നേരം പരപരാ വെളുത്ത് തുടങ്ങിയതേയുണ്ടായിര്ന്നുള്ളൂ. പുറത്തെവിടെയോ പൂവന്‍കോഴി കൂവുന്നതു കേള്‍ക്കാം.അപ്പഴേ കമലേടെ ഹൃദയം പട പടാന്ന്‍ മിടിച്ചു തുടങ്ങി. ഇന്നവളുടെ കല്യാണമാണ്. ഒരു പെണ്ണിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. ഏതൊരു പെണ്ണിന്‍റെയും വിധി നിര്‍ണ്ണയിക്കുന്ന ദിവസം. ഒരായിരം ചിന്തകള്‍ അവളുടെ മനസ്സില്‍ കൂടു കൂട്ടി.
ഇനിയുള്ള നാളുകള്‍ തനിക്ക് സന്തോഷം നിറഞ്ഞതായിരിക്കുമോ. മറിച്ചാവാന്‍ ഒരു സാധ്യതയുമില്ല. ഏട്ടനെ കണ്ടാലറിയാം നല്ലവനാണെന്ന്. സൗമ്യമായ പെരുമാറ്റവും കുലീനത്വവുമുള്ള ഒരു മിതഭാഷി. എല്ലാരും പറഞ്ഞു ഈ ബന്ധം തന്‍റെ ഭാഗ്യമാണെന്ന്‍. ശരിയാ ഭാഗ്യം തന്നെയാണ്. അല്ലേല് ഒരു സാധാരണ സ്ക്കൂള്‍മാഷിന്‍റെ മോള്‍ക്ക് ഏട്ടനെപ്പോലെ വലിയൊരു ബിസിനസ്സ്കാരന്‍റെ ഭാര്യയാവാനുള്ള അവസരം വന്നു ചേരുമോ. ഇന്ന്‍ മനസ്സാകും പൂങ്കാവനത്തില് മധുര സ്വപ്നങ്ങളാം ചിത്രശലഭങ്ങള്‍ പാറി നടക്കേണ്ട ദിവസമാണ് .ഒരുതരത്തിലുള്ള ആകുലചിന്തകളുടെയും ആവശ്യമില്ല. അല്ലേ തന്നെ ഒരാള്‍ക്കും ഒരുതരത്തിലുള്ള ദ്രോഹവും വരണമെന്ന് ആഗ്രഹിക്കാത്ത തന്നെയും അച്ഛനെയും ഈശ്വരന്‍ പരീക്ഷിക്കില്ലല്ലോ.
പാവം അച്ഛന്‍. താന്‍ ഭര്‍ത്താവിന്‍റെ വീട്ടില് പോയാല്‍ അച്ഛനു കൂട്ട് തന്‍റെ ലൗബേര്‍ഡ്സ് മാത്രം. എത്ര സങ്കടങ്ങള്‍ ഉണ്ടെങ്കിലും അച്ഛനൊന്നും പുറമെ കാണിക്കില്ല. മുഖം എപ്പോഴും പ്രസന്നമായിരിക്കണമെന്നാ അച്ഛന്‍ പറയാറ്. സത്യത്തെയും നന്മയെയും മുറുകെ പിടിക്കുന്ന ഒരു പരമ സാത്വികന്‍. ഇത്രയും വലിയട്ത്ത്ന്ന്‍ള്ള ഒരു ബന്ധത്തിന് അച്ഛന് ആദ്യം താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ ഏട്ടന്‍റെ വിനയവും കുലീനത്വവുമൊക്കെ കണ്ടപ്പോള്‍ അച്ഛന്‍റെ മനസ്സു മാറി. ഭര്‍ത്താവ് ദൈവതുല്യനാണെന്നാണ് മുത്തശ്ശി പറഞ്ഞുതന്നിട്ടുള്ളത്. ഏട്ടനോട് ഒരുതരത്തിലുള്ള അനുസരണക്കേടും കാട്ടരുത്. ആ കാല്‍ തൊട്ട് വന്ദിച്ചശേഷം വേണം ഓരോ ദിവസവും തുടങ്ങാന്‍.
ഒരു രാജകൊട്ടാരത്തെ അനുസ്മരിപ്പിക്കുന്ന ആ വലിയ വീട്ടിലേക്ക് വലതു കാലെടുത്തുവെച്ചു കയറിയപ്പോള്‍ അവള്‍ക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി. ആ മണിമാളികയുടെ ദൃശ്യചാരുത വിടര്‍ന്ന കണ്ണുകളോടെ അവള്‍ നോക്കി കാണുകയായിരുന്നു. ഈ വലിയ വീട്ടില് ഏട്ടനും കുറച്ച് വേലക്കാരും മാത്രമാണ് താമസം. ഏട്ടന്‍റെ അച്ഛനും അമ്മയുമൊക്കെ ചെറുപ്പത്തിലേ മരിച്ചു പോയതാണ്. തന്നെ നോക്കി ഭവ്യതയോടെ മാറി ഒതുങ്ങി നില്ക്കുന്ന വേലക്കാരെ കണ്ടപ്പോള്‍ അവള്‍ക്ക് വല്ലാത്ത ജാള്യതയാണ് തോന്നിയത്. താനും നിങ്ങളെപ്പോലെ ഒരു സാധാരണക്കാരിയാണെന്ന് അവരോട് പറയണമെന്നുണ്ടായിരുന്നെങ്കിലും അവളൊന്നും മിണ്ടിയില്ല. അമ്പലത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പുപോലും അച്ഛന്‍ പറഞ്ഞതാണ്, എത്ര ഐശ്വര്യങ്ങളുണ്ടെങ്കിലും അനുഗ്രഹങ്ങളുണ്ടായാലും അഹങ്കരിക്കരുത്. അഹങ്കാരം ഒരു മനുഷ്യന്‍റെ പരാജയത്തിലേക്കുള്ള ആദ്യ ചവിട്ടു പടിയാണ‍്.
സമയം രാത്രി പത്തു കഴിഞ്ഞിരിക്കുന്നു. ഏട്ടന്‍ ഇതുവരെ മുറിയിലേക്ക് വന്നിട്ടില്ല. ബെഡ്റൂമിനോട് ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍ നിന്ന്‍ അവള്‍ പുറത്തേക്ക് നോക്കി. ഏട്ടന്‍ അവിടെ പന്തലില്‍ ഇരിപ്പുണ്ട്. ചുറ്റുംകൂടി നില്ക്കുന്ന മൂന്നാല് കറുമ്പന്മാരോട് എന്തൊക്കെയോ സംസാരിക്കുകയാണ്.ആരായിരിക്കും അവര്‍. ബിസിനസ്സിലെ സഹായികളോ മറ്റോ ആയിരിക്കും. താന്‍ നോക്കുന്നത് ഏട്ടന്‍ കണ്ടെന്ന്‍ തോന്നുന്നു.നേരിയൊരു ചമ്മലോടെ അവള്‍ പയ്യെ ഉള്ളിലേക്കു വലിഞ്ഞു.
ആരാണെന്നറിയില്ല. എന്തായാലും മണിയറ നന്നായി അലങ്കരിച്ചിട്ടുണ്ട്. കടും ചുവപ്പു നിറമുള്ള റോസാപ്പൂവിന്‍ ഇതളുകള്‍ ചോരതുള്ളികള്‍ പോലെ മെത്തയില്‍ വിതറി കിടപ്പുണ്ട്. ഈ മുറിക്കാകെ ഒരു ചുവപ്പുമയമാണ്. കിടക്കവിരിയും കര്‍ട്ടനും സോഫാകുഷ്യനും കാര്‍പ്പെറ്റും എല്ലാം ചുവപ്പ്.ഏട്ടന് ചുവപ്പു നിറം വലിയ ഇഷ്ടമാണെന്ന് തോന്നുന്നു.
ഉറക്കത്തില്‍ അവളെ ആരോ തട്ടിയുണര്‍ത്തുകയാണ്. അവള്‍ കണ്ണു തുറന്നു നോക്കിയപ്പോള്‍ ചുവന്ന നാക്ക് നീട്ടിയ ചോരകണ്ണുകളുള്ള ഒരു ഭീകരരൂപം കൈയ്യില്‍ ഒരു നീളന്‍ വാളുമേന്തി അവളുടെ മുന്നില്‍ നിന്ന്‍ ഉറഞ്ഞുതുള്ളുകയാണ്. ആ ചുവന്ന നാക്കിന്‍ തുമ്പില്‍ നിന്നും ചോരതുള്ളികള്‍ ഇറ്റിറ്റ് വീഴുന്നുമുണ്ട്. അവള്‍ കിടക്കയില്‍ നിന്ന് പിടഞ്ഞെഴുന്നേറ്റ് അലറി വിളിച്ചു കൊണ്ടോടി. തന്‍റെ അച്ഛന്‍റെ അരികിലേക്ക്. പക്ഷേ വീട്ടിലെത്തിയപ്പോള്‍ അച്ഛനെ അവിടെങ്ങും കണ്ടില്ല. തന്‍റെ ലൗബേര്‍ഡ്സ്നിയൊക്കെ ആരോ ചുട്ടെരിച്ചു കൊന്നിരിക്കുന്നു. ഞെട്ടിയുണര്‍ന്ന്‍ നോക്കുമ്പോള്‍ ഉറഞ്ഞുതുള്ളിയ ഭീകരരൂപങ്ങള്‍ അവിടെയെങ്ങും ഇല്ല. തന്‍റെ ദേഹത്ത് കൈയ്യെടുത്തുവെച്ച് തന്നോട് പറ്റിച്ചേര്‍ന്നു കിടന്നുറങ്ങുകയാണ് ഏട്ടന്‍. ആദ്യരാത്രീല് അങ്ങനൊരു സ്വപ്നം കണ്ടതിന്‍റെ അനൌചിത്യത്തെക്കുറിച്ചാണ് അവളപ്പോള്‍ ഓര്‍ത്തത്.
പിറ്റേന്ന് പതിവിലും നേരത്തെ അവള്‍ എണീറ്റു. ഭര്‍ത്തൃവീട്ടിലെ ആദ്യ പ്രഭാതമാണ്. പ്രഭാതസൂര്യന്‍റെ പൊന്നിന്‍ സ്പര്‍ശമേറ്റ് ആ മുറിയുടെ ചുവപ്പു മയം ഒന്നുകൂടി കനത്തതായി അവള്‍ക്കു തോന്നി. കുളിയും പ്രാര്‍ത്ഥനയും കഴിഞ്ഞ് ഭര്‍ത്താവിനെ ഉണര്‍ത്താതെ തന്നെ ആ കാല്‍ തൊട്ട് തന്‍റെ കണ്ണില്‍ വെച്ച് വന്ദിച്ച ശേഷം കോണിപ്പടികളിറങ്ങി അവള്‍ താഴേക്കു ചെന്നു. അവളെ കണ്ടപ്പോള്‍ വേലക്കാരികളിലൊരാള്‍ അവിചാരിതമായി ടീച്ചറെ കണ്ട വിദ്യാര്‍ത്ഥിയുടെ ഭയപ്പാടോടെ രണ്ടു കപ്പുകളില്‍ ചായ പകര്‍ന്ന്‍ അതൊരു ട്രേയില്‍ വെച്ച് ഭവ്യതയോടെ അവള്‍ക്കു നേരെ നീട്ടി. ആ ട്രേയുമായി മുകളിലേക്ക് പോകാന്‍ ഭാവിക്കുമ്പോഴാണ് ലിവിംഗ് റൂമിലെ ടീപ്പോയില്‍ കിടക്കുന്ന അന്നത്തെ പത്രം ശ്രദ്ധയില് പെട്ടത്. മുന്‍പേജിലെ തലകെട്ടൊന്ന്‍ നോക്കികളയാം.
പത്രമെടുത്ത് നിവര്‍ത്തിയതും അവളൊന്ന്‍ നടുങ്ങി. ഈശ്വരാ, ബസ് സ്റ്റാന്‍ഡിന്‍റെ സമീപത്തുള്ള പാവങ്ങള്‍ തിങ്ങി പാര്‍ത്തിരുന്ന സത്യാ കോളനി കത്തിചാമ്പലായിരിക്കുന്നു. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 56 പേരാണ് വെന്തു മരിച്ചത്. വല്യ കഷ്ടം തന്നെ. കോളനിയിലെ ഒരു കൂരയ്ക്കുള്ളില്‍ നിയമവിരുദ്ധമായി ഒളിപ്പിച്ചുവെച്ച സ്ഫോടകവസ്തുക്കള്‍ പൊട്ടിതെറിച്ചതാണ് ദുരന്ത കാരണമെന്നാ പൊലീസ് ഭാഷ്യം. എന്നാലും ഒരൊറ്റ രാത്രി കൊണ്ട് 56 ജീവനുകള്‍ കത്തിയമരുക എന്ന്‍ പറഞ്ഞാ ദയനീയം തന്നെ
ചായയുമായി മുറിയിലെത്തിയപ്പോഴേക്കുംഏട്ടന്‍ ഉണര്‍ന്നിരുന്നു. കട്ടിലില്‍ കിടന്നു കൊണ്ടു തന്നെ ആരോടോ ഫോണില്‍ സംസാരിക്കുകയാണ്. ആളെന്തായാലും നല്ല സന്തോഷത്തിലാണ്. തന്നെ കണ്ടപ്പോള്‍ ഫോണ്‍ കട്ട് ചെയ്ത് തന്നെ പിടിച്ചു വലിച്ച് ചേര്‍ത്തിരുത്തി ഒരു കള്ളച്ചിരിയോടെ തന്‍റെ കയ്യില്‍ നിന്നും ചായ വാങ്ങി ഊതി കുടിക്കാന്‍ തുടങ്ങി. അവളുടെ മനസ്സ് അപ്പോഴും ആ പത്രവാര്‍ത്തയില്‍ തിളച്ചുമറിയുകയായിരുന്നു.
ഏട്ടനോട് പറയണോ, വേണ്ട. ആ മുഖത്ത് ഇപ്പോ തിരതല്ലുന്ന ആനന്ദം താനായിട്ട് തല്ലികെടുത്തേണ്ട. ഏട്ടനെന്തായാലും പത്രം വായിക്കുയല്ലോ അപ്പോഴറിഞ്ഞോട്ടെ. അയാള്‍ താഴേക്കു പോയപ്പോള്‍ അവളും കൂടെപ്പോയി. വായിക്കാനായി അയാള്‍ പത്രം കൈയ്യിലെടുത്തപ്പോള്‍ തൊട്ട് അവളുടെ ശ്രദ്ധ അയാളുടെ മുഖത്തു തന്നെയായിരുന്നു.ഇല്ല ഒരു ഭാവമാറ്റവുമില്ല. നടുക്കുന്ന ആ വാര്‍ത്ത വായിച്ചിട്ട് ഏട്ടന് ഒരു സങ്കടവുമില്ലെന്നോ. ഇത്രയും അടുത്തുള്ള ഒരു സ്ഥലം അഗ്നിക്കിരയായത് ഒന്നും ഏട്ടന് ഒരു വിഷയമല്ലെന്നോ. അതിന് എല്ലാരും തന്നെപ്പോലെ ചിന്തിക്കണമെന്നില്ലല്ലോ. തനിക്ക് പണ്ടേ ആരെങ്കിലും മരിച്ചൂന്ന്‍ കേട്ടാല്‍ അത് നേരിട്ടറിയാത്ത ആളായാല്‍ പോലും കുറച്ചു ദിവസത്തേക്ക് മൂഡൌട്ടാണല്ലോ.
അന്ന്‍ പകല്‍ മുഴുവന്‍ അയാള്‍ വീട്ടില് തന്നെയുണ്ടായിരുന്നു. വൈകുന്നേരമായപ്പോള്‍ ഒരു വെളുത്ത ഇന്നോവകാറില്‍ രണ്ട് സുമുഖന്മാരെത്തി. അവരുടെ കൂടെ തലേന്നുരാത്രി പന്തലില്‍ വെച്ച് ഏട്ടന്‍റെ ചുറ്റിലും നിന്ന്‍ സംസാരിച്ചിരുന്ന ആ കറുമ്പന്മാരും ഉണ്ടായിരുന്നു.എല്ലാരും കൂടി ഓഫീസ്റൂമില്‍ ഇരുന്ന്‍ എന്തോ ചര്‍ച്ച ചെയ്യുകയാണ്. വീട്ടിലാരെങ്കിലും വന്നാല്‍ കുടിക്കാനെന്തെങ്കിലും കൊടുക്കേണ്ടത് ഒരു മര്യാദയാണല്ലോ. അവള്‍ കൂള്‍ഡ്രിങ്ക്സുമായി ഓഫീസ്റൂമിലേക്ക് നടന്നു. കതകില്‍ മുട്ടാന്‍ തുടങ്ങുമ്പോഴാണ് തന്‍റെ ഭര്‍ത്താവിന്‍റെ ശബ്ദം അവളുടെ കാതില്‍ വന്നു പതിച്ചത്.
“അങ്ങനെയാ സത്യാകോളനീടെ കാര്യയങ്ങ് അവസാനിച്ചു കിട്ടി.അതൊന്നൊഴിപ്പിച്ചു കിട്ടാന്‍ ഞാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയതാ.കാശ് വാരിയെറിഞ്ഞ് പൊലീസിനെയും നേതാക്കളെയുമൊക്കെ വശത്താക്കുമ്പോഴേക്കും ആ ചെറ്റകള് നിരാഹാരസമരവും പ്രക്ഷോഭങ്ങളുമൊക്കെയായി പ്രശ്നം ഉണ്ടാക്കാന്‍ തുടങ്ങി.പിന്നെ കത്തിച്ചു കളയുകയല്ലാതെ ഒരു നിവൃത്തിയുമുന്ടായിരുന്നില്ല.കടലാസു കത്തുന്നതു പോലെയല്ലേ 56 എണ്ണം നിന്നു കത്തിയത്.അവൾ ചാരിയിട്ടിരിക്കുന്ന വാതിലിന്റെ നേരിയ വിടവിലൂടെ അകത്തേക്ക് എത്തി നോക്കി.ഏട്ടൻ ചിരിക്കുകയാണ്.
‘എല്ലാം ഈ രമേശിന്റെ മിടുക്കാ’. കറുമ്പന്മാരിൽ ഏറ്റവും തലയെടുപ്പുള്ളവനെ നോക്കി ഏട്ടന്‍ തുടർന്നു.
‘എന്തായാലും ഇങ്ങനെയൊരു കൃത്യം ചെയ്യാനായി സ്വന്തം കല്യാണ ദിവസംതന്നെ തെരഞ്ഞെടുത്ത നീ അതിബുദ്ധിമാൻ തന്നെ.അപ്പോ ആരും സംശയിക്കില്ലല്ലോ.’ അങ്ങേയറ്റത്തിരിക്കുന്ന സുമുഖൻ പറഞ്ഞു.
എനിക്കു ബിസിനസ്സ് ഒരു ലഹരി തന്നെയാ. അതിന് വഴിമുടക്കി നില്ക്കുന്നത് കുറ്റിച്ചെടിയായാലും വൻമരമായാലും ഞാൻ അരിഞ്ഞു വീഴ്ത്തുക തന്നെ ചെയ്യും’ ഒരു ദൃഢനിശ്ചയമെന്ന മട്ടിൽ അയാൾ പറഞ്ഞു.
‘ഈശ്വരാ , എന്തൊക്കെയാ താനീ കേൾക്കുന്നെ.56 പേരുട ജീവൻ കത്തിയമരാനിടയായ ആ ദാരുണദുരന്തത്തിന് പിന്നിൽ തന്റെ ഭർത്താവിന്റ്റെ കൈകളായിരുന്നുവെന്നോ.ആ വെളുത്ത തൊലിക്കുളളിൽ ഒരു ചെകുത്താനാണോ ഉളളത്.അപ്പോ തന്റെയും അച്ഛന്റെയും ഒക്കെ മുൻപിൽ നല്ലവനായി അഭിനയിക്കുകയായിര്ന്നല്ലേ. ഈശ്വരാ, വല്ലാത്തൊരു കുടുക്കിലാണല്ലോ താൻ അകപ്പെട്ടിട്ടുളളെ.ഇനിയെന്തു ചെയ്യും.
അന്നയാൾ നേരത്തെ തന്നെ ബെഡ്റൂമിലെത്തി.കൈപിടിയിലകപ്പെട്ട ഒരു തുമ്പിയെപ്പോൽ അയാളുടെ കരവലയത്തിൽ ചുരുണ്ട് കിടക്കുമ്പോഴും അവൾ ഒന്നും അറിഞ്ഞതായി ഭാവിച്ചതേയില്ല. 56 ജീവനുകള്‍ കത്തിച്ചാമ്പലായത് കടലാസു കത്തിയ ലാഘവത്തോടെ കാണുന്ന ഒരാൾക്ക് തന്റെ ഒരാളുടെ ജീവനെടുക്കുക എന്നത് ഒരു പൂ നുളളുന്ന പോലെ നിസ്സാരമായിരിക്കും എന്നവൾക്കറിയാമായിരുന്നു. ഒന്നും സംഭവിക്കാത്ത പോലെ അവൾ കണ്ണുകളടച്ചു കിടന്നു.
പിറ്റേന്നു വൈകുന്നേരമായപ്പോള്‍ അയാൾ അവളുടെയടുത്തു വന്നു പറഞ്ഞു.
‘കമലേ നമ്മുക്കൊരു ഹണിമൂണൊക്കെ പോണ്ടെടോ. നാളെ രാവിലെ പുറപ്പെടാം. സാധനങ്ങളൊക്കെ എടുത്ത് വെച്ച് തയ്യാറായി ഇരുന്നോളൂ.’
അതും പറഞ്ഞ് ഒരു കളളച്ചിരിയോടെ അവളെയൊന്നു നോക്കി മൊബൈലുമെടുത്തോണ്ട് ഉമ്മറത്തേക്കു പോയി.ആരെയാണ് വിളിക്കുന്നതെന്നറിയാൻ അയാളറിയാതെ അവൾ വാതിലിനു പിന്നിൽ മറഞ്ഞു നിന്നു.
‘ഹലോ രമേശെല്ലേ,നാളെ രാവിലെ നമ്മൾ ഇവിടെ നിന്ന് പുറപ്പെടും. നാളെ രാത്രി തന്നെ ആ തിരുമേനിയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കിയേക്ക്. അയാളോട് ഞാൻ കുറെ കെഞ്ചി പറഞ്ഞതാ. അപ്പോ അയാൾക്ക് അച്ഛുറങ്ങുന്ന മണ്ണാണ് . ആർക്കും വിട്ട് കൊടുക്കൂലാന്ന് ഒരേ ശാഠ്യം. അപ്പോ പറഞ്ഞതു പോലെ നാളെ രാത്രി അയാളെയങ്ങ് തീർത്തേക്ക്.’
അതുകേട്ട് അവൾ സ്തബ്ധയായി നില്ക്കുകയാണ്. ഈശ്വരാ ഒരു ജീവൻ കൂടി ഭൂമുഖത്ത് നിന്ന്‍ ഇല്ലാതാവാൻ പോകുന്നു. ഈ പാപഭാരങ്ങളൊക്കെ ഏട്ടന്‍ എവിടെ കൊണ്ടോയി ഒഴുക്കി കളയാനാ .ഭർത്താവ് പാപം ചെയ്യാൻ പോകുന്നു എന്നു മുൻകൂട്ടി അറിഞ്ഞിട്ടും ഭാര്യയായ തനിക്ക് അത് തടയാനായില്ലെങ്കിൽ ആ പാപത്തിൽ താനും പരോക്ഷമായി പങ്കാളിയാവുകയല്ലേ. അങ്ങനെ സംഭവിച്ചു കൂടാ. നാളെ രാത്രി നടക്കാൻ പോകുന്ന കൊലപാതകം എങ്ങനേലും തടയണം. പക്ഷേ എങ്ങനെ. അരുതെന്ന് നേരിട്ടങ്ങ് പറഞ്ഞാലോ. വേണ്ട അതു തന്റെ ജീവൻ കൂടി അപകടത്തിലാക്കിയേക്കാം..
പോലീസിൽ അറിയിക്കാന്ന് വെച്ചാൽ അവരെയൊക്കെ പണം കൊടുത്ത് നേരത്തെ ഒതുക്കിയിട്ടുണ്ടാകും. എത്ര ശ്രമിച്ചിട്ടും ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു കിടക്കുക യാണ് അവൾ. ആ മുറിയിലാകെ രക്തം തളം കെട്ടി നില്ക്കുന്നതായി അവൾക്കു തോന്നി. ഈ വീടൊരു അറവുശാലയാണ്..ഇവിടുന്ന് എങ്ങനേലും രക്ഷപ്പെടണം. അവൾ രക്ഷപ്പെടാനുളള വഴികൾ ഓരോന്നായി ആലോചിച്ചു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അവൾക്കു അവളോടു തന്നെ ലജ്ജ തോന്നി. താനെന്താണ് തന്റെ രക്ഷയെക്കുറിച്ചു മാത്രം ചിന്തിക്കുന്നത്. നാളെ രാത്രി ഈ സമയമാകുമ്പോഴേക്കും ഒരു ജീവൻ കൂടി ഭൂമുഖത്തു നിന്നില്ലാതാകും അതു തടയാൻ തനിക്കെന്തു ചെയ്യാൻ കഴിയും . അവൾ തന്റെ ഇടതുഭാഗത്ത് ഒന്നുമറിയാത്ത മട്ടിൽ മലർന്നു കിടന്നുറങ്ങുന്ന ഭർത്താവിനെ ഒരു നിമിഷം നോക്കി നിന്നു. ഈ ഒരൊറ്റ മനുഷ്യൻ കാരണമാണ് ഒത്തിരി മനുഷ്യജീവിതങ്ങൾ ഇല്ലാതായത്. ഈയൊരു മനുഷ്യൻ ഇല്ലാണ്ടായാൽ ഇനിയൊരു പാട് മനുഷ്യജീവിതങ്ങൾ രക്ഷപ്പെട്ടേക്കാം .അവൾ പിന്നെയൊട്ടും അമാന്തിച്ചില്ല. വേഗം എണീറ്റു കുളിയും പ്രാർത്ഥനയുമൊക്കെ കഴിഞ്ഞ് പതിവുപോലെ ഭഭർത്താവിന്റെ കാൽതൊട്ട് കണ്ണിൽ വെച്ച് വന്ദിച്ചശേഷം ഉറങ്ങി കിടക്കുന്ന അയാളുടെ അടുത്തെത്തി. ഭർത്തൃഹത്യ കൊടും പാതകമാണ്. അതറിയാണ്ടല്ല. താനിപ്പോ ഈ പാതകം ചെയ്തില്ലേൽ ഇനിയും നൂറ് നൂറ് മനുഷ്യജീവനുകൾ ഈ ഭൂമുഖത്ത് നിന്നില്ലാണ്ടായേക്കാം. താൻ ചെയ്യാൻ പോകുന്ന ഈ പാപം ഈശ്വരന്റെ കണക്കുപുസ്തകത്തിൽ ഒരു പുണ്യമായിരിക്കും. മഹാപുണ്യം. ഇതൊരു പക്ഷേ ഈ താലിയുടെ നിയോഗമായിരിക്കാം. അവൾ താലിയിൽ ഒന്നു തഴുകിയ ശേഷം ഒരു തലയണയെടുത്ത് ഉറങ്ങുന്ന അയാളുടെ മുഖത്ത് വെച്ച് സർവ്വ ശക്തിയും എടുത്ത് അമർത്തി.അയാൾ പിടഞ്ഞ് പിടഞ്ഞ് ഇല്ലാതാകുന്നത് നിർവൃതിയോടെ അവൾ നോക്കി നിന്നു.