സ്വപ്നവീട്

കാശ് കയ്യിലുണ്ടായപ്പോള്‍ തോന്നിയില്ല ഒരു വീട് പണിയണമെന്ന്. തറവാട്ടിലായിരുന്നു താമസം. ഭാര്യയും മകനുമൊപ്പം.

ഗൃഹനിര്‍മ്മാണത്തെപറ്റി ആദ്യം പറഞ്ഞത് ഭാര്യയാണ്.

” കാലമായിട്ടുണ്ടാകില്ല” അമ്മ അവളെ സമാധാനിപ്പിച്ചു.

”ധൂര്‍ത്തനായവന്‍ ഒരു മുറി പോലും പണിയില്ല ഒരു കാലത്തും ” തത്വജ്ഞാനം വിളമ്പി അച്ഛന്‍ പരിഹസിച്ചു.

എല്ലാം അയാള്‍ കേട്ടു, അഭിപ്രായം ഒന്നും പറഞ്ഞില്ല.

ഓരോരുത്തരായി നെഞ്ചില്‍ തീക്കനല്‍ കോരിയിട്ടുകൊണ്ടിരുന്നു. സന്ദര്‍ഭം കിട്ടിയപ്പോഴെല്ലാം ഭാര്യ ദുര്‍വിധിയെന്നു പറഞ്ഞ് സ്വയം പഴിച്ചു.

കാക്കകള്‍ ചേക്കേറുന്ന ഒരു ഇടവമാസ സന്ധ്യക്ക് അയാളുടെ മനസു പോലെ ആകാശം ഇരുണ്ടു നില്‍ക്കുമ്പോള്‍ ഉമ്മറെത്തെരിയുന്ന സന്ധ്യാ ദീപം സാക്ഷിയാക്കി ഭാര്യ അയാളോടു തിരക്കി.

” എന്നെ തെക്കോട്ടെടുക്കാന്‍ കുളിപ്പിച്ചു കെടത്തണത് നിങ്ങള്‍ പണിത വീട്ടിലായിരിക്കണമെന്ന് മോഹമുണ്ട് നടക്ക്വോ?”

അയാള്‍ അവളെ നടുക്കത്തോടെ നോക്കി.

തറവാട്ടിലെ കോലായില്‍ തനിച്ചിരുന്നയാള്‍ തേങ്ങി. അയാള്‍ സ്നേഹിച്ച അക്ഷരങ്ങള്‍ മാത്രമായിരുന്നു അയാള്‍ക്കു കൂട്ട്. വ്യഥകളില്‍ നിന്ന് കഥകള്‍ മെനയുമ്പോഴും ഭാര്യ അയാളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഒരിക്കലും നന്നാകില്ലെന്നു ശപിച്ചുകൊണ്ടിരുന്നു.

വാര്യര്‍ മാഷ് വായനശാലയില്‍ വച്ച് സമാധാനിപ്പിച്ചു.

” വീട് പണിയുവാനും ഭൂമി വാങ്ങുവാനും പെണ്ണുകെട്ടാനും ജോലി കിട്ടാനും ഒരു കാലോണ്ട് ശാന്താ, സമയമാകുമ്പോ എല്ലാം നടക്കും. എന്റെ അനുഭവത്തീന്നാ പറയണെ. ആട്ടെ എന്നെങ്കിലും ഒരു വീടു പണിയുമ്പോള്‍ എന്തു പേരാവും നീയിടുക ?”

” അക്ഷരമെന്നു ഇടണോന്ന് ഉണ്ടായിരുന്നു അതിനു തരാവോ?”

മാഷ് മറുപടിയായിട്ടു മൂളി. പിന്നെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

” എനിക്കറിയാം നീയങ്ങനയേ ചിന്തിക്കു”

” ഗ്രന്ഥശാലാന്നുള്ള പേരു മാറ്റി പുസ്തക വീടെന്നാക്കിക്കൂടെയെന്നു ഞാന്‍ ഇടക്കു ചിന്തിക്കാറുണ്ട് ”
വാര്യര്‍ മാഷ് ചിരിച്ചു.

” കൊള്ളാം”

അവിടെ നിന്നിറങ്ങുമ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. വാര്യര്‍ മാഷിന്റെ കുടക്കീഴില്‍ വീട്ടിലേക്കു നടന്നു. മാറുന്ന കാലാവസ്ഥയെ ‍കുറിച്ച് സംസാരിച്ചു കൊണ്ട് മനസില്‍ സ്വപ്നവീട് പണിതു നടന്നു. കുറെക്കാലം നാട്ടില്‍ പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ കൊതിയോടെ നോക്കി നിന്നു. ഒടുവില്‍ രണ്ടും കല്പ്പിച്ച് തീരുമാനിച്ചു ആരുമറിയാതെ കാര്യങ്ങള്‍ നീക്കി. പ്ലാന്‍ വരപ്പിച്ചു, സ്ഥാനം നോക്കി, ബാങ്ക് ലോണ്‍ തരപ്പെടുത്തി. ഒരു സുപ്രഭാതത്തില്‍ ഗൃഹനിര്‍മ്മാണത്തിനു തറക്കല്ലിട്ടു.

ഭാര്യ അത്ഭുതപ്പെട്ടു. പുര പണി തടസം കൂടാതെ മുന്നോട്ടു നീങ്ങിയപ്പോള്‍‍ ഭാര്യ പറഞ്ഞു.

” എന്നാലും നിങ്ങളെ സമ്മതിക്കണം ”

” ഞാനന്നേ പറഞ്ഞില്ലേ എല്ലാറ്റിനും സമയമുണ്ടെന്നു ” അമ്മ അനുഗ്രഹം ചൊരിഞ്ഞു.

” കടം മേടിച്ചു കൂട്ടിയ എങ്ങനെ വീട്ടുന്ന് വല്ല വിചാരോണ്ടോ? ക്‍ങാ ചാവണ വരെ ലോണടക്കാം ഹ ഹ …” അച്ഛന്‍ അപ്പോഴും ചാരുകസേരയില്‍ ഇരുന്ന് പരിഹസിച്ചു ചിരിച്ചു.

ചാരുകസേരയില്‍ ഇരുന്ന് മുറുക്കി ഓട്ടു കോളാമ്പിയില്‍ തുപ്പി കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കേട്ട് ശീലമായിരുന്നതിനാല്‍ പ്രത്യേകിച്ച് ഒന്നും തോന്നിയീല്ല.

കരാറ് കൊടുത്തിരുന്ന കോണ്ട്രാക്ടര്‍ സമാധാനിപ്പിച്ചു. ധൈര്യം പകര്‍ന്നു. കാക്ക കൂട് കെട്ടുന്ന കാര്യം ഓര്‍മ്മിപ്പിച്ചു.

”സാറ് സമാധാനിക്ക് പെര പണി തീരും ഒരു ഘട്ടമിപ്പോ കാശ് തരാന്‍ വൈകിയാലും സാരമില്യ ഞാനഡ്ജസ്റ്റ് ചെയ്തോളാം”

മൂത്തമകന്‍ പറഞ്ഞു

”അതേയ് പെട്ടിക്കട പോലത്തെ വീടാണ് പണിയുന്നതെങ്കില്‍ ഞങ്ങളങ്ങോട്ടില്ല”

”അതിനു ഇന്നോളം നീയങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലല്ലോ എങ്ങനെത്തെ വീടാണെന്നറിയാന്‍ എല്ലാവര്‍ക്കും അതിരു പറയാനും കളിയാക്കാനും മാത്രേ അറിയു”

സഹി കെട്ടപ്പോള്‍ മകന്‍ ഒന്നും പറയാതെ ഇറങ്ങി ടൂവീലറെടുത്തുകൊണ്ട് പുറത്തേക്കു പാഞ്ഞു. പ്രതികാരം ചെയ്യുന്നതു പോലെ.

പുര പണി തീര്‍ന്നു സമാധാനമായി. ഇതെങ്ങനെ സാധിച്ചു എന്നോര്‍ത്തപ്പോള്‍‍ അത്ഭുതം തോന്നി. പാലു കാച്ചലിനു വന്നവരോട് അച്ഛന്‍ പറഞ്ഞു മുറുക്കി ചുവപ്പിച്ച്.

” അവനെന്റെ മോനാ ഒന്നു തീരുമാനിച്ചാ അത് നടത്തിയിട്ടേ അങ്ങോട്ടും ഇങ്ങോട്ടു നീങ്ങു എന്നെപോലെ തന്നെ ”

ഭാര്യ വീമ്പു പറഞ്ഞു പെ‍ണ്ണുങ്ങള്‍ക്കിടയില്‍ നിന്ന്.

” ഞാന്‍ കണിയാനേക്കൊണ്ട് പ്രശ്നം വെപ്പിച്ചപ്പോ അങ്ങ്വേര്‍ പറയാണ് ഒക്കെ പെട്ടന്നു നടക്കും എന്ന്. അക്കാര്യ ഞാനേട്ടനോടു പറഞ്ഞപ്പഴാ ഒരു ധൈര്യം കിട്ടീത്”

” എങ്ങിനെ സാധിച്ചു?” പലരും തിരക്കി ഒരു തരം അസൂയ കലര്‍ന്ന ചിരിയോടെ.

” എങ്ങനെ? അതിനെപ്പറ്റി പലതും പറയാനുണ്ട്. ഒന്നും വേണ്ട ഇപ്പോ അതിനുള്ള നേരവുമല്ല ഏതായാലും നടന്നു അതേ ഇപ്പോ പറയാനുള്ളു. എന്റെ ലാഭ നഷ്ടങ്ങളുമായി ഞാനെന്നും തനിച്ചായിരുന്നു എനിക്കു വിധിക്കപ്പെട്ട വഴിയില്‍ ….”

ഗൃഹ നിര്‍മ്മാണത്തിനും പിന്നിലെ പെടാപ്പാടുകള്‍ക്കും പ്രയാസങ്ങളുമായി ചര്‍ച്ച. അതിഥികള്‍ വട്ടമിട്ടിരുന്നു.

” ഇപ്പോ പണിക്കാരൊക്കെ ബംഗാളികളല്ലേ നേരത്തിനും കാലത്തിനും വരും പിന്നെ കൂലീം കുറവ് ഒരു
കണക്കിനു ഇവര്‍ വന്നതു നന്നായി”

ആരോ പറഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും സംസാരങ്ങളുണ്ടായി. ആരോ പാടി.

” വീടു പണിയാന്‍ ബംഗാളി
കാടു വെട്ടാന്‍ ബംഗാളി
നോക്കി നില്‍ക്കാന്‍
മലയാളി”
ആരൊക്കെയോ അതു കേട്ട് ചിരിച്ചു.

” നേരു തന്ന്യാ പറഞ്ഞത്” ഷാരടി മാഷ് പറഞ്ഞു.

ചിരിക്കാനായില്ല നിര്‍വികാരനായി നിന്നു.

അടുത്ത മാസത്തേക്കുള്ള ലോണ്‍ അടവിനുള്ള തുക കണക്കു കൂട്ടുകയായിരുന്നു അയാളപ്പോള്‍.

രാധാ പിഷാരടി

കടപ്പാട് :- സായാഹ്ന കൈരളി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English