ഒരു ഇംഗ്ലീഷുകാരനോട് ‘ ഹൗ ആര്‍ യൂ ‘ എന്ന് ചോദിച്ചാല്‍ ഉടനെ മറുപടി വരും ‘ ഐ ആം ഗുഡ് ‘ ‘ഹൗ ആര്‍ യൂ’ എന്ന് തിരിച്ചു ചോദിക്കും . ഒരു ഹിന്ദിക്കാരനോട് ‘ ആപ് കൈസേ ഹേ ‘ എന്ന് ചോദിച്ചല്‍ മറുപടി ‘ അച്ഛാ ഹും’ എന്നായിരിക്കും. ഒരു ഗു൮ജറാത്തിയോട് ‘ കേം ചോ’ എന്നു ചോദിച്ചാല്‍ ‘മജാ മാ ‘ എന്ന് പറയും. മറാത്തിയോടാണെങ്കില്‍ ‘കസാ ആഹേ’ എന്ന് ചോദിച്ചാല്‍ ‘ഏക്ദം ചാംഗ്ല’ എന്ന് പറയും. തമിഴനോടു ചോദിച്ചാല്‍ ‘റൊമ്പ നല്ലാറിക്ക്’ എന്നായിരിക്കും മറുപടി എങ്ങനെയുണ്ട് എന്ന് പല ഭാഷയില്‍ പറയുന്ന ഉത്തരം ഒന്നു തന്നെയാണ് ഞാന്‍ സുഖമായിരിക്കുന്നു എന്ന്.
ഇനി ഒരു മലയാളിയോട് എന്തൊക്കെയുണ്ട് അല്ലെങ്കില്‍ എന്താ സുഖമല്ലേ എന്ന് ചോദിച്ചാല്‍ കിട്ടുന്ന മറുപടി ‘ ഓ ഇങ്ങനെയൊക്കെ പോകുന്നു’ എന്നായിരിക്കും. കാറും ബംഗ്ലാവും വച്ചു വിളമ്പാന്‍ വേലക്കാരും കാര്യമായ അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവനും പറയുന്ന മറുപടി ഇതു തന്നെ. ‘ഓ എന്തോന്ന് സുഖം അങ്ങിനെ കഴിഞ്ഞു കൂടുന്നു’.
ലോകത്ത് ഒരിക്കലും ആര്‍ക്കും സംതൃപ്തിപ്പെടുത്താന്‍ കഴിയാത്തത് മലയാളികളെ ആണെന്നു തോന്നുന്നു. എനിക്കൊന്നും ഇല്ല തന്റെ കാര്യം വളരെ ദയനീയമാണ് താനാണ് ലോകത്ത് ഏറ്റവും ദുരിതമനുഭവിക്കുന്നത് ഇത് മലയാളി സ്വയം അവനവനോടു തന്നെ എപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നു.
എന്തിനാണ് മലയാളികള്‍ എന്നും ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും വിലപിച്ചുകൊണ്ടിരിക്കുന്നത്? തനിക്കുള്ള സുഖങ്ങളില്‍ സന്തോഷിക്കാതെയും അഭിമാനിക്കാതേയും അഭിമാനം കൊള്ളാതേയും തനിക്ക് ഇല്ലാത്തതിനെക്കുറിച്ച് ദു:ഖിച്ചിരിക്കുന്നത് മലയാളി സമൂഹത്തിന്റെ ഒരു ശീലമായി മാറിയിരിക്കുന്നു. മറ്റുള്ളവര്‍ ചെയ്യുന്ന ചെറിയ തെറ്റുകളെപ്പോലും ഊതി വീര്‍പ്പിച്ച് അതിന് ഇല്ലാത്ത പരിവേഷം നല്‍കുന്നത് മലയാളി എന്ന് അവസാനിപ്പിക്കും?
ഈ അടുത്ത് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്ത കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനസ്തംഭമായിരുന്നു. പക്ഷെ, രണ്ടു ദിവസം കഴിഞ്ഞതും സോഷ്യല്‍ മീഡിയയില്‍ പരക്കെ പ്രചരിക്കുന്ന ഒരു വാര്‍ത്ത ഉണ്ടായിരുന്നു. കെ. എസ്. ആര്‍. ടി ആയാലും മെട്രോ ആയാലും ഇതു തന്നെ സ്ഥിതി എന്ന ടൈറ്റിലോടെ ചോര്‍ന്നൊലിക്കുന്ന മെട്രോയുടെ പടം. പക്ഷെ, വാസ്തവം അതായിരുന്നില്ല. മെട്രോയിലെ ഏതോ ട്രയിനില്‍ എ സിയില്‍ നിന്നും വീണ കുറച്ചു വെള്ളത്തെ പെരുപ്പിച്ചു കാണിച്ച് മെട്രോയില്‍ വെള്ളപ്പൊക്കം ഉണ്ടായ പോലെയും കുട നിവര്‍ത്തി ഇരിക്കേണ്ടി വന്ന ഗതി പോലെയും ഒക്കെയാണ് ജനങ്ങള്‍ ഇതിനെ ആഘോഷിച്ചത്.
എന്റെ നാട്ടില്‍ ഇങ്ങനെയൊക്കെ ആണെന്നും ഇവിടെ ഒരന്നും ശരിയാവില്ല എന്നും കാണിക്കാനുള്ള ഒരു വ്യഗ്രത. ഇതൊരു മാനസിക രോഗം ആണ്.
ഞങ്ങളുടെ ഗ്രാമത്തില്‍ തുണിക്കട നടത്തുന്ന ഒരു റാവുത്തര്‍ ഉണ്ടായിരുന്നു. ഒരു നല്ല നിലയില്‍, നടന്നിരുന്ന ആ കട, ഒരാളില്‍ നിന്നും അയാള്‍ ഗള്‍ഫില്‍ പോയപ്പോള്‍ റാവുത്തര്‍ വാങ്ങിയതായിരുന്നു. റാവുത്തര്‍ കട പൂട്ടി പോയാല്‍ അവിടെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന ഒരു നായ കടയുടെ വരാന്തയില്‍ ചുരുണ്ടു കൂടി കിടക്കും. രാത്രി മയക്കം അവിടെയാണ്. ഒരു ദിവസം ഗ്രാമത്തിലെ പല കടകളിലും കള്ളന്‍ കയറി. പക്ഷെ റാവുത്തറിന്റെ കട മാത്രം കള്ളന്‍ സ്പര്‍ശിച്ചില്ല. റാവുത്തര്‍ക്ക് നായ്ക്കളെ വളരെ വെറുപ്പായിരുന്നു. രാവിലെ കട തുറക്കാന്‍ വരുമ്പോള്‍ എന്നും വരാന്തയില്‍ ചുരുണ്ടു കൂടി കിടക്കുന്ന നായയെ കണ്ടാല്‍ റാവുത്തറിന് കലി വരും. അയാല്‍ ‘ഓ ശല്യം, നാശം’ എന്ന് നായയെ ശപിച്ചു കൊണ്ടാണ് കട തുറക്കുക. കട തുറക്കുമ്പോള്‍ ഇന്ന് നല്ല കച്ചവടം ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കേണ്ടതിനു പകരം നാവില്‍ നിന്നു വീഴുന്നത് അശുഭങ്ങളായ വാക്കുകളാണ്. ഗ്രാമത്തില്‍ ആകെയുള്ള ആ തുണിക്കടയില്‍ നല്ല ലാഭം കൊയ്തിരുന്നു. റാവുത്തറുടെ മനസിലും മുഖത്തും സന്തോഷമല്ല മറിച്ച് തന്റെ കടയുടെ മുന്നില്‍ കിടക്കുന്ന ഒരു മിണ്ടാപ്രാണിയോടുള്ള അരിശമാണ്. പക്ഷെ റാവുത്തര്‍ ഒരിക്കലും ഓര്‍ത്തില്ല അന്ന് നാട്ടിലെ പല കടകളിലും രാത്രി കള്ളന്‍ കയറിയപ്പോള്‍ കടയുടെ മുന്നില്‍ കിടക്കുന്ന ഈ നായയെ പേടിച്ചാണ് കള്ളന്മാര്‍ റാവുത്തറുടെ കട ഒഴിവാക്കിയതെന്ന്. ശാപ വചനങ്ങള്‍ മാത്രം കേട്ട് തഴമ്പിച്ച റാവുത്തറുടെ കടയും മെല്ലെ ക്ഷയിക്കാന്‍ തുടങ്ങി. അങ്ങിനെ റാവുത്തര്‍ നഷ്ടം വന്ന് ആ നാടു വിട്ടു പോയി.
ഈ റാവുത്തര്‍ മലയാളിയുടെ ഒരു പ്രതീകമാണ്.
മുംബയിലുള്ള ഒരു മലയാളി സുഹൃത്ത് അയാളുടെ നാട്ടിലുള്ള വീടിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു ” വീടൊരു കുഗ്രാമത്തിലാണ്. ബസ് സര്‍വീസ് ഒന്നും ശരിക്കില്ല. അതുകൊണ്ട് എന്തെങ്കിലും ആവശ്യത്തിന് ടൗണില്‍ പോകാനൊക്കെ ഭയങ്കര വിഷമം. ഒരു കാര്‍ വാങ്ങി ഇടാം എന്നു വച്ചാല്‍ പിന്നെ നാട്ടുകാര്‍ക്കും പരിചയക്കാര്‍ക്കും ഒക്കെ ലിഫ്റ്റ് കൊടുക്കേണ്ടി വരും അതിനാല്‍ കാറും വാങ്ങാന്‍ നിവൃത്തിയില്ല”. എങ്ങെനെയുണ്ട് ,മലയാളിയുടെ കൂര്‍മ്മ ബുദ്ധി. മറ്റുള്ളവര്‍ ദാനമായി ചോദിക്കുന്ന ഒരു സൗകര്യം അല്ലെങ്കില്‍, സഹായം നിഷേധിക്കാന്‍ സ്വന്തം സുഖം പോലും ത്യജിക്കാന്‍ അവന്‍ തായാറാണെന്ന് അര്‍ത്ഥം.
ഈ വേനലില്‍ നാട്ടില്‍ പോയപ്പോള്‍ പലരും പറഞ്ഞത് ‘ ഗുരുവയൂരൊന്നും പോണ്ടാട്ടോ അവിടെയെങ്ങും ഒരു തുള്ളി വെള്ളം ഇല്ല” എന്നാണ്. ശരിയാണ് ഗുരുവായൂരില്‍ വെള്ളത്തിന് ക്ഷാമം ഉണ്ടായിരുന്നു. പല ലോഡ്ജുകളും പൂട്ടിയിരുന്നു ജലക്ഷാമം കാരണം. പക്ഷെ മലയാളി അത് പറയുമ്പോള്‍ ഗുരുവായൂര്‍ മരുഭൂമിയായ പോലെയാണ് പറയുന്നത് കേട്ടാല്‍ തോന്നുംഭഗവാന് പൂജ നടത്തുന്നത് മിനറല്‍ വാട്ടര്‍ കൊണ്ടാണെന്ന്. ഉണ്ട് എന്ന് പറയാന്‍ മലയാളിക്കറിയില്ല. ഇല്ല എന്നു പറയുന്നതാണ് അവനു സംതൃപ്തി.
നാട്ടിലൊന്നും ജീവിക്കാന്‍ വയ്യേ എന്താ പച്ചക്കറികളുടെ ഒക്കെ വില മുംബയില്‍ ഒരു ദിവസത്തേക്കുള്ളല പച്ചക്കറി നൂറു രൂപ കൊടുത്തു വാങ്ങുന്നവരാണ് ഈ ആത്മഗതം നടത്തുന്നത്. ഇവിടെ എങ്ങനെയായാലും ഞാന്‍ ഒ കെ ആണ്. അവിടെ മോശമല്ലെങ്കിലും മോശം ആണെന്ന് എനിക്ക് കാണിക്കണം എന്നാലേ ഒരു സുഖം കിട്ടു. നാട്ടിലെ പച്ചക്കറി തമിഴ് നാട്ടില്‍ നിന്നും വിഷം കുത്തി വച്ച് വരുന്നതാണ് അത് തൊടാന്‍ പോലും പാടില്ല പക്ഷെ ഇവിടെ റെയില്‍വേ ട്രാക്കില്‍ ഗട്ടറിലേയും ഫാക്ടറികളില്‍ നിന്നും ഒഴുകി വരുന്ന രൂക്ഷ വിഷമുള്ള കെമിക്കല്‍ കലര്‍ന്നതുമായ വെള്ളം നനച്ചുണ്ടാക്കിയ ചീരയും മുള്ളങ്കിയും ഒക്കെ രുചിയോടെ വെട്ടി വിഴുങ്ങും.
മലയാളിക്ക് ജീവിക്കാന്‍ അറിയില്ല. അവന്‍ ഇങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞു കൂടാനേ അറിയൂ. ആ കഴിഞ്ഞു കൂടലിലാണ് അവന്റെ സംതൃപ്തി. സുഖം വരുമ്പോള്‍ അവനാകെ അസ്വസ്ഥനാണ്. താന്‍ ഇന്നലെ വരെ പറഞ്ഞു ‘ ഓ എന്തോന്ന് സുഖം’ എന്ന വാക്ക് മാറ്റി പറയേണ്ടി വരുമോ എന്ന വിഷമം. അതിനാല്‍ അവന്‍ സുഖത്തിലും തിരഞ്ഞുകൊണ്ടിരിക്കും എവിടെയാണ് ഒരു ദു:ഖം. എന്താണ് തനിക്ക് ഇല്ലാത്തത് അതിനെക്കുറിച്ചോര്‍ത്ത് തനിക്കു ദു:ഖിക്കാമല്ലോ. അപ്പോള്‍ തനിക്കു വീണ്ടും പറയാമല്ലോ ‘ ഓ എന്തോന്നു സുഖം ഇങ്ങനെയൊക്കെ കഴിഞ്ഞു കൂടുന്നു. ‘
കടപ്പാട് – ജ്വാല മാസിക