കനിവിന്റെയക്ഷരക്കൂട്ടുകള്‍ക്കൊണ്ടുഞാന്‍
നിര്‍മ്മിച്ചിടുന്നതാമീലളിതകവിതപോല്‍
ഹരിവദനസാമ്യമായ്സൃഷ്‌ടിച്ചു ധരണിതന്‍
പുത്രരെ കൃത്യതയോടെ സര്‍വ്വേശ്വരന്‍.
നല്‍കി, നരര്‍ക്കൊരേ തുടിതാള,മിടനെഞ്ചി-
ലുടയോന്റെയാത്മസന്ദേശസമാനമായ്
വ്യക്തമായില്ലയെന്നാല്‍ചിലര്‍ക്കിവിടെ; നാം-
നിത്യരാണെന്നഹംഭാവം പിറക്കയാല്‍.
ചപലഹൃത്തര്‍ചെയ്തിടും കര്‍മ്മമെന്നപോല്‍
വികലമാക്കീടുന്നിതാ,സുഖാന്വേഷികള്‍
പലകര്‍ഷകര്‍തന്‍ കദനനീര്‍പൊഴിയുകില്‍
കുലമെന്നപോല്‍തകര്‍ന്നീടാമവനിയും.
ആര്‍ഷധര്‍മ്മങ്ങള്‍ക്കുയിരേകി-ധരണിതന്‍
പെരുമയ്‌ക്കിനിനവ വര്‍ഷമായ്‌മാറിടാം
സൃഷ്‌ടിച്ചതെത്രമേല്‍ ശാന്തമായൊരുമതന്‍
ശക്തിപോ,ലത്യുദാരന്റെ കഴിവിനാല്‍!
ഹൃദ്തന്ത്രിയില്‍നിന്നുയര്‍ത്തിടുന്നലിവിന്റെ-
സ്നേഹാര്‍ദ്രവീചികളതിശ്രേഷ്‌ഠമായവന്‍
കുടികൊണ്ടിടുന്നു ചൈതന്യമായകമെയും:
പാടേമറന്നുപോകുന്നു,നാം സര്‍വ്വതും.
ദ്രുമങ്ങള്‍തോറുംപറന്നണയും പതംഗങ്ങള്‍
പാലിച്ചുപോന്നതാംനിഷ്ഠപോലും നരര്‍-
കാണാതെപോകുന്നുവോ,ചിലര്‍ക്കറിവിന്റെ
കാഴ്ചയക്കണ്ണിലെക്കരടുപോലാകയോ?
ജന്മമൊന്നേ,തരൂ! വ്യര്‍ത്ഥമാക്കാതെ; സത്
കര്‍മ്മമുയര്‍ത്തിടാനിന്നേയൊരുങ്ങുക!
നന്മയേപുലരൂ, വരൂ! ഹരിത ധരണിപോല്‍
ക്ഷമയോടെ,യിരുളകറ്റാം: ശ്രമിച്ചീടുക!