ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസ്ലിമോ ജന്മംകൊണ്ട് ഏതു മതമായാലും ഈ മനോഹരിയായ ഭൂമിദേവിയുടെ മടിയിൽ സ്നേഹവാത്സല്യങ്ങൾകൊണ്ട് പൊതിയാൻ മാതാപിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും, ജീവിതം ആസ്വദിയ്ക്കാൻ മതിയായ സാമ്പത്തികശേഷിയും, വേണ്ടതിലധികം ജീവിതസൗകര്യങ്ങളും, വേണ്ടുവോളം വിദ്യാഭ്യാസവും, എല്ലാം കൊണ്ടും എത്രയോ അനർഘമാണിവിടെ ചില മനുഷ്യജന്മങ്ങൾ . എന്നിട്ടും അമൂല്യമായ ഈ ജന്മത്തിനു വിലകല്പിയ്ക്കാതെ, മാതാപിതാക്കളുടെ, അവരുടെ ജീവിതാവസാനം വരെ ചുട്ടുനീറുന്ന മനസ്സിന്റെ മുറിവിനെ ശ്രദ്ധിയ്ക്കാതെ, ആർക്കുമറിയാത്ത നിഗൂഡ്ഡമായ ജീവിതത്തിന്റെ ഒഴുക്കിൽപ്പെട്ട് കരകയറാൻ വയ്യാതെ പലപ്പോഴും തനിയ്ക്കായി ജഗദീശ്വരൻ പതിച്ചുതന്ന ജീവിതം ആസ്വദിച്ച് തീരും മുമ്പെ ഒരുപാട് ജന്മങ്ങൾ സ്വയം ത്യജിയ്ക്കപ്പെടുന്നു. പിന്നീട് ഇത്തരം ജീവത്യാഗത്തിന്റെ പിന്നിൽ നമുക്കാർക്കും മനസ്സിലാക്കാൻ കഴിയാതെപോയ ദുരൂഹതയുടെ ചുരുളഴിയപ്പെടുന്നു. ഈ ആത്മഹൂതിയ്ക്കു പ്രേരകമാകുന്ന അദൃശ്യ ശക്തി അവനവൻ തന്നെയോ , സമൂഹമാണോ? അതോ മറ്റെന്തെങ്കിലുമോ?
ഇന്നത്തെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി തീർന്ന സ്മാർട്ട് ഫോണുകൾക്ക് ഇതിൽ വല്ല പങ്കുമുണ്ടോ?ഈയിടെ ബോളിവുഡിലെ ഒരു വിഖ്യാതയായ നടിയ്ക്ക് അഭിമുഖീകരിയ്ക്കേണ്ടിവന്ന അനുഭവത്തെകുറിച്ച അറിഞ്ഞപ്പോഴാണ് സ്മാർട്ട് ഫോണുകൾക്കും, പുതിയ ടെക്നൊളജിയ്ക്കും ഇത്തരം അവസ്ഥകളിൽ അനിവാര്യമായ പങ്കുണ്ടായേക്കാം എന്ന് ചിന്തിച്ചത്. വൈറൽ പനി, വൈറൽ പകർച്ചവ്യാധികൾ എന്നതുപോലെ ഇന്നത്തെ സമൂഹത്തെ ബാധിച്ചിരിയ്ക്കുന്ന ഒന്നാണ് വൈറൽ വീഡിയോകൾ. ഇത്തരം വീഡിയോകൾ നന്മയെയും, തിന്മയെയും പ്രതിനിധീകരിച്ചെയ്ക്കാം.
ഇവിടെ ഈ ബോളിവുഡ് താരത്തിന് വൈറൽ വീഡിയോയിലൂടെ അനുഭവിയ്ക്കേണ്ടി വന്നത് കയ്പ്പേറിയ അനുഭവമാണ്. ആ യുവനടിയുടെ രൂപ സാദൃശ്യമുള്ള ഏതോ ഒരു മോഡലിന്റെ നഗ്നമായ ശരീര ചിത്രത്തോട് ഇവരുടെ മുഖം സംശോധനം ചെയ്ത് അശ്ലീല ചിത്രമായി പരസ്യപ്പെടുത്തി എന്നത് ആ നടിയുടെ സൽപ്പേരിനെയും സ്വാഭിമാനത്തെയും ബാധിച്ചു. ഇത്തരമൊരു അനുഭവം, ഈ നടിയ്ക്കുമാത്രമല്ല ബോളിവുഡിലെ വേറെയും ചില പ്രശസ്ത നായികമാർക്ക് അനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ട് എന്ന് മാധ്യമങ്ങൾ പറയുന്നു.
സിനിമാരംഗത്തെ താരങ്ങളെ കുറിച്ചുള്ള കിംവദന്തികൾ കൈതോരാതെ എഴുതുന്ന ഒരു സംസ്കാരം പൊതുവെ മാധ്യമങ്ങൾക്കുണ്ട്. അതിനാൽ ഈ രംഗത്ത് കാൽവയ്പ്പ് നടത്തുന്ന താരങ്ങൾ സമൂഹമെന്ന കുട്ടികുരങ്ങന്മാരുടെ കുസൃതികൾ ഏറ്റു വാങ്ങാൻ തയ്യാറായി തന്നെ രംഗത്തേയ്ക്ക് പ്രവേശിച്ചിട്ടുള്ളവരാണ്. എന്നാൽ ബോളിവുഡിലെ നടിയുടെ അനുഭവം നമ്മുടെ സമൂഹത്തിലെ നിഷ്കളങ്കയായ സാധാരണ പെൺകുട്ടിയ്ക്കാണ് അഭിമുഖീകരിയ്ക്കേണ്ടി വന്നതെങ്കിൽ അവളെങ്ങിനെ സമൂഹത്തിന്റെ മൂർച്ചയുള്ള കൺമുനകളെ, റിവോൾവർ പോലുള്ള നാക്കുകളെ അതിജീവിയ്ക്കും? അതിനെ കുറിച്ച് ചർച്ച നടത്താനോ, ന്യായീകരിയ്ക്കാനോ അവൾക്കേതെങ്കിലും മാധ്യമങ്ങൾ തുണയുണ്ടാകുമോ? ഇവിടെയല്ലേ കാരണമറിയാത്ത ആത്മഹത്യയുടെ രംഗപ്രവേശം?
എന്നാൽ ഇത്തരം വൈറലുകൾ ഉപയോഗപ്രദമായ സാഹചര്യങ്ങളും ഉണ്ട് യു. പിയിലെ റാംപൂരിൽ മെയ് 22, 2017-ൽ കുറെ പേർ ചേർന്ന് വിജനമായ വീഥിയിൽ രണ്ടു സ്ത്രീകളെ പീഢിപ്പിച്ച സംഭവം മൊബൈലിൽ പകർത്തി പിന്നീടത് വൈറൽ ആയി മാറിയതോടെ അത് ആ സംഭവത്തിലെ പ്രതികളെ പിടികൂടാൻ സഹായകമായി.
എന്നാൽ ഇത്തരം ടെക്നോളോജികൾ ഗുണത്തേക്കാൾ ഇന്നത്തെ യുവതലമുറയെ വഴിതെറ്റിയ്ക്കുന്നു എന്നത് ഒരു സത്യമാണ്.
ഡിജിറ്റൽ അല്ലെങ്കിൽ ഓൺലൈൻ വിപണനം പ്രചാരത്തിൽ വരുന്നതിനു മുമ്പ് മാർക്കറ്റിംഗ് ഗുരുക്കന്മാരുടെ മനസ്സിൽ വന്ന വിപണത്തിനുവേണ്ടി മാത്രം ഉടലെടുത്ത ഒരു ആശയമാണ് ‘വൈറൽ മാർക്കറ്റിങ്’. ഇത് 1995-ൽ നിലവിൽ വന്നതാണ്. എന്നാൽ ഈ അടുത്തകാലം വരെ സാധാരണ ജനങ്ങൾക്കിടയിൽ ഇതേക്കുറിച്ചുള്ള അവബോധം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് എവിടെത്തിരിഞ്ഞാലും ‘വൈറൽ ഒരു സർവ്വസാധാരണമായിരിയ്ക്കുന്നു. എന്നാൽ വൈറലിലൂടെ പ്രചരിപ്പിയ്ക്കുന്ന വിവരങ്ങൾ എത്രമാത്രം പ്രസക്തമാണെന്നുള്ളതും, പലപ്പോഴും പ്രചരണം നടത്തുന്ന വിവരങ്ങൾ നല്ലതായാണോ, ചീത്തയായാണോ എന്നതിനുമേൽ കമ്പനിയ്ക്ക് പരിമിതി ഏർപ്പെടുത്താൻ കഴിയാതെയാകുന്നു എന്നുള്ളതുമായ പോരായ്മകളാൽ വൈറൽ മാർക്കറ്റിംഗ് അത്രമാത്രം വിജയിപ്പിയ്ക്കാൻ കഴിഞ്ഞില്ല.
എന്നാൽ ഡിജിറ്റൽ മാധ്യമങ്ങളുടെ രംഗപ്രവേശത്തിനുശേഷം ഈ വൈറൽ മാർകെട്ടിംഗിന് മറ്റൊരു വഴിത്തിരിവുണ്ടായി. സ്മാർട്ട് ഫോണിന്റെ വരവോടെ എന്തും ഏതും ഞൊടിയിടയിൽ വീഡിയോ ആയും ഫോട്ടോ ആയും മൊബയിൽ ക്യാമറയിൽ പകർത്താമെന്നായി. ഈ പകർത്തുന്ന ഇവ കൗതുകത്തിനായും, നേരംപോക്കിനായും കൂട്ടുകാർക്കിടയിലും, ബന്ധുക്കൾക്കിടയിലും സോഷ്യൽ മീഡിയയിൽ കൂടി പരസ്പരം കൈമാറുന്നു. എന്നാൽ ഇത്തരം വീഡിയോകൾ വൈറൽ ആയി മാറുമ്പോൾ അതിന്റെ വ്യാപക വേഗത അനിയന്ത്രിതമാകുന്നു. അതുമാത്രമല്ല ഇതിൽ പതുങ്ങിയിരിയ്ക്കുന്ന മറ്റൊരു കുരുക്ക് ഇത്തരം വീഡിയോകളിൽ സാഹചര്യങ്ങളും, രൂപങ്ങളും സംശോധനം ചെയ്ത് ഇവയെ ഏതു രീതിയിലും ഉപയോഗപ്പെടുത്താൻ കഴിയും എന്നതാണ്.
സോഷ്യൽ മീഡിയ മനുഷ്യന് വളരെ ഉപയോഗപ്രദമാണ്. ഇതിലൂടെ ഏതു വിഷയത്തെകുറിച്ചുള്ള വിവരങ്ങളും വിരൽത്തുമ്പിലാണ്. ഇത്തരം മീഡിയകൾ വ്യക്തിപരമായതോ, സ്ഥലപരമായതോ ആയ ദൂരത്തെ ദൂരീകരിയ്ക്കുന്നു. എന്നിരുന്നാലും ഇവക്ക് അടിമകളായി മാറുന്ന യുവതലമുറയിൽ സാംസ്കരികമായ ശോഷണം സംഭവിക്കുന്നു എന്നുമാത്രമല്ല പല സാഹചര്യത്തിലും തമാശകളായി തുടങ്ങിയ ഈ അടിമത്വം ജീവിതത്തെതന്നെ അടിയറ വയ്ക്കേണ്ട സാഹചര്യത്തിൽ എത്തിയ്ക്കുന്നു.
ഇവിടെ ടെക്നോളജി വളർന്നു കൊണ്ടേയിരിയ്ക്കും. അവയെ നല്ലതിന് ഉപയോഗിക്കണമോ , ദുരുപയോഗം ചെയ്യണമോ എന്ന തീരുമാനം സമൂഹത്തിന്റേതാണ്. കുറച്ച് കാലങ്ങൾക്കു മുൻപുവരെ തന്റെ ഫോട്ടോ കൈമാറാതെ നോക്കിയാൽ മതി എന്ന ഒരു ഉപാധിയുണ്ടായിരുന്നു എന്നാൽ ഇന്ന് ഡിജിറ്റൽ ലോകത്ത് ഇതും അസാധ്യമായിരിയ്ക്കുന്നു. തന്റെ ദൈനംദിന ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഫോട്ടോയായും, വീഡിയൊയായും, ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പരസ്പരം കൈമാറി ശീലിച്ച സമൂഹത്തിനു തന്റെ സ്വന്തം തിരിച്ചറിയൽ നൽകാതെ ഇത്തരം സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധപ്പെടുക എന്നത് അസാധ്യം. ഇതിലൊന്നും ഇടപെടാതെ സമൂഹത്തിൽ തുടരുന്നത് ഒരു ഭീരുത്വമായും കണ്ടേക്കാം. മാത്രമല്ല എവിടെയും, ആർക്കും, ആരുടെയും മുഖചിത്രങ്ങളും, സാഹചര്യങ്ങളും അവരറിയാതെ തന്നെ പകർത്താനാകുന്ന രീതിയിൽ ടെക്നോളജി വിപുലീകരിച്ചിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ തന്റെ തിരിച്ചറിയൽ നല്കാതിരിയ്ക്കുക എന്നതിൽ യാതൊരു അർത്ഥവുമില്ല. ആരെക്കുറിച്ചും, എന്തിനെക്കുറിച്ചും ഏതു സാഹചര്യത്തെക്കുറിച്ചും ഒരു സന്ദേശം, ഒരു വീഡിയോ കാണാൻ ഇടവന്നാൽ അതിലെ വിശ്വാസ സാധ്യത എത്രമാത്രം ഉണ്ടെന്നു വിലയിരുത്തിയതിനുശേഷം മാത്രം അത് സമൂഹത്തിൽ പരസ്യപ്പെടുത്താൻ ശ്രദ്ധിച്ചാൽ, വേണ്ടതും വേണ്ടാത്തതുമായ വാർത്തകൾ ഇതിലൂടെ പ്രചരിപ്പിയ്ക്കുന്ന സമൂഹ ദ്രോഹികൾക്ക് ഒരു പരിധിവരെ കടിഞ്ഞാണിടാം.