ജോലിയും കൂലിയുമില്ലാതെ നാട്ടിലാണെങ്കിൽ എങ്ങിനെയെങ്കിലും തള്ളി നീക്കാം. എന്നാൽ, ഇവിടെ…. ഈ…..മരുഭൂമിയിൽ….. എത്ര നാൾ കഴിയാൻ സാധിക്കും? ഒരു പരിധി വരെ.
എന്നാലും, എല്ലാ കാര്യങ്ങൾക്കും സഹായിയായെത്തുന്ന മലയാളികൾ ഉണ്ടാകും. പട്ടിണിയിലാക്കാതെ അവർ നോക്കും. മറ്റൊരു ജോലി കണ്ടെത്താൻ സഹായിക്കും. സൗജന്യ താമസം ഒരുക്കിത്തരും. ഇത്രയൊക്കെയല്ലേ സാധ്യമാകൂ. ടിക്കറ്റെടുക്കാനും ഗതിയില്ലെങ്കിൽ, അതും ഒപ്പിച്ച് തരും.
കോവിഡ് സകലതും നക്കിക്കൊണ്ടിരിക്കുകയാണ്. ജോലിയില്ല. ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റില്ല. കച്ചവടങ്ങളില്ല. വിമാന സർവ്വീസുകളില്ല. റൂമിലാണ്. നാളുകളൊത്തിരിയായി. ഒടുവിൽ തീരുമാനമെത്തി. പിരിച്ച് വിടപ്പെട്ടിരിക്കുന്നു. സങ്കടപ്പെട്ടിരിക്കാമെന്നല്ലാതെ, അയാൾക്ക് മുന്നിൽ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല.
ഇനിയെന്ത് ചെയ്യും? ഉടനെ നാട്ടിൽ പോകാനും കഴിയില്ല. പൊന്തിപ്പറക്കുന്ന സാധനം ഇല്ലല്ലോ!…
നാല് ചുമരുകൾക്കുള്ളിലായി ഒതുങ്ങി. മറ്റൊരു ജോലിക്കായുള്ള അന്വേഷണം തുടങ്ങി. ഈ പ്രതിസന്ധി ഘട്ടത്തിൽ അതൊരു സ്വപ്നമായി അവശേഷിക്കുകയേ ഉള്ളൂ എന്നറിയാം. എന്നാലും……. പരിശ്രമങ്ങളൊക്കെ വിഫലം.
ഒടുവിൽ നാട് കടക്കേണ്ട സമയം വന്നെത്തി. ദീർഘ നാളത്തെ പരസഹായ ജീവിതത്തിനൊടുവിൽ, സഹൃദയരുടെ സഹായ, സഹകരത്താൽ ടിക്കറ്റ് ലഭിച്ച് യാത്രയാവുകയാണ്.
വെറും കയ്യോടെ പോകുന്നതാകയാൽ അൽപം ലഗ്ഗേജും സഹൃദയർ ശരിയാക്കി നൽകിയിട്ടുണ്ട്. ഇത്തരം കരുണ വറ്റാത്ത മനസ്സുകൾക്ക് വേണ്ടിയാണ് ഭൂമിയമ്മ ഇപ്പോഴും മരിക്കാതെ കിടക്കുന്നതെന്ന് തോന്നിപ്പോകും. അല്ലെങ്കിൽ, നാമിന്ന് കേട്ടും കണ്ടും കൊണ്ടിരിക്കുന്ന നെറികേടുകൾക്ക് മുമ്പിൽ എന്നേ ഹൃദയം പൊട്ടി മരിച്ചേനെ…
ഇത്തരം സേവനങ്ങൾ ചെയ്യുന്നവരിൽ സാധാരണ വരുമാനക്കാർ മുതൽ ഉയർന്ന ജീവിത നിലവാരത്തിലുള്ളവർ വരെയുണ്ട്. ഈ ലോകത്തിന്റെ സ്പന്ദനത്തിന് സന്തോഷം നൽകുന്നവരാണവർ. നിറഞ്ഞ മനസ്സോടെയുള്ള പ്രാർത്ഥനകൾ മാത്രമാണ് അവർക്ക് ലഭിക്കുന്ന പ്രതിഫലം.
ഇത്തരം നിസ്വാർത്ഥർക്കിടയിലും കള്ള നാണയങ്ങൾ മനുഷ്യപ്പറ്റില്ലാതെ പെരുമാറുന്നു എന്നത് വേദനാജനകമാണ്. വെറും കയ്യോടെ പോകുന്നവന്റെ കയ്യിൽ മോഹ സമ്മാനങ്ങളും പണവും നൽകി, സ്വന്തം സാധനങ്ങൾ എന്ന വ്യാജേന തിളക്കലോഹങ്ങൾ കടത്തുന്നവർ. വിശ്വസ്തതയോടെ സ്നേഹം നടിച്ച് ചുംബിക്കുന്നവർ. കാര്യങ്ങളൊന്നുമറിയാത്ത നിർദ്ദോശികളായ വ്യക്തികളാണ് പലപ്പോഴും ഇത്തരം വാഹകരാകുന്നത്.
അയാളും പറ്റിക്കപ്പെട്ടിട്ടുണ്ട്. അറിയാതെ ഒരുത്തൻ പണി ഒപ്പിച്ചിട്ടുണ്ട്. മറ്റൊരാളുടെ അൽപം ലഗ്ഗേജുമായാണ് യാത്ര. ഫ്ലൈറ്റിൽ നിന്നിറങ്ങുമ്പോഴേക്കും അത് വാങ്ങാനുള്ള ആളുകൾ അവിടെയുണ്ടാകും. അതങ്ങ് കൊടുക്കുകയേ വേണ്ടതുള്ളൂ.
നിരപരാധിയായ താൻ നിരോധിത വസ്തുക്കളുമായാണ് സഞ്ചരിക്കുന്നതെന്ന്, അല്ലെങ്കിൽ താൻ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് അയാൾ അറിഞ്ഞില്ല. അത് കൊണ്ടുതന്നെ, അയാളിൽ ഒരു പരിഭ്രമവും ഉണ്ടായില്ല. വളരെ സാധാരണയിലുള്ള യാത്ര. നാട്ടിൽ എയർപോർട്ടിൽ ഇറങ്ങി. എല്ലാവരേയും പോലെ അയാളും ബാഗ്ഗേജെടുത്ത് പുറത്തേക്ക് പോകാനായി പരിശോധനക്കെത്തി. പക്ഷെ, അയാൾ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാൽ തടഞ്ഞുവെക്കപ്പെട്ടു. സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കപ്പെട്ടു. പരിശോധനയിൽ മഞ്ഞലോഹം കണ്ടെത്തി. അയാൾ നട്ടം കറങ്ങി. വിശദമായ ചോദ്യം ചെയ്യൽ…. പിന്നെ….. കാരാഗ്രഹം. അന്തം വിട്ട് അന്ധാളിച്ച് നിൽക്കുന്ന അവനെ ചോദ്യം ചെയ്യൽ തുടർന്നു. ഉത്തരങ്ങളില്ല. ഒടുവിൽ മുഖത്ത് ശക്തിയായ ഒരു അടി ലഭിച്ചു. അത് കിട്ടലും……. ഒരു രാപ്പകലിന്റെ കറക്കം കറങ്ങി അയാൾ കട്ടിലിനടിയിലേക്ക് മറിഞ്ഞ് വീണതും ഒരുമിച്ച്.
മുഖത്ത് തടവി നോക്കി. തന്റെ പല്ലുകൾ അവിടെയുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തി. തന്നെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെയൊന്നും അവിടെ കാണുന്നില്ല. സമയം പാതിരാ കഴിഞ്ഞിരിക്കുന്നു. സമീപത്ത് നിന്ന് തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് കൂർക്കം വലികൾ കേൾക്കുന്നുണ്ട്. മറ്റാരും കാണാതെ ഉടനെ തന്റെ ബെഡിലേക്ക് വീണ്ടും കയറിക്കിടന്നു.
തലയണയിൽ തല ചായ്ച്ച് വെച്ചു. തക്ക സമയം നോക്കി സഹ ശയനക്കാരൻ നേരത്തെ കൊടുത്തതിന്റെ ബാക്കി ഒന്നുകൂടി കൊടുത്തു. തല ഉയർത്തി നോക്കിയപ്പോൾ അവൻ ഓട്ടത്തിലാണ്. നന്നായി കുടിച്ച് വീർത്തിട്ടുണ്ട്. അപ്പോൾ നേരത്തേ കിട്ടിയത് അടിയല്ല, കടിയാണെന്ന് മനസ്സിലായി. ഉടനെ അവനെ പിടിച്ച് സർവ്വ ദേഷ്യത്തോടും കൂടി ഞെരിച്ച് കൊന്നു കളഞ്ഞു. പരാക്രമം കാണിച്ച ഒരു മൂട്ടയെ നിരായുധനായി നേരിട്ട് പരാജയപ്പെടുത്തി യമപുരിയിലേക്ക് പറഞ്ഞയച്ച സന്തോഷത്താൽ, ഒന്നുകൂടി അയാൾ ചുരുണ്ടു കിടന്നു. അടുത്ത ദിവസത്തെ മുഴുവൻ വാർത്താ മാധ്യമങ്ങളിലും സ്വർണ്ണം മുക്കിയെഴുതിയ വാർത്തയായിരുന്നു. “സ്വർണ്ണക്കള്ളക്കടത്ത്, സ്വപ്ന അറസ്റ്റിൽ”.
അപ്പോഴും ആ സ്വപ്നം ഈ സ്വപ്നമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത പരുങ്ങലിലായിരുന്നു നമ്മുടെ കഥാപാത്രം.
(അബു വാഫി, പാലത്തുങ്കര)