“യ്യീയ്യറിയ്യോ ന്‍റെ അബ്ദുയേ, ന്‍റെ വല്ല്യാപ്പാന്‍റെ കാലത്ത് മാളിയേക്കല്‍ തറവാട്ടുകാരെന്ന്‍ പറഞ്ഞാ ഈ ജില്ല മുയിക്കെ അറിയും. അത്രയ്ക്കും പേരും പെരുമയും ഉള്ളോരായിര്ന്നേ. അന്ന്‍ണ്ടായിര്ന്ന സ്വത്തിനും മൊതലിനും ഒക്കെ കയ്യും കണക്കൂണ്ടാ. ഏക്കറ്കള് കണക്കിനല്ലേ എസ്റ്റേറ്റുകളും തോട്ടങ്ങളും ഒക്കെ. കച്ചോടസ്ഥാപനങ്ങള്‍ വേറെയും. കച്ചോടത്തില്‍ മാളിയേക്കല്‍ കുഞ്ഞിക്കോയ സാഹിബിനെ വെല്ലാന്‍ അന്നാ നാട്ടില്‍ ആരും തന്നെയ്ണ്ടായിര്ന്നില്ല. കുഞ്ഞിക്കോയ സാഹിബ് ആരാന്നറിയ്യോ അബ്ദൂന്. ന്‍റെ വല്ല്യാപ്പ. മൂപ്പര് ബല്ല്യ ധര്‍മ്മിഷ്ഠനുയായിര്ന്ന്‍ കേട്ടാ. എത്രയെത്ര പെങ്കുട്ട്യോള്ടെ നിക്കാഹാ മൂപ്പര് മുന്‍കൈ എട്ത്ത് നടത്തികൊട്ത്തിട്ട്ള്ളെ. എത്രയെത്ര കുടുംബങ്ങളാ മൂപ്പര്ടെ കാര്ണ്യം കൊണ്ട് രക്ഷപ്പെട്ടിട്ട്ള്ളെ. ”
തറവാട്ടു മഹിമ പറയാന്‍ തുടങ്ങിയാല്‍ സുലൈമാന്‍ സാഹിബിന് പിന്നെ ഒരു പ്രത്യേക ഹരം തന്നെയാണ്. എത്രയോ വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നതാ കാര്യസ്ഥന്‍ അബ്ദു സുലൈമാന്‍ സാഹിബിന്‍റെ ഈ മഹിമ പറച്ചില്. മാളിയേക്കല്‍ വീട്ടില്‍ കാര്യസ്ഥന്‍ അബ്ദുവിന് ഇന്നാകെയുള്ള ഒരു പണിയും അതു തന്നെയാ.
ശരിയാ അന്ന്‍ മാളിയേക്കല്‍ തറവാട്ടുകാര് വലിയ പ്രതാപശാലികളൊക്കെ ആയിര്ന്ന്‍. പക്ഷേ ഇന്ന്‍ താമസിക്കുന്ന ആ വലിയ വീടും അതിനോട് ചേര്‍ന്ന 20 സെന്‍റ് സ്ഥലവും മാത്രമേ മാളിയേക്കല്‍ക്കാര്‍ക്കു സ്വത്തായിട്ടുള്ളൂ. അതാരെങ്കിലും സുലൈമാന്‍ സാഹിബിനെ ഓര്‍മ്മപ്പെടുത്തുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരിക്കും.
“കൊറച്ച് സ്വത്തും മൊതലും കൈവിട്ട് പോയീന്ന്‍ കര്തി ഇല്ലാതാവ്ന്നില്ല മാളിയേക്കല്‍ തറവാടിന്‍റെ പ്രതാപം. ആന മെലിഞ്ഞൂന്ന്‍ കര്തി അയിനെയാരേലും തൊഴ്ത്തില് കെട്ട്വാേ.”
കാര്‍ന്നോന്മാരായിട്ടുണ്ടാക്കിയ സ്വത്തുവകകളൊക്കെ സുലൈമാന്‍ സാഹിബ് തന്നെ പല പല കച്ചോടങ്ങള്‍ ചെയ്യാനായി വിറ്റു തുലച്ചതാ. എന്നാ ആ കച്ചോടങ്ങളേതെങ്കിലും വിജയം കണ്ടോ. അതൂല്ല. എന്നിട്ടും സുലൈമാന്‍ സാഹിബിന്‍റെ ശുഭാപ്തിവിശ്വാസം ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. വല്ല്യാപ്പ കുഞ്ഞിക്കോയ സാഹിബിന്‍റെ കച്ചോടം ചെയ്യാനുള്ള മിടുക്ക് ചിലപ്പോ കിട്ടിയിട്ടുണ്ടാവുക തന്‍റെ മോന്‍ അബ്ദുറഹിമാനാണെങ്കിലോ. ഓന്‍ കച്ചോടം ചെയ്ത് വല്യയാളായാല്‍ മാളിയേക്കല്‍ തറവാടിന് നഷ്ടപ്പെട്ട സ്വത്തുവകകളൊക്കെ തിരിച്ചു പിടിക്കയും ചെയ്യാം. ആയൊരു വിശ്വാസം കൊണ്ടാകാം തെറ്റില്ലാതെ പഠിച്ചുകൊണ്ടിരുന്ന അബ്ദുറഹിമാന്‍ പത്താം തരം പാസായപ്പോള്‍ സുലൈമാന്‍ സാഹിബ് പറഞ്ഞു.
“യ്യീയെനി പഠിക്കാനൊന്നും പോണ്ട. അല്ലേ തന്നെ പഠിച്ചിട്ടിപ്പം ആരാ നന്നായിട്ട്ള്ളെ. എനി പഠിച്ചോണ്ട് ബല്ല പണിയും കിട്ട്യാണേല്‍ തന്നെ നക്കാപ്പിച്ച ശബളേല്ലേ കിട്ടൂ. യ്യീ ന്‍റെ വല്ല്യാപ്പാനെ പോലെ ബല്ല്യ കച്ചോടക്കാരനാകണം. അനക്ക് റബ്ബ് കണക്കാക്കിയിട്ടുള്ളതും അതായിരിക്കും.”
അങ്ങനെ കച്ചോടത്തില് വലിയ താത്പര്യമൊന്നുമില്ലാതിരുന്ന അബ്ദുറഹിമാന്‍ ബാപ്പാന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു തുണിക്കട തുടങ്ങി. കുറച്ചുകാലം ഉന്തിയും തള്ളിയൊക്കെ മുന്നോട്ട് പോയെങ്കിലും അധികം താമസിയാതെ കച്ചോടമില്ലാതെ അതടച്ചു പൂട്ടേണ്ടി വന്നു. അതോടെ അബ്ദുറഹിമാനും തന്‍റെ ബാപ്പാനെ പോലെ തന്നെ ഒരു പണിക്കും പോകാതെ മാളിയേക്കല്‍ തറവാടിന്‍റെ പ്രതാപവും കെട്ടിപ്പിടിച്ചിരിക്കലായി.
അഷ്ടിക്ക് വകയില്ലെങ്കിലും ആളാവാന്‍ കിട്ടുന്ന ഒരവസരവും സുലൈമാന്‍ സാഹിബ് പാഴാക്കി കളയാറില്ല. മാനം നടത്തേണ്ട സന്ദര്‍ഭങ്ങളിലെല്ലാം എന്ത് വിറ്റിട്ടായാലും വളരെ മാന്യമായി തന്നെ അദ്ദേഹം അത് ചെയ്തു പോന്നിരുന്നു.
ആയിടെയാണ് അബ്ദുറഹിമാന് താലൂക്കാപ്പീസില്‍ പ്യൂണായി ജോലി കിട്ട്ന്നത്. അയല്‍വാസി രാജന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയ പരീക്ഷയാണ് ഇന്ന്‍ അബ്ദുറഹിമാനെ തുണച്ചത്.
വിവരമറിഞ്ഞപ്പോള്‍ സുലൈമാന്‍ സാഹിബ് ഉറഞ്ഞുതുള്ളി.
“എന്ത്? മാളിയേക്കലെ സന്തതി ആളോള്ക്ക് ചായ വാങ്ങി കൊണ്ടോയി കൊട്ക്ക്‌ന്ന പണിക്ക് പോയാനോ. അതില്‍പ്പരം ഒര് നാണക്കേട് വേറയ്ണ്ടാ. അതെന്തായാലും വേണ്ട.”
“അയിന് പ്യൂണിന്‍റെ പണി അത്ര മോശപ്പെട്ടതോന്നുയല്ല. ഇപ്പം പെരുത്ത് ശബളോക്കെ കിട്ട്ന്ന്‍ണ്ട്ന്നാ ന്‍റെ കുട്ട്യോള് പറഞ്ഞെ. ഈ പൊരയിലെ ഇപ്പത്തെ സ്ഥിതിക്ക് ഈ പണി ഒരാശ്വാസമായുല്ലേന്ന്‍.”കാര്യസ്ഥന്‍ അബ്ദുവിന് അബ്ദുറഹിമാന്‍ പ്യൂണിന്‍റെ പണിക്ക് പോകണമെന്നു തന്നെയാണഭിപ്രായം.
“യ്യീയെന്ത് വര്‍ത്താനായീ പറേന്നെ ന്‍റെ അബ്ദുയേ, സ്വത്തും മൊതലുയൊക്കെ പോയെങ്കിലും മാളിയേക്കല്‍ തറവാടിന് ഒരന്തസ്സ്‌ണ്ട്. അയിന് ഒര് കോട്ടവും തട്ടീട്ടില്ല ഇത് വരെ. ഇത്തറവാട്ടില് ആരും ഇന്നേവരെ ഇങ്ങനത്തെ തരം താണ പണിക്ക് പോയിട്ടില്ല.”
ഉമ്മറത്തെ ചര്‍ച്ച കേട്ടിട്ടാകാം വളരെ അപൂര്‍വ്വമായി മാത്രം ഉമ്മറത്ത് പ്രത്യക്ഷപ്പെടാറുള്ള സുലൈമാന്‍ സാഹിബിന്‍റെ കെട്ടിയോള് ആയിഷാബീവിയും അവിടെയെത്തി.
“ഓനിപ്പം കിട്ടിയയ്യീ പണിക്ക് പോട്ടെന്നെഞ്ഞയാ ഞമ്മടെയും അഭിപ്രായം. സ്വത്ത്ക്കള് വിറ്റ് കിട്ടിയ കായ്യീന്ന്‍ കൊറേശ്ശെ കൊറേശ്ശെയായി എട്ത്താ ഇത് വരേ ചെലവ്കള് കയിഞ്ഞിര്ന്നെ. ആ കായ്യൊക്കെ തീര്‍ന്ന്‍. എനി വിക്കാനൊട്ട് സ്വത്ത്ക്കളൊന്നും ഇല്ലേംതാനും. ഞമ്മക്ക് എനിയും ജീവിക്കണ്ടേ. ഞമ്മടെ കാലശേഷം ഒാനിക്ക് ഓന്‍റെ കെട്ട്യോളേം മക്കളേം പോറ്റണ്ടെ. ഇങ്ങള് സമ്മയിക്കീന്ന്‍.”അവര് ഭര്‍ത്താവിനെ കഴിയുന്നതും പറഞ്ഞു മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു.
“ഇപ്പം കിട്ടിയ പണിക്കെന്തായാലും പോണ്ട. പടച്ചോന്‍ ബേറെയെന്തേലും ബയി കാണിച്ചേരുയായിരിക്കും.”
കുറച്ചുനേരം എന്തോ ആലോചിച്ചിരുന്ന ശേഷം സുലൈമാന്‍ സാഹിബ് തുടര്‍ന്നു “ആയിഷാ, അനക്കറിയില്ലേ ഞമ്മടെ പയേ ചങ്ങായി കുഞ്ഞമ്മദിനെ. ഓനെ ഞമ്മള് കയിഞ്ഞായ്ച പട്ടണത്തീ പോയപ്പം കണ്ടിഞ്ഞ്. ഓനെന്തോ പുതിയ കച്ചോടം തൊടങ്ങാന്‍ പോയാണന്ന്‍ പറഞ്ഞ്. കൂട്ട് കച്ചോടത്തിന്ണ്ടോന്ന്‍ ഞമ്മളോട് ചോയിക്കയും ചെയ്തിന് . ഓനെയൊന്ന്‍ ബിളിച്ച് നോക്കാം. അതാ നല്ലെ . അതാവുമ്പോ മാളിയേക്കല്‍കാരുടെ അന്തസ്സിന് പറ്റിയ പണിയുയാ. പക്ഷേങ്കി അയിന് കൊറച്ച് കായി ബേണ്ടിവരും. അയിനിപ്പോ എന്താ ചെയ്യാ.”
പിന്നെയും എന്തോ ആലോചിച്ചിരുന്ന ശേഷം സുലൈമാന്‍ സാഹിബ് അബ്ദുവിനോടായി പറഞ്ഞു.
“അബ്ദൂ, യ്യീ ഒര് കാര്യം ചെയ്യ്. ഇപ്പറമ്പിന്‍റെ ആധാരം പണയപ്പെട്ത്തി ആ സേഠൂന്‍റട്ത്ത്ന്ന്‍ കൊറച്ച് കായ് തരാക്കി താ. കച്ചോടം ചെയ്യാനറിയുന്നോനാ കുഞ്ഞമ്മദ്. ഓന്‍റെ കൂടെ കൂടിയാ ഞമ്മടെ അബ്ദു റഹിമാന്‍ രക്ഷപ്പെടും . അതുറപ്പാ.” സുലൈമാന്‍ സാഹിബിന് അക്കാര്യത്തില്‍ നല്ല ഉറച്ച വിശ്വാസമുണ്ടായിരുന്നു.
അങ്ങനെ അബ്ദു റഹിമാന്‍ കുഞ്ഞമ്മദിന്‍റെ കൂടെ കൂട്ടുകച്ചവടം തുടങ്ങി. ആദ്യമൊന്നും പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയെങ്കിലും ക്രമേണ കുഞ്ഞമ്മദ് തന്‍റെ തനിനിറം കാണിക്കാന്‍ തുടങ്ങി. അബ്ദുറഹിമാന്‍ ഷെയറായി കൊട്ത്ത പണം മുഴുവന്‍ തട്ടിയെടുത്ത് അയാളവനെ കച്ചവടത്തില്‍ നിന്ന്‍ പുറത്താക്കി. അങ്ങനെയൊരു ചതി കുഞ്ഞമ്മദിന്‍റെ ഭാഗത്തു നിന്നു സുലൈമാന്‍ സാഹിബ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.അതോടെ സുലൈമാന്‍ സാഹിബ് ആകെ തകര്‍ന്നു പോയി.
സേഠുവിന്‍റെ കയ്യില്‍ നിന്ന്‍ വാങ്ങിയ പണത്തിന്‍റെ പലിശ പെരുകി പെരുകി ഒരു കുന്നായി വളര്‍ന്നു കഴിഞ്ഞു. ഒടുവിലൊരു നിവൃത്തിയുമില്ലാതെ മാളിയേക്കല്‍ തറവാട് സേഠുവിനു തന്നെ നിസ്സാര വിലയ്ക്കു വില്ക്കേണ്ടി വന്നു. കടം കൊടുത്ത പണം തിരിച്ചു കിട്ടാത്തതുകൊണ്ട് മാളിയേക്കല്‍ തറവാട് സേഠു കൈക്കലാക്കിയ വിവരം നാട്ടിലാകെ പാട്ടായി. ആ അപമാനം സുലൈമാന്‍ സാഹിബിന് സഹിക്കാവുന്നതിനപ്പുറത്തായിരുന്നു. അപമാന ഭാരം കൊണ്ടാണോ, ജീവീതത്തിലെ സകല പ്രതീക്ഷകളും അസ്തമിച്ചതു കൊണ്ടാണോ, എന്തുകൊണ്ടാണെന്നറിയില്ല സുലൈമാന്‍ സാഹിബ് ഒരുദിവസം വീടിന്‍റെ പിന്നാമ്പുറത്തുള്ള ഒരു മാവിന്‍റെ കൊമ്പേല്‍ ഒരു മുഴം കയറിനാല്‍ തന്‍റെ ജീവിതത്തിനങ്ങ് വിരാമമിട്ടു.
അതിനു ശേഷം ആ വീട്ടിലെ മറ്റംഗങ്ങള്‍ തനിക്ക് കിട്ടാനുള്ള മുതലും പലിശയും കഴിച്ച് വീടു വിറ്റ വകയില്‍ സേഠു കൊടുത്ത ബാക്കി പണംകൊണ്ട് അബ്ദുറഹിമാന്‍റെ ഭാര്യക്ക് ഓഹരിയായി കിട്ടിയ പറമ്പില്‍ ഒരു ചെറിയ പുര തട്ടിക്കൂട്ടി അവിടെ താമസം തുടങ്ങി. ബാപ്പാന്‍റെ കാഴ്ചപ്പാടുകളെ മുറുകെ പിടിച്ചിരുന്ന , ബാപ്പ പറയുന്നത് മാത്രം അനുസരിച്ചിരുന്ന അബ്ദുറഹിമാന്‍ സുലൈമാന്‍ സാഹിബിന്‍റെ മരണശേഷം ഒരു പണിക്കും പോകാതെ പണി കിട്ടാന്‍ ഒന്നു ശ്രമിക്ക പോലും ചെയ്യാതെ ബാപ്പാന്‍റെ പഴയ ചാരുകസേര പുതിയ വീടിന്‍റെ ഉമ്മറത്ത് കൊണ്ടോയിട്ട് വരുന്നവരോടും പോകുന്നവരോടുമൊക്കെ ബാപ്പാന്‍റെ വല്ല്യാപ്പ കുഞ്ഞിക്കോയ സാഹിബിന്‍റെ മഹത്വവും പറഞ്ഞ് അതിലിരിപ്പായി. അന്ന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുകയാണ് അബ്ദുറഹിമാന്‍റെ മകന്‍ അസീസ്.
അസീസിന് തന്‍റെ ബാപ്പാന്‍റെ ആ ഇരുപ്പ് കാണുന്നതേ കലിയാണ്. ഒരുദിവസം അബ്ദുറഹിമാന്‍ അങ്ങനെ ഇരിക്കുന്നതു കണ്ടപ്പോള്‍ അസീസിനെന്തോ പെട്ടെന്ന്‍ മാവിന്‍റെ കൊമ്പിന്മേല്‍ തൂങ്ങിയാടുന്ന തന്‍റെ വല്ല്യാപ്പാനെയാണ് ഓര്‍മ്മ വന്നത്. അവന്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല. വീട്ടില്‍ നിന്നിറങ്ങി നേരെ നടന്നു. മാര്‍ക്കറ്റിലെ കാദര്‍ക്കാന്‍റെ ഇറച്ചിക്കടയിലെത്തിയപ്പോഴാണ് ആ നടപ്പ് അവസാനിച്ചത് . കാദര്‍ക്കാക്ക് അവനെ വലിയ ഇഷ്ടമാണ്. അവന്‍റെ ബാപ്പാനേയും വല്ല്യാപ്പാനേയും ഒക്കെ നന്നായി അറിയുകയും ചെയ്യാം.
“കാദര്‍ക്കാ, എനിക്കെന്തേലുമൊര് പണി തരാക്കിതര്വോ.”
“പൊരേലെ സ്ഥിതി ബല്യ എടങ്ങാറിലാ അല്ലേ മോനേ. കാദര്‍ക്കാക്ക് ഒക്കെ അറിയാം. അതിപ്പം മോന് പറ്റ്യ പണി എന്താന്ന്‍ വെച്ചാല്‍ ——. ഈട എറച്ചി നുറുക്കാനും മറ്റും എനിക്കൊരാളെ ബേണേനു. പക്കേങ്കി മാളിയേക്കല്‍ തറവാടിലെ കുഞ്ഞിക്കോയ സാഹിബിന്‍റെ പരമ്പരയില്‍പ്പെട്ടോനെ എറച്ചി പീട്യേല് പണിക്ക് നിറ്ത്താന്ന്‍ ബെച്ചാല്‍ അത് മോശെല്ലേ. മോന്‍റെ വല്ല്യാപ്പാന്‍റെ വല്ല്യാപ്പ കുഞ്ഞിക്കോയ സാഹിബ് വളരെ നല്ലൊരു മനുഷ്യനായിരുന്നു. പണ്ടൊരു ലഹളക്കാലത്ത് എന്‍റെ വല്ല്യാപ്പാന്‍റെ പീട്യ ലഹളക്കാര്‍ തച്ച് തകര്‍ത്തപ്പോള്‍ പുതിയ പീട്യ തൊടങ്ങാന്‍ മൂപ്പരാ സഹായിച്ചത്ന്ന്‍ ഞാന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. മൂപ്പരോട് ഇന്നാട്ടുകാര്‍ക്കൊക്കെ ഇപ്പഴും ബല്യ സ്നേഹവും ബഹുമാനവുമൊക്കെയാ.”
“എന്നിട്ടെന്താ കുഞ്ഞിക്കോയ സാഹിബിന്‍റെ മാളിയേക്കല്‍ വീട് പലിശക്കാരന്‍ കൈക്കലാക്കിയപ്പോള്‍ സ്നേഹവും ബഹുമാനവുമുള്ള നാട്ടുകാരെയൊന്നും ആ വഴി കാണാതിര്ന്നെ. മാളിയേക്കല്‍ തറവാട്ടിലെ കുഞ്ഞിക്കോയ സാഹിബിന്‍റെ പരമ്പരയില്‍ പെട്ടോനായിട്ടല്ല മറിച്ച് താമസിച്ചുകൊണ്ടിരുന്ന വീടു വരെ കൈവിട്ട് പോയപ്പോള്‍ അതില്‍ മനം നൊന്ത് സ്വയം ജീവിതമവസാനിപ്പിച്ച മാളിയേക്കല്‍ തറവാട്ടിലെ തന്നെ സുലൈമാന്‍ സാഹിബിന്‍റെ പേരക്കുട്ടിയായിട്ട് അറിയ്യപ്പെടാനാ എനിക്കിഷ്ടം. ഇനിയങ്ങോട്ട് എന്‍റെ മേല്‍വിലാസവും അതുതന്നെയായിരിക്കും. ജീവിതത്തില്‍ പരാജയപ്പെട്ട് ആത്മഹത്യ ചെയ്ത സുലൈമാന്‍ സാഹിബിന്‍റെ പേരക്കുട്ടിയെ കാദര്‍ക്ക പണിക്കെട്ക്കുയോ.”
കാദര്‍ക്കയും അസീസും തമ്മിലുള്ള സംസാരം മുഴുവന്‍ കേട്ടുകൊണ്ട് നില്ക്കുകയായിരുന്നു കടയില്‍ ഇറച്ചി വാങ്ങാന്‍ വേണ്ടി വന്ന അലിയാര് മാഷ്. അലിയാര്മാഷ് ആ നാട്ടില്‍ വന്നിട്ട് രണ്ടാഴ്ച ആവുന്നതേയുള്ളൂ. തെക്കെവിട്ന്നോ സ്ഥലംമാറ്റം കിട്ടി വന്നതാണ്.
അലിയാര് മാഷ് കാദര്‍ക്കാനോടായി പറഞ്ഞു.
“കാദര്‍ക്കാ, എനിക്ക് നിങ്ങളീ പറഞ്ഞ കുഞ്ഞിക്കോയ സാഹിബിനേയും അറിയില്ല സുലൈമാന്‍ സാഹിബിനേയും അറിയില്ല. പക്ഷേ ഒര് കാര്യം ഞാന്‍ പറയാം . ഇങ്ങള് ധൈര്യയായിട്ട് ഈ പയ്യനെ കൂടെ കൂട്ടിക്കോളീ. ഓന്‍ ജീവിതത്തിന്‍റെ സത്യം മനസ്സിലാക്കിയോനാ. ഓന്‍ രക്ഷപ്പെടും . ഓന്‍ മാത്രമല്ല ഓനിലൂടെ ഇങ്ങളും.”
Click this button or press Ctrl+G to toggle between Malayalam and English