എഴുതുന്നതിനേക്കാൾ കൂടുതൽ അവാർഡുകൾ ഒപ്പിച്ചെടുക്കാനാണ് മലയാളി എഴുത്തുകാർ നെട്ടോട്ടമോടുന്നതെന്ന് ടി. പത്മനാഭൻ. അവാര്‍ഡുകള്‍ നേടാനുള്ള നെട്ടോട്ടത്തിലാണ് താനടക്കമുള്ളവര്‍. അക്കാദമി പുരസ്‌കാരമായാലും മറ്റ് പുരസ്‌കാരങ്ങളായാലും ഒരു പോലെയാണ്. കൂടുതല്‍ പണം കിട്ടുന്ന അവാര്‍ഡുകള്‍ക്ക് പിന്നാലെയാണ് കൂടുതൽ പേരും എന്ന് പത്മനാഭൻ പറഞ്ഞു. 11 ലക്ഷം രൂപയുള്ള ജൈനന്മാരുടെ ജ്ഞാനപീഠവും മാര്‍വാടികള്‍ നല്‍കുന്ന സരസ്വതി പുരസ്‌കാരവുമാണ് ആളുകള്‍ക്ക് താല്പര്യം.
ഒരു നാണവുമില്ലാത്ത എന്നെ പോലുള്ളവര്‍ ഇവ കൈയടക്കുകയാണ്. അവാര്‍ഡ് കമ്മിറ്റിയില്‍ ഉള്ളവക്ക് ബൈലോ പ്രകാരം അവര്‍ഡിന് അര്‍ഹതയില്ല. അതിനാല്‍ കമ്മിറ്റിയില്‍ നിന്ന് രാജി വച്ച് അവശേഷിക്കുന്നവരെ കൊണ്ട് പേരു കൊടുപ്പിച്ച് അവാര്‍ഡ് നേടും മൂന്ന് മാസം കഴിഞ്ഞാല്‍ വീണ്ടും തിരിച്ചുവരും. സാഹിത്യ അക്കാദമിയിലുള്ളവര്‍ ഇതാണ് ചെയ്യുന്നത്. ഭാരവാഹികള്‍ അവാര്‍ഡ് കച്ചവടമാണ് ചെയ്യുന്നത്. കൃത്രിമമായ വഴികളിലൂടെ അവാര്‍ഡുകള്‍ നേടരുത്- ടി. പത്മനാഭന്‍ പറഞ്ഞു
പൊതുവിദ്യാഭ്യാസവകുപ്പ്, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ഫോക്ലോർ അക്കാദമി, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവ ചേർന്ന് കോഴിക്കോട് സംഘടിപ്പിച്ച സർഗോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പരിപാടിയിൽ പങ്കെടുത്തു. അഞ്ഞൂറോളം കുട്ടികകളാണ് സർഗോത്സവത്തിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച സമാപിക്കും