ടൂറിങ് ബുക്ക്സ്റ്റാൾ (ടി.ബി.എസ്) ഉടമ എൻ.ഇ ബാലകൃഷ്ണമാരാർ അന്തരിച്ചു. ടൂറിങ് ബുക്ക്സ്റ്റാൾ (ടി.ബി.എസ്) ഉടമ എൻ.ഇ ബാലകൃഷ്ണമാരാർ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോടായിരുന്നു അന്ത്യം.
പൂർണ പബ്ലിക്കേഷൻസിന്റെ ഉടമ കൂടിയായ ബാലകൃഷ്ണമാരാർ മലയാള പുസ്തക പ്രസാധന മേഖലയിലെ ഒറ്റയാനായിരുന്നു.
ഒന്നര വയസ്സുള്ളപ്പോൾ തന്നെ അച്ഛൻ മരിച്ചു. പിന്നീട് ഉപജീവനത്തിനായി കോഴിക്കോട്ടെത്തി. വീട്ടിലെ ദാരിദ്ര്യദുഃഖത്തിനു പരിഹാരംതേടിയാണ് ആറാംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം മാരാർ കോഴിക്കോട്ടെത്തിയത്. രാവിലെ പത്രവിൽപ്പനയും ഉച്ചതിരിഞ്ഞ് പുസ്തകവിൽപ്പനയുമായി എല്ലായിടത്തുമെത്തി.
ഇടയ്ക്ക് തഞ്ചാവൂരിലെ ഹോട്ടലിൽ സപ്ലയറായും പെട്ടിക്കടക്കാരനായും മാറി. വീണ്ടും കോഴിക്കോട്ടെത്തി കാൽനടയായി പുസ്തകവിൽപ്പന നടത്തിക്കൊണ്ടി- രിക്കെയാണ് ഒരു സൈക്കിൾ സ്വന്തമാക്കിയത്. അമ്മയുടെ കമ്മൽ പണയംവെച്ച് കിട്ടിയ അറുപതുരൂപയ്ക്ക് വാങ്ങിയ സൈക്കിളിൽ കോഴിക്കോടിന്റെ ഓരോ മുക്കിലുംമൂലയിലുമെത്തിയായിരുന്നു പുസ്തക വിൽപ്പന.
കാൽനടയിൽനിന്ന് സൈക്കിളിലേക്കും പത്ര, പുസ്തക വിൽപ്പനയിൽ നിന്ന് പ്രസാധന രംഗത്തേക്കും പടിപടിയായി വളർന്നു. 1958ൽ മിഠായിത്തെരുവിൽ ഒറ്റമുറി കടയിൽ ടി.ബി.എസ് പുസ്തകശാലയ്ക്ക് തുടക്കംകുറിച്ചു. 1966ൽ പുർണ പബ്ലിക്കേഷൻസിനും തുടക്കമിട്ടു. 1988ൽ ടിബിഎസ് മുതലക്കുളത്ത് ഇപ്പോഴുള്ള കെട്ടിടത്തിലേക്കും മാറി. കണ്ണീരിന്റെ മാധുര്യം’ എന്നത് ആത്മകഥ.
ഭാര്യ: സരോജം. മക്കൾ: എൻഇ മനോഹർ, ഡോ അനിത. മരുമക്കൾ: പ്രിയ, ഡോ. സേതുമാധവൻ. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മാവൂർറോഡ് ശ്മശാനത്തിൽ നടക്കും.