ഭീഷണി മൂലം സംഗീത വേദി നിഷേധിക്കപ്പെട്ട കര്‍ണ്ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണ കേരള സര്‍വ്വകലാശാലയില്‍ കച്ചേരി അവതരിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കാണ് കച്ചേരി നടന്നത്. പ്രളയദുരിതാശ്വാസനിധി ശേഖരിക്കുന്നതിനായായിരുന്നു കൃഷ്ണയുടെ തിരുവനന്തപുരത്തെ സംഗീത പരിപാടി.
നേരത്തെ, സംഘപരിവാർ നിലപാടുകളെ വിമർശിച്ചതിന് ദില്ലിയിൽ എയർപോർട്ട് അതോറിറ്റി കൃഷ്ണയുടെ സംഗീത പരിപാടി മാറ്റിവച്ചത് വൻ വിവാദമായിരുന്നു. ആംആദ്മി പാർട്ടി ഇടപെട്ട് വേദിയൊരുക്കിയതിന് പിന്നാലെയാണ് കൃഷ്ണ കേരളത്തില്‍ പാടിയത്
ദില്ലിയില്‍ അവതരിപ്പിക്കാനിരുന്ന കച്ചേരിയാണ് മൈത്രി സംഗീത സന്ധ്യയില്‍ കൃഷ്ണ അവതരിപ്പിച്ചത്. മതേതര നിലപാടുകളും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ ഒരുക്കുകയും ചെയ്തതിന് പിന്നാലെ ഭീഷണികളും രൂക്ഷ വിമര്‍ശനവും നേരിടേണ്ടി വന്ന സംഗീതജ്ഞനാണ് ടി എം കൃഷ്ണ.
കഴിഞ്ഞ ഓഗസ്റ്റില്‍ കര്‍ണാടക സംഗീതത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ പാട്ടുകള്‍ പാടിയതിന് ടി എം കൃഷ്ണയ്ക്കെതിരെ ഭീഷണിയുയര്‍ന്നിരുന്നു. ഇതോടെ ഒരു സാംസ്കാരിക സംഘടനയും എയര്‍പോര്‍ട്ട് അതോറിറ്റിയും സംഘടിപ്പിക്കാനിരുന്ന സംഗീത പരിപാടി റദ്ദാക്കി.
എന്നാല്‍, സംഘപരിവാറിന്‍റെ വിദ്വേഷ പ്രചാരണത്തെ തുടര്‍ന്ന് മുന്‍ നിശ്ചയിച്ച സംഗീത പരിപാടി മുടങ്ങിയപ്പോള്‍ ടി എം കൃഷ്ണയ്ക്ക് പാടാന്‍ അരവിന്ദ് കെജ്‍രിവാള്‍ സര്‍ക്കാര്‍ ദില്ലിയില്‍ വേദിയൊരുക്കി. ഭീഷണിക്ക് പിന്നാലെ എല്ലാ മാസവും കർണാട്ടിക്-ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ പാടുമെന്ന ടി.എം.കൃഷ്ണയുടെ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെയാണ് പരിപാടി റദ്ദാക്കിയതെന്നാണ് സൂചന.