ഗാന്ധിയുടെ പല്ലുകൾ

 

ഗാന്ധിയുടെ
കല്ലറ എന്നും
അടിച്ചുവാരുന്നവളുണ്ട്

ചെങ്കോട്ട കണ്ണുള്ളവൾ,
താജ് മഹലിൻ്റെ ചിരിയുള്ളവൾ,

അങ്ങനെ അങ്ങനെ,

കാശ്മീർ പൂക്കളുടെ
മണമുള്ളവൾ,

കുടിലിൽ നിന്ന്
വെളുപ്പിനെ പുറപ്പെടുന്നവൾ,

ഇടമുറിയാതോടുന്ന
വണ്ടികൾ കടന്ന്,

ഇമ ചിമ്മാത്ത,
തെരുവുവിളക്കുകളിലൂടെ,
വഴിയോരങ്ങളിലൂടെ,

എത്തുമ്പോഴേക്കും
രാവിലത്തെ നടത്തവും
കഴിഞ്ഞ് ബാപ്പു,

കല്ലറക്കുള്ളിൽ
മയക്കത്തിലാവും.

 

അവളുടെ
കുട കമ്മലുകളും
പാദസരങ്ങളും
അപ്പോൾ മിണ്ടാറേയില്ല.

 

ഗാന്ധിയുടെ
കല്ലറ
വൃത്തിയാക്കുന്നവൾ
കഥകൾ പറയുന്നത് ,
കേൾക്കാറുണ്ട്,

പിന്നെ

ചർക്കയുടെ കിരുകിരുപ്പ്,

അവളെ നെയ്ത്തു പഠിപ്പിച്ചത്,

കാക്കകൾക്കും സൂര്യനും മുമ്പേ, ഉണരാൻ പഠിപ്പിച്ചത്,

അവളുടെ കൊച്ചു കണ്ണുകളെ
വാഴ്ത്തി പറഞ്ഞത്.

 

ബാപ്പു പറയുകയാണ്…

“തൂപ്പുകാരികൾ തുടക്കുന്നത്
കരിയിലകൾ മാത്രമല്ലെന്ന് ”

വൈകുന്നേരം
തിരിച്ചിറങ്ങുമ്പോൾ
പല്ലുപോയ ചിരി.

അവളുച്ചക്ക് കൊണ്ടു
വന്ന കഞ്ഞിയുടെ
പശപശപ്പ്.

ബാപ്പു കെഞ്ചും,

‘അടിച്ചു വാരുമ്പോൾ
കല്ലറയിൽ വീണ
ബോധിയിലകൾ
മാറ്റേണ്ടതില്ലെന്ന്,

മന്ത്രിമാരുടെ വാഹനവ്യൂഹം
കേട്ടാൽ,

ഉറക്കത്തിൽനിന്ന്
വിളിച്ചുണർത്തിയേക്കല്ലെന്ന്.

 

ആരുടെയോ
വളർത്തു പട്ടി
ഡൽഹിറോഡിലലഞ്ഞവസാനം
മതിലുകടന്നു വന്നു.

അവൻ കല്ലറയ്ക്കു
കുറുകേ
കുറേ
ഓടി,
കുറേ കുരച്ചു.

അന്ന് അവളോട്
മാത്രമായി ഗാന്ധി പറഞ്ഞതാണ്.

“വളർത്തുപട്ടികളെ കൂടുതൽ
ഭയക്കണമെന്ന്.

അവയ്ക്ക് ഇറച്ചികൊതി മാറില്ലെന്ന്”

 

ഒരു രാത്രി,
കല്ലറയിളകി കിടക്കുന്നു.

നൂറോളം കുടിലുള്ള
കോളനി വളപ്പിലെ
തൂപ്പുകാരിയുടെ
ഒറ്റമുറി വീട്ടിൽ,
പിഞ്ഞിയ മെത്തയിൽ,

തൂപ്പുകാരി ഉണരുന്നതും
കാത്ത്,
എല്ലു വളഞ്ഞ ബാപ്പു .

അവളുടെ
അടുക്കള കിലുക്കങ്ങൾ
നിലച്ചിട്ട്

എത്ര കൊല്ലം.

 

കൈയിൽ
ചോരയൊട്ടിയ
പൊതി,
ഗാന്ധിയുടെ മുൻ പല്ലുകൾ,

 

അവളുടെ വീട്ടുവളപ്പിൽ,
ചതുപ്പിൽ,
അദേഹമൊരു
മാവിൻ തൈ നട്ടു.

 

 

സന്ധ്യക്ക് പാർക്കിൽ
ഗാന്ധിയുടെ
വെള്ളി പ്രതിമയ്ക്കരികെ
കളിച്ചു കൊണ്ടിരുന്ന
കുട്ടിയാണ് പറഞ്ഞത്,

 

ഗാന്ധിയപ്പൂപ്പൻ്റെ മുൻ പല്ല്
കാണാനില്ലെന്ന്.

അപ്പോൾ അതുവഴി
കൊട്ട ചുമടേറ്റി പോയ
തൂപ്പുകാരിയുടെ
അരക്കെട്ട് വിറച്ചു..

 

അന്ന് രാത്രി,
ഗാന്ധിയുടെ
ബോധി വൃക്ഷത്തിൻ്റെ
ചുവട്ടിൽ അവൾ ആരും
കാണാതെ അവ ഒളിപ്പിച്ചു.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. നന്നായിട്ടുണ്ട്. വ്യത്യസ്തമായ ഒരു ചിന്തയായിരുന്നു. ഒന്നു കൂടി മിനുക്കി എടുക്കാൻ സാധിക്കും എന്ന് തോന്നുന്നു …

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English