ആശയോടെ മേലോട്ട് നോക്കുമ്പോൾ
ഇരുട്ടിന്റെ കരിമ്പടത്തിലൂടെ
നിസ്സഹായരായി തുറിച്ച് നോക്കുന്ന
താരകങ്ങൾ.
വെളുക്കെ ചിരിച്ചിരുന്ന
സുര്യൻ നീരാട്ട് കഴിഞ്ഞെത്തിയില്ല.
കാർ മേഘങ്ങൾക്കിടയിൽ
മറഞ്ഞ ചന്ദൻ
പിന്നീട് പുറം ലോകം കണ്ടില്ല.
താഴേക്ക് നോക്കുമ്പോൾ
കുത്തിയൊലിച്ച് പോകുന്ന
രക്ത പുഴകളിൽ
നിശ്ചലമായൊഴുകുന്ന
മൃതശരീരങ്ങൾ മാത്രം.
വശങ്ങളിലേക്ക് നോക്കുമ്പോൾ
പൊട്ടി മുളച്ചതും
കെട്ടിപ്പൊക്കിയതുമായ
മതിലുകൾ മാത്രം.
ദൈന്യതയുടെ
മാറാപ്പ് ഭാണ്ഡം തുറക്കാൻ
പാറാവുകാരുറക്കമാവുന്നതും
കാത്തിരിക്കുന്നു.
മോചനം കാത്തിരിക്കുന്ന വാക്കുകൾ
ബന്ധനസ്ഥരായ
കൈകാലുകൾക്ക് മുന്നിൽ
ഒച്ചവെച്ച് നടക്കുന്നു.
വായയും നാക്കും
പണയത്തിലാകയാൽ
നെടുവീർപ്പിലൂടെ
ജീവന്റെ അടയാളങ്ങൾ
വിളംബരം ചെയ്യുന്നു.