അറിയാത്ത ജീവിതവീഥിയിലൂടൊക്കെയും
എന്നെ കരം പിടിച്ചു നടത്തുന്നു നീ
വഴിനീളെ പ്രത്യാശ തന്‍ പൂക്കള്‍
വിതറികൊണ്ടിരിക്കുന്നതും നീ
വിഷാദത്തിന്‍ വിഷവിത്തൊര-
ണുബാധയായി പടര്‍ന്നുള്‍ത്തടം
ആകുലചിന്തകളാല്‍ പിടയുമ്പോള്‍
നാളത്തെ പുലരി എനിക്കായി
നല്ലതല്പവുമായി ഉദിക്കുമെന്നോതി നീ
എന്നെ താരാട്ടു പാടിയുറക്കുന്നു.
നിരാശ തന്‍ കണ്ണീര്‍പെയ്ത്തില്‍
വാഴ്വിന്‍ വര്‍ണ്ണങ്ങളേറെ മങ്ങിതുടങ്ങുമ്പോള്‍
ഒരുകാലം, എനിക്കായി നിശ്ചയം
ചാരുതയാര്‍ന്നൊരു വര്‍ണ്ണപ്രപഞ്ചം
പണിയുമെന്നു മന്ദം മൊഴിഞ്ഞെഞ്ഞെ
കൊതിപ്പിച്ചു നിര്‍ത്തുന്നതും നീ
എന്‍ മനസ്സിന്‍ മണിച്ചെപ്പിനുള്ളില്‍
എന്നും താലോലിച്ചടുക്കുന്ന എന്‍റെ സ്വപ്‌നങ്ങള്‍
നീയെനിക്കെന്നെന്നും ഉന്മേഷദായകം
നീയെന്‍ നെഞ്ചകചില്ലയിലൊരു കൂടുകൂട്ടുക
സ്വപ്‌നങ്ങള്‍ ഒരിക്കലും മരിക്കാതിരിക്കട്ടെ
വീണ്ടും വീണ്ടും വര്‍ണ്ണങ്ങള്‍ വാരിവിതറി
എന്നുമെന്നുള്ളില്‍ തിളങ്ങീടട്ടെ
ഉദാത്തദീപമായി ഉജ്ജ്വലിച്ചീടട്ടെ
ഒരുപക്ഷേ വെറുതെയായിരിക്കാമെങ്കിലും
നിന്‍ വര്‍ണചിറകിലേറി പറന്നിടട്ടെ ഞാനെന്നെന്നും