ഒരു ദിവസം ഉണർന്നു കണ്ണ് തുറക്കും മുമ്പ്
എനിക്കൊരു സ്വപ്നമുണ്ടായി :
സിംഹത്തിന്റെ ശിരസ്സും
ആടിന്റെ മദ്ധ്യഭാഗവും
സര്‍പ്പത്തിന്റെ വാലുമുള്ള
തീ വമിക്കുന്ന ഒരു ജന്തു!
ഈ സ്വപ്നത്തിന്റെ അർഥം
എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല.
സ്വപ്നത്തെ വിശ്ലേഷണം ചെയ്യാൻ
സാങ്കേതികമായി എനിക്കറിയില്ല.
അത് കൊണ്ട് വിഷയത്തെ ഞാൻ മറക്കാൻ ശ്രമിച്ചു.
എന്തോ ഒരു സന്ദേശം പ്രപഞ്ചം എനിക്ക് നൽകാനായി
കരുതി വെച്ചിട്ടുണ്ടെന്ന് കരുതി സമാധാനിച്ചു.
ആദ്യ സ്വപ്നം കണ്ടിട്ട് ഒരാഴ്ച തികയും മുമ്പ്
ഒരു വെള്ളിയാഴ്ച പുലർച്ചെ
വേറൊരു അനുബന്ധ സ്വപ്നം എന്നെ തേടി വന്നു.
അത് ഏതാണ്ട് ഒരു വെളിപാട്
പോലെയായിരുന്നു.
സിംഹത്തിന്റെ ശിരസ്സിൽ അച്ഛന്റെ മുഖം
ആടിന്റെ മദ്ധ്യഭാഗത്തു അമ്മയുടെ മുഖം
അവർ രണ്ടുപേരും ഈ ലോകത്തു നിന്ന് വിട പറഞ്ഞപ്പോൾ
ഞാൻ പ്രകാശവർഷങ്ങൾക്കകലെ
ഒരു അന്യഗ്രഹത്തിലെ മാളത്തിലായിരുന്നു
അവസാന നോക്കിനു അവരുടെ അടുത്തുണ്ടായിരുന്നില്ല
അതിനാൽ
സര്‍പ്പത്തിന്റെ വാൽ ഞാനാകാം.
അതാ വാലിൽ തെളിയുന്നു എന്റെ കുട്ടിക്കാലത്തെ മുഖം.
പണ്ട് മർക്കടശാഠ്യം കൊണ്ട്
അച്ഛനെയും അമ്മയെയും ഞാൻ
ചില്ലറയല്ല കഷ്ടപ്പെടുത്തിയിട്ടുള്ളത്.
മധുരമിടാത്ത കാലിച്ചായ കുടിക്കുമ്പോൾ
ഞാൻ ആരോടെന്നില്ലാതെ ചോദിച്ചു :
അഗ്നി വമിക്കുന്ന ആ ജന്തു ആരായിരിക്കും?
ഭാര്യ പ്രതികരിച്ചു :
കൊറോണക്കാലത്തെ നമ്മുടെ ജീവിതം!