സ്വാതന്ത്ര്യസമരം

‘ കൂര്‍പ്പിച്ചു കൂര്‍പ്പിച്ചാണു ഞാന്‍ എഴുതുന്നതു ..’ എന്നവര്‍ പറയുമ്പോള്‍ നാം അന്ധാളിച്ചു പോകുന്നയത്ര തെളിനീരുപുഴപോലെ അയത്‌നലളിതമായൊരു ഭാഷയില്‍ പറയുവാനാരുതാത്തതെന്നു നാം കരുതുന്നതൊക്കെയും ,തമ്പുരാന്‍ കനിഞ്ഞേകിയ തന്റെ മേനിയഴകിനും അതിനു തിടമ്പേറ്റുന്ന മുഖശ്രീയഴകിനും മാറ്റേറ്റി , പറ്റിചേര്‍ത്തു വശ്യപ്പെടുത്തിയണിയുന്ന പട്ടുടയാടകളും പവിഴാഭരണങ്ങളുമെന്നപോലെ ,തന്നെ വിമ്മിഷ്ടപ്പെടുത്തുന്ന ചുറ്റുപാടുകള്‍ക്കും സമൂഹ സംവീധാനങ്ങള്‍ക്കുമെതിരെ മറ്റൊരു ചട്ടയെന്നോണം തന്റെ കലയെയും ഓരോരിഞ്ചും ഉടുത്തണിയിച്ചൊരുക്കി , ഉയര്‍ത്തിപ്പിടിച്ചു ,അതിലൂടെ പറഞ്ഞു ,ഉന്നതമായ തന്റെ കലാജീവിതത്തെയും ഉന്മത്തമായ ലോകജീവിതത്തെയും സമരസപ്പെടുത്താനെന്നോണം തന്റെ കണ്ണനു വേണ്ടി കാത്തുകാത്തു , അവന്റെ വഴികളിലൊക്കെ അവര്‍ മുള്ളുകള്‍ വിതറിയിട്ടുണ്ടു എന്ന് കണ്ടു ,അവന്റെ വഴികളിലാകെ അവര്‍ കരിങ്കല്‍ച്ചീളുകള്‍ വിതറിയിട്ടുണ്ടു എന്ന് കണ്ടു ,അവന്റെ വഴികളിലാകെ അവര്‍ മുള്‍വേലികള്‍ കെട്ടിയിട്ടുണ്ടു എന്ന് കണ്ടു സ്വതേ സ്ത്രൈണനും ഭീരുവുമായ അവനുമായുള്ള സമാഗമങ്ങള്‍ അസാധ്യമാണെന്നു കണ്ടു ,തന്റെ സ്വാതന്ത്ര്യങ്ങളെയും ഇച്ഛകളേയും നിക്ഷേധിച്ചു തന്റെ ജീവിതത്തിന്റെ അര്‍ത്ഥവും ആകര്‍ഷണവും ഊര്‍ജ്ജവുമൊക്കെ ഇല്ലാക്കുന്നവരോടെക്കെയുള്ള പ്രതിഷേധമെന്നോ ,പകപോക്കലെന്നോ , പരിഹാസമെന്നോ ,ചുറ്റുപാടുകളോടു സമരസപ്പെടാനാവാതെ കുഴങ്ങുന്ന തന്റെ ജീവിതകാമനകള്‍ക്കു എന്നന്നേക്കുമായുള്ളൊരു മൂടുപടമെന്നോ , സ്വയംശിക്ഷയെന്നോ , ഉള്‍വലിയലെന്നോ എന്തെന്നും ഏതെന്നും വേര്‍തിരിച്ചു പറയാനാകാത്ത , ഒരിക്കല്‍ , ഒരു നാടകത്തില്‍ , മറ്റുള്ളവര്‍ അണിയാനും അഭിനയിക്കാനും വിമുഖത കാട്ടിയപ്പോള്‍ അണിഞ്ഞഭിനയിച്ചൊരു വേഷം — നിലനിന്ന സമൂഹസമവാക്യങ്ങളൊക്കെ തെറ്റിച്ചയൊരു വേഷപ്പകര്‍ച്ച- ജീവിതത്തിന്റെ ഒരു വഴിത്തിരിവില്‍ ആയമ്മ വീണ്ടുമണിഞ്ഞു നിന്നതു കണ്ടപ്പോള്‍ ഒരു നിമിഷം ഒന്ന് പരുങ്ങി ,പിന്നെ അക്കാഴ്ചയുടെ കൗതുകം തെല്ലൊന്നു കുറഞ്ഞപ്പോള്‍ , പൂണൂലിടുവിച്ചും പുത്തനുടുപ്പിടുവിച്ചും പുഞാണി മുറിച്ചുമൊക്കെ ,പക്ഷം ചേര്‍ന്നും ,പക്ഷം ചേരാന്‍ പ്രേരിപ്പിച്ചും ,പക്ഷം ചേരുന്നവരെ അനുമോദിച്ചു അങ്ങാടിക്കവലയില്‍ പരസ്യപ്പലകയില്‍ പേരെഴുതി പ്രോത്സാഹിപ്പിച്ചും , എല്ലാത്തിനും പോംവഴികളുമായി . നില്‍ക്കുന്നവര്‍ അവരെയും സഹര്‍ഷം എതിരേല്‍ക്കുകയും സ്വാതന്ത്ര്യസമര സേനാനികള്‍ക്കു പെന്‍ഷനുള്ള നീണ്ട ക്യൂവില്‍ ഇടം നേടിക്കൊടുക്കുകയും ചെയ്തു

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here