തലക്കുറി

 

 

unnamed

 

 

ബാര്‍ബര്‍ കുഞ്ചാറുവിന് അഞ്ചാം വരവിലാണ് സ്വാമികളുടെ കല്പനകിട്ടിയത്.

“ഇന്നേയ്ക്ക് നാലാംനാള്‍ നിന്റെ മുന്നിലെത്തുന്ന ഒരു തല നിന്റെ തലയിലെഴുത്തുമാറ്റും.”

അതായിരുന്നു കല്പന.

ആ വെള്ളിയാഴ്ച കല്പനകിട്ടിയവരില്‍ അവസാനത്തെ ആളായിരുന്നു കുഞ്ചാറു. തിരിച്ചെന്തെങ്കിലും ചോദിക്കാന്‍ നാവുപൊന്തിയില്ല. മിഴിച്ചിരിക്കുന്ന കുഞ്ചാറുവിനെ നോക്കി മന്ദഹസിച്ചുകൊണ്ട് സ്വാമികള്‍ വിശ്രമമുറിയിലേക്കു പോവുകയും ചെയ്തു.

കൂട്ടുപാതയിലെ കല്ലത്താണിക്കടുത്തുള്ള കുഞ്ചാറുവിന്റെ ബാര്‍ബര്‍ഷോപ്പ് ആഴ്ചയില്‍ രണ്ടുദിവസമേ തുറക്കാറുള്ളു. ബുധനാഴ്ചയും ഞായറാഴ്ചയും. പുറമ്പോക്കിലെ പനമ്പട്ടമേഞ്ഞ ആ ബാര്‍ബര്‍ഷോപ്പ് എത്രയോ വര്‍ഷങ്ങളായി കാലത്തിന്റെ മാറ്റങ്ങളൊന്നുമറിയാതെ വിറങ്ങലിച്ചുനില്‍ക്കുകയാണ്.

അന്നാദ്യമായി കുഞ്ചാറു തിങ്കളാഴ്ച ബാര്‍ബര്‍ഷോപ്പ് തുറന്നുവെച്ചു. സ്വാമികള്‍ പ്രവചിച്ച നാലാംനാള്‍ അന്നായിരുന്നു. അക്ഷരമറിയാത്ത കുഞ്ചാറു ഉച്ചവരെ പാട്ടുകേട്ടും പത്രം മറിച്ചും കഴിച്ചുകൂട്ടി. ഉച്ചയ്ക്കു വീട്ടില്പോകാനായി കടയടയ്ക്കാന്‍ തുടങ്ങുമ്പോഴാണ് ഒന്നരയ്ക്കുള്ള ‘ഭാഗ്യരേഖയില്‍’ ഒരു നരച്ചതല വന്നിറങ്ങിയത്. നേരെ ശങ്കരേട്ടന്റെ ഹോട്ടലിലേക്കു ചെന്ന, മുള്ളന്‍ പന്നിയെ അനുസ്മരിപ്പിക്കുന്ന ആ തല അല്പനേരത്തിനുശേഷം കുഞ്ചാറുവിന്റെ ബാര്‍ബര്‍ഷാപ്പിലേക്കു കയറിച്ചെന്നു.

“കട്ടിങ്ങോ ഷേവിങ്ങോ?”

അന്നുവരെ കണ്ടിട്ടില്ലാത്ത ആ അപരിചതനെ നോക്കി കുഞ്ചാറുചോദിച്ചു.

“രണ്ടും” പഴയ മരക്കസേരയില്‍ അമര്‍ന്നിരുന്നു കൊണ്ട് അയാള്‍ പറഞ്ഞു.

കുഞ്ചാറുവിന് അയാള്‍ ആരാണെന്നും എവിടുന്നാണെന്നും എന്തിനുവന്നതാണെന്നും മറ്റും ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അമ്പതു വര്‍ഷത്തെ ബാര്‍ബര്‍ പണിക്കിടയില്‍ ഒരക്ഷരം പോലും മിണ്ടാതെയാണ് അയാള്‍ പണിപൂര്‍ത്തിയാക്കിയത്.

“എത്രയായി?”

വെട്ടുക്കഴിഞ്ഞപ്പോള്‍ അപരിചതന്‍ ചോദിച്ചു.

“മുപ്പതുറുപ്പിക.” – കുഞ്ചാറു ഉമിനീരിറക്കി അയാള്‍ ബാഗുതുറന്ന് ഒരു കെട്ട് പുറത്തെടുത്തു. അതില്‍ നിന്നും ഒരെണ്ണം വലിച്ചെടുത്ത് കുഞ്ചാറുവിന്റെ നേര്‍ക്കുനീട്ടി.

“അഞ്ചുകോടിയാണ്. നാളെയാണ്.”

അന്തം വിട്ടുനില്‍ക്കുന്ന കുഞ്ചാറുവിനെനോക്കി അയാള്‍ പറഞ്ഞു.

“അല്ല, അതുപിന്നെ….. കുഞ്ചാറു ഒന്നു വല്ലാതെയായി.

“മുപ്പതുകഴിച്ച് നൂറ്റിയെഴുപതു കിട്ടിയാല്‍ എനിക്കുപോകാം.”

അയാള്‍ തിടുക്കം കൂട്ടി.

കുഞ്ചാറു പോക്കറ്റിലുള്ളതെല്ലാം പുറത്തെടുത്ത് എണ്ണിനോക്കി.

“അഞ്ചുരൂപ കുറവുണ്ട്.”

“അതുസാരമില്ല.” – അയാള്‍ പണം വാങ്ങി ബാഗില്‍ വെച്ചു.

“ആശ്രമത്തിലേക്കുവന്നതായിരുന്നു. ഇന്നു കലപനയില്ലെന്നു ചായക്കടക്കാരന്‍ പറയുകയുണ്ടായി. എന്നാപ്പിന്നെ മുടിയൊന്നുവെട്ടിക്കാമെന്നു തീരുമാനിച്ചു.”

ടിക്കറ്റുമടക്കി പോക്കറ്റിലിട്ടുക്കൊണ്ട് കുഞ്ചാറു ശങ്കരേട്ടന്റെ ഹോട്ടലിലേക്കു ചെന്നു.

“ശങ്കരേട്ടാ, ഒരു ‘കടം’ ചായ. വന്നവെള്ളം നിന്നവെള്ളത്തെയും കൊണ്ടുപോയി. കൈനീട്ടക്കാരന്‍ കൈയിലുള്ള കാശും വാങ്ങിക്കൊണ്ടുപോയി,”

പുറത്തെ ബെഞ്ചിലിരുന്നുകൊണ്ട് കുഞ്ചാറു പറഞ്ഞു.

“ആ നരച്ചതലയനെയല്ലേ. അയാള് എന്നെയും ഒന്നു കമഴ്ത്തി. ചായകുടിച്ചിട്ട് ആ ചങ്ങാതി പൈസയ്ക്കുപകരം ഇരുന്നൂറിന്റെ ഓണം ബംബറാണ് എടുത്തുനീട്ടിയത്.”

ശങ്കരേട്ടന്‍ പറഞ്ഞു.

കടയിലുള്ളവര്‍ കൂട്ടത്തോടെ ഒന്നു ചിരിച്ചു.

“ആരാ അയാള്?”

കുഞ്ചാറു ചോദിച്ചു.

“അറിയില്ല. കല്പനയ്ക്കുവന്ന കക്ഷിയാണ്.”

ശങ്കരേട്ടന്‍ ചായയെടുക്കുന്നതിനിടയില്‍ നിന്നും അഞ്ചുകോടിയുടെ ഓണം ബംബറെടുത്ത് തിരിച്ചും മറിച്ചും നോക്കി.

“എവടെ!”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here