ഭാരതം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ മഹത്മജിയുടെ ഓർമ്മകൾ മനസ്സിൽ ഓടിയെത്തുന്നു. ’’ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ പുതിയതായൊന്നും എനിക്ക് ലോകത്തെ പഠിപ്പിക്കുവാനില്ല.’’ എന്ന് പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത ബാപുജിയാവണം നമുക്ക് എന്നും മാതൃക.മഹാത്മജിയുടെ ഏറ്റവും ഉദാത്തമായ മാതൃക നമുക്ക് കാണാൻ കഴിയുന്നത് മതേതരത്വ മൂല്യങ്ങളുടെ സംരക്ഷണത്തിനായി പരിശ്രമിച്ചതിലാണ്.സ്വന്തം മതത്തിൽ വിശ്വസിച്ചതോടൊപ്പം മറ്റു മതങ്ങളുടെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ ഗാന്ധിജി സ്വന്തം ജീവിതം തന്നെ ബലി നൽകി.സ്വാതന്ത്ര്യത്തിനായുള്ള ധീരമായ പോരാട്ടങ്ങൾ അഹിംസയിലും സമാധാനത്തിലും അധിഷ്ഠിതമായിരിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു.രാമനും റഹീമും ഗാന്ധിജിയ്ക്ക് ഒരുപോലെയായിരുന്നു.അതു കൊണ്ട് തന്നെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ ആഹ്ളാദത്തിലും അതു മൂലമുണ്ടായ കലാപങ്ങളും രക്തച്ചൊരിച്ചിലും ബാപ്പുജിയെ വല്ലാതെ നൊമ്പരപ്പെടുത്തി.
രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ കലാപകലുഷിതമായ നവഖാലിയിലെ തെരുവുകളിൽ ശാന്തി മന്ത്രങ്ങളുരുവിട്ട് നടക്കുകയായിരുന്നു മഹാത്മജി.അദ്ദേഹം പകർന്ന മതേതര മൂല്യങ്ങൾ ഇന്നാണ് നമ്മുടെ നാടിന് ഏറ്റവും അത്യാവശ്യമായിരിക്കുന്നത്.നിസ്സാരമായ കാര്യങ്ങളുടെ പേരിൽ പോലും കൊല്ലും കൊലയു നടക്ക്ക്കുമ്പോൾ അരുത് എന്ന് പറയാൻ ഒരു ബാപ്പുജിയുടെ സാന്നിദ്ധ്യം നമ്മൾ ആഗ്രഹിച്ചു പോകുന്നു. ‘’ഈശ്വരൻ എനിക്ക് സത്യവും സ്നേഹവുമാണ്.ഈശ്വരൻ സൻമാർഗ്ഗ ചിന്തയും ധർമ്മ ശാസ്ത്രവുമാണ്,നിർഭയത്വമാണ്. ഈശ്വരൻ വെളിച്ചത്തിന്റെയും ജീവന്റെയും പ്രഭാവമാണ്..’’ എന്നാണ് ഈശ്വരനെപ്പറ്റി മഹാത്മജി പറഞ്ഞത്. മതപ്രവാചകരും ബപ്പുജിയെപ്പോലെയുള്ള മഹാരഥൻമാരും പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും നമ്മൾ തയ്യാറാകാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.
‘’യഥാർഥ ഭക്തൻ ഒരു ജീവിയേയും വെറുതെ ദ്വേഷിക്കുകയോ,വെറുക്കുകയോ ചെയ്യുന്നില്ല.’’ എന്ന് ഭഗവത്ഗീതയും ‘’എനിക്ക് എന്റെ മതം,നിങ്ങൾക്ക് നിങ്ങളുടെ മതം’’ എന്ന ഔദാര്യ സമീപനം പ്രകടമാക്കിയ ഖുർആനും ‘’ദൈവം സ്നേഹമാണെ’’ന്ന വചനത്തിലൂടെ ബൈബിളും പ്രകടമാക്കിയ സൗഹാർദ്ദ സന്ദേശം ഉൾക്കൊള്ളാൻ അനുയായികൾക്ക് പലപ്പോഴും കഴിയുന്നില്ല എന്നതാണ് സത്യം.
വർത്തമാന ലോകത്ത് മഹത്മജിയുടെ വാക്കുകൾ ഏറെ പ്രസക്തമാകുന്നു. ‘’ജീവിതത്തിൽ മനുഷ്യന്റെ ഏറ്റവും ഉന്നതമായ കടമ മനുഷ്യകുലത്തെ സേവിക്കുകയും അതിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ തന്റെ പങ്ക് വഹിക്കുകയും ചെയ്യുക എന്നതാണ്,ഇതാണ് യഥാർഥ ആരാധന,യഥാർത്ഥ പ്രാർഥന…’’ എന്നാണ് ബാപ്പുജി പറഞ്ഞത്.അദ്ദേഹത്തിന്റെ രാമരാജ്യം രാമൻ മാത്രമുള്ളതായിരുന്നില്ല,റഹീമും കൂടെയുള്ളതായിരുന്നു.സ്വാതന്ത്ര്യത്തിന്റെ ഈ എഴുപതാം വാർഷികത്തിൽ മഹാത്മജിയുടെ ചിന്തകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനമുൾക്കൊള്ളാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അങ്ങനെ ചെയ്തിരുന്നെങ്കിൽസ്വാതന്ത്ര്യപ്രാപ്തിയ്ക്ക്ശേഷമുണ്ടായആറായിരത്തിൽപരംമതവർഗ്ഗീയലഹളകൾ ഭാരതത്തിലുണ്ടാവുകയില്ലായിരുന്നു.ആയിരക്കണക്കിനാളുകളുടെ സ്വത്തും മാനവും ജീവനും നഷ്ടമാവില്ലായിരുന്നു.
മഹാത്മജി പറഞ്ഞതു പോലെ ‘’കെട്ടിടത്തിന്റെ അടിത്തറ നീക്കം ചെയ്താൽ ആ കെട്ടിടം തകർന്നു വീഴും. അത് പോലെ ധാർമ്മികത നശിപ്പിക്കപ്പെട്ടാൽ അതിൻ മേൽ പണിതുയർത്തിയിരിക്കുന്ന മതവും തകർന്നു വീഴും.കയ്യിൽ കഠാര മറച്ചു പിടിച്ചു കൊണ്ട് നാം ഈശ്വരനാമം ഉരുവിട്ടാൽ അവിടുന്ന് ഒരിക്കലും നമ്മുടെ പ്രാത്ർഥനയ്ക്ക് ഉത്തരം നൽകുകയോ നമ്മെ സഹയിക്കുകയോ ഇല്ല.മഹാത്മജിയുടെ ജീവിതം മാതൃകയാക്കുകയെന്നതാണ് സ്വാതത്ര്യത്തിന്റെ എഴുപതാം വർഷത്തിൽ നമുക്ക് അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ഉപഹാരം .അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും നമുക്കതിന് പ്രചോദനമാകട്ടെ.
Click this button or press Ctrl+G to toggle between Malayalam and English