നീണ്ട ജീവിതയാത്രയ്ക്കിടയിലൊരുനാള്‍
അറിയാതെയേതോയൊരു ഗ്രാമത്തിലെത്തിച്ചേര്‍ന്നു ഞാന്‍
ഒത്തിരിപ്പേരൊത്തൊരുമയോടെ
വസിച്ചിടുന്നുവാ ഗ്രാമഭൂവില്‍
അവിടം അവശരാം വൃദ്ധജനങ്ങള്‍ക്കു
ഊന്നുവടിയായിട്ടുണ്ട് യുവാക്കള്‍
യുവജനങ്ങള്‍ക്കനുഭവജ്ഞാനം പകര്‍ന്നു
ശക്തിയായി വൃദ്ധരുമൊപ്പമുണ്ട്
പാമരര്‍ക്കായി വിദ്യാദീപം
കൊളുത്തുന്നു പണ്ഡിതര്‍
സമ്പന്നരും ദരിദ്രരും തുല്യരായി
ഒരുമിച്ചു വാണിടുന്നു
നോട്ടംകൊണ്ടുപോലും പെണ്ണിനെ
മാനിക്കുന്നു പുരുഷവര്‍ഗ്ഗം
തമ്മിലിണങ്ങി കൈകോര്‍ത്തുനടക്കുന്നു
പല അമ്മ പെറ്റ മക്കളും
അക്കൂട്ടത്തില്‍ വ്യത്യസ്ത
ഭാഷകളില്‍ മൊഴിയുന്നവരുണ്ട്
വിഭിന്ന വര്‍ണ്ണക്കാരുണ്ട്
വിവിധ ജാതിമതങ്ങളില്‍പ്പെട്ടവരുണ്ട്
എങ്കിലും സ്വസ്ഥരാണേവരും
സ്നേഹത്തിന്‍ വെളിച്ചമുണ്ട് എല്ലാവദനങ്ങളിലും
കലഹങ്ങളില്ല കണ്ണുനീരില്ല
യുദ്ധവുമശാന്തിയുമശേഷമില്ല
ആ ഗ്രാമത്തിന്‍ മുഖ്യകവാടത്തിങ്കല്‍
സ്വര്‍ണ്ണലിപികളാലാരോ കുറിച്ചിരിക്കുന്നു “വിശ്വൈകം”
തെല്ലിട പോകേ പയ്യെയാ
ഗ്രാമം വളരാന്‍ തുടങ്ങി
വളര്‍ന്നു വലുതായി ഒരുജില്ലയായി
പിന്നെയും വളര്‍ന്നു ഒരു സംസ്ഥാനമായി
രാജ്യമായി, ഒടുവിലതാ
ഏഴു വന്‍കരകള്‍ ചേര്‍ന്ന വിശ്വമായിമാറുന്നു
പൊടുന്നനെ ഞെട്ടിയുണര്‍ന്നു ഞാന്‍
നിദ്രയില്‍ നിന്നപ്പോളെന്‍
മുറിയിലൊരുമെത്തയില്‍
കിടക്കുകയാണ് ഞാന്‍
പുറത്തിറങ്ങി ചുറ്റും കണ്ണോടിക്കവേ
സ്നേഹത്തിന്‍ വെളിച്ചമുള്ള വദനങ്ങളില്ല,
സ്വസ്ഥരാം ജനങ്ങളില്ല, അട്ടഹാസങ്ങളാര്‍-
ത്തനാദങ്ങളെവിടെയും, ശാന്തിയെങ്ങുമില്ല
അപ്പോള്‍ ഞാന്‍ കണ്ടതൊക്കെ
സ്വപ്നമായിരുന്നോ
“മാവേലി വാണിടും കാലം” വീണ്ടുമെത്തി-
യെന്നു മൂഢഞാന്‍ നിനച്ചുപോയി
നീണ്ട യാത്രയ്ക്കിടയില്‍ ഒരുവട്ടമെങ്കിലും
അതുപോലൊരു ഗ്രാമം നേരില്‍
കാണുവാന്‍ എനിക്കാകുമോ
യുഗങ്ങള്‍ക്കപ്പുറമെങ്കിലുമെന്‍റെ
സ്വപ്നം സത്യമാകുമോ
സ്വപ്നസാക്ഷാത്ക്കാരത്തിനായി
ജന്മങ്ങളോളം മനമുരുകി
തപം ചെയ്തിടട്ടെ ഞാന്‍.