എന്റെ കണ്ണീർ നിന്നിൽ നിന്ന്
മറച്ചു പിടിച്ചതും
ദുർബലമായ മനസ്സിന്
ഗാംഭീര്യം കൊടുത്തതും
നീയായിരുന്നു.
പണ്ഡിതന് അലങ്കാരവും
പാമരന് അഹങ്കാരവും
ഭരണിപ്പാട്ടിന് സംഗീതവും
ക്ഷുരകന് വരുമാനവും
കുഞ്ഞുവാവയ്ക്ക് കളിപ്പാട്ടവും
നല്ല പാതിക്ക് ഇക്കിളിയും
ബുദ്ധിജീവിക്ക് ട്രേഡ്മാർക്കും
കൊടുത്തത് നീ തന്നെയായിരുന്നു.
കൗമാരത്തിൽ എന്റെ കൂട്ടിന് വന്ന്
ശ്മശാനത്തിലും എന്റെ കൂട്ടുകാരൻ.
നിസ്സഹായതയ്ക്ക്
നിന്നെ ഉഴിഞ്ഞു
സംതൃപ്തനായി ഞാൻ.
മതത്തിനും
മതേതരത്തത്തിനും
മത രാഷ്ട്രത്തിനും
ജനാധിപത്യത്തിനും
ഇടയിൽ ഒരു അപ്പൂപ്പൻ താടിയായ്
നീ കാറ്റിനൊത്ത്
പാറിക്കളിക്കുന്നു.