പുറം പൂച്ച്
പൂച്ചാകും ദുഃഖം
ഉള്ള് പൊള്ള
പൊള്ളയാകും സുഖം
സുഖദു:ഖങ്ങൾക്ക്
തല വെക്കേണ്ടി വരുന്നത്
തലവിധിയൊ
തലയാടുമ്പോൾ
ഒപ്പം വാലുമാടുന്നത്
നിറസായൂജ്യം
****
കുഴിച്ചു കുഴിച്ചു വേണം
നീരുറവ കണ്ടെത്താൻ
കിഴിച്ചു കിഴിച്ചു വേണം
അകത്തെ സ്വർണ്ണക്കിഴി കണ്ടെത്താൻ
****
കലണ്ടറിൽ
കാലം
കാലനിൽ
സ്ഥലകാലം
ശാശ്വതമായ ഈ നിമിഷം
നിറഞ്ഞു തുളുമ്പുന്ന
ഒരു സ്തനനേത്രമായി
വരണ്ട ചുണ്ടുകളിൽ
തീർത്ഥം തളിക്കട്ടെ
****
വെളിച്ചം എന്നുള്ളിലും
വെളിച്ചം നിന്നുള്ളിലും
ചുറ്റിലും പിന്നെ പരക്കുന്നതെന്തേ
ഇരുളിന്റെ കട്ടിക്കരിമ്പടങ്ങൾ