ബഷീറും ജിമനെസും- ടി പത്മനാഭൻ

ടി പത്മനാഭന്റെ കഥകൾ പോലെ തന്നെ മനോഹരമായ ഗദ്യമാണ് അദ്ദേഹത്തിൻറെ ലേഖനങ്ങൾക്കും, വിചിത്രമായ വഴികളിലൂടെ സഞ്ചരിച്ച് അവ വായനക്കാരനെ അനുഭൂതിയുടെ വ്യത്യസ്തമായ ദ്വീപുകളിലെത്തിക്കുന്നു. ബേപ്പൂർ സുൽത്താൻ കഥാപാത്രമായി വരുന്ന പത്മനാഭന്റെ രസകരമായ ഒരനുഭവക്കുറിപ്പ് വായിക്കാം, ഡി സി ബുക്ക്സ് പ്രസിദ്ധപ്പെടുത്തിയ പള്ളിക്കുന്ന് എന്ന പുസ്തകത്തിലെ ഒരു ഭാഗമാണിത്

ഞാന്‍ നിയമം പഠിക്കാനായി 1952-ല്‍ മദ്രാസില്‍ ചെന്നപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ അവിടെയുണ്ടായിരുന്നു. മദ്രാസിലെത്തിയ ആദ്യനാളുകളില്‍ത്തന്നെ ബഷീറിനെകാണാനും പരിചയപ്പെടാനും ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, ബഷീറിനെ കേരള സമാജത്തിലോ, സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ‘സാഹിതീസഖ്യ’ത്തിലോ മലയാളികളായ എഴുത്തുകാരും കലാകാരന്മാരും സ്ഥിരമായി ഒത്തുചേരുന്ന എം. ഗോവിന്ദന്റെ വീട്ടിലോ ഒന്നും ഞാന്‍ കാണുകയുണ്ടായില്ല. എപ്പോഴെങ്കിലും മദ്രാസിലെത്തുന്ന പ്രശസ്തരായ മലയാളസാഹിത്യകാരന്മാരെ ആദരിക്കാന്‍ ചേരുന്ന യോഗങ്ങളിലും ഞാന്‍ ബഷീറിനെ കണ്ടില്ല. ‘കുട്ടിയപ്പ ഗ്രാമീണ സ്ട്രീറ്റിലെ’ ലോഡ്ജില്‍ കുശിനിപ്പണിയും എഴുത്തുമായി കഴിഞ്ഞുകൂടിയിരുന്ന അദ്ദേഹത്തെ ഒടുവില്‍ ഞാന്‍ അവിടെ പോയിത്തന്നെ കണ്ടു!

ഏതാണ്ട് രണ്ട് മണിക്കൂറുകള്‍തന്നെ ഞാനുമായി അദ്ദേഹം ചെലവിട്ടു. കൂടുതല്‍ സംസാരിച്ചതും അദ്ദേഹമായിരുന്നു. സാഹിത്യസംബന്ധിയായ കാര്യങ്ങളല്ലാതെ വ്യക്തിപരമായ വിഷയങ്ങളൊന്നും അന്ന് ബഷീര്‍ പറഞ്ഞിരുന്നില്ല. പോരുമ്പോള്‍ മുച്ചീട്ടുകളിക്കാരന്റെ മകള്‍, പാവപ്പെട്ടവരുടെ വേശ്യ എന്നീ പുസ്തകങ്ങള്‍ തന്റെ ഒപ്പോടെ എനിക്കു തന്നതിനുശേഷം അദ്ദേഹം എനിക്ക് വിചിത്രമായ ഒരുപദേശവും തന്നു. അദ്ദേഹം പറഞ്ഞു: ”നിങ്ങള്‍ മലയാളത്തിലെഴുതരുത്. മലയാളം എന്നു പറഞ്ഞാല്‍ ഒന്നേമുക്കാല്‍ കോടി മനുഷ്യരുടെ മാത്രം ഭാഷയാണ്. നിങ്ങളൊന്നു ശക്തിയോടെ മൂത്രമൊഴിച്ചാല്‍ ഈ ഒന്നേമുക്കാല്‍ കോടിയുടെ തലയിലും മൂത്രത്തുള്ളികളെത്തും. എണ്ണത്തില്‍ മാത്രമല്ല സമ്പത്തിലും നമ്മള്‍ ചെറിയവരാണ്. നമ്മുടെ പത്തിലൊന്ന് കഴിവില്ലാത്ത ഒരു ‘കഴുവേറിടെ മകന്‍’ ഇംഗ്ലീഷിലെന്തെങ്കിലും എഴുതിയാല്‍ അത് ലോകം മുഴുവനും എത്തും. അതു വാഴ്ത്തിപ്പാടാന്‍ ലോകത്തിന്റെ നാനാഭാഗത്തും വിമര്‍ശകന്‍ എന്നു പറയുന്ന ‘കഴുവേറിടെ മക്കളു’മുണ്ടാകും. പിന്നെ ഇവരെഴുതുന്ന സാധനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് വലിയ വലിയ കമ്പനിക്കാര്‍ സിനിമകളുമെടുക്കും–അങ്ങനെയും ഇവര്‍ പ്രശസ്തരാകും. ഇവിടെ നിങ്ങള്‍ വിയര്‍ത്ത്, ചത്ത് ഒരു കഥ എഴുതിയാല്‍… എന്താണ് സംഭവിക്കുന്നത്?

ബഷീര്‍ വാക്കുകള്‍ നിര്‍ത്തി എന്നെ തറച്ചുനോക്കിക്കൊണ്ട് പറഞ്ഞു:
”ഞാന്‍ പറയുന്നത് മനസ്സിലാകുന്നുണ്ടോ?”
എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ഞാനത് വ്യക്തമാക്കുകയും ചെയ്തു.ഇന്ന്, അദ്ദേഹം മരിച്ചുകഴിഞ്ഞതിനുശേഷം ഇതൊക്കെ ഓര്‍ക്കുമ്പോള്‍ 42 കൊല്ലങ്ങള്‍ക്കുമുമ്പ് അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകളുടെ പൊരുള്‍ ഒന്നുകൂടി വ്യക്തമായി എനിക്കു മനസ്സിലാകുന്നു. പാത്തുമ്മയുടെ ആട് ബഷീര്‍ എഴുതിയ പുസ്തകമാണല്ലോ. ഇത് ഞാന്‍ വായിച്ചിട്ടുണ്ട്. ‘ജുവാന്‍ റാമോണ്‍ ജിമനെസി’ന്റെ (ഉച്ചാരണം തെറ്റായിരിക്കും; എനിക്ക് അത്രയേ നിശ്ചയമുള്ളൂ. പൊറുക്കുക) പ്ലാറ്ററോ ആന്റ് ഐ എന്ന പുസ്തകവും വായിച്ചിട്ടുണ്ട്. ജിമനെസിന്റെ പുസ്തകം തീര്‍ച്ചയായും മനോഹരമാണ്. അന്‍ഡലൂഷ്യന്‍ താഴ്‌വരകളിലൂടെ താന്‍ ഏറ്റവും സ്‌നേഹിച്ച കഴുതയുമായി ഒരു കാറ്റുപോലെ നടന്നുപോയതിന്റെ വാങ്മയചിത്രങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ജിമനെസിന് നോബല്‍സമ്മാനം കിട്ടി. ബഷീറിനോ? ജയിന്‍ കുടുംബം കൊടുക്കുന്ന ‘പീഠം’പോലും കിട്ടിയോ?
ഇത് ആലോചിക്കേണ്ട വിഷയമാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here