്ഞു. അവസാനം സാക്ഷാല്‍ “മുക്കുകിരീടം” തലയില്‍ കേറ്റിവച്ചു. പിന്നെയുള്ളത് ഓലക്കുടയാണ്. ഒരു വര്‍ഷത്തെ പൊടിയുണ്ട് കുടയില്‍. പൊടി തട്ടിക്കളഞ്ഞു നോക്കുമ്പോള്‍ നിറയെ ദ്വാരങ്ങള്‍! ഓലക്കുടയ്ക്കും വയസ്സായില്ലേ?
“മംഗളം ഭവ: ..” ഭാര്യയുടെ അനുഗ്രഹവും വാങ്ങി പാതാളം റയില്‍വേ സ്റെഷനിലേക്ക് വച്ചുപിടിച്ചു.
കേരളത്തിലേയ്ക്കുള്ള ട്രെയിനില്‍ കയറി ഇരുന്നു. ട്രെയിന്‍ ചൂളം വിളിച്ചു യാത്രയായി.
തിരുവനന്തപുരം റയില്‍വേ സ്റെഷനില്‍ വണ്ടി നിന്നു. മറ്റൊരു ട്രയിനില്‍ കയറി മാവേലിക്കരയിലെത്തി.
തിരുവോണനാള്‍ പുലര്‍ന്നുവരുന്നതേയുള്ളൂ. വിശന്നിട്ടു വയ്യ? ഒരു കട്ടനെങ്കിലും കിട്ടിയിരുന്നെങ്കില്‍?
നടന്നു നടന്ന് ഒരു ഹോട്ടലിനു മുന്നിലെത്തി.
“..മാവേലിതമ്പുരാനു സ്വാഗതം..”
ഹോട്ടലുടമ മാവേലിയെ സ്വീകരിച്ചു ഒരു ടേബിളിനു മുന്നിലിരുത്തി.
“എന്താ വേണ്ടേ..?”
“നല്ല വിശപ്പുണ്ട്. അപ്പവും മുട്ടറോസ്റ്റും..പിന്നെ കടുപ്പത്തിലൊരു ചായയും കിട്ടിയാല്‍ കൊള്ളാം..?”
അപ്പവും മുട്ടറോസ്റ്റും ആര്‍ത്തിയോടെ കഴിച്ചു. നല്ല രുചി? ചായയും നുണഞ്ഞു കുടിച്ചു. നല്ല അസ്സല് ചായ? പാതാളവീട്ടില്‍ ആ അശ്രീകരം വച്ചുണ്ടാകുന്ന ചായ എന്തിനു കൊള്ളാം?
“വളരെ നന്ദിയുണ്ട് എനിക്കീ ആഹാരം തന്നതിന്..” മാവേലി ഹോട്ടലുടമയെ നോക്കി നന്ദി പ്രകാശിപ്പിച്ചു.
“ആര്‍ക്കു വേണം നന്ദി..? എനിക്ക് പണമാ വേണ്ടേ..? പണമെടുക്ക്..”
“എന്ത്? പണമോ? എന്റെ കയ്യീ പണമില്ല..”
“രാവിലെ ഇറങ്ങിക്കോളും നാശങ്ങള്? എങ്കീ കിച്ചനിലേക്ക് കേറിക്കോ..”
രാവിലെ മുതല്‍ രാത്രി എട്ടു മണിവരെ കഴുതേപ്പോലെ കടുകട്ടി പണി ചെയ്തു കൊടുത്തിട്ടാ അവമ്മാര് പുറത്തിറക്കി വിട്ടത്! വല്ലാതെ ക്ഷീണിച്ചു വശം കെട്ടുപോയി.
റോഡില്‍കൂടി വേച്ചു വേച്ച് നടക്കുകയാണ് മാവേലി.
വഴിയില്‍ ഇടയ്ക്കിടയ്ക്ക് ചെറുപ്പക്കാര്‍ വട്ടം കൂടിയിരുന്നു കുപ്പി പൊട്ടിച്ച് ആഘോഷം നടത്തുന്നുണ്ട്.
“എടാ..ദേണ്ടേ മാവേലി പോണു..”
ഒരു ചെറുപ്പക്കാരന്‍ മാവേലിയെ കണ്ടു.
“പിടിക്കെടാ മാവേലിയെ..”
ഒരുത്തന്‍ ഓടിവന്നു മാവേലിയെ വട്ടം പിടിച്ചു.
“വാ മാവേലി. ഒരു പെഗ്ഗടിച്ചിട്ടു പോകാം..”
“വേണ്ട മക്കളെ. ഞാന്‍ കുടിക്കത്തില്ല..”
“അത് പറഞ്ഞാല്‍ പറ്റില്ല. ഞങ്ങടെ സന്തോഷത്തിനാ… ഒരു പെഗ്ഗ്..?”
നാലഞ്ചു പേരുണ്ട്. അവര് നിര്‍ബന്ധിച്ചു ഒരു പെഗ്ഗ് മാവേലിയുടെ വായിലേക്കൊഴിച്ചു കൊടുത്തു. കടിച്ചുവലിക്കാന്‍ കോഴിക്കാലും..
പെഗ്ഗ് ഉള്ളില്‍ ചെന്നപ്പോള്‍ മാവേലി ഉഷാറായി.
ചെറുപ്പക്കാര്‍ ഓണപ്പാട്ട് പാടാന്‍ തുടങ്ങി.
“…മാവേലി നാട് വാണീടും കാലം…മാനുഷ്യരെല്ലാരും “കുപ്പി” പോലെ…?”
“ഞാന്‍ പോട്ടേ മക്കളെ? ഒരുപാട് സ്ഥലത്ത് പോകാനുള്ളതാ…”
“ശരി മാവേലീ..റ്റാ..റ്റാ..”
നടന്നു നടന്ന് വിജനമായ ഒരു സ്ഥലത്തെത്തി.
ആരോ രണ്ടുപേര്‍ മുഖം മൂടി ധരിച്ചു നില്‍ക്കുന്നു!?
മാവേലി അടുത്തെത്തിയപ്പോള്‍ അവര്‍ ചാടിവീണു!
“നില്‍ക്കവിടെ..” ഒരുത്തന്‍ തിളങ്ങുന്ന കത്തി കാണിച്ചു പേടിപ്പിച്ചു.
“എന്നെ ഉപദ്രവിക്കല്ലേ.. ഞാനൊരു പാവമാണേ..”
“ശരി. നിന്നെ ഞങ്ങള്‍ ഉപദ്രവിക്കത്തില്ല. പകരം നിന്റെ മുഴുവന്‍ ആഭരണങ്ങളും ഊരി തരണം…”
“…ത..രാം..”
മാവേലി തന്റെ ആഭരണങ്ങള്‍ ഒന്നൊന്നായ് ഊരിക്കൊടുത്തു.
“ശരി. ഇനി സ്ഥലം വിട്ടോ. ഇവിടെങ്ങും കണ്ടുപോകരുത്..”
വെറും കൈയ്യോടെ തിരിച്ചുവരുന്ന മാവേലിയെ കണ്ട് ഭാര്യ ഊറി ഊറിച്ചിരിച്ചു.
ഇടിഞ്ഞുപൊളിഞ്ഞ കൊട്ടാരത്തിന് മുന്നില്‍ വീണ്ടും ധ്യാനത്തിലാണ്ടു മാവേലി.