താമരാക്ഷി

thamarakshi

 

ഏത് പാതിരാത്രിയിലും ഉണര്‍വ്വ് തങ്ങിനില്ക്കുന്ന ഒരു സ്ഥലമാണ് റെയില്‍വേസ്റ്റേഷന്‍. കണ്ണൂരില്‍ നിന്നും എറണാകുളത്ത് പോകാനായി പുലര്‍ച്ചെ 5 മണിക്കുള്ള വണ്ടിക്കായി വെളുപ്പാന്‍കാലത്തെ സുഖസുന്ദരമായ ഉറക്കവും നഷ്ടപ്പെടുത്തികൊണ്ട് റയില്‍വേസ്റ്റേഷനില്‍ കാത്തിരിക്കയാണ് ഞാന്‍. പരിസരപ്രദേശങ്ങളിലുള്ള ഇരുട്ടും മൂകതയൊന്നും റയില്‍വേസ്റ്റേഷനെ ബാധിക്കുന്നേയില്ല. വണ്ടി വന്നിട്ടുവേണം അതില്‍ കയറി ഒന്നുറങ്ങുവാന്‍ എന്ന പ്രതീക്ഷയില്‍ അക്ഷമയോടെ കാത്തിരിക്കയാണ് യാത്രക്കാരെല്ലാം.

വണ്ടിയില്‍ കയറുമ്പോള്‍ എന്‍റെ പിന്നാലെ അവളുമുണ്ടായിരുന്നു. അപ്പോള്‍ ഞാനവളെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. വണ്ടിയില്‍ തിരക്ക് നന്നേ കുറവാണ്. ഓരോ ബോഗിയിലും രണ്ടോമൂന്നോ യാത്രക്കാര്‍ മാത്രം. ഉള്ളവര്‍ തന്നെ ഗാഢനിദ്രയിലുമാണ്. തിരക്ക് തുടങ്ങണമെങ്കില്‍ വണ്ടി കോഴിക്കോടെത്തണം. വല്ലാതെ തലവേദനിക്കുന്നു. നല്ല ഉറക്കക്ഷീണവും ഉണ്ട്. ഇന്നലെ രാത്രി വളരെ വൈകിയാണ് ഒന്നുറങ്ങാന്‍ പറ്റിയത്. പണ്ടേ യാത്ര ചെയ്യുന്നതിന്‍റെ തലേദിവസം ഒരകാരണമായ വെപ്രാളമാണെനിക്ക്. ഉറക്കം ശരിക്ക് കിട്ടാറില്ല.

ഒന്നുമയങ്ങി തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ ഞാന്‍. പെട്ടെന്നെന്തോ ഒരു ശബ്ദം കേട്ട് ഞെട്ടി ഞാന്‍ കണ്ണുതുറന്നു നോക്കിയപ്പോള്‍അവള്‍ എന്‍റെ മുന്നില്‍. കൈയ്യിലുള്ള ചളുങ്ങിയോട്ട വീണ അലൂമിനിയം പാത്രത്തില്‍ കൊട്ടികൊണ്ട് അവള്‍ പാടുകയാണ്. ഏതോ പഴയ ഹിന്ദിപ്പാട്ടിന്‍റെ ഈരടികള്‍. ഗാഢനിദ്രയിലായിരുന്ന സഹയാത്രികരില്‍ ചിലര്‍ തങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തിയ അവളെ എന്തൊക്കെയോ പറഞ്ഞ് ശകാരിക്കുന്നുണ്ട്. എനിക്കും വല്ലാത്ത ഈര്‍ഷ്യ തോന്നി. പക്ഷേ അവളുടെ ദൈന്യമാര്‍ന്നുള്ള ആ നില്‍പ്പ് കണ്ടപ്പോള്‍ അതില്ലാതെയായി. ഞനൊരു നിമിഷം അവളെ തന്നെ നോക്കിനിന്നു. ജടപിടിച്ച് ചെമ്പിച്ച മുടി, ശോഷിച്ച കൈകാലുകള്‍, അടിവറ്റിയ വയര്‍, മുഖത്ത് മൂക്കളയും അഴുക്കുംപറ്റിപിടിച്ചിരിക്കുന്നു, മുഷിഞ്ഞു കീറിയ ഉടുപ്പ്. ഏതാണ്ട് ഒന്‍പത് വയസ്സിന്‍റടുത്ത് പ്രായം കാണും ഇതൊക്കെയാണേലും അവളുടെ കണ്ണുകള്‍ക്ക് എന്തോയൊരു പ്രത്യേകതയുള്ളതായി എനിക്ക് തോന്നി. തിളക്കം മങ്ങിയിട്ടുണ്ടെങ്കിലും നല്ല വിടര്‍ന്ന കണ്ണുകളാണ് അവളുടേത്‌. ഒരു താമര വിടര്‍ന്നു നില്‍ക്കുന്നത്പോലെ മനോഹരമായ കണ്ണുകള്‍. ഇതുപോലുള്ള കണ്ണുകള്‍ ഞാന്‍ മുമ്പെവിടെയോ കണ്ടിട്ടുണ്ടെല്ലോ. അതെ ഈ കണ്ണുകള്‍ എനിക്ക് നല്ല പരിചയം ഉണ്ട്. പക്ഷേ എവിടെയാണ്? എവിടെയാണെന്ന്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. പ്രായമേറി വരുന്നത് കൊണ്ടാകാം ഓര്‍മ്മകളൊക്കെ മയങ്ങികിടക്കുകയാണ്.

വണ്ടി കോഴിക്കോടെത്തി. ഞാനാദ്യം ഞാനാദ്യമെന്നമട്ടില്‍ തിക്കി തിരക്കി കയറുകയാണ് യാത്രക്കാര്‍. എന്‍റെ മനസ്സില്‍ നിന്നും അവള്‍ പയ്യെ മാഞ്ഞുപോയി കഴിഞ്ഞിരുന്നു. ഉന്തിതള്ളി കയറിയവരെല്ലാം എവിടെയെങ്കിലുമൊക്കെയായി സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് അവള്‍ വീണ്ടും വന്നത്. അവളെ കണ്ടപ്പോള്‍ ചിലര്‍ ജനലിലൂടെയുള്ള പ്രകൃതിഭംഗി ആസ്വദിക്കാന്‍ തുടങ്ങി. ചിലര്‍ ഉടനെതന്നെ ഉറങ്ങിപ്പോയി. ചിലര്‍ “പോ” “പോ” എന്നുപറഞ്ഞ് അവളെ ആട്ടിപായിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ യാത്രക്കാരിലൊരുവന്‍ അല്പ്പം ഗൗരവം കലര്‍ത്തി പറഞ്ഞു. “ഇന്ന്‍ നമ്മുടെ നാട് നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ഭിക്ഷാടനമാഫിയ. ഇവറ്റകളുടെ പിന്നില്‍ വലിയ കൊലകൊമ്പന്മാരുണ്ടാകും. നമ്മള് കൊട്ക്ക്‌ന്ന കാശൊന്നും ഇവറ്റകള്‍ക്ക് കിട്ടില്ല. അതൊക്കെ അവന്മാര് തട്ടിപറിച്ചെടുക്കും. നമ്മള് ജോലി ചെയ്തുണ്ടാക്കുന്ന് കാശെന്തിനാ ആ കശ്മലന്മാര്‍ക്ക് കൊട്ക്കുന്നെ. ഈ യാചകമാഫിയ നിയന്ത്രിക്കാനുള്ള ഏകമാര്‍ഗ്ഗം ഇവറ്റകള്‍ക്കൊന്നും കൊടുക്കാതിരിക്കുക എന്നതാണ്. അതു കേട്ടപ്പോള്‍ പോക്കറ്റിലേക്ക് കൈയ്യിട്ടവര്‍ കൂടി കൈ ശൂന്യമായി പുറത്തേക്കെടുത്തു.

ഞാന്‍ അവളുടെ കണ്ണുകളിലേക്കുതന്നെ ഉറ്റുനോക്കികൊണ്ടിരിക്കയാണ്എവിടെയാണ് ഈ കണ്ണുകള്‍ മുന്‍പ് കണ്ടിട്ടുള്ളത്. പൊടുന്നനെ മങ്ങികിടക്കുന്ന എന്നോര്‍മ്മകളിലേക്ക് ഒരു നവവെളിച്ചം വീശി. ങ്ഹാ കിട്ടി പാര്‍വ്വതി. പണ്ട് ഞങ്ങളുടെ അയലത്ത് താമസിച്ചിരുന്ന സുമിത്രയുടെ മകള്‍ പാര്‍വ്വതികുട്ടിയുടേത് ഇതുപോലുള്ള വിടര്‍ന്ന കണ്ണുകളായിരുന്നു. വിടര്‍ന്നു നില്ക്കുന്ന താമര പോലുള്ള കണ്ണുകളാണ് നിന്‍റെ മോള്ക്കെന്ന്‍ ഞാനെപ്പോഴും സുമിത്രയോട് പറയുമായിരുന്നു. സുമിത്രയുടെ ഭര്‍ത്താവിന് ജോലിമാറ്റം കിട്ടി അവര് ആലപ്പുഴയ്ക്ക് താമസം മാറുമ്പോള്‍ പാര്‍വ്വതികുട്ടിക്ക് രണ്ടരവയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഇപ്പോയവള്‍ക്ക് ഏതാണ്ടിതേ പ്രായം കാണുമായിരിക്കും. ആലപ്പുഴയ്ക്ക് പോയതിനുശേഷം ഒന്നുരണ്ട് കത്ത് സുമിത്ര അയച്ചിരുന്നു. പിന്നെ ഒരുവിവരവും ഇല്ലാതെയായി. പിന്നെ ഞങ്ങളും അവിടുന്ന്‍ താമസം മാറിയല്ലോ. പാര്‍വ്വതികുട്ടി, എന്‍റെ മനസ്സില്‍ നിറഞ്ഞുനിന്നു. കിഞ്ഞരിപ്പല്ല് കാണിച്ചുകൊണ്ടുള്ള നിഷ്കളങ്കമായ ആ ചിരി കാണാന്‍ നല്ല രസമായിരുന്നു. അന്നു ഞാന്‍ കല്യാണം കഴിഞ്ഞു നാലഞ്ചു വര്‍ഷമായിട്ടും കുട്ടികളൊന്നുമാകാതെ നിരാശയില്‍ കഴിയുന്ന കാലമാണ്. പാര്‍വ്വതികുട്ടിയെ കുളിപ്പിക്കലും ഒരുക്കലും എടുത്തോണ്ട് നടക്കലും ഒക്കെ ഞാനായിരുന്നു. അവള്‍ക്കും എന്നെ വലിയ ഇഷ്ടമായിരുന്നു. അവള്‍ എന്നെ ചിറ്റേ എന്നാ വിളിച്ചിരുന്നേ. ഇവളെ ഈ മുടിയുടെ ജഡയൊക്കെ കളഞ്ഞ് എണ്ണതേച്ച് കുളിപ്പിച്ച് നല്ല ഉടുപ്പൊക്കെ ഇടീച്ചാല്‍ ശരിക്കും ആ പാര്‍വ്വതികുട്ടി വലുതായത്പോലെ തന്നെയിരിക്കും. വൈകുന്നേരം 4മണിക്ക് പുറപ്പെടുന്ന വണ്ടിയിലാണ് ഞാന്‍ എറണാകുളത്തുനിന്നും തിരിച്ച് പോന്നത്. അതേവണ്ടിയില്‍ തന്നെ അവളുമുണ്ടായിരുന്നു. ആ വണ്ടി കണ്ണൂരില്‍ എത്തുമ്പോള്‍ രാത്രി 10മണി കഴിഞ്ഞിരുന്നു. അവളാണ് ആദ്യം വണ്ടിയില്‍ നിന്നിറങ്ങിയത്. രാവിലെ 5 മണിമുതല്‍ രാത്രി 10മണിവരെ തൊണ്ട കീറിയിട്ടും ആ ചളുങ്ങിയൊട്ടിയ അലൂമിനിയം പാത്രത്തില് ഞാന്‍ കൊടുത്തതടക്കം 2 പത്തിന്‍റെ നോട്ടും ഏതാനും നാണയതുട്ടുകളും മാത്രം. അവള്‍ ആ കാശ് ശ്രദ്ധയോടെ പെറുക്കി ഒരുനിധിയെന്നപോല്‍ ഉള്ളം കൈയ്യില്‍ ചുരുട്ടിപിടിച്ച് ചളുങ്ങിയൊട്ടിയ അലൂമിനിയം പാത്രം ഭദ്രമായി തോളിലെ തുണിസഞ്ചിയില്‍ വെച്ച് നടന്നകലുന്നതും നോക്കി ഞാന്‍ കുറച്ചുനേരമങ്ങനെ നിന്നു. പോകുന്നവഴിക്ക് റെയില്‍വേ സ്റ്റേഷനിലെ ടീ സ്റ്റാളില്‍ കയറി അവളെന്തോവാങ്ങുന്നുണ്ട്. അവളെന്തായിരിക്കും വാങ്ങിയിട്ടുണ്ടാവുക. ഈ തുച്ഛമായ കാശിന് എന്ത് കിട്ടാനാണ്. എനിക്കെന്തോ അവളെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന്‍ തോന്നി. അതൊരുപക്ഷേ പാര്‍വ്വതികുട്ടിയുടെ മുഖഛായ ഉള്ളത്കൂടി കൊണ്ടായിരിക്കാം. ഒരു കുപ്പി വെള്ളം വാങ്ങാനെന്ന വ്യാജേന ഞാന്‍ അവള്‍ സാധനം വാങ്ങിയ ടീ സ്റ്റാളിലേക്ക് നടന്നു.

“അവളെ അറിയ്യോ” നടന്നകലുന്ന അവളെ ചൂണ്ടികാണിച്ചുകൊണ്ട് ഞാനാ കടക്കാരനോട്‌ ചോദിച്ചു.

“അറിയ്യോന്നാ, ഓളെ അറിയാത്തോരായിട്ട് ആരാ ഈ സ്റ്റേഷനില് ഉള്ളത്. ഓള്‍ടെ ലോകം തന്നെ ഈ സ്റ്റേഷനും ട്രെയിനുകളുമൊക്കെയല്ലേ”. ബ്ബ്ന്‍ ബ് റയില്‍വേ സ്റ്റേഷന്‍റെ പുറമ്പോക്കില്‍ കെട്ടിയിട്ടുള്ള ഷെഡ്ഡുകളിലൊന്നിലേക്ക് കൈ ചൂണ്ടികൊണ്ട് അവന്‍ തുടര്‍ന്നു. “ദാ, ആ കാണുന്ന ഷെഡ്ഡിലാ ഓള് താമസിക്ക്ന്നെ”.

“അവ്ടെ വേറെയാരെങ്കിലും” മുത്തശ്ശി കഥ കേട്ടിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ആകാംക്ഷയോടെ ഞാനവനെ നോക്കി.

“വയസ്സായ കൂനിക്കൂടി നടക്ക്ന്ന ഒരു മുത്തശ്ശിതള്ളയുണ്ട്. പിന്നെ കണ്ണ്‍ കാണാത്ത ഒരനിയന്‍ ചെക്കനും. തള്ള ആദ്യോക്കെ വീട്ട്പണിക്കൊക്കെ പോയിര്ന്നതാ. ഇപ്പം തള്ളയ്ക്ക് തീരെ വയ്യാണ്ടായി”.

“അപ്പോ അവള്ടെ അമ്മ” അറിയ്യാനുള്ള എന്‍റെ ആകാംക്ഷ കണ്ടിട്ടാകണം പറയ്യനുള്ള അവന്‍റെ ഉത്സാഹവും വര്‍ദ്ധിച്ചു. “അയിനെയാരോ എടങ്ങാറാക്കി കൊന്ന് കളഞ്ഞതാന്നാ ആളോള് പറേന്നെ. ഇവ്ടെ വരുമ്പോ ആ തള്ളയും രണ്ട് കുട്ടികളും മാത്രേയുള്ളൂ. അവരിവ്ടെ വന്നിട്ട് മൂന്നാല് കൊല്ലം ആവുന്നതേയുള്ളൂ. പിന്നെ ഞാനൊന്നും ചോദിക്കാതെ തന്നെ അവന്‍ പറയാന്‍ തുടങ്ങി.

“തള്ള പണ്ട് പോയിര്ന്ന മൊതലാളീടെ വീട്ടില് ഓളെ വീടുപണിക്ക് കൊണ്ടാക്കികൊട്ത്തതാ. പക്ഷേ ചെറിയകുട്ട്യാളെ പണിക്ക് നിറ്ത്തിയാ ബാലവേലയ്ക്ക് അകത്തുപോകും എന്നു പറഞ്ഞ് നാട്ടുകാരാരോ മൊതലാളിയെ പേടിപ്പിച്ചപ്പം അവ്ടുന്നും ഓളെ പറഞ്ഞുവിട്ടു. ഇപ്പം ഓള് ഈ വണ്ടികളില് തൊണ്ട കീറി കിട്ടുന്നത്കൊണ്ട് വേണം മൂന്ന്‍ വയര്‍ കഴിയാന്‍. കഷ്ടായേച്ചി അത്ങ്ങളെ കാര്യം. ഓളെ അമ്മയെ കൊന്ന പോലത്തെ കശ്മലന്മാര് ഇബ്ടയും ഉണ്ട്. അവര് ആ മുത്തശ്ശിതള്ളയുമായിട്ട് എന്നും വഴക്കാ. ആ പെങ്കൊച്ചിനെ അവരെ കൂടെ വിടാനാ പറേന്നെ, ചോദിക്ക്ന്ന പൈസ കൊട്ക്കാന്ന്‍. തള്ളയ്ക്ക് ജീവനുള്ള കാലത്ത് തള്ള അത് സമ്മതിക്കൂല്ല. ആ തള്ളയുടെ കാലം കഴിഞ്ഞാല്‍ അയിന്‍റെ കാര്യം എന്താവും എന്തോ”.

വീട്ടിലെത്തിയിട്ടും രണ്ടുദിവസം വരെ അവളെന്‍റെ മനസ്സില്‍ തന്നെ ഉണ്ടായിരുന്നു. പിന്നെ ഞാനെന്‍റെ തിരക്കുകളിലേക്കും ജീവിതപ്രാരാബ്ധങ്ങളിലേക്കും വഴുതിവീണപ്പോള്‍ പയ്യെ ഞാനവളെ മറന്നുപോയി.

രണ്ടുമൂന്ന്‍ മാസം കഴിഞ്ഞുകാണും. ഒരു ഔദ്യോദികാവശ്യത്തിനായി കോഴിക്കോട്ട് പോയതാണു ഞാന്‍. അവിടെവെച്ച് തികച്ചും യാദൃശ്ചികമായാണ് സുമിത്രയുടെ ഭര്‍ത്താവ് ശശിയെ കണ്ടത്. എനിക്കാദ്യമാളെ കണ്ടിട്ട് മനസ്സിലായില്ല. പിന്നെ അയാള്‍ ഇങ്ങോട്ടുവന്നു പരിചയം പുതുക്കുകയായിരുന്നു.

“എന്താ ഇവിടെ, ഇപ്പോ ഇവ്ടെയാണോ ജോലി”ഞാന്‍ ചോദിച്ചു.

“അല്ല പാലക്കാട്ടാണ്, ഇവ്ടെ ഒരു ഹോസ്പിറ്റലില്‍ സുമിത്രയെ സുഖമില്ലാണ്ട് അഡ്മിറ്റ് ചെയ്തിരിക്കയാ.

“ഏത് ഹോസ്പിറ്റലില്‍” ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
“ഇവടെയടുത്തുള്ള ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍”.

അത്കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി “മാനസികാരോഗ്യകേന്ദ്രത്തിലോ, എന്താ, എന്ത് പറ്റി സുമിത്രയ്ക്ക്”.

അയാള്‍ ചുരുങ്ങിയ വാക്കുകളില്‍ അവരുടെ ജീവിതത്തില്‍ സംഭവിച്ച ആ ദുരന്തം എന്നെ പറഞ്ഞുകേള്‍പ്പിച്ചു.

“ഞങ്ങള്‍ ആലപ്പുഴയ്ക്ക് പോയി ഒരാറുമാസം കഴിഞ്ഞുകാണും. അവ്ടെ റോഡ്സൈഡില്‍ തന്നെയാ ഞങ്ങടെ വീട്. ഒരുവൈകുന്നേരം മുറ്റത്ത് നിന്ന്‍ മണ്ണില്‍ കളിക്കയായിരുന്നു പാര്‍വ്വതികുട്ടി. സുമിത്രയെത്ര പറഞ്ഞിട്ടും അവള്‍ അകത്തേക്ക്കയറാന്‍ കൂട്ടാക്കിയില്ല. അവസാനം മുറ്റത്തൂന്നു തന്നെ അവളെ കുളിപ്പിച്ച് കയറ്റാന്ന്‍ കരുതി തോര്‍ത്തും സോപ്പും എട്ക്കാന്‍ പോയതാ സുമിത്ര. തിരിച്ചു വന്നുനോക്കിയപ്പോ പാര്‍വ്വതികുട്ടിയെ കാണാനില്ല. പറമ്പിലും കിണറ്റിലും അയലത്തെവീടുകളിലെല്ലാം സുമിത്ര ചെന്നുനോക്കി. പക്ഷേ അവളെ കണ്ടില്ല. അന്വേഷിക്കാവുന്നിടത്തൊക്കെ ഞങ്ങള്‍ അന്വേഷിച്ചു. ഐജിക്ക്‌ വരെ പരാതി കൊടുത്തു. പക്ഷേ ഒരു ഫലവും ഉണ്ടായിരുന്നില്ല. അന്നു തെറ്റിയതാ സുമിത്രയുടെ മനസ്സിന്‍റെ താളം. ഇപ്പോ 6 വര്‍ഷം കഴിഞ്ഞു. ഞങ്ങടെ മോള് എവിടെയാന്നോ, ജീവനോടെയുണ്ടോ ഒന്നും ഞങ്ങള്‍ക്കറിയില്ല. അത് പറയുമ്പോള്‍ കണ്ണീര്‍ചാലുകള്‍ അയാളുടെ കവിളും കടന്ന്‍ നിലത്തുവീണുകൊണ്ടിരുന്നു.

ഇതൊക്കെയും കേട്ട് എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ഞാന്‍. ഈശ്വരാ, എന്തൊക്കെയാ ഈ ലോകത്ത് നടക്ക്ന്നെ. പാര്‍വ്വതികുട്ടിയെ കാണാതായിട്ട് ആറു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഞാനന്ന്‍ ട്രെയിനില്‍ വെച്ച് കണ്ട അവള്‍ ഇനി പാര്‍വ്വതികുട്ടി തന്നെയായിരിക്കുമോ. അവളുടെ കാര്യം ശശിയോട് പറയണോ. സ്വന്തം മോളെ ട്രെയിനില്‍ ഒരു പിച്ചക്കാരിയായിട്ട് കണ്ടൂന്ന്‍ എങ്ങനെയാ ഒരച്ഛനോട്‌ പറയ്യാ. പറയ്യാതിരിക്കാനും വയ്യല്ലോ. ഞാനൊടുവില്‍ ധൈര്യം സംഭരിച്ച് അവളെ കണ്ടതും അവളെക്കുറിച്ച് കടക്കാരന്‍ പറഞ്ഞതും എല്ലാം ശശിയോട് പറഞ്ഞു. ആ കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു നേരിയവെളിച്ചം ഉദിക്കുന്നതായി ഞാന്‍ കണ്ടു. അപ്പോള്‍ തന്നെ ശശി എന്നോടൊപ്പം ആ റെയില്‍വേസ്റ്റേഷനിലേക്ക്‌ പുറപ്പെട്ടു. ആ മുത്തശ്ശിതള്ളയെ കണ്ട് ഞങ്ങള്‍ കാര്യങ്ങളൊക്കെ പറഞ്ഞു. പാര്‍വ്വതികുട്ടിയെ കാണാതായതും ട്രെയിനില്‍ വെച്ച് പാര്‍വ്വതികുട്ടിയുടെ രൂപസാദൃശ്യമുള്ള അവരുടെ പേരക്കുട്ടിയെ കണ്ടതുമെല്ലാം. ഞങ്ങടെ കാണാതായ പാര്‍വ്വതികുട്ടി തന്നെയാ നിങ്ങടെ പേരക്കുട്ടി എന്നു പറഞ്ഞപ്പോള്‍ അവര്‍ അത് ശക്തമായി നിഷേധിച്ചു. ഒടുവില്‍ പൊലീസിനെയും കൂട്ടിവന്ന്‍ സത്യം പറയിപ്പിക്കും എന്നു ഭീഷണിപ്പെടുത്തിയപ്പോഴാണ് അവര്‍ സത്യം തുറന്നുപറഞ്ഞത്.

“അന്ന്‍ മംഗലാപുരത്ത് ഉള്ളോട്ട്ള്ള ഒരു കോളനീല്‍ ഒരു കൂര കെട്ടി താമസിക്കയാ ഞാനും മോളും. അപ്പഴാ ദൂര ഏട്ന്നോനിന്ന്‍ പിച്ചക്കാരുടെ ഒരു കൂട്ടം ഞങ്ങടെ കോളനീല് വന്ന്‍ ഷെഡ്ഡ് കെട്ടി താമസിക്കാന്‍ തൊടങ്ങിയേ. ആ കൂട്ടത്തില് കുട്ടികളായിര്ന്ന്‍ കൂട്തലും. കണ്ണുകാണാത്തോര്, നടക്കാന്‍ കയ്യാത്തോര്, കാത് കേക്കാത്തോര്, ചിത്തഭ്രമം ബാധിച്ചോര്, അങ്ങനെ എന്തേലും കൊറവ് ഉള്ളവരായിര്ന്ന്‍ ആ കുട്ടികള്‍. ഇത്രയും കുട്ടികളെ വൈകല്യത്തോടെ പടച്ച ദൈവം എന്ത് ക്രൂരനാണെന്ന്‍ എനിക്ക് എപ്പളും തോന്നീട്ട്ണ്ട്. ദൈവല്ല ക്രൂരത കാട്ടിയത്ന്ന്‍ പിന്നെയാ മനസ്സിലായെ. ആ പിച്ചക്കാരുടെ കൂട്ടത്തിന് മൂന്നാല് സംഘതലവന്മാരുണ്ടായിരുന്നു. പലേട്ത്തുന്നുമായി കുട്ടികളെ കട്ടോണ്ട് വന്ന്‍ കണ്ണ്‍ കുത്തിപൊട്ടിച്ചും കൈകാല്തല്ലിയൊടിച്ചും പിച്ചക്കിരുത്തും. എന്തേലും കൊറവ് ഉള്ളോരാവുമ്പം കാശ് കൂടുതല്‍ കിട്ടുയല്ലോ. പിച്ച തെണ്ടി കിട്ട്ന്ന കാശെല്ലാം ആ തടിമാടന്മാര് വീതിച്ചെട്ക്കും. ആ പാവങ്ങള്‍ക്ക് ശരിക്കാഹാരം പോലും കൊടുക്കൂല. അങ്ങനെ പിടിച്ചോണ്ട് വന്ന കുട്ടികള്ടെ കൂട്ടത്തില്ണ്ടായിര്ന്നതാ നിങ്ങടെ മോളും പിന്നെയിതാ ഈ ചെക്കനും” കണ്ണ്‍ കാണാത്ത ആ കൊച്ചുബാലനെ ചൂണ്ടിക്കൊണ്ട് അവര്‍ പറഞ്ഞു. ഒര് ദെവസം ആ പിശാച്ക്കള്ടെ തല്ല് ഭയന്ന്‍ ന്‍റെ കൂരേല് ഒളിച്ചിര്ന്നതാ രണ്ടും. രണ്ടിനെയും ഞാന്‍ കൂടകൂട്ടി “ഈന്‍റെ കണ്ണ്‍ ആ ക്രൂരന്മാര് കുത്തിപൊട്ടിച്ചതാ. അല്ലാണ്ടിവന്‍ ജന്മനാ കണ്ണ്‍ കാണാത്തോനല്ല. ഒര് ദെവസം ആ ദ്രോഹികള്‍ ന്‍റെ കൂരയിലോട്ട് വന്ന്‍ എന്നെ തലയ്ക്കടിച്ച് ബോധം കെട്ത്തി ന്‍റെ മോളെ ——”

അത് പറയുമ്പോള്‍ അവര്‍ നിറുത്താതെ കരയുകയായിരുന്നു. ആ പെങ്കൊച്ചിനെ മുന്നിലേക്ക് നിറുത്തികൊണ്ട് അവര്‍ വീണ്ടും പറഞ്ഞു.

“ഇങ്ങടെ മോളല്ലാന്ന്‍ണ്ടേലും ഇവളെ ഇങ്ങള് കൊണ്ടോയ്ക്കോ. അല്ലേല് ന്‍റെ കാലശേഷം ന്‍റെ മോളെ ഗതിതന്നെയാവും ഈ പെങ്കൊച്ചിനും. ന്‍റെ കണ്ണടയുന്നതിനു മുന്‍പേ ഈ ചെക്കനെ അന്നേഷിച്ചും അവകാശികള് എത്തിയാ മതിയായിരുന്നു”.

പാര്‍വ്വതികുട്ടിയുടെ കണ്ണുകളിലേക്കും ശശിയുടെ കണ്ണുകളിലേക്കും നോക്കിയപ്പോള്‍ എനിക്ക് നല്ല ആത്മസംതൃപ്തി തോന്നി. അപ്പോഴും ഒരു സങ്കടം ബാക്കിയുണ്ട്. ഇങ്ങനെ എത്രയോ പാര്‍വ്വതികുട്ടികള് നമ്മുടെ നാടിന്‍റെ പലഭാഗങ്ങളിലായി അച്ഛനമ്മമാരെ നഷ്ടപ്പെട്ട് യാതന തിന്ന്‍ ജീവിക്കുന്നുണ്ട്. അതിലൊരു പാര്‍വ്വതികുട്ടിയെ രക്ഷിക്കാനല്ലേ എനിക്കായുള്ളൂ. എത്രയോ സുമിത്രമാര് മക്കളുടെ തിരോധാനത്തില്‍ വെന്തുരുകുന്നുണ്ട്. അതിലൊരു സുമിത്രയുടെ കണ്ണീര് തുടയ്ക്കാനല്ലേ എനിക്കായുള്ളൂ….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English