ഭൂമിയോട്
ഇന്ന് നീ വിളറിപ്പോയ ഒരു നീലക്കുത്ത്
നാളെ സൗരയൂഥത്തിലെ പുഴുക്കുത്താകാതിരുന്നാൽ ഭാഗ്യം
സൂര്യനോട്
മലയും കടലും നിഷ്കരുണം ഉപേക്ഷിച്ചാലും
ഇരുട്ട് നിന്നെ സ്വീകരിക്കും
പിറന്ന ദിനം തന്നെ മരിക്കാൻ കഴിയുന്നത് ഒരു സുകൃതമാണ്
ചന്ദ്രനോട്
വിശക്കുന്ന ബംഗാളിക്ക് നീ ചപ്പാത്തിയാണെങ്കിൽ
വിശക്കുന്ന മലയാളിക്ക് നീ ദോശയാണ്
ആരും ഇപ്പോൾ മന്നവേന്ദ്രന്റെ മുഖം നിന്നിൽ കാണാറില്ല
രാവണനോട്
പത്തു തലയുണ്ടെങ്കിലും നിനക്കൊരു ഹൃദയം മാത്രം
അതിൽ നീ സീതയെ പ്രതിഷ്ഠിച്ചിരിക്കുന്നു
സ്വന്തം നെഞ്ചിൽ ഹനുമാൻ രാമനെ കുടിയിരുത്തിയപോലെ
ചേമ്പിലയോട്
മഴത്തുള്ളി നിന്റെ പ്രേമഭാജനം
തെക്കു പടിഞ്ഞാറൻ കാറ്റ്
പ്രേമത്തിന്റെ മൂന്നാം കോണിലെ വില്ലൻ
കണ്ണാടിയോട്
എന്നെ ഞാനായി കാണിക്കാൻ നിനക്കൊരിക്കലും ആവില്ല
ആകയാൽ നിന്റെ മുഖം എന്നും വികൃതമാണ്.
വീടിനോട്
ചുവര് വാതിലായതും വാതിൽ ചുവരായതും അറിഞ്ഞില്ല
മേൽക്കൂര പാറിപ്പോയതും ഞാനറിഞ്ഞില്ല
ഇപ്പോൾ പാമ്പും തേളും പറക്കും തവളകളും മാത്രമാണ് അന്തേവാസികൾ
കവിയോട്
പല പല കതകിലും നീ മുട്ടി നോക്കും
എന്നാൽ നിനക്ക് വേണ്ടി ഒരു വാതിലും തുറക്കപ്പെടില്ല
പറയുന്നതിൽ ഖേദമുണ്ട്, നിന്റെ ജീവിതം ഛന്ദോബദ്ധമല്ല
മാതൃഭാഷയോട്
നിന്റെ അച്ഛൻ തുഞ്ചത്തെഴുത്തച്ഛൻ
അമ്മ മൗനം