മലയാളത്തിന്റെ പ്രിയ കഥാകാരൻ തകഴിയുടെ ഓർമയിൽ നടത്തുന്ന സാഹിത്യോത്സവത്തിന് ബുധനാഴ്ച തകഴി ശങ്കരമംഗലത്ത് തുടക്കമാകും. തകഴിയുടെ ചരമദിനമായ ഏപ്രിൽ പത്തിന് തുടങ്ങി ജന്മദിനമായ 17 വരെയാണ് സാഹിത്യോത്സവം.
പത്തിന് രാവിലെ ഒമ്പതിന് സ്മൃതിമണ്ഡപത്തിൽ പുഷ്പാർചന നടക്കും. വൈകീട്ട് നാലിന് സംവിധായകൻ പ്രമോദ് പയ്യന്നൂർ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. സ്മാരകസമിതി വൈസ് ചെയർമാൻ പ്രൊഫ. എൻ.ഗോപിനാഥപിള്ള അധ്യക്ഷനാകും. ഫോക്‌ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ മുഖ്യാതിഥിയാകും. ആറുമുതൽ കലാപരിപാടികൾ, നൃത്തസന്ധ്യ. എട്ടുദിവസം നീണ്ടുനിൽക്കുന്ന കുട്ടികളുടെ നാടകക്കളരിക്കും ബുധനാഴ്ച തുടക്കമാകും.
11-ന് അഞ്ചിന് കവിയരങ്ങ്, ഏഴിന് സംഗീതസന്ധ്യ, 12-ന് അഞ്ചിന് കഥാചർച്ച, 13-ന് അഞ്ചിന് കഥയരങ്ങ്, ഏഴിന് സിനിമാപ്രദർശനം, 14-ന് അഞ്ചിന് കഥാചർച്ച, ഏഴിന് സിനിമാപ്രദർശനം, 15-ന് മൂന്നിന് കുട്ടികളുടെ സാഹിത്യരചനാമത്സരം, അഞ്ചിന് തിരുവാതിരമത്സരം, 16-ന് മൂന്നിന് കുട്ടികളുടെ ചിത്രരചനാമത്സരം, അഞ്ചിന് കഥാചർച്ച, ഏഴിന് കലാപരിപാടികൾ, എട്ടിന് പറവൂർ നെയ്തൽ നാടകസംഘത്തിന്റെ നാടകം വാട്ടീസ് ദാറ്റ്.
17-ന് വൈകീട്ട് നാലരയ്ക്ക് ജന്മദിനാഘോഷവും സമാപനസമ്മേളനവും സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നാടകസംവിധായകൻ ബേബിക്കുട്ടൻ സമ്മാനവിതരണവും പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള സാഹിത്യപ്രഭാഷണവും നടത്തും. ഏഴിന് പുന്നപ്ര മധുവും രതീഷ് വയലയും അവതരിപ്പിക്കുന്ന ഹാസ്യപരിപാടി ‘ഒന്നു ചിരിക്കാം’, രാത്രി ഏഴരയ്ക്ക് നാടകക്കളരിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന നാടകം ‘വെള്ളപ്പൊക്കത്തിൽ’.