ആത്മഹത്യക്കുശ്രമിച്ച് ചികിത്സയിലായിരുന്ന തമിഴ് ചലച്ചിത്ര-സീരിയൽ നടൻ ലോകേഷ് (34) മരിച്ചു.മൂന്നുദിവസം മുമ്പാണ് കോയമ്പേട് ബസ് സ്റ്റാൻഡിൽ അബോധാവസ്ഥയിൽ ലോകേഷിനെ കണ്ടെത്തിയത്.
വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ നടനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി മരിച്ചു. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാനുള്ള കാരണമെന്ന് പൊലീസ് പറയുന്നു.
ജനപ്രിയ സീരിയലായ ‘മർമ്മദേശ’ ത്തിലൂടെയാണ് ലോകേഷ് ശ്രദ്ധിക്കപ്പെടുന്നത്. കോയമ്പേട് ബസ് സ്റ്റേഷനിൽ വെച്ച് അസ്വസ്ഥത പ്രകടിപ്പിച്ച നടനെ കിൽപ്പാക്കം സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ വിഷം കഴിച്ചതായി കണ്ടെത്തി. ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.
കുറച്ചു നാളായി ഭാര്യയുമായി അകന്നു കഴിയുകയാണ്. കഴിഞ്ഞ ദിവസം ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. അന്നുമുതൽ മാനസികമായി തകർന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മദ്യത്തിന് അടിമയായിരുന്നു ലോകേഷ് എന്നാണ് പൊലീസ് പറയുന്നത്.