ഒരു ടി എന്‍ ജോയ് സ്മൃതി

” മലയാള കഥാ സാഹിത്യത്തില്‍ വിപ്ലവകഥാകാരന്മാരുടെ ശ്രേണിയില്‍ ഏറ്റവും സാധു ശ്രീ. പി. കെ നാണു. ഒരു ദൃഷ്ടാന്തത്തിന് – അദ്ദേഹത്തിന്റെ ‘ ഒരു ആദിവാസി ബാലന്റെ ആത്മകഥയില്‍ നിന്ന്’ എന്ന കഥ എടുക്കാം.

തന്റെ പിതാവിനെ കൊല ചെയ്യുകയും സഹോദരിയെ ബലാത്സംഗം ചെയ്ത് കൊല്ലുകയും അമ്മയെ തെരുവ് വേശ്യാപ്പണിയിലേക്കാനയിക്കുകയും ചെയ്യുന്ന ജന്മിക്കെതിരെ വിപ്ലവ സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് നഗരപ്രാന്തങ്ങളിലെത്തിച്ചേരുന്ന ഒരു ആദിവാസി ബാലന്റെ ജീവിത കഥയാണിത്. കഥക്കൊടുവില്‍ യുവാവായിത്തീര്‍ന്ന ആദിവാസി ബാലന്‍ തന്റെ കൂട്ടു സഖാക്കളോട് തന്റെന്റെ സ്വപ്നദര്‍ശസാക്ഷാത്കാരം ഏതാങ്ങിനെ രേഖപ്പെടുത്തുന്നതായാണ്:

” ഞാനെന്റെ തെണ്ടികളായ സഖാക്കളൊട് പറഞ്ഞു- നമുക്ക് ജന്മിമാരുടെ വീടുകളിലേക്കു പോവുക ധാന്യപ്പുരകള്‍ കൊളളയടിക്കുക, നമുക്കാവശ്യമുള്ളടിത്തോളം ആഹാരസാധനങ്ങള്‍ ശേഖരിക്കുക ”

സര്‍വ്വശ്രീ പട്ടത്തുവിള, യു പി ജയരാജ്, എം സുകുമാരന്‍ ഈ ശ്രേണിയില്‍ വരുന്ന അവസാന കഥാകൃത്തായ പി. കെ നാണുവിന്റെയും ഇവിടെ പരാമര്‍ശിച്ച കഥയുടേയും സവിശേഷവ്യതിരിക്തത എന്ത്?

ഉന്മൂലനത്വരയുടെ അത്യാദര്‍ശഘോഷണത്തിന്റെയും നിറം ചേര്‍ക്കലിന്റെയും അതിതീവ്രതയുടേയും ശൂന്യതയും എല്ലാം ഉള്‍ച്ചേര്‍ന്ന മനുഷ്യത്വഭാവനതന്നെയാണിത്. ഒരു പക്ഷെ പലതായി ചിതറി ഒന്നിനോടൂം പ്രതിപത്തിയും വിപ്രതിപത്തിയും ഇല്ലാതെ മേദുരാല്‍മേദുരമായി ജീവിക്കുന്ന നമ്മുടെ നിര്‍ഗുണ സമൂഹത്തെ ആകര്‍ഷിക്കുവാന്‍ പോരുന്ന ഒന്നും തന്നെ ശ്രീ നാണു തന്റെ കഥകളില്‍ ചേര്‍ക്കുന്നില്ലായെന്നതാണ് സമകാല തീവ്രരാഷ്ട്രീയദര്‍ശ കഥാകാരന്മാരില്‍ നിന്ന് / കഥകളില്‍ നിന്ന് നാണുകഥകളെ വ്യത്യസ്തമാക്കുന്നത്.

ആ ”തെണ്ടികളായ സഖാക്കള്‍” എന്ന പ്രയോഗം തന്നെ നോക്കുക. ഒരുത്തമ സഖാവിനു എത്തിപ്പിടിക്കാവുന്ന ഏറ്റവും ഉന്നതമായ ജീവിതാവസ്ഥ – മനസിലെങ്കിലും തന്നെ തെണ്ടിയായി നിലനിര്‍ത്തുകയെന്നല്ലാതെ മറ്റെന്ത്? അക്രമത്തെണ്ടിയല്ല തൊഴില്‍ക്ലേശത്താല്‍ ദീനനായ് തീര്‍ന്ന തെണ്ടീ എന്നാണിവിടെ വ്യംഗ്യം. ഇത്തരം തൊഴില്‍ ക്ലേശീതരായ ദീനത്തെണ്ടികളെ കൈയൊഴിഞ്ഞുവെന്നതാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ അധ:പതനത്തിന് നിദാനമെന്നും ഓര്‍ക്കുക.

തെണ്ടികളോടൊപ്പം – അക്രമത്തെണ്ടികളോടൊപ്പമല്ല; അവസാനശ്വാസം വരെയും സമൈക്യത്തോടെ നിലയുറപ്പിച്ചു എന്നതാണ് ശ്രീ ടി എന്‍ ജോയിയെ ഇതര വിപ്ലവസഹകാരികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. അതുകൊണ്ട് ശ്രീ വേണുവിനെ പോലെയോ ശ്രീമതി അജിതയെ പോലെയോ ശ്രീ ജോയി അഥവാ നജ്മല്‍ ബാബുവിനെ മുന്‍കാല പ്രതിയോഗികള്‍ക്ക്, അവരുടെ പിന്‍ തലമുറക്കാര്‍ക്ക് കച്ചവടായുക്തവസ്തുവാക്കാനാകുന്നില്ല. മുന്‍കാല വിപ്ലവജീവിതം ശ്രീ ടി. എന്നിനു അതുകൊണ്ടു തന്നെ ഒരു ഗൃഹാതുരച്ചരക്കല്ല ( പൂര്‍വ്വരാഷ്ട്രീയ ജീവിതം, പില്‍ക്കാല രാഷ്ട്രീയ ജീവിതം എന്നീ വേര്‍തിരിവുകള്‍ ആ ജീവിതത്തില്‍ കാണുവാനുമാകില്ല )

തികച്ചും ആനുഷംഗികമായ , ഒരോര്‍മ്മ കുറിക്കട്ടെ – വായിച്ചോര്‍മ്മയാണ്.

ആലപ്പുഴയില്‍ പ്രമാദമായൊരു പാര്‍ട്ടിസമ്മേളനത്തിന് വരവെ കേരള രാഷ്ട്രീയത്തിലെ എക്കാലത്തേയും മികച്ച സൈദ്ധാകിനും, രാഷ്ട്രീയ പ്രബുദ്ധനുമെല്ലാമായ ശ്രീ ഇ. എം. എസ് തന്റെ പഴയ ഒരു സഹപ്രവര്‍ത്തകനെ കാണുമ്പോള്‍ ആ മനുഷ്യന്‍ ആലപ്പുഴയിലെ ഒരു കാലത്തെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ അമരക്കാരനായ നേതാവും പിന്‍കാലത്ത് വിഘടവാദി എന്ന പേരില്‍ തരം താഴ്ത്തപ്പെടുകയും ചെയ്തൊരാളാണ് – തല തിരിച്ചു കടന്നു പോയി.

അത്തരമൊരു പരിതാവസ്ഥയില്‍ അച്ചടക്കമുള്ള സുശക്തഘടനയുള്ള ഒരു പാര്‍ട്ടിയുടെ തലവനു അതേ ചെയ്യാനാകു. അതേ വേദിയിലേക്ക് മഹാനായ ഏ. കെ ഗോപാലന്‍ കടന്നു വരികയും തന്റെ പൂര്‍ വ സഹകാരി ആയിരുന്ന ആ പഴയ കാല രാഷ്ട്രീയപ്പോരാളിയുടെ കൈ പിടിച്ച് ഒരു മൂലക്കു മാറ്റി നിര്‍ത്തി ” തനിക്കെന്തു പറ്റിയടോ” എന്നും ചോദിച്ച് വാരിപ്പുണര്‍ന്ന് പൊട്ടിക്കരയുകയും ചെയ്ത സന്ദര്‍ഭം ഏ. കെ. ഗോപാലനനായതു കൊണ്ടാകാം എന്തോ; പാര്‍ട്ടിക്കഹിതമായത് ചെയ്തതായി ആ വികാരവത്തായ പ്രവൃത്തിയെ ആരും കണ്ടില്ല. അച്ചടക്കവാള്‍ ഉയര്ന്നുതാഴ്ന്നതുമില്ല. സര്‍വ്വ ശ്രീ. ഏ. കെ ഗോപാലന്റെ മനുഷ്യത്വ മഹത്വത്തിന്റെ ദൃഷ്ടാന്തമായി ഈ സംഭവത്തെ ആ വേദിയില്‍ സന്നിഹിതതാരായ സകലമാന പേരിലും അനുകരണപ്പെടുക മാത്രം ഉണ്ടായി. ഒരു മഹത്തായ ചരിത്ര രേഖ തന്നെയായി.

നാമറിയാതെ നാം ഇന്ത്യന്‍ കോഫീ ഹൗസില്‍ കയറുകാണെങ്കില്‍ അതിത്തരം മനുഷ്യത്വ പ്രവൃത്തികളുടെ അബോധ പ്രേരണസയാലെന്നു തന്നെ നാം നിനയ്ക്കുക.

ശ്രീ ടി എന്‍ ജോയിയും ശ്രീ ഏ. കെ. ഗോപാലന്റെ അടുത്ത് ചേര്‍ന്നു നിര്‍ത്താവുന്ന ഒരു ‘ ചിന്ന ‘ രാഷ്ട്രീയാദര്‍ശാള്‍ ! തങ്ങള്‍ക്കുള്ളിലെ രാഷ്ട്രീയാദര്‍ശതീക്ഷണതയെ ഒരു പ്രകാരത്തിലും വെള്ളം ചേര്‍ത്തണയ്ക്കുന്നില്ലായെന്നുള്ളതാണ് ഇത്തരം വ്യക്തിത്വങ്ങളുടേ ഒരു സവിശേഷത.

ആര്‍ക്കും ചൂഷണം ചെയ്തു ഗുണപ്പെടാന്‍ ഇവരെ സ്വായത്തമാക്കാനുമാകില്ല . ഒരു തരത്തിലും ജീവനുള്ള അവസ്ഥയില്‍ ഇവര്‍ നിര്‍ഗുണകര്‍മ്മമാകുന്നുമില്ല. തങ്ങളെന്തു ചെയ്യുന്നോ അതറിഞ്ഞേ ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കു.’ അടവു നയം’ എന്നൊന്നു ഇക്കൂട്ടര്‍ക്കില്ല.

ഇനി വ്യക്ത്യനുഭവം
—————–
‘ കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയില്‍ കവിത ചൊല്ലുവാനായി വാലറ്റക്കാരനായി കടന്നു കൂടിയ ഒരവസരം. അന്നാണ് ഈയുള്ളവന്‍ ശ്രീ ജോയിയെ ആദ്യമായി കാണുന്നത്. എനിക്കന്ന് കവിതയെഴുത്ത് തീരെ വശമില്ല ( ഇന്നിതിത്തിരി കഷ്ടിമുഷ്ടി അറിയാം) നാട്ടിലെയും ആപ്പീസിലേയും ” കണ്ട്രികളില്‍’ നിന്ന് രക്ഷ തേടിയുള്ളതാണ് എന്റെ കവിതാ രചനാവൃത്തി . ഗതി കെട്ടാല്‍ പുലിക്കു പുല്ലുതീറ്റയും മനുഷ്യനു കവിതയെഴുത്തും ആകാമെന്നാണല്ലോ പ്രമാണം. ആയതു പ്രകാരം കവിത എഴുതിപ്പോകുന്നതാണ്. ഇങ്ങനെയൊക്കെയാണു കാര്യമെങ്കിലും പൊട്ടക്കവിതകള്‍ക്കു പുറകില്‍ ഒരു കാവ്യ ദര്‍ശനം കാത്തു സൂക്ഷിക്കുവാന്‍ ഞാന്‍ വ്യഗ്രതപ്പെടാറുണ്ട്. ആശയം കൊള്ളാവുന്നത് ആവിഷ്ക്കാരം അങ്ങേയറ്റം പൊട്ടിപ്പൊളീഞ്ഞത് ഇമ്മട്ടിലാണെന്റെ കവിതകളുടേ ഘടന .

പ്രോട്ടോക്കോള്‍ എന്നായിരുന്നു ഞാനന്നു പറഞ്ഞ് കവിതയുടേ പേര്. പ്രോട്ടോക്കോള്‍ നമ്മുടെ സമൂഹത്തില്‍ ഫെവിക്കോള്‍ പോലെ പ്രതി പ്രവര്‍ത്തിക്കുന്ന അവസ്ഥ അതായിരുന്നു കാവ്യ വിഷയം. പറയേണ്ടത് വിഴുങ്ങി കഷ്ടപ്പെട്ട് ‘ നല്ല വര്‍ത്താനം’ പറയേണ്ടി വരുന്ന അവസ്ഥ. വായുമലദ്വാരസമാനമാക്കി അക്രമിത്തെണ്ടീകള്‍ക്കു നേരെ കുണ്ടി ശംഖാക്കി മംഗള വളി വിടേണ്ടി വരുന്ന ദുരവസ്ഥ. കവിത പറഞ്ഞ് പൂര്‍ത്തിയാക്കി വേദി വിട്ടിറങ്ങിയതു നേരെ എത്തപ്പെട്ടത് എന്റെ അമ്മാവനും( നേരമ്മാവനല്ല) സുപ്രസിദ്ധ ബാലസാഹിത്യകാരനും ഇപ്പം യശ:ശരീരനുമായ ശ്രീ രാജന്‍ കോട്ടപ്പുറത്തിന്റെ മുന്‍പില്‍. ഭൂമി പിളര്‍ന്നു മഹാബലിക്കു മുമ്പില്‍ എത്തപ്പെട്ടിരുന്നെങ്കില്‍ എന്നു തോന്നിയ സന്ദര്‍ഭം.

അദ്ദേഹം സ്നേഹപുര്‍വ്വം എന്നെ ഹോട്ടലിലേക്കു കൂട്ടിക്കൊണ്ടു പോയി സ്നേഹച്ചായക്കു ഓര്‍ഡറും കൊടുത്തു ഉപചാരച്ചാരം ഒത്തിരി പറത്തി; പിന്നയങ്ങോട്ട് ഉപദേശങ്ങളുടെ ഒരു പെരും പറയാണ്.

” നല്ലതു പറയണം മനുഷ്യ ജവിതം അതൊന്നേയുള്ളു ആയുസാണെങ്കില്‍ അല്പ്പവും അപ്പോള്‍, ഉള്ള കാലം നല്ലത് പറഞ്ഞ് ശീലിച്ചു കൂടെ?”

ഞാനൊന്നും മിണ്ടിയില്ല. ശിക്ഷ പെട്ടു പോയല്ലോ; എന്നു മാത്രമാം ഓര്‍ത്തു. ഒടുക്കം; ചായ എത്താറെ, ഇനി ഇമ്മാതിരി ‘ ചിറിമ്മേന്ന്; കൈയെടുക്കാത്തരം കവിത എഴുതരുത് എന്ന് ഒരു ഗുണപാഠഉപദേശവും.

ഞാനാകട്ടെ എനിക്കിഷ്ടമുള്ളത് ഞാനെഴുതും എന്നു വാശിപ്പെട്ടു നിന്നു . ശേഷം, അദ്ദേഹം കടി പലഹാരത്തിനു നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ കട്ടായമായിട്ടു പറഞ്ഞു സന്ദേശം സിനിമയിലെ ശ്രീനിവാസന്‍ കഥാപാത്രത്തെ പോലെ!

”ഒരു മസാലദോശ പറഞ്ഞോളു നന്മയെ പറ്റി മാമന്‍ ഒരക്ഷരം മിണ്ടില്യാച്ചാ മാത്രം!”

‘ വിനാശകാലേ വിപരീത ബുദ്ധി ‘ എന്നോ, മറ്റോ പറഞ്ഞ് പിന്നൊരക്ഷവും അദ്ദേഹം മിണ്ടിയില്ല. ‘ നിശബ്ദനായി’ മസാലദോശമിണുങ്ങി ഹോട്ടവും വിട്ടിറങ്ങി.

മാമനു വൈരാഗ്യമായി എന്ന് എനിക്കു തോന്നി. അദ്ദേഹത്തെ വിട്ടകന്ന് മാറി പരിപാടികള്‍ വീക്ഷിക്കാന്‍ ഞാനാഗ്രഹിച്ചു. അമ്മാവന്‍ ബാലസാഹിത്യം; ഇപ്പം യശ:ശരീരന്‍; എന്റെ കൈവിട്ടില്ലായെന്ന് മാത്രമല്ല അഭിമാനപുരസരം എന്റെ ‘മാമേടെ’ മോനാണ് എന്നെന്നെ പരിയപ്പെടുത്തുക കൂടി ആയപ്പോള്‍ ഞാന്‍ മനസിലോര്‍ത്തു – ‘മനുഷ്യന്‍ , എത്ര വിചിത്രമായ പദമെന്ന്!’

നാലാമൊതൊരാളായി അദ്ദേഹം എന്നെ പരിചയപ്പെടുത്തിത്തരാന്‍ തുനിഞ്ഞത് ശ്രീ ടി. എന്‍. ജോയിയെ ആയിരുന്നു.

കുറച്ചകന്ന് മാറി സ്വത:സിദ്ധമായ ചിരിയോടെ എനിക്കത്ര അപരിചിതരല്ലാത്ത രണ്ടു പേരുമായി കുശലം പറയുകയായിരുന്നദ്ദേഹം.

ഒരു മാതിരിപ്പെട്ട മനുഷ്യച്ചിരികള്‍ കണ്ടിട്ടുണ്ട്. ഞാന്‍ അതിലേറ്റം ശ്രദ്ധേയം ” ഗോള്‍ഡന്‍ സ്മൈല്‍‍’ എന്ന് സാംസ്ക്കാരികപ്രമാണികള്‍ വിശേഷിപ്പിക്കാറുള്ള പി. വി. കൃഷ്ണന്‍ നായറവര്‍കളുളേടേതാണ്. പക്ഷെ ആ ചിരി സ്വാഭാവികച്ചിരിയല്ല ഞാനിവിടെ ജീവിച്ചു പൊയ്ക്കോട്ടെ എന്ന മട്ടിലുള്ള ധര്‍മ്മവിഷാദഹാസമാണ്. അതുകൊണ്ട് നമുക്കത് സഹ്യവുമാണ്. എന്നാല്‍ ടി. എന്നിന്റെ ചിരി അങ്ങനല്ല. അദ്ദേഹത്തിന്റെ ഏതൊരു പ്രവൃത്തിയും പോലെ അദ്ദേഹഹാസവും ആധികാരികകര്‍തൃത്വമുറ്റത്! ഒരു നിഷ്ക്കുകര്‍മ്മവാന്റെ അല്ലേയല്ല. ഇത്തരം മനുഷ്യരുമായി ഇടപഴകുന്നത് അപകടകരമാണെന്ന് എനിക്കന്നേരം തന്നെ തോന്നി. മനുഷ്യനായാല്‍ അല്പ്പസ്വല്പ്പം കുടിലതയും സ്വാര്‍ത്ഥബോധവും ഒക്കെ വേണം എന്ന തരക്കാരനാണ് അന്നുമിന്നും ഞാന്‍ ! പക്ഷെ , കറകളഞ്ഞ മനുഷ്യത്വം ഉള്‍പ്പേറ്റുന്ന ആ നിര്‍വ്യാജച്ചിരി തന്നെ അതിന്റെ പ്രഥമലക്ഷണം – ഇത്തരം മനുഷ്യപറ്റുള്ള അപകടകാരികളുമായി പരിചയപ്പെട്ടാല്‍, അടുത്തു സംവദിച്ചാല്‍ നാമറിയാതെ തന്നെ നാം ‘ ഹാര്‍ട്ട് വാഷ്’ ചെയ്യപ്പെടും. അതിനെത്രയോ മുന്‍പ് ഞാന്‍ അദ്ദേഹത്തിന്റെ സ്മൃതി പുസ്തകവും വായിച്ചിരിന്നു. ഒരു മുന്‍ നക്സലില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന ഒന്നും തന്നെ ആ പുസ്തകത്തിലില്ലായെന്നു മാത്രമല്ല യാതൊരു കച്ചവടച്ചേരുവകളുമില്ലാത്ത ഒരു ഓര്‍മ്മ പുസ്തകം.

ഈ മനുഷ്യന്‍ വലിയ കുഴപ്പക്കാരനാണല്ലോ, എന്ന് അന്നേ മനസില്‍ കുറിച്ചിട്ടിരുന്നു. അദ്ദേഹം എന്നെ നോക്കി നന്നായൊന്നു മന്ദഹസിച്ചെന്നാണ് എന്റെ ഓര്‍മ്മ. കൂടുതല്‍ ‘ഹാര്‍ട്ട് വാഷ് ‘ ചെയ്യപ്പെടും മുന്‍പ് ഞാന്‍ പുറം തിരിഞ്ഞോടി . പ്രാണരക്ഷാര്‍ത്ഥമുള്ള ആ മണ്ടലില്‍ എനിക്കെന്തെങ്കിലും അപകടം പിണയുമോ എന്നു തന്നെ ഞാന്‍ വല്ലാതെ കിതച്ചിരുന്നു. ഏറെ വിയര്‍ത്തു കുളിച്ചിരുന്നു.

” നിന്നെ ആരേലും തല്ലാന്‍ വന്നോ?”! അമ്മ ചോദിച്ചു.

ഞാന്‍ പറഞ്ഞു : ” ഇതതിലും ഭീകരമാണമ്മേ?!”

സത്യസന്ധതയില്‍ അവസാനം വരെ ഉറച്ച രാഷ്ട്രീയാദര്‍ശത്തില്‍ ശ്രീ ടി. എന്‍. ജോയ് സ്വവ്യക്തിത്വത്തില്‍ തന്നെ ഉറച്ചുലയാതെ നിന്നു മതം മാറ്റകാര്യത്തിലും അത് തുടര്‍ന്നു ഇത്തരത്തില്‍ താന്‍ നിലനില്‍ക്കുന്ന സമൂഹത്തെ ഹാര്‍ട്ട് വാഷ് ചെയ്യുവാന്‍ പര്യാപ്തശേഷി ഉള്ളവരോടങ്ങേയറ്റം ക്രൂരമായേ നമ്മുടെ മഹനീയമായ കപടാദര്‍ശസമൂഹം എക്കാലവും ഇടപെട്ടിട്ടുള്ളു. ടി. എന്നിന്റെ കാര്യത്തിലും ഇത് തുടര്‍ന്നതായി നാം കണ്ടു. ജീവനോടേ കത്തിക്കാന്‍ കഴിയാത്തതുകൊണ്ടാകാം ശ്രീ. ടി. എന്‍. ജോയിയുടെ മൃതശരീരം കത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ ജന്മനാട് നിര്‍വൃതി കൊണ്ടതും.

അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം ഒട്ടുമേ വകവയ്ക്കാതെ! ( ആത്മാര്‍ത്ഥതയുള്ള ചിലരുടെ എതിര്‍പ്പിനെയെങ്കിലും അര്‍ച്ച ചെയ്ത് അവര്‍ പക വീട്ടുക തന്നെ ചെയ്തു ) അവര്‍ വിജയിച്ചു .

അല്ലെങ്കിലും , നമ്മുടെ രാജ്യത്ത് വിജയം പുഴുക്കള്‍ക്കാണല്ലോ. മനുഷ്യരെ തിന്നും അര്‍മാദിക്കുന്ന;മരിക്കുവോളം ജീവിതവിജയം കരസ്ഥമാക്കുന്ന; പുഴുക്കളായ് തന്നെ സാട്ടഹാസം മരിക്കുന്ന ഈ മനുഷ്യപ്പുഴുക്കള്‍!”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English