താക്കോൽ

images-17

ജീവിതത്തിന്റെ
തിരക്കുകൾക്കിടയിലെവിടെയോ
ആ താക്കോൽ
മറന്നു വെച്ചിട്ടുണ്ട്.

താഴിട്ടുപൂട്ടിയ
ഹൃദയങ്ങളെ
കുത്തിത്തിരിക്കാതെ
തുറക്കുമായിരുന്ന താക്കോൽ.

കുഞ്ഞുനാളിൽ
മടിയിലിരുത്തി
അമ്മയുടെ മുഖത്തു നിന്നാണത്
എനിക്കു കിട്ടിയത്.

പിന്നെ ചോദിച്ചവർക്കെല്ലാം
കൊടുത്തു പോന്നു.
അപരിചിതത്വത്തിന്റെ
അറിയാത്ത കത്രികപ്പൂട്ടുപോലും
തുറന്നിരുന്നതും
പ്രണയത്തിന്റെ നിലവറകളിലേക്ക്
രഹസ്യമായി കടന്നു പോയതും
മുഖത്ത് ഒളിപ്പിച്ചു വെച്ച
താക്കോലുപയോഗിച്ചായിരുന്നു.

ഇന്ന്
നഷ്ടപ്പെട്ട താക്കോൽ
തിരിച്ചു കിട്ടാനായി
പരാതി കൊടുത്തും
പരസ്യം ചെയ്തും
കാത്തിരിക്കുന്നു.
പല്ല് നഷ്ടപ്പെട്ടാലും
മോണകാട്ടിയെങ്കിലും
പൂട്ടുതുറക്കാമെന്ന
പ്രതീക്ഷയോടെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here