സ്വർഗ്ഗത്തിന്റെ താക്കോൽ

 

 

 

 

 

 

 

ആ തുരുമ്പു പിടിച്ച താക്കോലുമായി അയാൾ സ്വർഗ്ഗത്തിന്റെ കാവടത്തിൽ നിൽക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി. പലപ്രാവശ്യം ശ്രമിച്ചെങ്കിലും തുറക്കാൻ കഴിയാതെ. അയാൾ ദേഷ്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു അയാൾ.

രാത്രി വന്നു പിന്നെ പകലും… അയാൾ ക്ഷീണത്താൽ അവിടെ കിടന്നുറങ്ങിപ്പോയി…

അയാൾ എഴുന്നേറ്റത് കുറേ ദിവസങ്ങൾക്കു ശേഷമായിരുന്നു.

ദേഷ്യത്തോടെ അയാൾ കവാടത്തിൽ വലിയ ഒച്ചയിൽ മുട്ടുകയും കാലുകൊണ്ട് ചവിട്ടിത്തുറക്കാൻ ശ്രമിക്കയും ഒക്കെ ചെയ്തു.

അയാളുടെ ദേഷ്യം ഇരട്ടിച്ചു. അപ്പോൾ ദൈവം അതുവഴി വന്നു. അയാൾക്ക് ദൈവത്തെ കണ്ടപ്പോൾ മനസിലായില്ല.

അയാൾ ദേഷ്യത്തോടെ ദൈവത്തോട് പറഞ്ഞു.

“ഇവിടെയെങ്ങും മനുഷ്യരില്ലേ…. ഞാൻ എത്ര ദിവസമായി ഈ തുരുമ്പ് പിടിച്ച താക്കോലുമായി ഇവിടെ നിൽക്കുന്നു. തട്ടിയിട്ടും മുട്ടിയിട്ടും ആരും കതകു തുറക്കുന്നതുമില്ല…”അയാൾ അസഹ്യതയോടു ദൈവത്തെ നോക്കി.

ദൈവം ഒരു ചെറുചിരിയോടെ പറഞ്ഞു.

“ഈ ചാവിയിൽ കാണുന്ന തുരുമ്പ് നിങ്ങളുടെ ജീവിതത്തിന്റെ പോരായ്മകളാണ്… നിങ്ങളുടെ ദേഷ്യത്തിന്റെയും സ്നേഹമില്ലായ്മയുടെയും ഒക്കെ ആകെത്തുക .. ഈ തുരുമ്പില്ലായിരുന്നെങ്കിൽ ഭൂമിയിൽ നിങ്ങളുടെ ജീവിതം എത്ര നല്ലതായിരിക്കുമായിരുന്നു. നിങ്ങളാരെയും സ്നേഹിച്ചിട്ടില്ല പകരം ദേഷ്യവും പകയും കുത്തി നിറച്ചു ജീവിച്ചു.”

ഒരു പെരുമഴ ഇരച്ചു വന്നു ദൈവത്തെ അയാളുടെ മുന്നിൽ നിന്നും മായിച്ചു കളഞ്ഞു.

അയാൾ തിരിച്ചു ഭൂമിയിലേക്ക് പോയി..

കുരിശില്‍ക്കിടക്കുന്ന ഈശോയുടെ കാൽച്ചുവട്ടിൽ അയാളിരുന്നു..

“ഞാൻ എന്തൊക്കെയാ ഈ ഭൂമിയിൽ കാട്ടിക്കൂട്ടിയത്..” അയാൾ ഈശോയോട് തല ഉയർത്തി ചങ്കു പൊട്ടു മാറുച്ചത്തിൽ വന്ന കരച്ചിൽ കടിച്ചമർത്തി ചോദിച്ചു.

ഈശോ കുരിശിൽ നിന്നും ഇറങ്ങിവന്നയാളെ നെഞ്ചോടു ചേർത്തു പിടിച്ചു. മഴ ഇരച്ചു പെയ്തു. ഇശോയുടെ ചങ്കിൽ നിന്നും വാർന്നൊഴുകുന്ന ചോരയിൽ അയാളുടെ കുപ്പായം തൂവെള്ളയായി … കൈയിലെ തുരുമ്പു പിടിച്ച താക്കോൽ വെണ്മയായി തിളങ്ങി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here